ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 14, 2017

പ്രണയദിനത്തില്‍ കാമനെ ചുട്ടൊരു കണ്ണ്


കാമുകീകാമുകന്മാരുടെ ഹൃദയസ്പന്ദനത്തെ തഴുകിയുണര്‍ത്തുന്ന വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനമാണിന്ന്. പ്രാചീന റോമന്‍ സംസ്‌കാരത്തിലെ ലൂപര്‍കാലിയ ((Lupercalia)) എന്ന പ്രാകൃതമായ ആഘോഷമാണ് രൂപം മാറിയ സെന്റ് വാലന്റൈന്‍സ് ഡേ. ക്രിസ്തുമതം എത്ര ആലോചനയോടെ ഈ പ്രാകൃതമായ ആചാരത്തെ പരിശുദ്ധമായ സ്‌നേഹത്തിന്റെ ദിനമാക്കി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ തീക്ഷ്ണമായ ഭാവത്തോടെ പ്രണയമെന്ന ഉദാത്തസങ്കല്പം കാമമെന്ന ബീഭത്സമായ വിഷസര്‍പ്പമായി പരിണമിക്കുന്ന കാഴ്ചയാണ് ലോകമെങ്ങും കാണാന്‍ കഴിയുന്നത്.

പ്രാചീന റോമന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ലൂപര്‍കാലിയ ഉയര്‍ത്തിയത് ലൈംഗികസ്വാതന്ത്ര്യം എന്ന ചിന്തയായിരുന്നു. ഫെബ്രുവരി 13 മുതല്‍ 15 വരെയായിരുന്നു ആ ആഘോഷങ്ങള്‍ അവിടെ നടന്നിരുന്നത്. ആ ആഘോഷങ്ങള്‍ക്ക് ഒരു ക്രമമുണ്ടായിരുന്നു. രണ്ട് ആടുകളെയും ഒരു നായയെയും ബലി കൊടുത്ത് രണ്ട് യുവപുരോഹിതന്മാരുടെ നെറ്റിയില്‍ രക്തതിലകം ചാര്‍ത്തുമായിരുന്നു. തുടര്‍ന്ന് പാലില്‍ മുക്കിയ കമ്പിളികൊണ്ട് ആ രക്തക്കറ മായ്ച്ചുകളയും. ആര്‍ത്തട്ടഹസിക്കുന്ന യുവപുരോഹിതന്മാര്‍ ബലിമൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ ചാട്ടയുമായി പാലറ്റൈന്‍ നഗരത്തിലൂടെ നഗ്നരായി ഓടും.

ചാട്ടവാറിന്റെ ഒരു സ്പര്‍ശനമേല്‍ക്കാന്‍ യുവതികള്‍ വരിവരിയായി നില്‍ക്കും. ആ തഴുകലേറ്റാല്‍ അനപത്യതാദോഷം ഉണ്ടാകില്ല എന്നവര്‍ വിശ്വസിച്ചു. മാത്രമല്ല, യുവാക്കള്‍ കാമലേഖനങ്ങളിലൂടെ സ്വതന്ത്രമായ ലൈംഗികകേളികളില്‍ പങ്കെടുക്കുന്നതിന് ഇണകളെ ക്ഷണിച്ചിരുന്നുവത്രെ.

എന്നാല്‍ ക്രിസ്തുമതം റോമന്‍സംസ്‌കാരത്തിലേക്കു കടന്നുചെന്നപ്പോള്‍ ലൂപര്‍കാലിയയെ തങ്ങളുടെ മതത്തിലേക്ക് ദഹിപ്പിക്കാന്‍ ജുഡായി ക്രിസ്ത്യന്‍ സമൂഹം ശ്രമമാരംഭിച്ചു. അങ്ങനെയാണ് ഫെബ്രുവരി 14ന് മരിച്ച സെന്റ് വാലന്റൈന്‍ എന്ന പുണ്യാളനെ കണ്ടെത്തിയത്. ലൈംഗികസ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന്‍ പരിശുദ്ധസ്‌നേഹത്തിന്റെ കാവലാളായി സെന്റ് വാലന്റൈന്‍ അവരോധിക്കപ്പെട്ടു. എന്നാല്‍ അപ്പോഴും പേഗന്‍ സംസ്‌കാരത്തിന്റെ നഷ്ടശിഷ്ടമായ ലൂപര്‍കാലിയ ഒരു ഒഴിയാബാധയെപ്പോലെ സെന്റ്‌വാലന്റൈനെയും പിന്തുടര്‍ന്നു. പ്രണയവുമായി പുലബന്ധംപോലുമില്ലാതിരുന്ന വാലന്റൈന്‍ പ്രണയത്തിന്റെ പ്രതീകമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഷേക്‌സ്പിയറിനെപ്പോലുള്ളവരുടെ കൃതികളുടെ പ്രാചുര്യം കൂടിവന്നതോടെ വാലന്റൈന്‍ തീര്‍ത്തുമൊരു പ്രണയബിംബമായി മാറി.
എന്നാല്‍, ഭാരതം പ്രണയത്തെ എങ്ങനെ കാണുന്നുവെന്നറിയാതെ ലൂപര്‍കാലിയ എന്ന പ്രാകൃത ആചാരത്തിന്റെ ബീജങ്ങള്‍ പുത്തന്‍ ക്രിസ്തുമതവിശ്വാസത്തിന്റെ ചെപ്പിലൊളിപ്പിച്ച് വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്. ലൂപര്‍കാലിയക്ക് സെന്റ് വാലന്റൈനുമായി ബന്ധമില്ലാത്തതുപോലെ, ശുദ്ധമായ പ്രണയത്തിന് സെന്റ്‌വാലന്റൈനുമായി ബന്ധമില്ലാത്തതുപോലെ, ഭാരതത്തിന് യാതൊരു ബന്ധവുമില്ലാത്ത ഒരു ആശയം സമൂഹത്തിന്റെ ആഘോഷമാക്കി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഇന്ന്.
പ്രാചീനഭാരതത്തില്‍ ശൃംഗാരവുമായി ബന്ധപ്പെട്ട ഒരു ആഘോഷമുണ്ടായിരുന്നു. അതിന്റെ പേര് വസന്തപഞ്ചമി എന്നാണ്. ഇതും ഫെബ്രുവരിയില്‍തന്നെയാണ് കടന്നുവരുന്നത് (ഫെബ്രുവരി ഒന്ന്). വാല്മീകി രാമായണത്തിന്റെ ബാലകാണ്ഡത്തില്‍ ഒരു കഥയുണ്ട്: ശിവന്റെ മനസ്സില്‍ കാമവികാരം ജനിപ്പിക്കുന്നതിനുവേണ്ടി ഒരിക്കല്‍ ഇന്ദ്രന്‍ കാമനെ ശിവസന്നിധിയിലേക്കയച്ചു. കാമദേവന്‍ ശിവന്റെ തപോവനത്തില്‍ ഒരു വസന്തകാലം സൃഷ്ടിച്ചുകൊണ്ട് അടുത്തുകൂടി. ഈ വിവരം ധരിച്ച ശിവന്‍ തന്റെ മൂന്നാംകണ്ണ് ജ്വലിപ്പിച്ചു. ആ അഗ്നിയില്‍ കാമദേവന്‍ ജ്വലിച്ച് ചാമ്പലായി (വാല്മീകിരാമായണം, ബാലകാണ്ഡം 23-ാം അധ്യായം). ശിവന്‍ കാമനെ ദഹിപ്പിച്ചപ്പോള്‍ ഭാര്യയായ രതിദേവി പൂര്‍വസ്ഥിതിയില്‍ ഭര്‍ത്താവിനെ ലഭിക്കുവാന്‍വേണ്ടി ശിവനെ തപസ്സു ചെയ്തു. കാമദേവനെയും പത്‌നിയായ രതിദേവിയെയും മിത്രമായ വസന്തം വസന്തപഞ്ചമിയില്‍ സ്മരിക്കുന്നു.
ഹോളിക്ക് നാല്പതു ദിവസം മുന്‍പ് മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ പഞ്ചമിതിഥിയാണ് വസന്തപഞ്ചമി ദിനം. നാല്പതു ദിവസത്തെ തപസ്സിനുശേഷം ശരീരമില്ലാത്തവനായി പരമശിവന്‍ കാമദേവനെ പുനര്‍ജനിപ്പിച്ചു എന്നാണ് വിശ്വാസം. അങ്ങനെ കാമദേവന്‍ വസന്തത്തോടൊപ്പം ജനഹൃദയങ്ങളില്‍ വന്നുചേരുന്നുവത്രെ. അധികമായ പ്രണയം അന്ധമായ കാമമായി പരിണമിക്കുന്നത് സമൂഹത്തില്‍ വിനാശത്തിന്റെ വിത്തുവിതയ്ക്കുമെന്ന് തിരിച്ചറിഞ്ഞ പ്രാചീനഭാരതീയന്റെ കഥയാണിത്.
കാമത്തില്‍നിന്ന് ജ്ഞാനത്തിലേക്കു പ്രവേശിക്കണം. യഥാര്‍ഥ പ്രണയം കാമമായി പരിണമിക്കരുതെന്ന് താക്കീതു നല്‍കിയ ശിവന്റെ ഉജ്വലമായ ക്രോധത്തീയില്‍ വെന്തുരുകിയ കാമദേവനെ മദനോത്സവത്തിലൂടെ പുനഃസൃഷ്ടിക്കുമ്പോഴാണ് തെരുവോരങ്ങളില്‍ ‘നിര്‍ഭയ’കള്‍ ഉണ്ടാകുന്നത്.
മനുഷ്യന്റെ മനസ്സിലെ പ്രണയം തീക്ഷ്ണമായ കാമാതുരതയായി പരിണമിക്കുന്നതിന്റെ ദുരന്തഫലങ്ങള്‍ അനേകം പുരാണകഥകളില്‍ പറയുന്നുണ്ട്. കണ്വാശ്രമത്തില്‍ ദുഷ്യന്തന്‍ ഗാന്ധര്‍വവിധിപ്രകാരം ശകുന്തളയെ വിവാഹം ചെയ്‌തെങ്കിലും അതുമൂലം ശകുന്തളയ്ക്കുണ്ടായ ദുരന്തങ്ങള്‍കൂടി ആ കഥയില്‍ നാം വായിക്കേണ്ടതുണ്ട്. നിറമില്ലാത്ത, നിരര്‍ഥകമായ പ്രാകൃത വൈദേശികാചാരങ്ങള്‍ അര്‍ഥഗര്‍ഭമായ ജീവിതാശയങ്ങള്‍ വാരിവിതറിയ സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത് എന്തെല്ലാം വിപത്തുകള്‍ക്ക് കാരണമായിത്തീരുമെന്ന് ആരു കണ്ടു?


ജന്മഭൂമി

No comments:

Post a Comment