ഗീതാദര്‍ശനം
ഉണ്ട് എന്ന് ഭഗവാന്‍.. ഭഗവാന് എല്ലാരോടും സ്‌നേഹമുണ്ട്. ഭജിക്കാന്‍ കൂട്ടാക്കാത്ത നിരീശ്വരവാദികളോടും, മീമാംസന്മാരോടും, യാഗസംസ്‌കാരം നിലനിര്‍ത്തണം എന്നു പറഞ്ഞ് എല്ലായിടത്തും യാഗം നടത്തുന്നവരോടും ശുഷ്‌ക വേദാന്തികളോടും ഭഗവാന് സ്‌നേഹവും കാരുണ്യവും ഉണ്ട്. ആ സ്‌നേഹം ഈ വിഡ്ഢികള്‍ ഒരുതരത്തിലും എന്നെ ഭജിക്കുന്നില്ലല്ലോ; എന്നെ ആശ്രയിക്കുന്നില്ലല്ലോ എന്ന അനുതാപത്തിന്റെ രൂപത്തിലാണെന്നുമാത്രം.
”ഏതേ സര്‍വേ ഉദാരാഃ ഏവ”
ദുഃഖങ്ങളില്‍പ്പെട്ട് ഉഴലുന്നവരും, ധനം, വീട്, സ്വര്‍ഗം മുതലായവ ആഗ്രഹിക്കുന്നവരും എന്റെ തത്ത്വം അറിയാന്‍ ആഗ്രഹിക്കുന്നവരും അവരുടെ ഇഷ്ടങ്ങള്‍ നേടാന്‍ വേണ്ടിയാണെങ്കിലും എന്നെത്തന്നെ സര്‍വാത്മനാ ആശ്രയിച്ച് ഭജിക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഇത്തരക്കാര്‍, ഭജിക്കാത്തവരെക്കാള്‍ ശ്രേഷ്ഠന്മാര്‍ തന്നെ. എന്റെ ഭക്തന്മാര്‍ ആവശ്യപ്പെടുന്നത് എന്താണോ, അത് മാത്രമാണ് ഞാന്‍ കൊടുക്കുന്നു. അതാണ് എന്റെ സ്വഭാവം.
”യേ യഥാമാം പ്രപദ്യന്തേ
താംസ്ഥഥൈവ ഭജാമ്യഹം”
(എന്നെ ഏതു രീതിയില്‍ എന്തുദ്ദേശിച്ച് ഭജിക്കുന്നുവോ അതു ഞാന്‍ അവര്‍ക്ക് കൊടുക്കുന്നു) ഇതാണ് എന്റെ പ്രതിജ്ഞ എന്ന് മുന്‍പ് (4-11) പറഞ്ഞിട്ടുണ്ടല്ലോ.
വാത്സല്യനിധിയായ അച്ഛന്‍, കുഞ്ഞുങ്ങള്‍ക്ക്, അവര്‍ സമീപത്ത് വന്ന്, (ആശ്രയിച്ച്) ആവശ്യപ്പെടുന്ന സാധനങ്ങള്‍ മാത്രമേ കൊടുക്കൂ. ഉടുപ്പ് ആവശ്യപ്പെട്ടവന് ഉടുപ്പ്; മധുരം വേണ്ടവന് അതും കൊടുക്കുന്നു. ”അച്ഛാ, ഉണ്ണിക്കണ്ണന്റെ കഥ പറഞ്ഞു താ അച്ഛാ” എന്ന് ആവശ്യപ്പെടുന്നവന് കഥ പറഞ്ഞുകൊടുക്കുന്നു. ഇതുപോലെതന്നെയാണ് ഭഗവാനും.
ഏതു രീതിയിലാവും എന്തിനുവേണ്ടിയായാലും എന്നെത്തന്നെ നേരിട്ട് ഭജിക്കുന്നവര്‍, ഭജിക്കാന്‍ കൂട്ടാക്കാത്തവരെക്കാള്‍ ശ്രേഷ്ഠന്മാര്‍ തന്നെയാണ്.
”ജ്ഞാനീ തു ആത്മാ ഏവ”
പക്ഷേ, ജ്ഞാനിയാകട്ടെ, എല്ലാത്തരം ഭക്തന്മാരെക്കാളും ശ്രേഷ്ഠന്മാരാണ്. ആര്‍ത്താദി ഭക്തന്മാരെ ഞാന്‍ സുഹൃത്തുക്കളായികാണുന്നു, സ്‌നേഹിക്കുന്നു. ജ്ഞാനിയായ ഭക്തനെ ഞാന്‍ എന്റെ ആത്മാവ് തന്നെയാണെന്ന് തീരുമാനിച്ചിരിക്കുന്നു. മേ മതം-എന്റെ അഭിപ്രായം മാത്രമല്ല, കാരണസഹിതം ഞാന്‍ എടുത്ത തീരുമാനമാണ്.
എന്റെ തത്വജ്ഞാനമാകുന്ന അമൃതം സേവിച്ച ആ പ്രേമഭക്തന്‍ എന്റെ രൂപഭേദം തന്നെയാണ്.
ജന്തുക്കളുടെയും മനുഷ്യരുടെയും ജീവാത്മാവും ദേഹവും വേറെ വേറെയാണ്. ഭഗവാന്‍ ദിവ്യപുരുഷോത്തമനാണ്; അവിടത്തെ രൂപം സച്ചിദാനന്ദമയവുമാണ്. ജീവനും ദേഹവും വേറെ, വേറെയല്ല. രണ്ടും ഒന്നുതന്നെയാണ്. ഭഗവാന് നീലനിറമാണ്, പീലിത്തിരുമുടിയുണ്ട്, മഞ്ഞച്ചേലയുണ്ട്, ഓടക്കുഴലുണ്ട്, കൈകളില്‍ പൊന്‍വളകളുണ്ട്, കാലില്‍ പൊന്‍ ചിലമ്പുണ്ട്. ഭക്തനായ ജ്ഞാനിക്ക് ഇവ ഒന്നുമില്ല; ശരി തന്നെ. പക്ഷേ ദേഹവും മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും അസ്ഥിയും മജ്ജയും മാംസവുമെല്ലാം ഭഗവന്നാമവും ഭഗവത്കഥകളും സ്വയം കീര്‍ത്തിച്ചും നിവേദ്യ പ്രസാദം സ്വീകരിച്ചും മറ്റു കൃഷ്ണ ഭക്തന്മാരുമായി കൂടിച്ചേര്‍ന്നും ദിവ്യവും ആത്മീയവും സച്ചിദാനന്ദമയവും ആയിത്തീര്‍ന്നിരിക്കുന്നു.
ഏതുപോലെന്നാല്‍,
തീക്കനല്‍ കൂമ്പാരത്തില്‍ ഇട്ട ചുട്ടുപഴുത്ത ഇരുമ്പുദണ്ഡുപോലെ. ആ ഇരുമ്പു ദണ്ഡ് തീപോലെ പ്രകാശിക്കും. അതുപോലെ ആ ഭക്തന്‍.
No comments:
Post a Comment