അമൃതവാണി
ദുഃഖനിവൃത്തിയെ അഥവാ ശാശ്വതമായ ആനന്ദത്തെയാണ് മോക്ഷമെന്ന്പറയുന്നത്. അതുഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെയാകാം. ജീവിത സാഹചര്യങ്ങൾ എന്തുതന്നെയായാലും ജീവന്മുക്തന്മാർ തങ്ങളിൽത്തന്നെ ആനന്ദിക്കുന്നു. സുഖ ദുഃഖങ്ങളുടെ നടുവിലും അവയാലൊന്നും ബാധിക്കപ്പെടാതെ അവർ ആത്മനിഷ്ഠരായി കഴിയുന്നു.
എല്ലാത്തിനേയും ഈശ്വരമയമായിക്കാണുന്നു. തവളക്കു വാലുള്ള കാലത്തോളം വെള്ളത്തിലേ ജീവിക്കാൻ പറ്റൂ. വാലുപോയാൽ അതിനു കരയിലും വെള്ളത്തിലും ജീവിക്കാം. ഇതുപോലെ അഹങ്കാരാമാകുന്നവാൽ നഷ്ടമായ അവർക്ക് ശരീരത്തിലിരുന്നാലും ശരീരം വിട്ടാലും ആനന്ദം തന്നെ. ഒന്നിനും ബന്ധിക്കാൻ കഴിയുന്നില്ല. ഈ മാനസികാവസ്ഥതന്നെ മോക്ഷം.
ശരീരം എടുത്താൽ സുഖവും ദുഃഖവും കൂടെയുണ്ടാവും. അതുജീവിതത്തിന്റെ സ്വഭാവമാണ്. കർമ്മങ്ങൾക്കനുസരിച്ച് അതുമാറിയും മറഞ്ഞുമിരിക്കും. തീയുടെ സ്വഭാവമാണ് ചൂട്. നദിയുടെ സ്വഭാവമാണ് ഒഴുക്ക്. അതുപോലെ ജീവിതത്തിന്റെ സ്വഭാവമാണ് സുഖവും ദുഃഖവും എന്നുമനസ്സിലാക്കിയാൽ അവ അനുഭവിക്കേണ്ടിവരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കാം. അങ്ങനെയുള്ള വർക്ക് ഈലോകത്തിൽ നിന്നുണ്ടാകുന്ന പ്രതിബന്ധങ്ങൾ ഒന്നും ബാധകമല്ല.
No comments:
Post a Comment