വൈദിക വിദ്യാഭ്യാസം ലൗകിക പ്രവൃത്തികള്‍ക്ക് ഉത്സാഹം ജനിപ്പിക്കുകയില്ലെന്നും വിരക്തിയുണ്ടാക്കുമെന്നും പലരും പറയാറുണ്ട്. ഇതു ശരിയല്ല. സല്‍പ്രവൃത്തികളെ ശ്ലാഘിക്കുക, പ്രവൃത്തിയേയും ജ്ഞാനത്തേയും യോജിപ്പിക്കുക ഇങ്ങനെ പല സംഗതികളെ വേദത്തിലുള്ള ചില പദങ്ങളുടെ അര്‍ത്ഥങ്ങള്‍ തന്നെ കാണിക്കുന്നുണ്ട്. വൈദികജ്ഞാനം പ്രവൃത്തിമാര്‍ഗത്തെ ശരിപ്പെടുന്നു എന്നല്ലാതെ ആ മാര്‍ഗ്ഗത്തെ തടയുന്നില്ല. ”വിശ്വം സമിത്രണം ദഹ” എന്ന മന്ത്രം വേദത്തില്‍ പലേടത്തും ഉണ്ട്. ഭക്ഷണം മാത്രം കഴിച്ചുകൊണ്ടിരിക്കുന്നവരെ ദഹിപ്പിച്ചുകളയണമെന്നാണ് ഈ മന്ത്രം പ്രാര്‍ത്ഥിക്കുന്നത്. ‘മോഘമന്നം’ എന്ന മന്ത്രത്തില്‍ തന്റെ സഹജീവിക്കും ഈ ശ്വരന്നും യാതൊരു ഗുണവും ചെയ്യാത്തവന്റെ ജീവിതം നിഷ്പ്രയോജനമെന്ന് പറയുന്നു. ഐകമത്യത്തിന്റെ മാഹാത്മ്യത്തെ ഋഗ്വേദത്തിലെ ഒടുവിലത്തെ സൂക്തം നല്ലവണ്ണം വ്യക്തമാക്കുന്നുണ്ട്.
ഭാരതവര്‍ഷം, കുരുക്ഷേത്രം ഇങ്ങനെ പ്രസിദ്ധ ശബ്ദങ്ങളുടെ അര്‍ത്ഥങ്ങളെ ശ്രദ്ധാപുരസ്സരം ആലോചിച്ചാല്‍ കര്‍മങ്ങളുടെ പ്രാധാന്യം വ്യക്തമാവും. ഭാരതം, കുരു ഈ ശബ്ദങ്ങള്‍ക്ക് വൈദിക നിഘണ്ടു പ്രകാരം ഋത്വിക് എന്നാണര്‍ത്ഥം. ഋതുവിങ്കല്‍ യജിക്കുന്നവന്‍ ഋത്വിക്ക്, അതായത്, വേണ്ടകാലത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ എന്ന് താല്‍പ്പര്യം. വര്‍ഷ ശബ്ദത്തിന്റെ പ്രയോഗവും ഇവിടെ ചിന്തിക്കണം. വര്‍ഷം കൂടാതെ ലോകത്തിന് സുസ്ഥിതി ഉണ്ടാവില്ലെന്ന് സ്പഷ്ടമാണ്. വര്‍ഷം പ്രാണികള്‍ക്ക് ഹിതമാകുന്നതുപോലെ, ഭരതന്മാരുടെ പ്രവൃത്തിയും പ്രാണികള്‍ക്ക് ഹിതമാണെന്ന് ഭാരതവര്‍ഷം എന്ന ശബ്ദം കാണിക്കുന്നു.
ഭാരത=ഭരതസംബന്ധി, വര്‍ഷം=ലോകഹിതം ഇങ്ങനെയാണ് ഈ രണ്ടുശബ്ദങ്ങളുടെയും പ്രത്യേകാര്‍ത്ഥം, ലോകഹിതങ്ങളെ ചെയ്തുംകൊണ്ട് വസിക്കുന്ന ജനങ്ങളുടെ നിവാസസ്ഥാനമായിത്തീര്‍ന്നതിനാല്‍, കാലക്രമേണ ഹിമവല്‍ സേതുപര്യന്തമുള്ള ഭൂമിക്ക് ഭാരതവര്‍ഷം എന്ന പേര്‍ സിദ്ധിച്ചു. കുരുക്ഷേത്രം എന്ന ശബ്ദത്തെക്കുറിച്ചും ചിന്തിക്കാം. എന്തുകൊണ്ട് വസിക്കുന്നുവോ അത്, എന്തില്‍ വസിക്കുന്നുവോ അത്, എന്തുകൊണ്ട് ഉല്‍ഗതിയെ പ്രാപിക്കുന്നുവോ അത് -എന്നിങ്ങനെ ക്ഷേത്രശബ്ദത്തിന് പല അര്‍ത്ഥങ്ങളുമുണ്ട്.
കുരുശബ്ദത്തിന്റെ ഋത്വിക്ക് എന്ന അര്‍ത്ഥത്തെ ആദ്യം പറഞ്ഞിട്ടുണ്ടല്ലൊ. ലോകോപകാരങ്ങളെ ചെയ്യുന്ന കുരുക്കളുടെ നിവാസസ്ഥാനവും, അവരുടെ സല്‍പ്രവൃത്തികള്‍ക്കും തല്‍മൂലം അവര്‍ക്കുണ്ടാകുന്ന അഭ്യുദയങ്ങള്‍ക്കും ഹേതുവായിത്തീരുന്നതുമായ രാജ്യം ഏതാണോ അത് കുരുക്ഷേത്രം, ഇന്ത്യയ്ക്ക് ഭാരതവര്‍ഷം എന്നുപേര്‍ സിദ്ധിച്ചതുപോലെ, ഇന്ത്യാ രാജ്യത്തിന്റെ ഏകദേശമായ ഒരു രാജ്യത്തിന്ന് കുരുക്ഷേത്രം എന്ന ഒരു പേര്‍ സിദ്ധിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെ തന്നെയാണ് ‘ആര്യാവര്‍ത്തം’ എന്ന വാക്കിന്റെയും സ്ഥിതി.
ആര്യന്മാരുടെ ആവര്‍ത്തം, അല്ലെങ്കില്‍ പരമ്പരയായി ആര്യന്മാരുടെ ഉത്ഭവം എവിടെ ഉണ്ടാകുന്നുവോ, അത് ആര്യാവര്‍ത്തം, ആര്യന്മാര്‍ എന്നുവച്ചാല്‍ ഒരു ജാതിക്കാരാണെന്ന നവീനപണ്ഡിതന്മാരുടെ അഭിപ്രായം ശരിയല്ല. നിരുക്തം മുതലായ ചില പ്രാചീന ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി പറയുന്നതായാല്‍ ആര്യശബ്ദം ഒരു ജാതിയെ സൂചിപ്പിക്കുന്നു എന്നുപറയുവാന്‍ സാധിക്കുകയില്ല. സത്യം, ധര്‍മനിഷ്ഠ, പ്രവൃത്തി, ശീലത്വം ഇത്യാദി സല്‍ഗുണങ്ങള്‍ ഏവനുണ്ടോ അവന്‍ ആര്യന്‍ എന്നാണ് പ്രാചീനഗ്രന്ഥങ്ങളില്‍നിന്ന് കിട്ടുന്നത്. വൈദികങ്ങളായ ശബ്ദങ്ങളുടെ അര്‍ത്ഥങ്ങളെ സൂക്ഷ്മമായി ആലോചിച്ചുതുടങ്ങിയാല്‍ അവയുടെ അര്‍ത്ഥങ്ങള്‍കൊണ്ടുതന്നെ പ്രവൃത്തി ശീലത്വത്തിന്റെ ഉത്തമത്വം സ്പഷ്ടമായി തുടങ്ങും.
No comments:
Post a Comment