ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 21, 2017

മഹാശിവരാത്രി


മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ഇക്കുറി (2017 ) ഫെബ്രുവരി  ഇരുപത്തിനാലിനാണ് ശിവരാത്രി. കുംഭ മാസത്തിലെ (മാഘം) കറുത്ത പക്ഷത്തിലെ ചതുർദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ചതുർദശി അർധരാത്രിയിൽ തട്ടുന്ന ദിവസമാണ് ശിവരാത്രി വ്രതം ആചരിക്കേണ്ടത്.


ശിവരാത്രി നാളിൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് സ്‌നാനാദി കർമ്മങ്ങൾക്ക് ശേഷം ഭക്തിയോടെ ശിവസ്തുതിയും പഞ്ചാക്ഷരമന്ത്രവും ജപിക്കണം. ശിവക്ഷേത്രദർശനം നടത്തുന്നതും ക്ഷേത്രത്തിൽ തന്നെ കഴിയുന്നതും ഉത്തമം. പകൽ ഉപവാസം നിർബന്ധം. രാത്രി ഉറക്കമൊഴിക്കണം. അടുത്ത ദിവസം രാവിലെ ശിവപൂജയ്ക്കും പ്രാർത്ഥനകൾക്കും ശേഷം പാരണ കഴിക്കാം.



സർവ്വ പാപങ്ങളും തീർക്കുന്നതാണ് ശിവരാത്രി വ്രതാചരണം എന്നാണ് വിശ്വാസം. രാജസ, തമോ ഗുണങ്ങളെ നിയന്ത്രിച്ച് മനസ്സിൽ സാത്വിക ചിന്ത വളർത്താൻ അത് സഹായകമാണ്.



ശിവരാത്രി ആഘോഷത്തിന് പിന്നിൽ ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ചുയർന്ന താമരപ്പൂവിൽ ബ്രഹ്മാവ് ജൻമെടുത്തു. പാൽക്കടൽ നടുവിൽ ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാനായുള്ളൂ. ''ആര് നീ'' എന്ന് ബ്രഹ്മാവ് ആരാഞ്ഞപ്പോൾ ''പിതാവായ വിഷ്ണു'' എന്ന് വിഷ്ണുദേവൻ മറുപടി നൽകി. അതിൽ വിശ്വാസം വരാതെ ബ്രഹ്മാവ് വിഷ്ണുവുമായി യുദ്ധം ആരംഭിച്ചു. അവർക്കിടയിൽ അപ്പോൾ ശിവലിംഗം പ്രത്യക്ഷപ്പെട്ടു.



ശിവലിംഗത്തിന്റെ രണ്ട് അറ്റങ്ങളും ദൃശ്യമായിരുന്നില്ല. അത് കണ്ടെത്താൻ വിഷ്ണു മുകളിലേയ്ക്കും ബ്രഹ്മാവ് താഴേയ്ക്കും സഞ്ചരിച്ചു. അഗ്രങ്ങൾ കണ്ടെത്താനാകാതെ അവർ പൂർവ്വ സ്ഥാനത്ത് എത്തിയപ്പോൾ അവിടെ ശിവഭഗവാൻ പ്രത്യക്ഷപ്പെട്ട് തന്റെ പ്രാധാന്യം അറിയിച്ചു. മാഘമാസത്തിലെ കറുത്ത പക്ഷത്തിലെ ചതുർദശി രാത്രിയിലായിരുന്നു അത്. എല്ലാ കൊല്ലവും ആ രാത്രി ശിവരാത്രി വ്രതം അനുഷ്ഠിക്കാനും ശിവഭഗവാൻ അരുളിച്ചെയ്തു... അതാണ് ഒരു ഐതിഹ്യം.



ദേവാസുരൻമാർ പാലാഴി കടഞ്ഞപ്പോൾ നിർമ്മിതമായ ഹലാഹല വിഷം പ്രപഞ്ച രക്ഷയ്ക്കായി പരമശിവൻ പാനം ചെയ്ത രാത്രിയാണ് ശിവരാത്രി എന്നും വിശ്വസിക്കപ്പെടുന്നു. ഭഗവാനെ ആ വിഷം ബാധിക്കാതിരിക്കാൻ സദ് ജനങ്ങൾ ഉറങ്ങാതെ വ്രതമനുഷ്ഠിച്ച് പ്രാർത്ഥിച്ചു. അതിന്റെ സ്മരണ ഉൾക്കൊണ്ടാണ് ശിവരാത്രി ആഘോഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.




ശിവാലയ ഓട്ടംവിഷ്ണുനാമം ജപിച്ച് ഭക്തർ ശിവക്ഷേത്ര ദർശനം നടത്തുന്ന അപൂർവ്വ ചടങ്ങാണ് ശിവാലയ ഓട്ടം. വെള്ളമുണ്ടും അതിനുമീതെ ചുറ്റിയ ചുവന്ന കച്ചയുമാണ് ശിവാലയ ഓട്ടക്കാരുടെ വേഷം. അവർ 'ഗോവിന്ദൻ' എന്ന് അറിയപ്പെടുന്നു. ഓട്ടക്കാരുടെ കയ്യിൽ വിശറിയുണ്ടാകും. അതിന്റെ അറ്റത്ത് രണ്ട് തുണിസഞ്ചികൾ കെട്ടിയിട്ടിട്ടുണ്ടാകും- ഒന്ന് ക്ഷേത്രങ്ങളിൽ നിന്നുള്ള ഭസ്മം സൂക്ഷിക്കാനും മറ്റൊന്ന് യാത്രയ്ക്കുള്ള പണം സൂക്ഷിക്കാനുമുള്ളതാണ്. ഓരോ ക്ഷേത്രത്തിലും ചെല്ലുമ്പോൾ ദേവരെ വീശാനുള്ളതാണ് വിശറി.


കന്യാകുമാരി ജില്ലയിലെ കൽക്കുളം, വിളവൻകോട് താലൂക്കുകളിലായാണ് ശിവാലയ ഓട്ടത്തിൽ ഭക്തർ ദർശനം നടത്തുന്ന 12 ശിവക്ഷേത്രങ്ങൾ. തിരുമല, തിക്കുറിച്ചി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊൻമന, പന്നിപ്പാകം, കൽക്കുളം, മേലാംകോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണവ.

ഗൗതമമുനിയുടെ അനന്തര ജൻമമായി വന്ന വ്യാഘ്രപാദമുനി ശിവഭഗവാനെ തപസ്സ് ചെയ്ത് രണ്ട് വരങ്ങൾ നേടി. ശിവ പൂജയ്ക്കായി പൂക്കൾ ശേഖരിക്കാൻ കൈനഖങ്ങളിൽ കണ്ണ്, ഏത് മരത്തിലും കയറി പൂക്കൾ പറിയ്ക്കാൻ കാലിൽ പുലിയെപ്പോലെ നഖങ്ങൾ ഉള്ള പാദങ്ങൾ എന്നിവയാണ് നേടിയ വരങ്ങൾ.



കുരുക്ഷേത്ര യുദ്ധാനന്തരം പാണ്ഡവർ അശ്വമേധയാഗം നടത്തി. അതിൽ മുഖ്യാതിഥിയായി വ്യാഘ്രപാദ മുനിയെ ക്ഷണിക്കണമെന്ന് ശ്രീകൃഷ്ണൻ നിർദ്ദേശിച്ചു.

വ്യാഘ്രപാദന്റെ വിഷ്ണു വിദ്വേഷം കുറയ്ക്കാം എന്ന ഉദ്ദേശ്യവും കൃഷ്ണനുണ്ടായിരുന്നു. വ്യാഘ്രപാദമുനിയെ ക്ഷണിക്കാൻ ശ്രീകൃഷ്ണൻ ഭീമസേനനെ നിയോഗിച്ചു. യാത്രാ വേളയിൽ 12 രുദ്രാക്ഷങ്ങളും ഭീമസേനന് ശ്രീകൃഷ്ണൻ നൽകി.



മുഞ്ചിറയ്ക്ക് സമീപം താമ്രപർണി നദിക്കരയിൽ മുനിമാർതോട്ടം എന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദമുനിയെ ഭീമസേനൻ സമീപിച്ച് ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം ''ഗോപാല ഗോപാല'' എന്ന് ഉറക്കെ വിളിച്ചു. വൈഷ്ണവ നാമജപം കേട്ട് കോപിച്ച് ശിവഭക്തനായ വ്യാഘ്രപാദമുനി ഭീമസേനന്റെ പിന്നാലെ ചെന്നു. ഭയന്ന് ഭീമൻ ഓട്ടം തുടങ്ങി. മുനി അടുത്തെത്താറായപ്പോൾ ഭീമൻ രുദ്രാക്ഷങ്ങളിലൊന്ന് തറയിലിട്ടു. രുദ്രാക്ഷം തറയിൽ വീണയുടനെ ശിവലിംഗമായി മാറി. വ്യാഘ്രപാദൻ ഉടൻ കോപം വെടിഞ്ഞ് അവിടെ ശിവപൂജ ചെയ്തു. അപ്പോൾ ഭീമൻ ''ഗോവിന്ദ... ഗോപാല'' എന്ന് ഉരിയാടി മുനിയെ സമീപിച്ചു. ക്ഷുഭിതനായ വ്യാഘ്രപാദൻ ഭീമന് പിന്നാലെ പാഞ്ഞു. ഭീമൻ അടുത്ത രുദ്രാക്ഷം താഴെയിട്ടു. അതും ശിവലിംഗമായി മാറി....

അങ്ങനെ പതിനൊന്ന് രുദ്രാക്ഷങ്ങൾ ഇട്ട സ്ഥലങ്ങളിൽ പിന്നീട് പതിനൊന്ന് ശിവക്ഷേത്രങ്ങൾ ഉയർന്നു. പന്ത്രണ്ടാമത് രുദ്രാക്ഷം തിരുനട്ടാലത്താണ് ഇട്ടത്. അവിടെ ശ്രീകൃഷ്ണൻ പ്രത്യക്ഷനായി ഭീമന് വിഷ്ണു രൂപത്തിലും വ്യാഘ്രപാദന് ശിവരൂപത്തിലും ദർശനം നൽകി. (അവിടെ ശങ്കരനാരായണ രൂപത്തിൽ പിന്നീട് പ്രതിഷ്ഠയുണ്ടായി) തുടർന്ന് ശ്രീകൃഷ്ണൻ വ്യാഘ്രപാദ മുനിയെ ശാന്തനാക്കി അശ്വമേധയാഗത്തിൽ മുഖ്യാതിഥിയായി കൊണ്ടുപോയി എന്നാണ് ഐതിഹ്യം.


ഭീമൻ വ്യാഘ്രപാദ മുനിയിൽ നിന്ന് ഓടിയ ഓട്ടത്തെ അനുസ്മരിച്ചാണത്രേ ശിവാലയ ഓട്ടം എന്ന ചടങ്ങ് ആരംഭിച്ചത്.

ശിവന് അസംഖ്യം മൂർത്തി ഭേദങ്ങളുണ്ട്. ആൽച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകൻമാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവൻ ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നു. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം ഈ സങ്കൽപത്തിലുള്ളതാണ്.

പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന ഹലാഹല വിഷം (കാളകൂട വിഷം) പ്രപഞ്ചരക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷം ശിവ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അവിടം നീല നിറമായി. ആ സങ്കൽപത്തിലുള്ള ശിവനാണ് നീലകണ്ഠൻ. ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ നീലകണ്ഠനായി ശിവനെ ആരാധിക്കുന്നു.


കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായി നീലകണ്ഠനെ പൂജിക്കുന്നു.

തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട്ട് ശിവൻ വൈദ്യനാഥനായി ആരാധിക്കപ്പെടുന്നു. അവിടെ ഞായറാഴ്ചകളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തി നൽകുമെന്നാണ് വിശ്വാസം.

എറണാകുളത്തെ എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്. അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപം ധരിച്ച ശിവഭഗവാനാണ് കിരാതമൂർത്തി എന്നാണ് സങ്കൽപം.

തിരുനാവായയ്ക്ക് സമീപം തൃപ്രങ്ങാട്ട് ശിവക്ഷേത്രത്തിൽ ശിവനെ കാലസംഹാര മൂർത്തിയായാണ് ആരാധിക്കുന്നത്. യമധർമനിൽ നിന്ന് മാർക്കണ്ഡേയനെ ശിവഭഗവാൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്നാണ് സങ്കൽപം. ആയുർദോഷശാന്തിയ്ക്ക് ഇവിടെ വഴിപാട് കഴിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.

വൈക്കം മഹാദേവക്ഷേത്രത്തിൽ ഭഗവാനെ രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകീട്ട് പാർവ്വതീസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദർശനം നടത്തിയാൽ ജ്ഞാനവും ഉച്ചയ്ക്ക് ദർശനം നടത്തിയാൽ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.

ഏറ്റുമാനൂർക്ഷേത്രത്തിൽ അഘോരമൂർത്തിയായി ശിവനെ ആരാധിക്കുന്നു. ഭക്തർക്ക് സൗമ്യനും ദുഷ്ടൻമാർക്ക് ഘോരനുമായ ഭഗവാൻ എന്നും ഘോരമില്ലാത്ത(സൗമ്യൻ) ഭഗവാനായി വാഴുന്നവൻ എന്നും മറ്റും സങ്കൽപ്പിക്കപ്പെടുന്നു.

മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രധാന ശിവ പ്രതിഷ്ഠയ്ക്ക് പുറമേ ശ്രീശങ്കരൻ, വിശ്വനാഥൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, ശ്രീകണ്ഠൻ എന്നീ ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളും പ്രത്യേകം ശ്രീകോവിലുകളിലുണ്ട്. അന്തിപൂജ അവിടത്തെ സവിശേഷ വഴിപാടാണ്.

ആലുവയ്ക്ക്‌സമീപം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവ്വതീസമേതനായ ശിവൻ കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ എല്ലാക്കൊല്ലവും അവിടെ പാർവ്വതീദേവിയുടെ നടതുറക്കുകയുള്ളൂ.


ആലുവ മണപ്പുറത്ത് പെരിയാറിന്റെ തീരത്തു ശിവക്ഷേത്രത്തിൽ ഭക്തജനസഹസ്രങ്ങൾ ശിവരാത്രി ആഘോഷിക്കാൻ എത്താറുണ്ട്. ശിവരാത്രിയ്ക്ക് അടുത്ത നാൾ രാവിലെ പിതൃബലിയും മണപ്പുറത്ത് അർപ്പിക്കുന്നു.

കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, പ്രദോഷം, തിങ്കളാഴ്ചകൾ എന്നിവയ്ക്ക് ശിവക്ഷേത്രങ്ങളിൽ പ്രത്യേക പ്രാധാന്യമുണ്ട്.

No comments:

Post a Comment