ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 19, 2017

ദൂത സംവാദം - ശ്രീമദ്‌ ദേവീഭാഗവതം. 5. 24 - ദിവസം 116.



ദേവ്യാസ്തദ്വചനം ശ്രുത്വാ സ ദൂത: പ്രാഹ വിസ്മിത:
കിം ബ്രൂഷേ രുചിരാപാംഗി സ്ത്രീസ്വഭാവാദ്ധി സാഹസം
ഇന്ദ്രാദ്യാ നിര്‍ജിതാ യേന ദേവാ ദൈത്യാസ്തഥാപരേ
തം കഥം സമരേ ദേവി ജേതുമിച്ഛസി ഭാമിനി


വ്യാസന്‍ തുടര്‍ന്നു: ദേവിയുടെ നിബന്ധന കേട്ട ദൂതന്‍ ചോദിച്ചു: ‘ദേവി എന്താണിങ്ങിനെ സാഹസം പറയുന്നത്? ഇന്ദ്രാദിദേവന്മാരെയും ലോകവീരന്മാരെയും രണത്തില്‍ തോല്‍പ്പിച്ച ശുംഭനുമായി മല്ലിട്ട് വേണം വിവാഹം നിശ്ചയിക്കാന്‍ എന്നോ? നിന്നെപ്പോലുള്ള സുന്ദരിക്ക് ശുംഭന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുമോ? പെണ്‍ബുദ്ധിയുടെ എടുത്തുചാട്ടം ഭാവതിക്കുണ്ടാവും എന്ന് കരുതിയില്ല. എന്തും ഏതും ആലോചിച്ചിട്ട് വേണം പറയാന്‍. ഓരോരുത്തരും അവരവര്‍ക്ക് ചേരുന്ന മട്ടിലുള്ള കാര്യങ്ങളേ പറയാവൂ. നിന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടനായ ശുംഭന്‍ നിന്നെ വരിക്കാനായി ആഗ്രഹിക്കുന്നു. അതിന്‍റെ ദൂതുമായാണ് ഞാന്‍ വന്നത്. ഞാന്‍ നിനക്ക് ഹിതമുപദേശിക്കാം. നിനക്ക് ശുംഭനെയോ നിശുംഭനെയോ ആരെങ്കിലും ഒരാളെ വരിക്കാമല്ലോ.


ഒന്‍പതു രസങ്ങള്‍ ഉള്ളതില്‍ ശൃംഗാരം വളരെ മഹത്തരമാണ്. ബുദ്ധിയുള്ളവര്‍ എല്ലാം നവരസങ്ങളില്‍ ശൃംഗാരത്തെ ഏറ്റവും ഉത്തമമായി കണക്കാക്കുന്നു. നീ എന്‍റെ കൂടെ കൊട്ടാരത്തിലേയ്ക്ക് വന്നാലും. ഇനി വരാന്‍ ഭാവമില്ലെങ്കില്‍ ബലമായി പിടിച്ചു കൊണ്ടുപോകാന്‍ കിങ്കരന്മാരെ അയക്കാനും രാജാവ് മടിക്കില്ല. നിന്‍റെ മാനം കാക്കുക. വെറുതെ ഭടന്മാര്‍ നിന്‍റെ മുടിയ്ക്ക് പിടിച്ചു രാജാവിന്‍റെ മുന്നിലേയ്ക്ക് എത്തിക്കുന്നതില്‍പ്പരം നാണക്കേടുണ്ടോ? നീയങ്ങിനെ അപമാനിക്കപ്പെടേണ്ടവളല്ല. നിശിതമായ ശരങ്ങള്‍ പരസ്പരം എയ്യുന്നതും രതിസുഖം നുകരുന്നതും രണ്ടും രണ്ടാണെന്ന് ഞാന്‍ പറഞ്ഞു തരണോ? നീ ശുംഭനെയോ നിശുംഭനെയോ സ്വീകരിച്ചു സുഖിയായി വാഴുക.’


ദേവി പറഞ്ഞു: ‘നീ നല്ലൊരു ദൂതന്‍ തന്നെ. സംശയമില്ല. നീ പറഞ്ഞതില്‍ സത്യമുണ്ട്. നിന്റെ പ്രഭുക്കന്മാര്‍ അതീവ ബാലശാലികളാണ്. പക്ഷേ, ഞാന്‍ ചെറുപ്പത്തിലെടുത്ത ശപഥം വിസ്മരിക്കുന്നതെങ്ങിനെ? അതുകൊണ്ട് നീ ചെന്ന് ശുംഭനോടും നിശുംഭനോടും എന്റെയീ നിബന്ധനയെപ്പറ്റി പറയുക. എന്നോടു പോരിനുവരാതെ ഞാന്‍ ആരെയും സ്വീകരിക്കുകയില്ല എന്നത് നിശ്ചയം. ബലം കൊണ്ട് ആരെന്നെ കീഴടക്കുന്നുവോ അയാള്‍ക്ക് എന്‍റെ കൈ പിടിക്കാം. വീരധര്‍മ്മം എന്തെന്ന് അവര്‍ക്കറിയാതെ വരില്ല. അല്ല, എന്‍റെ കയ്യിലുള്ള ശൂലവും മറ്റും കണ്ടു ഭയന്നിട്ടാണെങ്കില്‍ രാജാവിനും കൂട്ടര്‍ക്കും നേരെ പാതാളത്തിലേയ്ക്ക് പോവാം. ചിന്തിച്ചു വേണ്ടതുപോലെ ചെയ്യാന്‍ പറയുക. ദൂതധര്‍മ്മം നീ നന്നായി നിറവേറ്റുമല്ലോ. തന്‍റെ പ്രഭുവിനോടും ശത്രുവിനോടും സത്യം പറയുക എന്നത് ഒരു നല്ല ദൂതന്‍റെ ധര്‍മ്മമത്രേ.’


അംബിക ഇങ്ങിനെ യുക്തിസഹമായി പറഞ്ഞ വാക്കുകള്‍ കേട്ട ദൂതന്‍ രാജാവിന്‍റെ സവിധമണഞ്ഞു നമസ്കരിച്ചു. എന്താണ് പറയേണ്ടതെന്ന് ചിന്തിച്ച് മൃദുവായി സൌമ്യ സ്വരത്തില്‍ അവന്‍ പറഞ്ഞു: ‘രാജാവേ, സത്യവും പ്രിയവും പറയുക എപ്പോഴും അത്ര എളുപ്പമല്ല. അതാണെന്നെ കുഴയ്ക്കുന്നത്. അപ്രിയം പറയുന്ന ദൂതന്മാരോടു ചില രാജാക്കന്മാര്‍ കോപിച്ചുവെന്നും വരാം.


ഞാന്‍ അങ്ങേയ്ക്ക് വേണ്ടി വിവരം അന്വേഷിക്കാന്‍ പോയ ആ സുന്ദരി എവിടെനിന്ന് വന്നു ആരാണവള്‍ എന്നും മറ്റും അറിയാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ അവള്‍ യുദ്ധോല്‍സുകയാണ് എന്ന് മനസ്സിലാക്കി. സ്വബലത്തില്‍ ഗര്‍വ്വവും അവള്‍ കാണിക്കുന്നു. അവള്‍ പറഞ്ഞത് വളരെ വിചിത്രമായിരിക്കുന്നു. ‘ഞാന്‍ ചെറുപ്പത്തില്‍ കളിയായി ഒരു പ്രതിജ്ഞ ചെയ്തിട്ടുണ്ട്. എന്നെ ആരാണോ ബലപരീക്ഷണത്തില്‍ തോല്‍പ്പിക്കുന്നത്, അവനായിരിക്കും എന്റെ വരന്‍. എനിക്ക് തുല്യനായ അവനെയല്ലാതെ മറ്റാരെയും ഞാന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ട് വീരനും ധര്‍മ്മിഷ്ഠനുമായ രാജാവേ, എന്നെ കീഴ്പ്പെടുത്തി നേടിയാലും’ എന്നാണവളുടെ വീരവാദം. രാജാവേ, ഇനി അവിടുത്തെ ഇഷ്ടം പോലെ ചെയ്യാം. അവള്‍ക്ക് ആയുധമുണ്ട്. വാഹനമായി സിംഹവുമുണ്ട്.’.


സുഗ്രീവന്‍റെ വാക്കുകള്‍ കേട്ട രാജാവ് നിശുംഭനോടു ചോദിച്ചു: ’ബുദ്ധിമാനായ വീരാ, നിന്‍റെ  അഭിപ്രായം എന്താണ്? നാം എന്താണ് ചെയ്യേണ്ടത്? ഒരു പെണ്ണ് ഏകയായി വന്നു വെല്ലുവിളിക്കുന്നു. ഞാന്‍ പോകണോ അതോ നീയും സൈന്യവും പോകണോ? നിന്‍റെ അഭിപ്രായം പോലെ ചെയ്യാം.’


അപ്പോള്‍ നിശുംഭന്‍ പറഞ്ഞു: ’നാം രണ്ടും ഇപ്പോള്‍ പോകേണ്ടതില്ല. നമുക്ക് ധൂമ്രലോചനനെ അയക്കാം. അവന്‍ ആ പെണ്ണിനെ തോല്‍പ്പിച്ച് അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരും. അങ്ങ് വിവാഹത്തിനു തയ്യാറായി നിന്നാല്‍ മതി’.


അനുജന്‍ പറഞ്ഞതിന്‍ പ്രകാരം ശുംഭന്‍ ധൂമ്രാക്ഷനെ ദേവിയുടെ മുന്നിലേയ്ക്ക് പറഞ്ഞയച്ചു. ‘ധൂമ്രാ, നീയാ അഹങ്കാരിയെ കൂട്ടിക്കൊണ്ടു വരിക. അവളെ തുണയ്ക്കാന്‍ വരുന്ന ദേവനോ അസുരനോ മര്‍ത്യനോ ആരായാലും അവനെ ഇല്ലാതാക്കുക. അവളുടെ അടുത്ത് കാളി എന്നോരുത്തിയുണ്ട്. അവളെയും കൊന്നുകളയുക. പിന്നെ ഒന്ന് ശ്രദ്ധിച്ചാലും. ആ സുന്ദരിയുടെ മൃദുലശരീരത്തില്‍ അമ്പെയ്തു വല്ലാതെ നോവിക്കരുത്. ഒരു വിധത്തിലും അവളെ കൊല്ലാന്‍ പാടില്ല.’


ധൂമ്രാക്ഷന്‍ ഉടനെതന്നെ യുദ്ധത്തിനായി പുറപ്പെട്ടു. കൂടെ ആറായിരം പടയും അവനെ സഹായിക്കാന്‍ കൂടെപ്പോയി. അവന്‍ ജഗദംബികയുടെ സവിധമണഞ്ഞു. ദേവിയെ വന്ദിച്ചു. വിനയത്തോടെ യുക്തിയുക്തമായി അവന്‍ ദേവിയോട് സാമം പറഞ്ഞു. ‘ശുംഭന്‍ നീതിമാനാണ്. നിന്നെക്കിട്ടാന്‍ ആകാംക്ഷയോടെ കൊട്ടാരത്തില്‍ കാത്തിരിക്കുന്നു. രസഭംഗം ഉണ്ടാവാതിരിക്കാന്‍ ഒരു ദൂതനെ അദ്ദേഹം പറഞ്ഞു വിട്ടതാണ്. അവന്‍ തിരികെ വന്നു പറഞ്ഞതെല്ലാം വിപരീതവാക്കുകളാണ്. രാജാവ് ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ‘എന്‍റെ വരന്‍   എന്നെ പോരില്‍ ജയിക്കുന്നവനാവണം’ എന്ന കടുഭാഷണം കേട്ട രാജാവ് കാമമോഹിതനായിത്തീര്‍ന്നു. നീ പറഞ്ഞതിന്‍റെ പൊരുള്‍ ആ മൂഢനായ സുഗ്രീവന് മനസ്സിലായില്ല. ഉത്സാഹജം, രതിജം എന്നിങ്ങിനെ രണ്ടു തരത്തില്‍ പോരുണ്ടെന്ന് അവനുണ്ടോ അറിയുന്നു? ശത്രുവില്‍ ഉത്സാഹജവും നാരികളില്‍ രതിജവും ആണ് രണം. എനിക്ക് നിന്‍റെ മനസ്സ് അറിയാനാവുന്നുണ്ട്. രതിയുദ്ധമാണ് നീ കൊതിക്കുന്നത്. അതറിയാവുന്ന എന്നെത്തന്നെയാണ് രാജാവ് അയച്ചിരിക്കുന്നത്. നീ ബുദ്ധിമതിയാണെന്ന് കണ്ടാലറിയാം. എന്‍റെ വാക്കുകള്‍ കേട്ടാലും. മൂന്നു ലോകവും കീഴടക്കിയ രാജാവിന്‍റെ പട്ടമഹിഷിയായി വാണു സുഖമെല്ലാം അനുഭവിച്ചു കഴിയുകയാണ് നിനക്ക് നല്ലത്. കാമകലയിലും ശുംഭന്‍ അജയ്യനാണ്. നിന്നെ രതിജരണത്തില്‍ നിന്‍റെ ഹിതാനുസാരം അദ്ദേഹം തോല്‍പ്പിക്കും. നിന്‍റെ തോഴിയായ കാളികയും കൂടെവന്നു നിങ്ങളുടെ പോര് കണ്ടോട്ടെ. സുഖത്തിന്‍റെ പട്ടുമെത്തയില്‍ നിന്നെ വീഴ്ത്തി മേനിയില്‍ നഖക്ഷതങ്ങള്‍ ഏല്‍പ്പിച്ചും ദന്തക്ഷതം കൊണ്ട് ചുണ്ടുകളില്‍ ചോരപ്പാട് വരുത്തിയും അവന്‍ നിന്നെ കീഴ്പ്പെടുത്തും. രതിരണത്തില്‍ നിന്നെയവന്‍ ജയിക്കും. അങ്ങിനെ നിന്‍റെ കാമവും ശമിക്കും. നിന്നെ കണ്ടാല്‍ത്തന്നെ ശുംഭന്‍ നിന്‍റെ അടിമയാവും. എന്‍റെ ഹിതവാക്കുകള്‍ കേട്ടാലും. വീരശൂരനായ ശുംഭനെ വരിച്ചു നീ സുഖിയായി വാഴുക. യുദ്ധവും വഴക്കുമെല്ലാം ഭാഗ്യം കെട്ടവരുടെ വിധിയാണ്. രതിപ്രിയയായ നിനക്കത് ചേരില്ല. നിന്‍റെ കാല്‍ച്ചവിട്ടേറ്റ് അശോകം പോലെ രാജാവ് പുഷ്പിക്കട്ടെ. ഇലഞ്ഞിയും ചെങ്കുറിഞ്ഞിയും പൂക്കുന്നതുപോലെ നിന്‍റെ മുഖമാകുന്ന ലഹരി നുകര്‍ന്ന് രാജാവ് ഹര്‍ഷപുളകിതനാകട്ടെ.'



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment