2017ലെ മഹാശിവരാത്രി 24-02-2017, 1192 കുംഭം 12, കറുത്തപക്ഷം, ചതുര്‍ദശി തിഥി, വെള്ളിയാഴ്ചയാണ്. കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ ചതുര്‍ദശി തിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദശി തിഥി ആരംഭിക്കുന്നത് ശിവരാത്രി ദിവസം രാത്രി 9.38 മുതലാണ് (ഗണനം: കൊല്ലം ജില്ല)
ശിവരാത്രിവ്രത മാഹാത്മ്യം:
മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ 'നാഗേശ്വരം' എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോഴവിടെ 'മഹാശിവരാത്രി' ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു.
ഏതാനും നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്‍റെ ദൂതന്മാരും ശിവന്‍റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂദന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടുപോകുകയും ചെയ്തു.
ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.
കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്തപക്ഷം) ചതുര്‍ദ്ദശിതിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ഈ വര്‍ഷത്തെ മഹാശിവരാത്രിക്ക് അതീവപ്രാധാന്യമുണ്ട്. കാരണം, അന്ന് പ്രദോഷവും ആകുന്നു. ശിവരാത്രിയുടെ തലേദിവസം (23-02-2017, വ്യാഴാഴ്ച) വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം. ഈ വര്‍ഷത്തെ മഹാശിവരാത്രിദിവസം പ്രദോഷവും ആകയാല്‍ തലേദിവസം മുതലുള്ള വ്രതാനുഷ്ഠാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആകയാല്‍ അന്നുമുതല്‍ ശുദ്ധമായി, ശിവപൂജയും ആരാധനയും സകുടുംബമായി നടത്താവുന്നതാണ്.
ശിവരാത്രി ദിവസം 'ഉപവാസം', 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).
ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.
ശിവരാത്രിദിവസം ജപിക്കാനുള്ള സ്തോത്രം ചുവടെ എഴുതിയിട്ടുണ്ട്
ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്.
അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.
വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിലും അതീവ വ്രതശുദ്ധിയോടെയുള്ള ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട്. മിക്ക ശിവക്ഷേത്രങ്ങളിലും അന്ന് രാത്രി പ്രത്യേക അന്നദാനവും നടത്തിവരുന്നു.
ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അന്ന് പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്‍റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല.
24/2/2017
വെള്ളിയാഴ്ചയാണ് ഈ വര്‍ഷത്തെ മഹാശിവരാത്രി. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.
ശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള സ്തോത്രം:
ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെ ഭക്തിയോടെ,
നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.
ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-
ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!
സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!
ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്‍കേണമേ!
ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ!
(അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ സ്തോത്രം ഭക്തിയോടെ, കഴിയുന്നത്ര ജപിക്കണം)
കടപ്പാട് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രo
No comments:
Post a Comment