ഇത്യുക്ത്വാ വേരരാമാസൌ വചനം ധൂമ്രലോചന:
പ്രത്യുവാച തദാ കാളീ പ്രഹസ്യ ലളിതം വച:
വിദൂഷകോ f സി ജാല്മ ത്വം ശൈലൂഷ ഇവ ഭാഷസേ
വൃഥാ മനോരഥാംശ്ചിത്തേ കരോഷി മധുരം വദന്‍
ധൂമ്രലോചനന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ കാളിക ചിരിച്ചുകൊണ്ട് ‘നീയൊരു വിദൂഷകന്‍ തന്നെ’ എന്ന് കളിയാക്കി. ‘പാഴ്ക്കിനാവ് കണ്ടു മധുരവര്‍ത്തമാനം പറയുകയാണ് നീ. നിന്നെ അയാള്‍ പടയും കൂട്ടി പറഞ്ഞയച്ചത് ഇങ്ങിനെ വന്നു ചിലയ്ക്കാനാണോ? വേഗം യുദ്ധത്തിനു തയ്യാറാവുക. ഈ ദേവി നിന്നെ മാത്രമല്ല നിന്‍റെ പ്രഭുക്കന്മാരായ ശുംഭനെയും നിശുംഭനെയും കാലപുരിക്കയക്കും. നിന്‍റെ മന്ദബുദ്ധിയായ രാജാവ് ശുംഭനെവിടെ? ഈ വിശ്വമോഹിനിയെവിടെ? ഇവര്‍ രണ്ടാളും തമ്മില്‍ ചേര്‍ന്നാല്‍ സിംഹവും കുറുക്കനും തമ്മില്‍ ബാന്ധവമാവാം എന്ന് വരും. പിടിയാനയും കഴുതയും തമ്മിലും കാമധേനുവും കാട്ടുമാനും തമ്മിലും ഉള്ള ബന്ധം പോലെ വിചിത്രമായിരിക്കും അത്. അങ്ങിനെ സംഭവിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? അതുകൊണ്ട് നീ പോയി ആ സഹോദരന്മാരോട് നേര് പറയുക. യുദ്ധത്തിനു തയ്യാറായി ഞങ്ങള്‍ നില്‍ക്കുന്നു. അല്ല അതില്‍ പേടിയുണ്ടെങ്കില്‍ ഈ ക്ഷണം പാതാളത്തിലേയ്ക്ക് പോയ്ക്കൊള്ളുക എന്ന് ഞങ്ങള്‍ കല്‍പ്പിച്ച കാര്യം അവരെ അറിയിക്കുക.’
കാളി ഇങ്ങിനെ ആജ്ഞാപിച്ചപ്പോള്‍ ക്രോധം കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളോടെ ധൂമ്രന്‍ അലറി: ‘ദുഷ്ടേ, നിന്നെയും ഈ സിംഹത്തെയും കൊന്ന് ആ സുന്ദരിയെ ഞാന്‍ പിടിച്ചു കൊണ്ട് പോയി എന്‍റെ രാജാവിനെ കാല്‍ക്കല്‍ കൊണ്ട് വയ്ക്കും. രതിയില്‍ രസഭംഗം വരണ്ടാ എന്ന് കരുതി ഞാനല്‍പ്പം സാവകാശം തന്നുവെന്നേയുള്ളൂ.’
‘നാക്കിട്ടലയ്ക്കാതെ ചുണയുണ്ടെങ്കില്‍ അമ്പെയ്ത് നിന്‍റെ വീരസ്യം കാണിക്ക്’ എന്ന് അവനെ കാളിക തിരികെ വെല്ലുവിളിച്ചു. ധൂമ്രന്‍ വില്ലുകുലച്ചു കാളികയുടെ നേര്‍ക്ക് ശരമാരി തൂകി. അപ്പോഴേയ്ക്കും ദേവന്മാര്‍ ആകാശത്ത് യുദ്ധരംഗം കാണാന്‍ കൊതിയോടെ നിരന്നു നിന്നു. വാള്‍, ഗദ, വേല്‍, ഉലക്ക മുതലായ ആയുധങ്ങള്‍ കാളികയും ധൂമ്രനും പരസ്പരം പ്രയോഗിച്ചു. കാളിക ദൈത്യന്‍റെ കഴുതകളെ കൊന്നു. രഥം പൊടിച്ചു ഭസ്മമാക്കി. എന്നാല്‍ അവന്‍ മറ്റൊരു രഥത്തിലേറി പോര് തുടര്‍ന്നു. അവന്‍റെ അമ്പുകള്‍ ഓരോന്നും കാളിയുടെ പ്രത്യസ്ത്ര പ്രയോഗത്താല്‍ തകര്‍ന്നു. തേരുകളും, ആയിരക്കണക്കിന് പടയാളികളും മൃഗങ്ങളും അവിടെ ചത്തു വീണു. അസുരന്‍റെ വില്ല് ഉടഞ്ഞതിന്‍റെ ശബ്ദം ദിഗന്തങ്ങളില്‍ മുഴങ്ങിക്കേട്ടു. കാളിക മുഴക്കിയ ശംഖധ്വനി കേട്ട് ദേവന്മാര്‍ സന്തോഷിച്ചു.
തന്‍റെ തേര് തകര്‍ന്നപ്പോള്‍ ലോഹ നിര്‍മ്മിതമായ വലിയൊരു പരിഘയുമായി ഓടിവന്ന് ധൂമ്രന്‍ ‘വിരൂപേ, നിന്നെയിന്നു തകര്‍ക്കും ഞാന്‍’ എന്ന് വീമ്പു പറഞ്ഞ് അടിക്കാനോങ്ങി. ഒരു ഹുങ്കാരശബ്ദം കേള്‍പ്പിച്ചുകൊണ്ട് ദേവി അവനെ ക്ഷണത്തില്‍ ഭസ്മമാക്കി. ചാരമായിക്കിടക്കുന്ന ധൂമ്രനെക്കണ്ട് ദൈത്യന്മാര്‍ അലറിവിളിച്ചു. ദേവന്മാര്‍ പുഷ്പവൃഷ്ടി തൂകി. പടക്കളം നിറയെ ഭടന്മാരുടെയും മൃഗങ്ങളുടെയും ശവം ചിതറിക്കിടന്നു. പരുന്തിനും കഴുകനും കാക്കയ്ക്കും ഈച്ചയ്ക്കും മൃഷ്ടാന്നമായി. ശവംതീനികളായ പിശാചുക്കളും കുറുനരിയും ആഹ്ലാദനൃത്തം ചെയ്തു. ജഗദംബിക പടക്കളം വിട്ടു മറ്റൊരു സ്ഥലത്തെത്തി അവിടെ നിന്നും ശംഖു മുഴക്കി.
ശംഖുനാദം മാറ്റൊലിക്കൊള്ളവേ, തോറ്റമ്പിയ ഭടന്മാര്‍ ശുംഭന്‍റെ കൊട്ടാരത്തിലെത്തി. രക്തത്തില്‍ക്കുളിച്ച ഭടന്മാര്‍- ചിലര്‍ക്ക് കയ്യില്ല. ചിലര്‍ക്ക് കാലില്ല. നാടു പൊട്ടിയും കഴുത്തൊടിഞ്ഞും വാവിട്ടു കരയുന്ന അനേകം പേരെ ശുംഭന്‍ കണ്ടു. ‘എന്താണ് സംഭവിച്ചത്? എവിടെ നിന്നാണ് ആ ശംഖധ്വനി കേള്‍ക്കുന്നത്? വീരനായ ധൂമ്രന് എന്ത് സംഭവിച്ചു? ആ സുന്ദരിയെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് പറ്റിയില്ലെന്നോ?’ ശുംഭന്‍ ക്രുദ്ധനായി ചോദിച്ചു.
യുദ്ധവൃത്താന്തം രാജഭടന്മാര്‍ വിവരിച്ചു.: ‘പ്രഭോ, നമ്മുടെ സൈന്യങ്ങള്‍ ചത്തു വീണു. ധൂമ്രനും അക്കൂട്ടത്തില്‍ കാലപുരി പൂകി. ദേവന്മാരുടെ കാതിനിമ്പം നല്‍കി ആ ദേവിയാണ് ശംഖൂതുന്നത്. ദേവിയുടെ വാഹനമായ സിംഹം എല്ലാടവും തട്ടിത്തകര്‍ത്ത് അശ്വങ്ങളെ കൊന്നു വിഹരിക്കുകയായിരുന്നു. ഈ ദുരന്തദൃശ്യം കണ്ടു ദേവന്മാര്‍ അപ്പോള്‍ പുഷ്പവൃഷ്ടി നടത്തി. ഒരു കാര്യം ഞങ്ങള്‍ക്ക് ബോദ്ധ്യമായി. ആ ദേവിയെ ജയിക്കാന്‍ നമുക്ക് സാധിക്കില്ല. അതുകൊണ്ട് അങ്ങ് മറ്റു മന്ത്രിമാരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുക. ഒറ്റയ്ക്ക് യുദ്ധം ചെയ്യുന്ന ഈ അത്ഭുതവനിതയ്ക്ക് ഭയലേശം ഇല്ല. സിംഹത്തിനുമുകളില്‍ ഇരുന്നു സഞ്ചാരം ചെയ്ത് നിങ്ങളെ വെല്ലുവിളിക്കുന്ന അവള്‍ സാധാരണക്കാരിയല്ല. സ്ന്ധിയാണോ, യുദ്ധമാണോ അല്ല, ഓടി രക്ഷപ്പെടുകയാണോ നല്ലതെന്ന് നിങ്ങള്‍ ബുദ്ധിമാന്മാര്‍ തീരുമാനിച്ചാലും. അവള്‍ക്ക് സൈന്യബലമില്ല എന്നത് കാര്യമായി എടുക്കരുത്. ദേവന്മാര്‍ ഒത്താശയ്ക്ക് തയ്യാറായി നില്‍ക്കുന്നത് കൊണ്ടാണ് അവളിത്ര മദിക്കുന്നത്. ഹരിയും രുദ്രനും, ഗന്ധര്‍വ്വന്മാരും കിന്നരന്മാരും മനുഷ്യരും അവള്‍ക്കനുകൂലമാണ്. അവള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ബ്രഹ്മാണ്ഡത്തെ നശിപ്പിക്കാനൊക്കും എന്നെനിക്ക് തോന്നുന്നു. ഞങ്ങള്‍ അങ്ങയോടു ചൊന്നതെല്ലാം സത്യമാണ്. ദൂതഭൃത്യന്‍റെ ധര്‍മ്മം ഞങ്ങള്‍ ചെയ്യുന്നു. ഇനി അങ്ങയുടെ യുക്തം പോലെ ചെയ്താലും.’
പടത്തലവന്മാരുടെ വാക്കുകള്‍ കേട്ട ശുംഭന്‍ അനുജനെ വിളിച്ചു. ‘ധൂമ്രനെ ആ കാളി കൊന്നുവത്രേ! നമ്മുടെ സൈന്യം തോറ്റോടി വന്നിരിക്കുന്നു. മദംകൊണ്ട് മത്തയായി അവള്‍ ശംഖൂതുന്നത് നീ കേള്‍ക്കുന്നില്ലേ? എല്ലാം കാലക്കേട് എന്നല്ലാതെ എന്ത് പറയാന്‍! പുല്ലിനെ വജ്രമാക്കാനും വജ്രത്തെ പുല്ലാക്കാനും കാലത്തിനു കഴിയും. എത്ര ബലവാനെയും ക്ഷീണിതനാക്കാന്‍ കാലത്തിനു കഴിയും. ഇനി നാമെന്തുവേണം? ദേവിയെ നമുക്ക് കിട്ടില്ല എന്ന് തീര്‍ച്ചയാണ്. നന്നായി തീരുമാനിച്ചാണ് അവളുടെ പുറപ്പാട്. നീയെന്‍റെ അനുജനാണെങ്കിലും ആപത്തില്‍ നീയെന്‍റെ ജ്യേഷ്ഠനെപ്പോലെ എനിക്കരുനില്‍ക്കും എന്നെനിക്കറിയാം. ഏതാണ് നല്ലത്? യുദ്ധമോ അതോ പാലായനമോ?”
നിശുംഭന്‍ പറഞ്ഞു: ‘പ്രഭോ, ഒളിച്ചോടിപ്പോയി സ്വരക്ഷ ചെയ്യുന്നത് വീരോചിതമല്ല. അവളോടു പൊരുതുന്നത് തന്നെയാണ് നല്ലത്. ഞാന്‍ പടയെക്കൂട്ടിപ്പോയി അവളോടു യുദ്ധം ചെയ്യാം. അബലയായ അവളെ ഞാന്‍ കൂട്ടിക്കൊണ്ടു വരാം. അഥവാ എനിക്ക് വിജയിക്കാന്‍ ആയില്ലെങ്കില്‍ എന്‍റെ മരണ ശേഷം മാത്രം അങ്ങ് വേണ്ടതെന്തെന്ന് ആലോചിച്ചു തീരുമാനിക്കുക. ഇപ്പോള്‍ ഞാനുണ്ടല്ലോ’
ഇത് കേട്ട ശുംഭന്‍ പറഞ്ഞു: ‘നില്‍ക്ക്, ആദ്യം സൈന്യത്തെക്കൂട്ടി ചണ്ഡമുണ്ഡന്മാര്‍ പോയി വരട്ടെ. വെറും മുയലിനെ പിടിക്കാന്‍ ആനയെ പറഞ്ഞു വിടണ്ടല്ലോ. അതിബലശാലികളായ അവര്‍ക്ക് തീര്‍ച്ചയായും അവളെ തോല്‍പ്പിക്കാന്‍ കഴിയും. ‘നാണമില്ലാതെ കൂത്താടുന്ന ആ പെണ്ണിനെ പിടിച്ചു കൊണ്ടുവരാന്‍’ ശുംഭന്‍ ചണ്ഡമുണ്ഡന്മാരെ ഏര്‍പ്പാടാക്കി. ‘ആ പൂച്ചക്കണ്ണി കാളിയെ കൊന്ന് നിങ്ങള്‍ ദേവിയെ പിടിച്ചു കൂട്ടിക്കൊണ്ടു വരിക. അവള്‍ മദമൊടുങ്ങി കൂടെ വരാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ നിഷ്ക്കരുണം കൊന്നു കളയുക.’
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment