ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 14, 2017

ആരും കാണാതെയോ? - ദര്‍ശന കഥകള്‍



ഒരിക്കല്‍ ഒരു ഗുരു തന്റെ ശിഷ്യരെ പരീക്ഷിക്കുവാന്‍ നിശ്ചയിച്ചു. തന്റെ ഇരിപ്പിടത്തിനരികിലെ കൊട്ടയില്‍ അദ്ദേഹം തുടുത്തു പഴുത്ത ഏതാനും മാമ്പഴങ്ങള്‍ വച്ചിരിക്കയാണ്.

ശിഷ്യരെയെല്ലാം വിളിച്ചുവരുത്തി ഓരോ മാമ്പഴം നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

”ഈ മാമ്പഴം വളരെ ദിവ്യമാണ്. നിങ്ങള്‍ക്കിത് കഴിക്കാം. പക്ഷെ, ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തിയേ കഴിക്കാവൂ. കഴിച്ചിട്ട് എന്നെ വന്നു കാണൂ. അസ്തമയത്തിന് മുന്‍പു മതി.”

അഞ്ചുപേരുണ്ടായിരുന്നു ശിഷ്യന്മാര്‍. പഴവുമായി അവര്‍ അഞ്ചുവഴിക്കു പോയി.

ഒരു മണിക്കൂറിനകം തന്നെ, മാമ്പഴം കഴിച്ചതിന്റെ സന്തോഷത്തോടെ രണ്ടുപേര്‍ ഗുരുവിന്നരികില്‍ തിരിച്ചെത്തി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൂന്നാമനും കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ നാലാമനും എത്തിച്ചേര്‍ന്നു.

ഗുരു അവരോട് ഒന്നും ചോദിച്ചില്ല; പറഞ്ഞതുമില്ല. അഞ്ചാമന്‍ വരാത്തതെന്ത് എന്ന ചിന്തയായിരുന്നു എല്ലാവര്‍ക്കും. അവര്‍ ആകാംക്ഷയോടെ കാത്തിരിപ്പായി.

സന്ധ്യയാകാറായപ്പോള്‍ വിവശതയോടെ അഞ്ചാമന്‍ വന്നുചേര്‍ന്നു. സകലരും അദ്ഭുതത്തോടെ നോക്കി. അയാളുടെ കൈയില്‍ മാമ്പഴമുണ്ടായിരുന്നു! അയാള്‍ പറഞ്ഞു:

”ക്ഷമിക്കണം, ഗുരോ! എനിക്ക് കാണാന്‍ കഴിയാത്ത എത്രയോ സസ്യ-ജീവജാലങ്ങളുണ്ട് ചുറ്റിലും. അവര്‍ പലരും എന്നെ കാണുന്നുണ്ടാവും. മാത്രമല്ല, എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ദൈവത്തിന്റെ കണ്ണും എന്നില്‍ എല്ലായ്‌പ്പോഴും പതിയുന്നതായി ഞാന്‍ അറിയുന്നു. അതിനാല്‍ അങ്ങ് പറഞ്ഞതുപോലെ മാമ്പഴം കഴിക്കാന്‍ എനിക്ക് സാധിച്ചില്ല ഗുരോ!”

”ശരി; കുഞ്ഞേ! നിന്റെ ഈ കണ്ടെത്തല്‍ വളരെ ശ്രേഷ്ഠമായിരിക്കുന്നു. ഇപ്പോഴാണ് ഈ മാമ്പഴം ദിവ്യമാകുന്നത്. നിനക്കിത് കഴിക്കാം.”തനിക്ക് നല്‍കിയ മാമ്പഴം, ആ ശിഷ്യന് തന്നെ ഗുരു അനുഗ്രഹപൂര്‍വം സമ്മാനിച്ചു.

No comments:

Post a Comment