ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 20, 2017

ജ്ഞാനിയായ ഭക്തനാണ് ഏറ്റവും ശ്രേഷ്ഠന്‍ - ഗീതാദര്‍ശനം



ഭഗവദ് ഗീത
മുന്‍ ശ്ലോകത്തില്‍ വിശദീകരിച്ച നാല് തരം ഭക്തന്മാരില്‍ ഭഗവതതത്വം അറിഞ്ഞ് ഭഗവാനെ സ്‌നേഹിക്കുന്നവനും സേവിക്കുന്നവനും ആണ് ഉത്കൃഷ്ട തലത്തില്‍ എത്തിയ ഭക്തന്‍. (ജ്ഞാനീ വിശിഷ്യതേ)

എന്താണ് കാരണം?
ആ ഭക്തന്‍ നിത്യയുക്തനാണ്- മാനസികവും ശാരീരികവുമായ എല്ലാ പ്രവൃത്തികളും ഭഗവാനിലേക്ക് ഇടവിടാതെ പ്രവഹിപ്പിച്ച് നിത്യയോഗം-ചേര്‍ച്ച- ചെയ്തുകൊണ്ടിരിക്കുന്നു. മറ്റു ഭക്തന്മാര്‍-ആര്‍ത്തനും അര്‍ത്ഥാര്‍ത്ഥിയും-തങ്ങളുടെ അഭീഷ്ടം ലഭിക്കുംവരെയേ ഭഗവാനോടു യോജിച്ചുനില്‍ക്കുന്നുള്ളൂ. മാത്രമല്ല, സകാമന്മാരുടെ മനസ്സ് ഭാഗികമായി അഭീഷ്ട വസ്തുക്കളിലും രാജാവ്, പ്രഭുക്കന്മാര്‍ മുതലായവരിലും ചിലപ്പോള്‍ പ്രവര്‍ത്തിച്ചേക്കാം. അതിനാല്‍ അവര്‍ നിത്യയുക്തരല്ല.
ഏകഭക്തിഃ- ജ്ഞാനികളായ ഭക്തന്മാര്‍ ഏക ഭക്തിയുള്ളവരാണ്. എന്താണ് ഏകഭക്തി? ശ്രീശങ്കരാചാര്യര്‍ പറയുന്നു:

”അന്യസ്യഭജനീയസ്യ അദര്‍ശനാത്’‘ (ജ്ഞാനി ഭക്തന്റെ ഭജനത്തിന് പാത്രമാവാന്‍ യോഗ്യതയുള്ള വേറൊരു ദേവനേയും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടും ഇല്ലാത്തതുകൊണ്ടും) ശ്രീകൃഷ്ണ ഭഗവാനില്‍ ഒരു ദേവനില്‍ മാത്രം-തന്റെ ഭക്തി പ്രവഹിപ്പിക്കുന്നു. അങ്ങനെ ഏകഭക്തിയായിത്തീരുന്നു. മറ്റു ദേവന്മാരെയും, മറ്റു സാധനാനുഷ്ഠാനങ്ങളെയും മറ്റു നേട്ടങ്ങളെയും പരിത്യജിച്ച് എന്നെ ഭജിക്കുന്നു; എന്നെ, ഒരാളെ മാത്രം ഭജിക്കുന്നു. എനിക്ക് തുല്യനായിപ്പോലും വേറെ ഒരു ഈശ്വരനും ഇല്ലെന്നും ഞാന്‍ സച്ചിദാനന്ദ സ്വരൂപനാണെന്നും ജ്ഞാനി ഭക്തന് അറിയാം. അതുകൊണ്ട് എന്നെ മാത്രം അര്‍ച്ചിക്കുന്നു, വന്ദിക്കുന്നു, കീര്‍ത്തിക്കുന്നു, ധ്യാനിക്കുന്നു. അതുകൊണ്ടാണ് ഉത്കൃഷ്ടരാണെന്ന് ആദ്യം പറഞ്ഞത്.

”ജ്ഞാനീനഃ അഹം അത്യര്‍ത്ഥം പ്രിയഃ”

മേല്‍ പ്രസ്താവിച്ച ജ്ഞാനിഭക്തന് ഞാന്‍
അത്യര്‍ത്ഥം= എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് പറയാന്‍ സര്‍വജ്ഞനായ എനിക്ക് പോലും കഴിയാത്ത വിധം പ്രിയപ്പെട്ടവനാണ്.

പ്രഹ്ലാദന്റെ പ്രിയത്വം
വിഷ്ണുപുരാണത്തില്‍ പറയുന്നത് ശ്രദ്ധിക്കുക.

സത്വാസക്തമതിഃ കൃഷ്‌ണേ
ദശ്യമാനോ മഹോരഗൈഃ
നവിവേദാളത്മനോ ഗാത്രം
തത്‌സ്മൃത്യാഹ്ലാദ സംസ്ഥിതഃ
(1-17-39)
(ശ്രീകൃഷ്ണനില്‍ പ്രഹ്ലാദ ബാലന് അതിരില്ലാത്ത ആസക്തിയായിരുന്നു ഉണ്ടായിരുന്നത്. ഹിരണ്യകശിപു മഹാ സര്‍പ്പങ്ങളെക്കൊണ്ട് കടിപ്പിച്ചപ്പോള്‍ വേദന ഉണ്ടായിരുന്നില്ല; മാത്രമല്ല, ആ സംഭവം പോലും അറിഞ്ഞതേയില്ല. കാരണം ആ ബാലന്‍ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ച് ധ്യാനിച്ച്, പരമാനന്ദത്തില്‍ മുഴുകിയിരിക്കുകയായിരുന്നു)

മമ ച സപ്രിയഃ- എനിക്കും അത്തരം ജ്ഞാനി ഭക്തന്മാര്‍ അത്യര്‍ത്ഥം-അളവില്ലാത്ത വിധം പ്രിയപ്പെട്ടവരാണ്. ഭഗവാന്‍ സ്വയം ഭാഗവതത്തില്‍ വ്യക്തമാക്കുന്നു.

”സാധ വേ ഹൃദയം മഹ്യം
സാധൂനാം ഹൃദയം ത്വഹം
മദന്യത് തേ നജാനന്തി
നാഹം തേഭ്യോ മനാഗപി”

(ഭക്തന്മാര്‍ എന്റെ ഹൃദയത്തില്‍ എപ്പോഴും വാഴുന്നു. എന്റെ ഹൃദയം നിറഞ്ഞു നില്‍ക്കുകയാണ് ഭക്തന്മാര്‍. അതുകൊണ്ട് ഭക്തന്മാരാണ് എന്റെ ഹൃദയം എന്നു പറയാം. എന്റെ ഭക്തന്മാരുടെ ഹൃദയത്തില്‍ ഞാനും നിറഞ്ഞുനില്‍ക്കുന്നു. അവര്‍ എന്നെയല്ലാതെ, വേറെ ഒന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നുമില്ല. ഞാനും എന്റെ ഭക്തന്മാരെയല്ലാതെ, കാണുന്നില്ല കേള്‍ക്കുന്നുമില്ല.)

ഇങ്ങനെ ഭഗവാനും ഭക്തന്മാരും പരസ്പര സ്‌നേഹ പ്രവാഹത്തില്‍ നീന്തിക്കുളിച്ച് ആനന്ദിക്കുന്നു.

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment