‘കൃതയുഗത്തില്‍ വ്യംഗ്യത്തിനാണ് കാവ്യത്തില്‍ പ്രാധാന്യം. ത്രേതായുഗത്തില്‍ അത് അപ്രധാന (ഗുണീഭൂതം)മായി. ദ്വാപരയുഗത്തില്‍ വ്യംഗ്യം തീരെപ്പോയി അര്‍ഥാലങ്കാരങ്ങള്‍ മുന്നോട്ടുവന്നു. കലിയുഗത്തില്‍ ശബ്ദാലങ്കാരങ്ങളായി’- ഈ ചിന്തോദ്ദീപകമായ നിരീക്ഷണം നീലകണ്ഠദീക്ഷിതരുടെതാണ്.
കൃതയുഗേ വ്യഞ്ജനയാവതീര്‍ണം
ത്രേതായുഗേ സൈവഗുണീ ബഭൂവ
ആസീല്‍ തൃതീയേ തു യുഗേര്‍ഥചിത്രം
യുഗേ തുരീയേ യമകപ്രപഞ്ചഃ
ത്രേതായുഗേ സൈവഗുണീ ബഭൂവ
ആസീല്‍ തൃതീയേ തു യുഗേര്‍ഥചിത്രം
യുഗേ തുരീയേ യമകപ്രപഞ്ചഃ
ഏതു യുഗത്തിനുമിണങ്ങുന്ന അത്യുജ്ജ്വലസൃഷ്ടിയാണ് ശ്രീശങ്കരന്റെ ‘സൗന്ദര്യലഹരി.’ പ്രതിപാദ്യപ്രധാനവും പ്രതിപാദനപ്രധാനവുമായ ഈ കൃതി അനനുകരണീയമായ ശബ്ദാര്‍ത്ഥഭാവസംസ്‌കാരതലങ്ങളുള്ള ധ്വനികാവ്യമാണ്. സ്വയം അനുഭവിച്ച അത്യുന്നതചിന്തയിലെ ആനന്ദം അനുവാചകര്‍ക്ക് അതേ അളവില്‍ നല്‍കാന്‍ അദ്വൈതചിന്തയുടെ ഈ ചക്രവര്‍ത്തിക്ക് കഴിഞ്ഞിരിക്കുന്നു. സമന്വയത്തിന്റെ ദര്‍ശനം പകരുന്ന ‘സൗന്ദര്യലഹരി’യുടെ മറ്റൊരു പേരാണ് ‘ആനന്ദലഹരി’. സത്യാത്മകമായ സൗന്ദര്യദര്‍ശനത്തിനപ്പുറം പരമാനന്ദം വേറെയുണ്ടോ? പ്രകൃതിയും പുരുഷനും ശക്തിയും ശക്തിമാനുമാവുമ്പോള്‍ സൗന്ദര്യത്തിന്റെ ലഹരിക്കുത്തില്‍ പരാത്പരഭാവത്തിന്റെ പരകോടിയിലെത്തുകയും മാനവജീവിതം മഹിതഗുണങ്ങള്‍ തിങ്ങിയിണങ്ങും. ശാബ്ദികസൗന്ദര്യവും ആര്‍ഥിക സൗന്ദര്യവും നിത്യനിരതിശയാനന്ദരൂപം തന്നെയാകുന്നു. ശബ്ദാര്‍ത്ഥ സംപൃക്തതയില്‍ ജഗത്പിതാക്കളെ കാളിദാസന്‍ കാണുകയുണ്ടായല്ലോ. മതാത്മകഘടനയുള്ള ഭാരതീയലാവണ്യദര്‍ശനത്തിന്റെ ആത്മീയമുഖമാണ് ശ്രീശങ്കരന്റെ ‘സൗന്ദര്യലഹരി.’ ആധ്യാത്മതികതയിലധിഷ്ഠിതമായ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ സൈദ്ധാന്തികഗ്രന്ഥമാകുന്നു ഇത്.
നൂറുശ്ലോകങ്ങളടങ്ങിയ സൗന്ദര്യലഹരിക്ക് അമ്പതിലേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട് എന്നത് ഈ കാവ്യത്തിന്റെ വാച്യാതികമായ വ്യംഗ്യഭംഗി വെളിപ്പെടുത്തുന്നു. ഭാരതത്തിലെ മിക്ക പ്രാദേശികഭാഷകളിലും വിവര്‍ത്തനങ്ങളും കാണാം. മഹാകവി കുമാരനാശാന്‍തൊട്ട് എത്ര സര്‍ഗധനര്‍ ഇത് മൊഴിമാറ്റിയിരിക്കുന്നു! ഇത് തന്ത്രശാസ്ത്രവും മന്ത്രശാസ്ത്രവുമാണ്. യോഗശാസ്ത്രമായ സൗന്ദര്യലഹരിയില്‍ വേദസന്ദേശങ്ങളെല്ലാമടങ്ങിയിരിക്കുന്നു. ആദ്യത്തെ നാല്‍പ്പത്തിയൊന്ന് ശ്ലോകങ്ങളില്‍ പരദേവതാതത്വവും ഷട്ചക്രഭേദനവും ശ്രീചക്രോദ്ധാരവുമാണുള്ളത്. നാല്‍പ്പത്തിരണ്ടു മുതല്‍ തൊണ്ണൂറ്റിയൊന്നുവരെയുള്ള ശ്ലോകങ്ങള്‍ പരദേവതയുടെ ആപാദചൂഡവര്‍ണനയാണ്. ഭഗവതിയുടെ സ്വരൂപവര്‍ണനയാണ് അവസാനത്തെ പത്തുശ്ലോകങ്ങള്‍. ‘ശാക്തേയ’ത്തിന്റെ പാഠ്യമായി ഈ കൃതി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ചന്ദ്രവംശത്തിലെ പ്രശസ്തനായ ജനമേജയരാജാവ് ഒരിക്കല്‍ വ്യാസമഹര്‍ഷിയോട് ചോദിച്ചു. ”ദേവിയുടെ ഉദ്ഭവം എങ്ങനെ?” മഹര്‍ഷിയുടെ മറുപടി ഇങ്ങനെ: ”ദേവിയുടെ ഉദ്ഭവത്തെക്കുറിച്ച് വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കും ശക്തിയില്ല. എന്തായാലും ഞാന്‍ വല്ലതുമൊക്കെപ്പറയാം.” വല്ലതുമൊക്കെയേ വേദവ്യാസന്‍ പറഞ്ഞിട്ടുള്ളൂവെങ്കില്‍ അതുതന്നെയെത്ര വലുത്! ആ ദേവീമഹിമാതിരേകത്തിന്റെ ഉത്തേജിതപുനഃസൃഷ്ടിയാണ് ശ്രീശങ്കരന്റെ സൗന്ദര്യലഹരി.
ഇച്ഛാജ്ഞാനക്രിയാശക്തികള്‍ തന്നെയാണ് ഈ പിണ്ഡാണ്ഡ(ദേഹം-മൈക്രോ)ത്തിനും ബ്രഹ്മാണ്ഡ(വിശ്വം-മാക്രോ)ത്തിനും കാരണഭൂതം. ഈ ശക്തിത്രയത്തിന്റെ ആധാരഭൂമികയത്രെ കുണ്ഡലിനി. കുണ്ഡലിനി എന്നാല്‍ ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണര്‍ത്ഥം. വ്യഷ്ടിജീവന്റെ ശക്തിക്കാണ് കുണ്ഡലിനി എന്ന പദം ഉപയോഗിക്കുന്നത്. സമഷ്ടിജീവന്റെ ശക്തിയെ ത്രിപുരസുന്ദരിയെന്ന് വ്യവഹരിക്കുന്നു. ശാക്തേയശബ്ദങ്ങളാണിവ രണ്ടും. സുഷുമ്‌നാ നാഡിയുടെ അവസാനഭാഗമായ മൂലാധാരമാണ് കുണ്ഡലിനീശക്തിയുടെ ആവാസമന്ദിരം. ജഗന്മാതാവിന്റെ മരീചിമാലകളാണ് ഷഡ്ചക്രങ്ങള്‍. അതിസൂക്ഷ്മദൃഢതന്ത്രീരൂപങ്ങളായ നാഡികള്‍ ഉര്‍വരമാക്കുന്ന ദേഹശക്തികള്‍ക്ക് മൂലസ്ഥാനം ഈ ആറുചക്രങ്ങളത്രെ.
ഷഡ്ചക്രപ്രതിപാദനം സൗന്ദര്യലഹരിയിലെ ഉദാത്തമായ കവിതതന്നെ. മൂലാധാരചക്രത്തില്‍ പൃഥ്വീതത്ത്വമടങ്ങിയിരിക്കുന്നു. ത്രികോണാകൃതിയുള്ള ഈ ചക്രം ചതുര്‍ദളകമലമത്രെ. സ്വാധിഷ്ഠാനചക്രത്തില്‍ അഗ്നിതത്ത്വം. ഇതാവട്ടെ ഷഡ്ദളകമലമാകുന്നു.
ഷഡ്ചക്രപ്രതിപാദനം സൗന്ദര്യലഹരിയിലെ ഉദാത്തമായ കവിതതന്നെ. മൂലാധാരചക്രത്തില്‍ പൃഥ്വീതത്ത്വമടങ്ങിയിരിക്കുന്നു. ത്രികോണാകൃതിയുള്ള ഈ ചക്രം ചതുര്‍ദളകമലമത്രെ. സ്വാധിഷ്ഠാനചക്രത്തില്‍ അഗ്നിതത്ത്വം. ഇതാവട്ടെ ഷഡ്ദളകമലമാകുന്നു.
ദശദളകമലാകൃതിയുള്ള മണിപൂരകചക്രത്തില്‍ പഞ്ചഭൂതങ്ങളിലെ ജലതത്ത്വമാണുള്ളത്. വായുതത്ത്വം അനാഹതചക്രത്തില്‍. ദ്വാദശദളകമലമത്രെ ഇത്. വിശുദ്ധിചക്രത്തില്‍ മനസ്തത്ത്വമാണ്. അങ്ങനെ നാം ശ്രീചക്രരൂപിയായ സഹസ്രദള കമലത്തിലെത്തുകയായി. ഇതത്രേ ബിന്ദു. ബിന്ദുവിന്റെ വികാസപരിണാമംതന്നെ വിശ്വമണ്ഡലം. ശ്രീചക്രം ശിവശക്തികളുടെ വാസസ്ഥലം. അണുപ്രപഞ്ചവും വിരാട്പ്രപഞ്ചവും ഒന്നെന്ന അഭേദചിന്തയില്‍ എത്തിച്ചേരുന്നു. വിശ്വപ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുദൃഢസല്ലയനം തന്നെയിത്. ഈ ഭാരതീയദര്‍ശനത്തെ ആധുനികശാസ്ത്രവും അംഗീകരിക്കുന്നു.
No comments:
Post a Comment