അമൃതവാണി
മക്കളെ, പ്രപഞ്ചത്തെ വേദാന്തം നിഷേധിക്കുന്നില്ല. സാധാരണ രീതി വിട്ട് അൽപ്പം വ്യത്യസ്തമായ രീതിയിൽ വേദാന്തം ലോകത്തെ നോക്കിക്കാണുന്നു. അത്രേയുള്ളൂ. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം വാസ്തവത്തിൽ ബ്രഹ്മം മാത്രമാണെന്നു വേദാന്തം പറയുന്നു.
വെള്ളവും ഐസും നീരാവിയും ഒരേ വസ്തുതന്നെയല്ലേ? വെള്ളം ഉറഞ്ഞ് ഐസാകുന്നു. ഐസ് ഉരുകി വീണ്ടും വെള്ളമാകുന്നു. ആ വെള്ളം തന്നെ ചൂടുകൊണ്ട് നീരാവിയായിത്തീരുന്നു. ബാഹ്യമായ മാറ്റത്തിനനുസരിച്ച് ഗുണങ്ങൾ മാറി മാറി വരുന്നു. എന്നാൽ വസ്തുവിന് മാറ്റമില്ല. ഇതുപോലെയാണ് ബ്രഹ്മവും ജഗത്തും. സത്യമായുള്ള വസ്തു ബ്രഹ്മം മാത്രം. ആധാരമായ ആ ബ്രഹ്മത്തിൽ ഗുണങ്ങൾ മാറി മാറി വരുന്നു. അനേകനാമരൂപങ്ങൾ ഉണ്ടാവുന്നു. അതുതന്നെ ജഗത്ത്. എന്നാൽ വാസ്തവത്തിൽ ഉള്ളതു ബ്രഹ്മം മാത്രം.
അതു ജഗത്തായി പ്രകാശിക്കുന്നു. അതുകൊണ്ട് ജഗത്ത് വാസ്തവത്തിൽ ബ്രഹ്മം തന്നെ. എന്നാൽ ഇതറിയാതെ ജഗത് തന്നെ സത്യം എന്നു കരുതുന്നവർ ബ്രഹ്മത്തെ അറിയുന്നില്ല. ബ്രഹ്മത്തെ അറിഞ്ഞവർ ജഗത്ത് ബ്രഹ്മം തന്നെ എന്നറിയുന്നു. അതായത്, ആത്മാവിനെ അറിഞ്ഞാൽ ആത്മഭിന്നമായി പ്രപഞ്ചമില്ല. പാലിൽ വെണ്ണയുണ്ട്. പക്ഷെ കാണുന്നില്ല.
അതുപോലെ ഈ ജഗത്തിൽ സത്യവസ്തുവായ ബ്രഹ്മം മറഞ്ഞിരിക്കുന്നു. നാനാത്വബോധത്തിൽ നിൽക്കുമ്പോൾ ബ്രഹ്മത്തെ അറിയുന്നില്ല. സാധന ചെയ്ത് എല്ലാം ബ്രഹ്മമെന്നറിയുമ്പോൾ തള്ളാൻ ഒന്നുംതന്നെ ഇല്ല.
No comments:
Post a Comment