അമൃതവാണി
മക്കളെ, ശാരീരികതലത്തില്‍ പുരുഷനും സ്ത്രീക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. അവരുടെ മാനസികതലവും വ്യത്യസ്തങ്ങളാണ്. എന്നാല്‍ സ്ത്രീയില്‍ പുരുഷത്വവും പുരുഷനില്‍ സ്ത്രീത്വവും ഒളിഞ്ഞുകിടക്കുന്നുണ്ട്.
സത്യത്തില്‍ സ്ത്രീപുരുഷനെ അന്ധമായി അനുകരിക്കുകയല്ല; മറിച്ച് തന്നിലെ പുരുഷഭാവത്തെ ഉദ്ധരിക്കുകയാണ് വേണ്ടത്. പുരുഷനെ ബാഹ്യതലത്തില്‍ ചൂതാട്ടം, മദ്യപാനം, പുകവലി തുടങ്ങിയ ദൗര്‍ബ്ബല്യങ്ങള്‍ സ്ത്രീകള്‍ അനുകരിക്കുന്നതിലൂടെ അവര്‍ സ്ത്രീത്വത്തിന്റെ ശവക്കുഴി സ്വയം തോണ്ടുകയാണ്.
സ്ത്രീ, പുരുഷത്വം ഉള്‍ക്കൊള്ളുന്നതുപോലെ പുരുഷന്‍ സ്ത്രീയിലെ മാതൃഭാവംകൂടി ഉള്‍ക്കൊള്ളണം. അവിടെയാണു് പുരുഷത്വത്തിന്റെ പൂര്‍ണ്ണത.
സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടെയും പൂരകശക്തിയാണ്. ഇരുവര്‍ക്കും പരസ്പരം സഹായവും പ്രോത്സാഹനവും പ്രചോദനവും ആവശ്യവുമാണ്. സ്നേഹത്തിലൂടെയും വിട്ടുവീഴ്ച്ചയിലൂടെയും പരസ്പ്പരമറിഞ്ഞ് മുന്നോട്ടു നീങ്ങുമ്പോള്‍ അവിടെ സംഭവിക്കുന്നതു സ്ത്രീപുരുഷ സമത്വമല്ല, ഐക്യമാണ്. അതാണ് ആനന്ദത്തിന്റെ ലോകം.
പരസ്പ്പരവൈരുദ്ധ്യങ്ങള്‍ മറന്ന് ഒരാളുടെ കുറവ് മറ്റെയാള്‍ പരിഹരിക്കുന്നു. ഒരാളുടെ ക്രോധത്തെ മറ്റെയാള്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുന്നു; ചാപല്യത്തെ സഹിഷ്ണുതയിലൂടെ അതിജീവിക്കുന്നു. ഇതിന് കഴിയണമെങ്കില്‍ ആദ്ധ്യാത്മികത എന്തെന്നുകൂടി നാം അറിഞ്ഞിരിക്കണം. അതു ബാഹ്യമായ വൈരുദ്ധ്യങ്ങളെ മറന്ന് ആന്തരിക ഐക്യത്തെ അറിയുവാന്‍ സഹായിക്കുന്നു.
No comments:
Post a Comment