ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 19, 2017

മഹാശിവരാത്രി അനുഷ്ഠാനം

Image result for sivarathri wallpaper
ഈ വര്‍ഷം FEB 24 -  തീയതിയാണ് മഹാശിവരാത്രി. ഭാരതത്തില്‍ ഏറ്റവും വിപുലമായി ആചരിക്കപ്പെടുന്ന ഒരു വിശേഷദിനമാണ് ശിവരാത്രി. ഫാല്‍ഗുനമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ശിവരാത്രിയായി നാം ആചരിക്കുന്നത്. ഇത് പുരാണ കഥകളുമായി ബന്ധപ്പെട്ട ഒരു പശ്ചാത്തലത്തിലാണ് കൂടുതലായി നാം ആചരിച്ചുവരുന്നതും വിശദീകരിക്കുന്നതും. എന്നാല്‍ ശിവരാത്രി ദിനത്തിനും ശിവരാത്രി തത്ത്വത്തിനും യോഗശാസ്ത്രപരവും താന്ത്രികയോഗപരവുമായ വിവിധ അര്‍ത്ഥങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത.

സാധാരണയായി കറുത്തപക്ഷത്തിലെ ത്രയോദശി ദിവസം പ്രദോഷമായി നാം ആചരിക്കുന്നു. ഭഗവാന്‍ ശിവശങ്കരന്‍ തന്റെ പ്രപഞ്ചനടനം നിര്‍വഹിക്കുന്ന മുഹൂര്‍ത്തമാണ് പ്രദോഷസന്ധ്യ. പ്രപഞ്ചമൊട്ടാകെ ലയിച്ചുചേരുന്ന ചൈതന്യപ്രവാഹമായി ആചാര്യന്മാര്‍ ശിവതാണ്ഡവത്തെ കാണുന്നു. ശൈവ സിദ്ധാന്തമനുസരിച്ച് ശിവം എന്നത് ഏറ്റവും അപ്രമേയവും അദ്വിതീയവുമായ പരമസത്യമാകുന്നു. അരൂപവും അനന്തവും സര്‍വ്വശക്തവും സര്‍വ്വാന്തര്യാമിയും നിത്യവുമായത് ശിവം മാത്രമാണ്.

ആത്മാവും പരമാത്മാവുമാകുന്ന ചൈതന്യം ഈ ശിവമാകുന്നു. ഈ ശിവത്തെ പുരുഷഭാവത്തില്‍ ശിവന്‍ എന്നും സ്ത്രീഭാവത്തില്‍ അഥവാ മാതൃഭാവത്തില്‍ ശക്തിയെന്നും നാം വിളിക്കുന്നു. രണ്ടും വാസ്തവത്തില്‍ ഒന്നുതന്നെ. ശിവന്റെ പ്രകൃതിഭാവമാണ് ശക്തി. ശക്തിക്ക് ശിവനില്‍ നിന്ന് ഭേദമില്ല. ശിവന്റെ അരൂപമായ ആത്മചൈതന്യം അനേകം ഭാവങ്ങളില്‍ പ്രകടമാകുന്നു. ഈ കാണുന്ന പ്രപഞ്ചം ശിവശക്തിയുടെ പ്രതിഫലനം മാത്രമാകുന്നു. കണ്ണാടിയുടെ മുമ്പില്‍ കാണുന്ന രൂപങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നതുപോലെയാണത്. ശിവന്‍ തന്നെയാണ് പ്രപഞ്ചം. അഥവാ പ്രപഞ്ചം തന്നെയാണ് ശിവന്‍. അതുകൊണ്ടാണ് പ്രപഞ്ചഗതിവിഗതികളെ ശിവന്റെ ആനന്ദ നൃത്തമായി ആചാര്യന്മാര്‍ ചിത്രീകരിക്കുന്നത്. അറിവും അറിയപ്പെടുന്ന വസ്തുതയും അറിയുന്ന ആളും ഒന്നുതന്നെയായിത്തീരുന്ന അവസ്ഥയാണ് ഇത്. അതിനാല്‍ ശിവതത്ത്വത്തെ പ്രപഞ്ചത്തിന്റെ പരമജ്ഞാനമായി ഋഷിമാര്‍ പറഞ്ഞിരിക്കുന്നു.

ഇതു തന്നെയാണ് കാലം എന്ന സങ്കല്‍പ്പവും. ശിവതത്വം തന്നെയാണ് കാലത്തിന്റെ മൂലസങ്കല്പം. അനന്തമായ കാലപ്രവാഹത്തെ ശിവനായി നാം കരുതുന്നു. കാലത്തിന്റെ തുടക്കവും ഒടുക്കവും നിര്‍ണ്ണയിക്കുന്ന പരമശക്തിയായി, കാലാതിവര്‍ത്തിയായ ചൈതന്യമായി നാം ശിവനെ കാണുന്നു. അതിനാല്‍ നാം ഭഗവാനെ 'മഹാകാലന്‍' എന്നു വിളിക്കുന്നു. കാലം അതിമഹത്തായ ഒരു നിഗൂഢതയാണ്. അതിലാണ് മറ്റെല്ലാ അറിവുകളും നിലനിന്നുപോരുന്നത്. കാലം അത്രയേറെ ദുര്‍ഗ്രഹമാണ്. സ്വയം സ്രഷ്ടാവസ്ഥ പ്രാപിക്കുന്നതെന്തും കാലമാനത്തിലാണ് സംഭവിക്കുന്നത്. ഇന്ദ്രിയ പ്രത്യക്ഷമായതെന്തും കാലചക്രത്തിലാണ് രൂപം കൊള്ളുന്നത്. കാലമെന്താണെന്ന് പൂര്‍ണ്ണമായി അപഗ്രഥിച്ച് വ്യവച്‌ഛേദിക്കുവാന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. കാലപ്രവാഹത്തില്‍ എല്ലാ പദാര്‍ത്ഥങ്ങളും ഉണ്ടായി, നിലനിന്ന്, നശിച്ചുപോകുന്നു. എന്നാല്‍ കാലം നശിക്കുന്നില്ല. മൂര്‍ത്തീഭാവം പ്രാപിക്കുന്നതെന്തും കാലത്തിലാണ് സംഭവിക്കുന്നത്. എന്നാല്‍ കാലം അമൂര്‍ത്തമായിത്തന്നെ നിലകൊള്ളുന്നു. കാലം ആവര്‍ത്തിച്ചുവരുന്ന ഒരു ചാക്രിക പ്രതിഭാസമാകയാല്‍ അതിനെ കാലചക്രം എന്നു നാം വിളിക്കുന്നു. ഭൂമിയില്‍ നാം നേരിട്ടു കാണുന്ന ഋതു പ്രത്യേകതകള്‍, അന്തരീക്ഷാവസ്ഥകള്‍ തുടങ്ങിയതെല്ലാം ആവര്‍ത്തന സ്വഭാവമുള്ളതാണ്. വസന്തം, വേനല്‍, മഴ, മഞ്ഞ്.... തുടങ്ങിയതെല്ലാം ഒരു നിശ്ചിത പരിധിയില്‍ ആവര്‍ത്തിച്ചുവരുന്നു. അതിനാല്‍ നാം ഇതിനെ കാലചക്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇങ്ങനെ നമുക്കു തിരിച്ചറിയാന്‍ പറ്റാത്ത സങ്കീര്‍ണ്ണതകളിലൂടെ കടന്നുപോകുന്ന എല്ലാത്തിന്റെയും ഉല്‍പ്പത്തി, നിലനില്‍പ്പ്, വിനാശം ഇവയ്ക്ക് കാരണഭൂതമായിത്തീരുന്ന ആദ്യന്തരഹിതമായ കാലത്തിന്റെ പ്രവാഹം നിശ്ചലമായി ഒരു ബിന്ദുവില്‍ ഘനീഭവിക്കുന്ന സുപ്രധാന സന്ദര്‍ഭമാണ് വാസ്തവത്തില്‍ മഹാശിവരാത്രി. കാലപ്രവാഹം നിശ്ചലമാവുകയും മൂലപ്രകൃതിയൊട്ടാകെ കാലമെന്ന തത്ത്വത്തില്‍ ലയിച്ച് ചേരുകയും ചെയ്യുന്ന അപൂര്‍വ്വ സമയം.

നാട്യ ശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കപ്പെട്ടിട്ടുള്ളത് ദേവാധിദേവനായ ശിവനുതന്നെയാണ്. നടന്മാരുടെയും നാട്യക്കാരുടെയും ആത്യന്തിക ഗുരുനാഥന്‍ നടരാജമൂര്‍ത്തി തന്നെ. നൃത്തം, സംഗീതം, വാദ്യം, ആയോധനകലകള്‍ തുടങ്ങി സുകുമാര-ലളിത-ആയോധന വിദ്യകളുടെ മുഴുവന്‍ നാഥന്‍ മഹാദേവനാകുന്നു. പ്രപഞ്ചത്തില്‍ കാണുന്ന സമസ്ത ചലനങ്ങളും നടരാജ നൃത്തത്തിന്റെ പലവിധഭാവസ്ഥുരണങ്ങളാകുന്നു. പ്രപഞ്ചത്തില്‍ ഇടമുറിയാതെ നടന്നുകൊണ്ടിരിക്കുന്ന ജീവിതതാളം നടരാജ നൃത്തത്തിന്റേതാകുന്നു. ഭാവസ്ഫുരണങ്ങള്‍ മാറിമാറിവരും. നടനം തുടര്‍ന്നുകൊണ്ടേയിരിക്കും. നടരാജമൂര്‍ത്തിയുടെ ഭാവസ്പന്ദനങ്ങളാണ് നവരസങ്ങള്‍. നരലോകത്തെ സകലഭാവങ്ങളും ഇതിലടങ്ങുന്നു. ഈ മഹത്തായ പ്രപഞ്ചനൃത്തം ആനന്ദനടനം തന്നെയാകുന്നു. ഇങ്ങനെയുള്ള മഹാനടനം, പ്രപഞ്ചതാളം, നിശ്ചലമാകുന്ന ഒരു ദിനമുണ്ട് അതാണ് മഹാശിവരാത്രി.

ആധുനിക പ്രപഞ്ചശാസ്ത്രസിദ്ധാന്തങ്ങള്‍ സൂചിപ്പിക്കുന്നത് പ്രപഞ്ചം അനുസ്യൂതമായ സൃഷ്ടിസ്ഥിതി സംഹാര നടനത്തിലൂടെ കടന്നുപോകുന്നുവെന്നാണ്. നക്ഷത്രങ്ങള്‍ രൂപംകൊള്ളുകയും നശിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതിനൊരു താളമുണ്ട്. 1920-ല്‍ പ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞനായ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ നക്ഷത്രങ്ങളുടെ ജനിമൃതിചക്രത്തെപ്പറ്റി, അവയുടെ താളക്രമങ്ങളെപ്പറ്റി ഒരു സിദ്ധാന്തം അവതരിപ്പിച്ചു. അന്ന് അത് അംഗീകരിക്കപ്പെട്ടില്ലെങ്കിലും 1983-ല്‍ അദ്ദേഹത്തിന്റെ സിദ്ധാന്തം നൊബേല്‍ സമ്മാനം തന്നെ നേടുകയുണ്ടായി. പ്രപഞ്ചത്തിലെ ഊര്‍ജ്ജകണികകളുടെ രൂപപ്പെടലും നിലനില്‍പ്പും ഊര്‍ജ്ജവിനിമയവും ഒടുവില്‍ വിനാശവുമെല്ലാം ഒരു നിശ്ചിത താളക്രമത്തിലാണ് നടക്കുന്നതെന്ന് ആധുനിക ശാസ്ത്രമറിയുന്നു. വിശ്വമഹാപ്രപഞ്ചത്തിലെ അതിബൃഹ്ത്തായ ഈ ഊര്‍ജ്ജതാണ്ഡവം തന്നെയാണ് ശിവതാണ്ഡവം എന്ന് ആധുനിക കണ്ടെത്തലുകളിലൂടെ വെളിപ്പെടുന്നു. ഈ ഊര്‍ജ്ജമഹാനൃത്തം സമ്പൂര്‍ണ്ണ സമമിതിയില്‍ വരുന്ന ഒരു ദിവസമുണ്ട്. ആകമാന ഋണ ഊര്‍ജ്ജവും ആകെ ഘന ഊര്‍ജ്ജവും പൊതുവെ തുല്യമാകാറില്ല. അങ്ങനെയായതുകൊണ്ട് പ്രപഞ്ചം നിലനിന്നുപോകുന്നു. ഊര്‍ജ്ജ പ്രകടന മണ്ഡലം എന്നത് തമോമയ ഊര്‍ജ്ജത്തേക്കാള്‍ കൂടുതലായതുകൊണ്ട് ദ്രവ്യവും പിണ്ഡവും വസ്തുക്കളും സമസ്ത ചരാചരങ്ങളും നിലനിന്നുപോരുന്നു. എപ്പോള്‍ സമസ്ത ഘനഊര്‍ജ്ജവും തമോമയ ഊര്‍ജ്ജവും തുല്യമാകുന്നുവോ, അപ്പോള്‍ പ്രപഞ്ചം ആത്യന്തിക ശൂന്യതയിലേക്ക് പോകും. ഈ അവസ്ഥയ്ക്ക് അനന്ത വൈചിത്ര്യം എന്നു പറയുന്നു. ഓരോ വര്‍ഷവും നമ്മുടെ ഭൂമണ്ഡലം ഏതാനും നാഴിക വിനാഴികളിലേക്ക് ഈ മഹാശൂന്യതയില്‍ എത്തുന്ന ഘട്ടമുണ്ടാകുന്നു. ഇതാണ് മഹാശിവരാത്രി.


നമ്മുടെ സൂക്ഷ്മശരീരത്തില്‍ ഇഡ, സുഷുമ്‌ന, പിംഗള എന്നിങ്ങനെ മൂന്നു നാഡികള്‍ അടങ്ങിയിരിക്കുന്നു. ഇടതുവശത്ത് ഇഡാനാഡിയും വലതുവശത്ത് പിംഗലാനാഡിയും സ്ഥിതി ചെയ്യുന്നു. ഇഡാ നാഡി, ചന്ദ്രനാഡിയെന്നും, പിംഗലാ സൂര്യനാഡിയെന്നും അറിയപ്പെടുന്നു. നമ്മുടെ ദേഹ മനസ്സുകളിലെയും പ്രാണനിലെയും ഊര്‍ജ്ജചലനങ്ങള്‍ മുഴുവന്‍ ഈ നാഡികളിലൂടെയാണ് നടക്കുന്നത്. ശരീരത്തിലെ സൃഷ്ട്യുന്‍മുഖമായ ഊര്‍ജ്ജം അഥവാ ജീവോര്‍ജ്ജം ഇഡാ നാഡിയിലൂടെ ഒരു നിശ്ചിത ചലനതാളത്തില്‍ പ്രവഹിക്കുന്നു. സംഹാരോന്മുഖ ഊര്‍ജ്ജം അഥവാ ജീര്‍ണ്ണോര്‍ജ്ജം വലതുവശത്തെ പിംഗലയിലൂടെ ഒരു ദ്രുതതാളത്തില്‍ സഞ്ചരിക്കുന്നു. സാമാന്യഗതിയില്‍, ഈ രണ്ട് ഊര്‍ജ്ജഗതികളില്‍, പിംഗലയിലൂടെ പ്രവഹിക്കുന്ന വിലയ ഊര്‍ജ്ജത്തിന് കൂടുതല്‍ പ്രവേഗമുണ്ട്. ഒരു നിശ്ചിത സമയം കൂടുതല്‍ ചെല്ലുമ്പോള്‍, പിംഗലയിലൂടെ പ്രവഹിക്കുന്ന സംഹാരോര്‍ജ്ജം അതിന്റെ പ്രവാഹ പരിമാണത്തില്‍ വര്‍ദ്ധിക്കുവാന്‍ തുടങ്ങുന്നു. ഇതുകൊണ്ടാണ് നമുക്കെല്ലാം പ്രായമായി വരുന്നത്.

നമ്മിലെ സൃഷ്ടി ഉന്മുഖ ഊര്‍ജ്ജം അഥവാ അമൃത ഊര്‍ജ്ജം അതിന്റെ പ്രയാണ ക്ഷമതയില്‍ ജീര്‍ണ്ണ ഊര്‍ജ്ജത്തേക്കാള്‍ കുറവാകുമ്പോഴാണ് ഇതുണ്ടാകുന്നത്. ഈ പ്രതിഭാസമാണ് കാലഗതി ജീര്‍ണ്ണമാനം എന്നറിയപ്പെടുന്നത്. സാധാരണ വ്യക്തികളെല്ലാം ഒരു പ്രായഘട്ടം കഴിഞ്ഞാല്‍ എന്‍ട്രോപ്പിക്ക് അടിമപ്പെടുന്നു. എന്നാല്‍ നടരാജമൂര്‍ത്തിയുടെ ഉപാസകര്‍, ആനന്ദ നടനതത്ത്വം ഉള്ളില്‍ ഗ്രഹിച്ചവര്‍, നടേശചൈതന്യം സ്വാംശീകരിച്ചവര്‍ സകലവിധ ജീര്‍ണ്ണതകളെയും അതിജീവിച്ച് നിത്യ യൗവനത്തില്‍ നിലനില്‍ക്കുന്നു. ഈ മഹാശാസ്ത്രമാണ് 'മഹാശിവരാജയോഗം' എന്ന യോഗവിദ്യയിലൂടെ നാം മനസ്സിലാക്കേണ്ടത്.

ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന മഹാജ്ഞാനയോഗികളുള്ളതായി വിശ്വസിക്കപ്പെടുന്നു. ഈ മഹാബാബമാര്‍ പലരും ശിവരാജയോഗം ഗ്രഹിച്ചവരും മഹാശിവരാത്രിതത്ത്വം സ്വാംശീകരിച്ചവരുമാണ്.

ശിവരാത്രി അനുഷ്ഠാനങ്ങളില്‍വച്ച് നാം ഗ്രഹിക്കേണ്ടത് ഈ മഹാജ്ഞാന വിദ്യതന്നെയാകുന്നു. മറ്റെല്ലാം മനഃശാന്തി നല്‍കുന്ന ബാഹ്യ ആരാധനകള്‍ മാത്രമാണ്. സദാശിവ ചൈതന്യത്തിലേക്ക് നാം എത്തിച്ചേരേണ്ടത് നടരാജയോഗശാസ്ത്രത്തിലൂടെ മാത്രമാകുന്നു. നമ്മെ സര്‍വ്വതോമുഖമായ ആനന്ദത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നത് ഈ ശിവരാത്രി അനുഷ്ഠാനമാണ്. ഈ രീതിയില്‍ ശിവരാത്രി ആരാധന ചെയ്യുമ്പോള്‍ സകലവിധ ദുഃഖങ്ങളും അപ്രത്യക്ഷമാകും. നമ്മുടെ സര്‍വ്വരോഗങ്ങളും വിട്ടുമാറും. സമസ്തദാരിദ്ര്യവും നശിക്കും. സര്‍വ്വവിക്ഷോഭങ്ങളും അടങ്ങിശാന്തത കൈവരിക്കും. സകലമൂഢതകളും മാറി ജ്ഞാന പ്രകാശം തെളിയും. നമ്മുടെ ആഗ്രഹങ്ങളെല്ലാം സ്വയമേവ പൂര്‍ത്തീകരിക്കപ്പെടും. നമ്മുടെ കുടുംബം സാക്ഷാല്‍ ശിവകുടുംബംപോലെ ആനന്ദലബ്ധിയടയും. ഇതായിരിക്കണം നമ്മുടെയെല്ലാം ശിവരാത്രി ആചരണത്തിന്റെ ലക്ഷ്യം.

ഇനി ബാഹ്യ അനുഷ്ഠാനങ്ങള്‍ നോക്കാം. തലേന്നാള്‍ സന്ധ്യയോടുകൂടി അന്നപാനീയാദികള്‍ നിര്‍ത്തി ഉപവാസമാരംഭിക്കുക. പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന് സ്‌നാനജപാദികള്‍ നിര്‍വ്വഹിച്ച് ശിവക്ഷേത്രദര്‍ശനത്തിന് പുറപ്പെടുക. പ്രദക്ഷിണ ജപാദികളുമായി ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുംവരെ അവിടെ ഭജനമിരുന്ന് നിവേദ്യാന്നം മാത്രം കഴിക്കുകയോ, ഉപവസിക്കുകയോ ചെയ്യുക. സന്ധ്യാരാധനയാണ് ശിവരാത്രിനാളിലെ മുഖ്യ പ്രാര്‍ത്ഥനാ സമയം. അത് ആനന്ദ നടന സമയമാകുന്നു. ഭജന കീര്‍ത്തനാദികള്‍ ഉത്തമം. പ്രദോഷരാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ഭജനം നടത്തുന്നത് അതിവിശേഷമാകുന്നു. ഇപ്രകാരമെല്ലാം നാം അതാത് ദേശത്തെ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശാനുസരണം ശിവരാത്രി ഭജനം പൂര്‍ണ്ണമാക്കേണ്ടതാണ്.

ഏറ്റവും സുപ്രധാനമായ ആന്തരിക ഉപാസന, ശിവരാജയോഗം തന്നെയാണ്. അനവധി ജന്മങ്ങളിലെ സുകൃതികള്‍ക്ക് മാത്രമേ അതിന് അവസരം ലഭിക്കൂ എന്ന് 'തിരുമന്ത്രം' എന്ന കൃതിയില്‍ തിരുമൂല നായനാര്‍ അരുളിച്ചെയ്യുന്നു. ആയതിനാല്‍ സാധാരണക്കാരും ഭക്തരുമായ ഏവരും ബാഹ്യമായിട്ടെങ്കിലും ശിവരാത്രി അനുഷ്ഠാനങ്ങളില്‍ മുഴുകുന്നത് നന്ന്. ആഴത്തില്‍ അന്വേഷിക്കുന്നവരും, അതീന്ദ്രിയ വിഷയങ്ങളില്‍ തല്‍പ്പരരായവരും ശിവരാജയോഗമോ മറ്റു യോഗാനുഷ്ഠാന ശാസ്ത്രമോ പഠിക്കുന്നതും പരിശീലിക്കുന്നതും അത്യുത്തമമാകുന്നു.

''ശിവനടനം താന്‍ ശുദ്ധബോധം; അവന്‍ ഹൃദയപത്മത്തില്‍ നൃത്തമാടുന്നു; ബോധപത്മത്തില്‍ നടനം ചെയ്യും അവന്‍ പാദത്തില്‍ സാഷ്ടാംഗം നമസ്‌കാരം'' ഉമാപതി ശിവാചാര്യര്‍ ഇങ്ങനെ സ്തുതി ചെയ്തിരിക്കുന്നു. ചിദംബരനാഥന്‍ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ!

No comments:

Post a Comment