രാമഹൃദയം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഭക്തനായ കിങ്കരനായിട്ടാണ് ലക്ഷ്മണന്‍ രാമകഥയില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. രാമന്റെ ഹിതമല്ലാതെ മറ്റൊന്നില്ല ലക്ഷ്മണന്; രാമഹിതം അതേപടി നിറവേറ്റാന്‍ ബദ്ധകങ്കണനായി ആ കുമാരന്‍ വര്‍ത്തിക്കുന്നു. ബാലിവധം കഴിഞ്ഞ് കിഷ്‌കിന്ധയുടെ അധിപതിയായി സുഗ്രീവന്‍ അവരോധിക്കപ്പെട്ടപ്പോള്‍ തന്നെ രാമനുമായി ചെയ്ത സഖ്യത്തിന്റെ കാര്യമൊക്കെ വാനരരാജാവ് വിസ്മരിച്ചു. പുതുതായി ലഭിച്ച രാജ്യലക്ഷ്മിയോട് ചേര്‍ന്ന് എല്ലാ ഭോഗങ്ങളിലും ആമഗ്‌നനായി ജീവിക്കുകയാണ് അയാള്‍ ചെയ്തത്. ക്രുദ്ധനായ രാമന്റെ നിശ്ചയം.
'അഗ്രജമാര്‍ഗം ഗമിക്കേണമിന്നിനി
സ്സുഗ്രീവനുമതിനില്ലൊരു സംശയം'
അത് കേള്‍ക്കയേ വേണ്ടൂ, ലക്ഷ്മണന്റെ പ്രതികരണം:
വധ്യനായോരു സുഗ്രീവനെസ്സത്വരം
ഹത്വാ വിടകൊള്‍വനദ്യതവാന്തികം
ആജ്ഞാപയാശുമാ...
രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഭഗവല്‍ നിദേശം ശിരസ്സേറ്റുകയേവേണ്ടൂ ഭക്തന്. ചാപതൂണീര ഖഡ്ഗങ്ങളെടുത്ത് പുറപ്പെടുകയായി ലക്ഷ്മണന്‍. അപ്പോഴാണ് രാമന്റെ വാക്ക്, സുഗ്രീവന്‍ ഹന്തവ്യനല്ല, ബാലിയെപ്പോലെ കാലപുരിയിലേക്ക് പുറപ്പെടാന്‍ നിനക്കും നേരമായി എന്ന് ഭയപ്പെടുത്തിയാല്‍ മതിയെന്ന്. അപ്പോഴുമില്ല ലക്ഷ്മണന് വേറിട്ടൊരഭിപ്രായം. കിഷ്‌കിന്ധയെ ദഹിപ്പിക്കുംവണ്ണം കോപാഗ്‌നി ചൊരിഞ്ഞുകൊണ്ട് ലക്ഷ്മണന്‍ പുറപ്പെട്ടു കഴിഞ്ഞു.
ആ വരവില്‍ കിഷ്‌കിന്ധ വിറച്ചു. അംഗദന്റെ സമയോചിതമായ ഇടപെടല്‍കൊണ്ട് ആപത്തൊഴിഞ്ഞു. വിനയം കാട്ടിയ അംഗദനെ ആലിംഗനംചെയ്തിട്ട് സുഗ്രീവനുള്ള സന്ദേശം ലക്ഷ്മണന്‍ ചൊല്ലിഅയച്ചു.
രാമന്റെ അതേ വാക്കുകളേയുള്ളൂ ലക്ഷ്മണന്. എന്നും രാമന്റെ നിഴലായിരിക്കാന്‍ മനോവാക്കായ കര്‍മങ്ങളാല്‍ ഉറച്ചവനാണ് ഈ ഇളയ സഹോദരന്‍.
ജ്യേഷ്ഠന്‍ ഗുരുവാണ്. ഗുരു ബ്രഹ്മവുമാണ്. ലക്ഷ്മണന്റെ ജീവിതത്തിലൊരിക്കലും ഈ തത്ത്വത്തില്‍ നിഴല്‍വീഴുന്ന മറ്റൊരു ഭാവം ഉണ്ടായിട്ടില്ല. അവികലമായ ആത്മസമര്‍പ്പണത്തിന്റെ അഭിരാമ മാതൃകയാണത്. സ്വകാര്യമായ ഇച്ഛകേളാ, താത്പര്യങ്ങളോ ഇല്ലാത്ത സമര്‍പ്പണത്തിന്റെ കേവല മാതൃകയാണത്. ഭരതനോ ലക്ഷ്മണനോ ജ്യേഷ്ഠഭക്തിയില്‍ കുറവൊന്നുമില്ല. പക്ഷേ, ഭരതനെ നാം കാണുന്നത് ക്ഷാത്രവീര്യം ത്രസിക്കുന്ന ജ്യേഷ്ഠഭക്തിയുടെ മാതൃകയായിട്ടാണ്. ഭരതന്‍ രാമന്റെ പോലും നിഴലല്ല. തന്റെ ധര്‍മം നിറവേറ്റുമെന്ന നിഷ്ഠയില്‍ സഫലപ്പെടുന്ന ജ്യേഷ്ഠഭക്തിയാണ്.
ലക്ഷ്മണന്റെ ക്ഷാത്രവീര്യം പോലും രാമനുവേണ്ടിമാത്രം പ്രകാശനം നേടുന്നതാണ്. തനിക്കുവേണ്ടി ഒന്നും ഒരിക്കലും ചെയ്തിട്ടില്ലാത്ത, വിചാരിച്ചിട്ടില്ലാത്ത ഉപാസനയുെട ശുഭനിദര്‍ശനമാണ് ലക്ഷ്മണന്‍.
No comments:
Post a Comment