ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 23, 2017

ഭാരതവും ഹിന്ദുമതവും



ചിന്താശീലനായ ഒരു ഇംഗ്ലീഷുകാരന്‍ – റാംസേ മക്ഡൊനാള്‍ഡം – ഒരു പ്രധാന കാര്യം പറഞ്ഞിട്ടുണ്ട്‌. “ഇന്ത്യയും ഹിന്ദു മതവും ശരീരവും ആത്മാവുമെന്നപോലെ അന്യോന്യബദ്ധമാണ്‌.” ഇന്ത്യ ശരീരവും ഹിന്ദുമതം – കൂടുതല്‍ ശരിയായി പറഞ്ഞാല്‍, സനാതനധര്‍മം – അത്മാവുമാണ്‌.

നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളും രാഷ്ട്രീയമായ ശിഥിലീകരണവും ഉണ്ടായിട്ടും ഹിന്ദുസംസ്കാരത്തിന്റെ ഏകീഭാവവും രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന്‌ മറ്റേ ഭാഗത്തേക്ക്‌ തീര്‍ഥയാത്രക്കാരുടെ അനിയന്ത്രിതപ്രവാഹവും എന്നും ഉണ്ടായിരുന്നു. ഹിന്ദുധര്‍മസംസ്കാരം അനശ്വരമാണെന്നു മാത്രമല്ല ചലനാത്മകവുമാണ്‌.

നീണ്ട ചരിത്രത്തിനിടയ്ക്ക്‌ അതില്‍ പല മാറ്റങ്ങളുമുണ്ടായി. ഇവിടെയും ശരീരം – ആത്മാവ്‌ എന്ന രൂപകം സത്യമാണ്‌. ആത്മാവിനെയും ബ്രഹ്മത്തിനെയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍, ഈശ്വര സാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യം, കര്‍മനിയമം, പ്രപഞ്ചത്തിന്റെ ചാക്രികമായ ഹ്രാസവികാസ പരിണാമസിദ്ധാന്തം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങളാണ്‌ ഹിന്ദുമതത്തിന്റെ ഉയിര്‍; ജീവിതത്തില്‍ ഇവയെ പ്രായോഗികമാക്കുകയാണ്‌ അതിന്റെ ഉടല്‍. ഉയിരിനു മാറ്റമില്ല; ഉടല്‍ കാലാകാലം മാറിക്കൊണ്ടേയിരിക്കുന്നു.

ഹിന്ദുമതത്തില്‍ ആദ്യത്തെ വിപ്ലവകരമായ പരിവര്‍ത്തനം തുടങ്ങി വച്ചത്‌ ശങ്കരാചാര്യരായിരുന്നു. അദ്ദേഹം അദ്വൈതദര്‍ശനത്തിന്‌ സ്ഥിരപ്രതിഷ്ഠ നല്‍കി. അദ്ദേഹത്തെ തുടര്‍ന്ന്‌ രാമാനുജാചാര്യരും മാധ്വാചാര്യരും വന്നു. ഈ മൂന്നു മഹാചാര്യന്മാര്‍ ദക്ഷിണ ഭാരതത്തിന്റെ മൂന്നു ഭിന്നദേശങ്ങളിലാണ്‌ ജനിച്ചത്‌. അവര്‍ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്ന ഹിന്ദുമതത്തിലെ മൂന്നു ഭിന്ന സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പ്രാചീനതത്ത്വങ്ങളെ അവര്‍ ക്രമാനുകൂലമായ രീതിയില്‍ പുതുതായി പ്രസ്താവിക്കുകയും അവയ്ക്ക്‌ ഭദ്രമായ ദാര്‍ശനികാടിസ്ഥാനം നല്‍കുകയും ചെയ്തു. ജനങ്ങളെ പ്രധാനമായും ഉയര്‍ന്ന ജാതിക്കാരെ – മതവിഭാഗങ്ങളുമായി സംഘടിപ്പിച്ചിട്ടു കൊണ്ട്‌ അവര്‍ ഭാരതമാകെ സഞ്ചരിക്കുകയും ആ വിഭാഗങ്ങളിലൂടെ ഹിന്ദുമതത്തില്‍ ഊര്‍ജസ്വലത വളര്‍ത്തുകയും ചെയ്തു.


എങ്ങനെയാണ്‌ ഈ ദാര്‍ശനിക സമ്പ്രദായങ്ങളിലെ ആശയങ്ങളുടെ ശക്തി സാധാരണ ജനങ്ങളിലെത്തിയത്‌? മഹാഭക്തന്മാരിലൂടെ. അനാദികാലം മുതല്‍ ഭാരതത്തില്‍ അനേകം പുണ്യാത്മാക്കളുണ്ടായിട്ടുണ്ട്‌; ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജാതിഭേദം കൂടതെ അവര്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച്‌ സര്‍വ്വത്ര ധര്‍മപ്രചാരം ചെയ്തു. അവര്‍ സമുദായത്തിന്റെ വിവിധതലങ്ങളില്‍പ്പെട്ടവരായിരുന്നു. അവരില്‍ മിക്കവരും ഗൃഹസ്ഥരായിരുന്നുവെങ്കിലും ലൗകികസംഗങ്ങളില്‍ നിന്ന്‌ മുക്തരായിരുന്നു. ആചാര്യന്മാര്‍ ചെയ്തതുപോലെ സംസാരിച്ചതും പഠിപ്പിച്ചതും സംസ്കൃതത്തിലായിരുന്നില്ല, പ്രാദേശികഭാഷയിലായിരുന്നു. അവരില്‍ പലരും വലിയ കവികളായിരുന്നു. അവരുടെ ആത്മോദ്ദീപകഗാനങ്ങള്‍ ഇന്നും ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോലും പാടിവരുന്നു. മുക്തിക്കുള്ള പ്രധാനമാര്‍ഗമായി അവര്‍ ഭക്തിമാര്‍ഗമപേക്ഷിച്ചു. അവരില്‍ വളരെ വലിയ ചില വ്യക്തികള്‍ സ്ത്രീകളായിരുന്നു.




No comments:

Post a Comment