ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 17, 2017

ദേവേന്ദ്രനു കിട്ടിയ ശാപം - പുരാണകഥകൾ


ഒരിക്കല്‍ ഇന്ദ്രന്‍ സുഖഭോഗങ്ങളില്‍ മതിമറന്നിരിക്കുമ്പോള്‍ ‍ ഗുരുവായ ബൃഹസ്പതിയെ നിന്ദിക്കാനിടയായി. മിക്കവര്‍ക്കും അമിത സുഖം കൈവരുമ്പോള്‍ ഈശ്വരവിശ്വാസം വിനയം ഒക്കെ കുറയാനിടയാകും..
ഇന്ദ്രന്‍ ഒരിക്കല്‍ കൊട്ടാരത്തില്‍ സുഖഭോഗങ്ങളില്‍ മുഴുകി അപ്സരസുന്ദരികളുടെ പാട്ടും ഡാന്‍സും ഒക്കെയായി ഉല്ലസിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗുരു കടന്നുവരുന്നു. ഇന്ദ്രന്‍ എഴുന്നേറ്റ് സ്വീകരിച്ചില്ല. അത്രയ്ക്ക് ഉന്മത്തനായിരിക്കുകയായിരുന്നു. ഗുരുവിന് ഇത് വലിയ അപമാനമായി. അദ്ദേഹം കോപത്തോടെ ഉടന്‍ കൊട്ടാരം വിട്ട് പോവുകയും ചെയ്തു.


ഇന്ദ്രനു ബോധം വന്നയുടന്‍ ഭയാക്രാന്തനായി ഗുരുവിനോട് മാപ്പുചോദിക്കാനായി ഓടി ഗുരുവിന്റെ വീട്ടിലെത്തുന്നു. ഗുരു അവിടെ ഉണ്ടായിരുന്നില്ല. ഇന്ദ്രനെ കണ്ട് ഗുരുപത്നി വിവരം അന്വേക്ഷിക്കുന്നു.. അപ്പോള്‍ ഇന്ദ്രന്‍ നടന്നതു വിവരിക്കുന്നു. ഗുരുപത്നിക്കും കോപം വരുന്നു. 'എന്റെ ഭര്‍ത്താവിനെ ഉടന്‍ കൊണ്ടുതന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ശപിക്കും' എന്നു പറഞ്ഞ് അയക്കുന്നു.

ഇന്ദ്രന്‍ ഗത്യന്തരമില്ലാതെ ബ്രഹ്മാവിന്റെ അടുത്തെത്തുന്നു. ഇന്ദ്രനെ കണ്ടാലുടന്‍ ബ്രഹ്മാവിനറിയാം എന്തോ കുരുത്തക്കേടും ഒപ്പിച്ചിട്ടാണ് വന്നിരിക്കുന്നതെന്ന്.

‘ഇപ്രാവശ്യം എന്തുപറ്റി?’ എന്നു ചോദിക്കുമ്പോള്‍, ‘ഞാന്‍ അശ്രദ്ധയാല്‍ എന്റെ ഗുരുവിനെ നിന്ദിക്കാനിടയായി. ഗുരു കോപിച്ചു ഇറങ്ങിപ്പോയി, അസുരഗുരുവായ ശക്രാചാര്യരാണെങ്കില്‍ ഏതുനിമിഷവും യുദ്ധത്തിനു തയ്യാറായി അസുരരെ തയ്യാറാക്കിക്കൊണ്ടുമിരിക്കുന്നു.’

‘ഗുരുകോപം ഇല്ലാതാക്കാന്‍ വേണ്ടുന്നത് ചെയ്യണം’ എന്നപേക്ഷിക്കുന്നു.
‘അതിനിനി ഒരാളെ നിനക്ക് ആശ്രയമായുള്ളൂ വിശ്വരൂപനെ ഗുരുവായി സ്വീകരിക്കുക' എന്ന് ബ്രഹ്മാവ് ഇന്ദ്രനെ ഉപദേശിക്കുന്നു.

ഇന്ദ്രന്‍ വിശ്വരൂപനെ ഗുരുവായി സ്വീകരിച്ച് പാപനിവാരണത്തിനായി ഹോമം നടത്തുന്നു. വിശ്വരൂപന്‍‍ ഓരോ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ഓരോ മന്ത്രം ഉരുവിടുന്നതിനിടയില്‍ ഇന്ദ്രന്‍ കേള്‍ക്കാതെ അസുരഗുരുവായ ‘ശുക്രാചാര്യ നമഃ’ എന്നൊരു മന്ത്രം കൂടി ഉരുവിടുന്നു. ഇത് കേള്‍ക്കാനിടയായ ഇന്ദ്രന്‍ ക്ഷിപ്രകോപത്താല്‍ വിറച്ച്, തന്റെ വാളെടുത്ത് വിശ്വരൂപന്റെ തല അറുക്കുന്നു.
അപ്പോള്‍ ആ ചോരയില്‍ നിന്നും ഒരു രൂപം ഉണ്ടാകുന്നു. ബ്രഹ്മഹത്യാപാപത്തില്‍ നിന്നും ബ്രഹ്മഹത്യാസത്വം ജനിക്കുന്നു. അത് ഇന്ദ്രനെ കൊല്ലാനോടുന്നു. ഇന്ദ്രന്‍ മരണവെപ്രാളത്തോടെ അതിവേഗം ഓടി രക്ഷപ്പെടാന്‍ നോക്കുന്നു. ബ്രഹ്മഹത്യാസത്വം പുറകെയും.
ഇന്ദ്രന്റെ മരണവെപ്രാളത്തോടെയുള്ള ഓട്ടം കണ്ട് ഭൂമീദേവിക്ക് ദയവുതോന്നി ബ്രഹ്മഹത്യാപാപത്തില്‍ നിന്നും ഒരു ഭാഗം ഭൂമീദേവി സ്വീകരിക്കുന്നു..

അത് മരുഭൂമിയായി തീരുന്നു. ഇന്ദ്രന്‍ ‘ആ മരുഭൂമിയൊക്കെ സമതലങ്ങളായി തീരട്ടെ’ എന്ന് ആശീര്‍വ്വദിക്കുന്നു.

പിന്നീട് ഒരു ഭാഗം മരങ്ങള്‍ സ്വീകരിക്കുന്നു. അതാണ് മരങ്ങള്‍ വെട്ടുമ്പോള്‍ കാണുന്ന കറ.

ഇന്ദ്രന്‍ മരങ്ങള്‍ വെട്ടുമ്പോള്‍ ആ വെട്ടുന്ന ഭാഗത്തുനിന്നും ‘പുതിയവ മുളക്കട്ടെ‘’ എന്ന് അനുഗ്രഹിക്കുന്നു.
പാപത്തിനെ ബാക്കി ഭാഗം കുറച്ചു കടല്‍ സ്വീകരിക്കുന്നു. അതാണ് കടലിലുണ്ടാകുന്ന നുരയും പതയും. ഇന്ദ്രന്‍ ആ നുരയും പതയും ‘വീണ്ടും വെള്ളമായി മാറട്ടെ’ എന്നു അനുഗ്രഹിക്കുന്നു.
ബാക്കി ബ്രഹ്മഹത്യാപാപം സ്ത്രീകളിലുണ്ടാകുന്ന തീണ്ടാരിയായി മാറുന്നു.
അതിന് സ്ത്രീകള്‍ക്ക് ‘കാമം ജനിക്കട്ടെ’ എന്ന് അനുഗ്രഹിക്കുന്നു (പ്രത്യുല്പാദനത്തിനായി).
അങ്ങിനെ ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം നാലായി വിഭജിച്ച് ഇന്ദ്രന്‍ രക്ഷപ്പെട്ടു.


വ്രത്രാസുരൻ
പക്ഷെ കഥ അവിടെയും തീര്‍ന്നില്ല..
വിശ്വരൂപനെ കൊന്നതിന്റെ വേദനയില്‍ വിശ്വരൂപന്റെ പിതാവ് തൊഷ്ടാവ് ഒരു പൂജചെയ്യുന്നു.

‘ഇന്ദ്രന്റെ കൊല്ലാന്‍ ഒരു മകനുണ്ടാവണേ’ എന്നും പ്രാര്‍ത്ഥിച്ച്. പക്ഷെ പ്രാര്‍ത്ഥന ഒരല്പം തെറ്റിപ്പോയി. ഇന്ദ്രനെ കൊല്ലാനായി എന്നതിനുപകരം ‘ഇന്ദ്രനാല്‍ കൊല്ലപ്പെടുന്ന ഒരു മകനെ തരണേ’ എന്നായിപ്പോയി പ്രാര്‍ത്ഥന. അങ്ങിനെ തൊഷ്ടാവിനുണ്ടായ മകനാണ് വ്രത്രാസുരന്‍.
വ്രത്രാസുരന്‍ ഇന്ദ്രനെ കൊല്ലാനായെന്നോണം ഓടിയടുക്കുമ്പോള്‍ ഇന്ദ്രന്‍ വീണ്ടും പ്രാണരക്ഷാര്‍ത്ഥം ബ്രഹ്മാവിന്റെ അടുക്കല്‍ ഓടിയെത്തുന്നു.
‘ഇപ്രാവശ്യം നീ എന്തു തെറ്റ് ചെയ്തു?’ എന്ന് ചോദിക്കുമ്പോള്‍, ‘ഗുരുവിന്റെ തലവെട്ടിയതാണ് ഇപ്രാവശ്യത്തെ തെറ്റ്’ എന്ന് പറയുന്നു. ‘പ്രതികാരവുമായി, വ്രത്രാസുരന്‍ തന്നെ കൊല്ലാന്‍ വരുന്നു, എങ്ങിനെയും എന്നെ രക്ഷിക്കണം’ എന്നും അപേക്ഷിക്കുന്നു.


‘അതിന് ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ’ എന്നും ‘ദിതീജി മഹര്‍ഷിയുടെ അടുത്തു ചെന്ന് അദ്ദേഹത്തിന്റെ നട്ടെല്ല് ആവശ്യപ്പെടുക, അതുകൊണ്ട് ഒരു ആയുധമുണ്ടാക്കിയാല്‍ രക്ഷപ്പെടാനായേക്കും’ എന്നും പറയുന്നു.
ഇന്ദ്രന്‍ നേരെ ദിതീജി മഹര്‍ഷിയുടെ അടുക്കലെത്തി നട്ടെല്ലിനായി അപേക്ഷിക്കുന്നു.

മഹര്‍ഷി നട്ടെല്ലു ഇന്ദ്രനു നല്‍കുന്നു. ആ നട്ടെല്ല് കൊണ്ട് ഇന്ദ്രന്റെയും ദേവന്മാരുടെയും നേതൃത്വത്തില്‍ വിശ്വകര്‍മ്മാവ് ഒരു വജ്രായുധം ഉണ്ടാക്കുന്നു..

വ്രത്രാസുരനെ നേരിടാന്‍ വജ്രായുധവുമായി ഇന്ദ്രന്‍ വരുന്നതുകണ്ട് ഭയന്ന് മറ്റ് അസുരര്‍കളെല്ലാം പ്രാണര്‍ക്ഷാര്‍ത്ഥം ഓടാന്‍ തുടങ്ങുമ്പോള്‍, ‘മരണം ഒരിക്കലേ ഉണ്ടാകൂ‍ എന്നും അതിനെ ഭയക്കേണ്ടതില്ല ധീരതയോടെ നേരിടുകയാണു വേണ്ടത്’എന്നുമൊക്കെ പറഞ്ഞ് വ്രത്രാസുരന്‍ അസുരന്മാരെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി മറയുന്നു.
ഒടുവില്‍, തന്റെ അടുത്ത് വജ്രായുധവുമായി ഐരാവതത്തിനു മുകളില്‍ കയറി എത്തിയ ഇന്ദ്രനെ കണ്ട്, വ്രത്രാസുരന്‍ ഐരാവതത്തെ ആഞ്ഞടിക്കുമ്പോള്‍ അത് തിരിഞ്ഞുപോകുന്നു, ഒപ്പം ഇന്ദ്രന്റെ കയ്യില്‍ നിന്നും വജ്രായുധവും തെറിച്ചുവീഴുന്നു.

മരിക്കാന്‍ തയ്യാറായി തോറ്റ് നില്‍ക്കുന്ന ഇന്ദ്രനോട് വ്രത്രാസുരന്‍ വജ്രായുധം തിരിച്ചേല്‍പ്പിച്ച് പറയുന്നു. 'എനിക്ക് നിന്നെ കൊല്ലണമെന്ന് യാതൊരാഗ്രഹവുമില്ല.' മറിച്ച് 'എന്നെ ഒന്ന് കൊന്ന് തരാമോ?' എന്നാണ് അപേക്ഷിക്കുന്നത് . ‘ഈശ്വരനില്‍ അടുക്കാന്‍ വെമ്പി നില്‍ക്കുന്ന തന്റെ ആത്മാവിനെ ഈ ശരീരത്തില്‍ നിന്നും ദയവായി മോചിപ്പിച്ചു തരിക’ എന്ന അപേക്ഷിക്കയാണ് വ്രത്രാസുരന്‍!

ഇതുകേട്ട് സ്തംബ്തനായി നില്‍ക്കുന്ന ഇന്ദ്രനോട് വ്രത്രാസുരന്‍ തന്റെ അവസ്ഥ കൂടുതല്‍ വിശദമാക്കുന്നു.. ‘എന്റെ മനസ്സിന് യോഗസിദ്ധിയിലോ മോക്ഷത്തിലോ ഒന്നും ആഗ്രഹമില്ല. ഭഗവാനോട് അലിഞ്ഞുചേരാന്‍ മാത്രമാണ് മോഹം. അത്തരത്തിലൊരു മനസ്സുമായി സര്‍വ്വം മറന്നു നില്‍ക്കുകയാണ് ഞാന്‍.’


എന്റെ മനസ്സ് ഭഗവാനെ ചേരാന്‍ നില്‍ക്കുന്ന് അവസ്ഥ എങ്ങിനെയെന്നാല്‍;
‘ചിറകുമുളയ്ക്കാത്ത കിളിക്കുഞ്ഞുങ്ങള്‍ വൈകുന്നേരമാകുമ്പോള്‍ വിശപ്പും ദാഹവുമായി കൂട്ടില്‍ തിരികെ ഭക്ഷണവുമായി എത്തുന്ന മാതാപിതാക്കളെ കാ‍ത്തുനില്‍ക്കുമ്പൊലെ’,

‘ദൂരെ മേയാന്‍ പോയ പശുത്തള്ളയെ കാണാന്‍ വൈകി കാത്തു നില്‍ക്കുന്ന പൈക്കിടാവിന്റെ മനസ്സുപോലെ’,

‘നവവധു, വൈകുന്നേരമാകുമ്പോള്‍ പ്രേമത്തോടും സ്നേഹത്തോടും തന്റെ ഭര്‍ത്താവിന്റെ ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി നില്‍ക്കുമ്പോലെയൊക്കെ ദയനീയമാണ് എന്റെ മനസ്സ് അരവിന്ദാക്ഷനിലേക്കണയാന്‍ (ഈശ്വരനില്‍ ലയിക്കാന്‍) കാത്തുനില്‍ക്കുന്നത്. ദയവായി എന്റെ മനസ്സിനെ ഈ ശരീരത്തില്‍ നിന്നും സ്വതന്ത്രമാക്കി തരിക’

ഇന്ദ്രന്‍ ഐരാവതത്തില്‍ നിന്നിറങ്ങി വ്രത്രാസുരന്റെ ഭക്തിക്കുമുന്നില്‍ തന്റെ ശക്തി അടിയറവച്ച്, വ്രത്രാസുരനെ നമസ്ക്കരിക്കുന്നു. വ്രത്രാസുരന്‍ ഇന്ദ്രനെ വീണ്ടും തന്നെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നു. 

കൊല്ലേണ്ടതെങ്ങെനെയെന്നുപോലും വിവരിച്ചുകൊടുക്കുന്നു. ‘നീ എന്നെ കൊല്ലാന്‍ ഒരു നിമിത്തമായെന്നേ ഉള്ളൂ.. ശരിക്കും നീയല്ല കൊല്ലുന്നത കാലമാണ് കൊല്ലുന്നത്’ എന്നും പറയുന്നു..

ഇന്ദ്രന്‍ വ്രതാസുരനോട് പറയുന്നു, “നീ ധന്യനാണ്, കാരണം ഭഗവാന്‍ തന്നെ നിന്റെ സുഹൃത്തായിരിക്കുന്നു! നീ ഭക്തിയുടെ അമൃതില്‍ നീന്തി രമിക്കുമ്പോള്‍ എന്റെ സുഖം എന്നത് കേവലം ഓടയില്‍ കിടക്കുന്ന പുഴുവിന്റെ സുഖമാണ്”

വ്രത്രാസുരന്റെ ഭക്തിക്കുമുന്നില്‍ നമിച്ച്, വ്രത്രാസുരന്‍ പറഞ്ഞപ്രകാരം വ്രത്രാസുരനെ കൊല്ലുമ്പോള്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടാകുന്നു. വ്രത്രാസുരന്റെ ആത്മാവ് ഭഗവാനില്‍ വിലയിക്കുന്നു.

No comments:

Post a Comment