ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 16, 2017

കബന്ധമോക്ഷം - പുരാണകഥകൾ


വീരരസവും ഭക്തിഭാവവും അലയടിക്കുന്ന കഥാമുഹൂര്‍ത്തങ്ങളാണ് ആരണ്യകാണ്ഡത്തിന്റെ പൂര്‍വാര്‍ധത്തില്‍. വനചാരിയായ രാമന്‍ അവതാരധര്‍മങ്ങള്‍ നിറവേറ്റിക്കൊണ്ടുള്ള കര്‍മചര്യകളില്‍ വ്യാപൃതനായി മുന്നോട്ടുപോകുന്നു. ആ യാത്രയ്ക്കിടയില്‍ അഭിശപ്തരായ ദുഷ്ടാത്മാക്കള്‍ക്ക് ശിക്ഷയും ശാപഗ്രസ്തരായ സുജനങ്ങള്‍ക്ക് മുക്തിയും അദ്ദേഹം പ്രദാനം ചെയ്യുന്നു.


ജടായുമോക്ഷത്തിനു ശേഷം  ശ്രീരാമലക്ഷ്മണൻമാർ  വനത്തിലൂടെ സീതയെ തിരഞ്ഞു വീണ്ടും നടന്നു. അല്പദൂരം ചെന്നപ്പോള്‍ അതിഭയങ്കരനായ ഒരു രാക്ഷസരൂപം വഴിമുടക്കിനില്‍ക്കുന്നു. പര്‍വതത്തോളം ഉയരമുള്ള അവന് കാലുകളില്ല. മുഖം മാറത്താണ്. കൈകള്‍ക്ക് ഓരോ യോജന നീളമുണ്ട്.
മനുഷ്യനല്ല, പക്ഷിയല്ല, മൃഗമല്ല, തന്റെ കൈകള്‍ക്കിടയില്‍പെടുന്ന സകലതിനേയും ഭക്ഷിക്കുന്ന കബന്ധനായിരുന്നു അത്. രാമന്‍ ലക്ഷ്മണനോടു പറഞ്ഞു. നമ്മളീ രാക്ഷസന്റെ കൈകള്‍ക്കിടയില്‍ കുടുങ്ങി. ഇവന്‍ നമ്മെ ഭക്ഷിക്കുന്നതിനുമുന്‍പ് നാം ഇവന്റെ കൈകള്‍ വെട്ടിമുറിച്ചിടണം. പെട്ടെന്ന് രാമന്‍ വാളൂരി അവന്റെ വലത്തെക്കൈയും ലക്ഷ്മണന്‍ ഇടത്തേകൈയും മുറിച്ചിട്ടു. വിസ്മയത്തോടെ അവന്‍ ചോദിച്ചു.


”എന്റെ കൈകള്‍ മുറിച്ച ദേവശ്രേഷ്ഠന്മാരായ നിങ്ങളാരാണ്. ഭൂമിയിലും ദേവലോകത്തും ഇത്രയും വലിയ വീരന്മാരില്ല. രാമന്‍ പറഞ്ഞു: ”അയോദ്ധ്യാപതി ദശരഥന്റെ പുത്രന്‍ രാമനാണു ഞാന്‍. ഇതെന്റെ അനുജന്‍ ലക്ഷ്മണന്‍. ജാനകി എന്റെ ഭാര്യ. ഞങ്ങള്‍ നായാട്ടിനു പുറത്തുപോയ തക്കംനോക്കി ഏതോ രാക്ഷസന്‍ അവളെ കൂട്ടുകൊണ്ടുപോയി. അവളെ ഞങ്ങള്‍ തിരഞ്ഞു നടക്കുമ്പോഴാണ് നിന്നെ കണ്ടത്. ഞങ്ങളെ നീ ഭക്ഷിക്കാതിരിക്കാനാണ് കൈകള്‍ മുറിച്ചത്. നീയാരാണെന്നു പറയുക.”


കബന്ധന്‍ രാമനോടു പറയുന്നു. ”പൂര്‍വകാലത്ത് ഞാന്‍ സൗന്ദര്യത്തിലും ബലത്തിലും അഹങ്കരിച്ചിരുന്ന ഒരു ഗന്ധര്‍വനായിരുന്നു. തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. ആരും തന്നെ വധിക്കുകയില്ല എന്നൊരു വരം നേടി. ഇതിന്റെ ബലത്തില്‍ അഹങ്കരിച്ച ഞാന്‍ ഒരിക്കല്‍ അഷ്ട്രാവക്രമുനിയെ പരിഹരിച്ചു ചിരിച്ചു. ദുഷ്ടനായ ദുര്‍ബുദ്ധി, നീയൊരു രാക്ഷസനായിപ്പോകട്ടെയെന്നു മുനി ശപിച്ചു. ഒടുവില്‍ ദയാലുവായ മഹര്‍ഷി ത്രേതായുഗത്തില്‍ രാമന്‍ അവതരിക്കുമെന്നും എന്റെ കൈകള്‍ മുറിക്കുമ്പോള്‍ ശാപമോക്ഷം കിട്ടുമെന്നും അനുഗ്രഹിച്ചു. ”


രാക്ഷസനായി കാട്ടില്‍ കടന്ന ഞാന്‍ ഒരിക്കല്‍ ദേവേന്ദ്രനെ ആക്രമിച്ചു. ഇന്ദ്രന്റെ വജ്രായുധമേറ്റ് എന്റെ കാലുകളും ശിരസ്സും ശരീരത്തിനുള്ളിലേക്കു പോയി. ഞാനെങ്ങനെ ജീവിക്കുമെന്നു ചോദിച്ചപ്പോള്‍ എനിക്കീ എട്ടുനാഴിക നീളമുള്ള കൈകളും വയറ്റില്‍ മൂര്‍ച്ചയുള്ള പല്ലുകളും മാറില്‍ മുഖവും വച്ചുതന്നു. ഞാനീ നീണ്ട കൈകള്‍ക്കുള്ളില്‍ വരുന്ന ആനകളേയും സിംഹം പുലി തുടങ്ങിയവയേയുമൊക്കെ തിന്നു ജീവിച്ചു. രാമന്‍ എന്റെ കൈകള്‍ മുറിക്കുമ്പോള്‍ എനിക്കു സ്വര്‍ഗം കിട്ടുമെന്ന് ഇന്ദ്രനും അനുഗ്രഹിച്ചിട്ടുണ്ട്.
കബന്ധന്റെ അപേക്ഷപ്രകാരം രാമലക്ഷ്മണന്മാര്‍ തീകൂട്ടി. ആ ശരീരത്തെ അതില്‍വച്ച് ദഹിപ്പിച്ചു. 


അപ്പോള്‍ അതിസുന്ദരനായ ഗന്ധര്‍വന്‍ ഉയര്‍ന്നുവന്നു. ശ്രീരാമനെ സ്തുതിക്കാന്‍ തുടങ്ങി.എന്നിട്ട് രാമനോട് പമ്പയിലേക്ക് യാത്ര തുടരാനും അവിടെവച്ച് യോഗിനിയായ ശബരിയുടെ ആതിഥ്യം സ്വീകരിച്ച് പിന്നെ സുഗ്രീവന്‍ എന്നുപേരായ വാനശ്രേഷ്ഠനെ കാണുമെന്നും ഭാര്യ നഷ്ടപ്പെട്ട സുഗ്രീവനോട് സഖ്യം ചെയ്യുകവഴി രാമന് സീതയെ വീണ്ടെടുക്കാനാകുമെന്നും പറഞ്ഞു.

No comments:

Post a Comment