ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 15, 2017

കമ്പരും രാമായണവും - ഗ്രന്ഥം, ഗ്രന്ഥകാരന്‍


കമ്പരാമായണം,​ കമ്പര്‍
രാമായണ കഥയുടെ വിവിധ ഭേദങ്ങളുള്ളതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് കമ്പരാമായണമാണ്. കമ്പരാമായണത്തെ അധികരിച്ചാണ് പ്രാദേശികമായ വിവിധ രാമായണ ഭാഷ്യങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. കമ്പരാമായണമെഴുതിയ കമ്പരെക്കുറിച്ചുള്ള ഐതിഹ്യവും ചരിത്രവും ഇങ്ങനെ.

സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന്റെ പ്രഹരമേറ്റതോടെ ലങ്കാലക്ഷ്മി ലങ്കവിട്ടു. ലങ്കാലക്ഷ്മി കാളിയുടെ രൂപാന്തരമായിരുന്നു. ശ്രീകാളി ‘രാമരാവണയുദ്ധം’ കാണാന്‍ തനിക്ക് ഭാഗ്യം കിട്ടാഞ്ഞതിലെ കുണ്ഠിതം ശ്രീപരമേശ്വരനെ അറിയിച്ചു. ശിവന്‍ ദേവിയെ സ്വാന്തനപ്പെടുത്തിയത് ഇങ്ങനെയാണത്രെ:-

നീ ദ്രാവിഡനാട്ടില്‍ച്ചെന്ന് അവിടെയുള്ള ‘സ്വയംഭൂലിംഗ’ ക്ഷേത്രത്തില്‍ അധിവാസമുറപ്പിക്കുക; ഞാന്‍ അവിടെ ‘കമ്പ’രായി അവതരിച്ച് തമിഴ് ഭാഷയില്‍ രാമായണം രചിച്ച് ‘പാവക്കൂത്ത്’ നടത്തിക്കാം; അപ്പോള്‍ നിനക്ക്, കാണുന്നതിനേക്കാള്‍ വ്യക്തമായും ഭംഗിയായും സമ്പൂര്‍ണമായും ശ്രീരാമകഥ വിശേഷിച്ച് രാമരാവണയുദ്ധം കേട്ടും കണ്ടും രസിക്കാം.

ശ്രീകാളീദേവി തിരുവണ്ണനല്ലൂര്‍ സ്വയം ഭൂലിംഗക്ഷേത്രത്തില്‍ ആവാസമുറപ്പിച്ചു. ക്ഷേത്ര സമീപത്ത് ‘ശങ്കരനാരായണന്‍’ എന്ന ഒരു പണ്ഡിതശ്രേഷ്ഠന്‍ താമസിച്ചിരുന്നു. ഭാര്യയായ ‘ചിങ്കരവല്ലി’ സന്താനലബ്ധിക്ക് സ്വയംഭൂലിംഗദേവനെ (ശിവനെ) ആരാധിച്ചുപോന്നു. ശ്രീമഹാദേവന്‍, മുന്‍ നിശ്ചയമനുസരിച്ച് അവതരിച്ചു. അപവാദശങ്കിതയായ വല്ലി സ്വസന്താനത്തെ ക്ഷേത്ര സങ്കേതത്തില്‍ ഉപേക്ഷിച്ച് പോയി. ആ കുട്ടിയെ ഗണേശകൗണ്ടര്‍ എന്ന ഒരാള്‍ എടുത്ത് ‘ജയപ്പവള്ളന്‍’ എന്ന കൗണ്ടപ്രമാണിയെ ഏല്‍പ്പിച്ചു. അപുത്രനായിരുന്ന കൗണ്ടപ്രമാണി ആ ശിശുവെ സ്വപുത്രനായി സ്വീകരിച്ച് വളര്‍ത്തി. കൊടിമരക്കമ്പത്തിന്റെ ചുവട്ടില്‍ക്കിടന്നു കിട്ടിയ ശിശുവിന് ‘കമ്പന്‍’ എന്ന് പേരിട്ടു. ബാല്യത്തില്‍ത്തന്നെ അതിബുദ്ധിമാനായിരുന്ന കമ്പന്‍ പ്രകൃത്യാ അലസനായിരുന്നെങ്കിലും യുവാവായപ്പോള്‍ അതിപണ്ഡിതനായി, കമ്പരെന്നറിയപ്പെട്ടു.

ഒരിക്കല്‍ ചോളരാജാവ്. കമ്പരോടും കവിസദസ്സിലെ മറ്റൊരംഗമായ ‘ഒട്ടക്കൂത്ത’നോടും രാമകഥ തമിഴ്ക്കവിതയായി നിര്‍മിക്കാന്‍ ഏര്‍പ്പാട് ചെയ്തു. സേതുബന്ധനംവരെ ഒട്ടക്കൂത്തനും യുദ്ധപ്രകരണം കമ്പരും നിര്‍മിക്കണമെന്നായിരുന്നു രാജ നിര്‍ദ്ദേശം ആറുമാസംകൊണ്ട് നിര്‍വഹിച്ചു. കമ്പര്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല വിവരമറിഞ്ഞ രാജാവ് ‘നാളെത്തന്നെ രാമായണകൃതി സദസ്സില്‍ വായിച്ചു കേള്‍പ്പിക്കണ’മെന്ന് ഉത്തരവായി അന്നുതന്നെ ഒരു രാത്രികൊണ്ട് കവിതയെഴുതിത്തീര്‍ക്കാനിരുന്ന കമ്പര്‍ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി. വെളുപ്പിന് ഉണര്‍ന്നപ്പോള്‍, ഏതോ ഒരു ദിവ്യാകൃതി തിരോധാനം ചെയ്യുന്നതുകൊണ്ട് ‘വഴുതിവെടിഞ്ചുതേ അംബാ’ എന്ന് കമ്പര്‍ കുണ്ഠിതപ്പെട്ടപ്പോള്‍ ‘എഴുതി മടിഞ്ചുതേ കമ്പാ’ എന്ന് ആ ദിവ്യാകൃതി അരുളിച്ചെയ്തിട്ട് ഉടന്‍ അപ്രത്യക്ഷയായി.

കമ്പര്‍ നോക്കിയപ്പോള്‍ രാമായണം പൂര്‍ണമായി എഴുതിവച്ചിരിക്കുന്നു. ചെയ്തത് വാഗ്‌ദേവതയായ ശാരദാഭഗവതിയാണെന്നനുമാനിച്ച് കമ്പര്‍ കൃതി രാജസദസ്സില്‍ പാടി, കേട്ടവര്‍ ആശ്ചര്യ ഭരിതരായി. പിന്നീട് രാജകല്‍പ്പനയനുസരിച്ച് ദേവാലയത്തിലെ ദേവീപ്രതിഷ്ഠയുടെ സന്നിധാനത്തില്‍ യുദ്ധകാണ്ഡകഥ കൂത്തിനടത്തിത്തുടങ്ങി. അങ്ങനെയാണ് കമ്പരെക്കുറിച്ചുള്ള പ്രധാനമായ ഒരൈതിഹ്യം.

കമ്പര്‍ ശിവാവതാരമെന്ന വിശ്വാസവും കമ്പരാമായണം വാഗ്‌ദേവി വിരചിതമാണെന്നുള്ളതും സങ്കല്‍പ്പ നിബന്ധങ്ങളായിരിക്കാം കമ്പരാമായണ പ്രബന്ധത്തില്‍ ദിവ്യമാഹാത്മ്യം കിട്ടി. കമ്പരാമായണത്തിന്റെ പ്രചാരം, വാത്മീകി രാമായണത്തിലെ അടിസ്ഥാന രാമകഥയിലില്ലാത്ത സങ്കല്‍പ്പ കഥകള്‍ വ്യാപകമാക്കി

No comments:

Post a Comment