ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ വ്യാസൻ രചിച്ച മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ.
പാണ്ഡുവിനു കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇവർ പാണ്ഡു പുത്രർ അല്ല, മുനിശാപത്താൽ പാണ്ഡുവിന് സ്ത്രീ സംസർഗ്ഗം നിഷിധമായതിനാൽ പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു. ദുർവ്വാസാവ് മഹർഷി കുന്തിക്ക് തന്റെ ബാല്യകാലത്ത് ഉപദേശിച്ചു കൊടുത്ത മന്ത്രത്തിന്റെ ശക്തിയാലാണ് കുന്തി ഇത് സാധ്യമാക്കിയത്.
മൂന്നു മന്ത്രങ്ങൾ ഉപയോഗിച്ച് കുന്തി യമധർമ്മൻ, വായുദേവൻ, ദേവേന്ദ്രൻ എന്നീ ദേവന്മാരിൽ നിന്നും മൂന്നു പുത്രന്മാരെ (യഥാക്രമം യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ) സമ്പാദിച്ചു. അവസാന മന്ത്രം മാദ്രിക്ക് ഉപദേശിക്കുകയും മാദ്രി അശ്വിനീദേവന്മാരിൽ നിന്നും ഇരട്ട സന്താനങ്ങളെയും (നകുലൻ, സഹദേവൻ) സമ്പാദിച്ചു. ഇങ്ങനെ പാണ്ഡുവിനു അഞ്ചു പുത്രന്മാർ ജനിച്ചു, ഇവർ പഞ്ചപാണ്ഡവർ എന്നറിയപ്പെട്ടു.
കുന്തിക്ക് ഈ മൂന്നു പുത്രന്മാരെ കൂടാതെ ഒരു പുത്രൻ കൂടിയുണ്ട്. തന്റെ ബാല്യകാലത്ത് ദുർവ്വാസാവ് ഉപദേശിച്ച ദിവ്യമന്ത്രത്താൽ സൂര്യനിൽ നിന്നും കർണ്ണൻ എന്ന പുത്രൻ ഉണ്ടായി.
പഞ്ചപാണ്ഡവർ ഒരോ വയസിനു വ്യത്യാസം മാത്രമെ ഉള്ളു. അതായത് നകുല-സഹദേവന്മാർ ജനിക്കുമ്പോൾ അർജ്ജുനനു ഒന്നും, ഭീമനു രണ്ടും, യുധിഷ്ഠിരനും മൂന്നും വയസായിരുന്നു.
പഞ്ച പാണ്ഡവർ (പ്രായത്തിന്റെ ക്രമത്തിൽ)
യുധിഷ്ഠിരൻ - മാതാവ് കുന്തി
ഭീമൻ - മാതാവ് കുന്തി
അർജ്ജുനൻ - മാതാവ് കുന്തി
നകുലൻ - മാതാവ് മാദ്രി - ഇരട്ട സഹോദരന്മാർ
സഹദേവൻ - മാതാവ് മാദ്രി - ഇരട്ട സഹോദരന്മാർ
പാണ്ഡവർ കേരളത്തിൽ
പാണ്ഡവരെ കേരളവുമായി ബന്ധിപ്പിച്ച വളരെയധികം കഥകളുണ്ട്.
നിലമ്പൂരിനടുത്തുള്ള എടക്കര എന്നത് ഏകചക്ര എന്ന പേരിന്റെ രൂപമാണെന്ന് ആ നാട്ടുകാർ വിശ്വസിക്കുന്നു.
ഇവിടെ വച്ചാണത്രേ ഭീമൻ ബകനെ കൊന്നത്. ബകനെ പേടിച്ച് അവിടുത്തുകാർ അവിടുത്തെ പരദേവതയായ അയ്യപ്പനുമൊന്നിച്ച മഞ്ചേരിക്കടുത്തെത്തി കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ ദേവനെ പ്രതിഷ്ഠിച്ച് അവിടെ താമസമാക്കി എന്നും പറയുന്നു.
പാണ്ഡവൻ പാറ ചെങ്ങന്നൂരിനടുത്തും പാണ്ഡവരുമായി ബന്ധപ്പെട്ട കഥകളും സ്ഥാനങ്ങളും ഉണ്ട്. പാണ്ഡവർ ഇവിടെ താമസിച്ചതായും അവയുടെ പാടുകൾ ചൂണ്ടി അവർ കാണിക്കുന്നു.
ചെങ്ങന്നൂരിനടുത്തുള്ള ദിവ്യദേശങ്ങളായ അഞ്ച് അമ്പലങ്ങൾ പാണ്ഡവർ പ്രതിഷ്ഠിച്ചതായും പറയുന്നു. അതിൽ . യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻതൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു
#ഭാരതീയചിന്തകൾ
No comments:
Post a Comment