പരമാത്മ വസ്തുവില്‍ ‘ഞാന്‍’ എന്ന ജീവഭാവം പൊന്തുന്നു. അതില്‍ മനസ് നാമരൂപദൃശ്യങ്ങളെ സങ്കല്‍പ്പിക്കുന്നു. തുടര്‍ന്ന് അദൃശ്യങ്ങളുടെ നിഴലുകള്‍ ഇന്ദ്രിയങ്ങളുമായി ചേര്‍ന്ന് അന്തഃകരണത്തില്‍ അനുഭവമാകുന്നു. ഇങ്ങനെ മാറിമാറിവരുന്ന എല്ലാ അനുഭവങ്ങളിലും ഞാന്‍ ബോധം
എത്തിനില്‍ക്കുന്നു. ഇത് ദൈവാനുഭവം ആണ് എന്ന് പറയേണ്ടതില്ലല്ലോ.
അനുഭവങ്ങളെ മാനസികമായി തന്നെ അനുകൂലവും പ്രതികൂലവുമായി വേര്‍തിരിച്ച് സുഖദുഃഖ ഭാവങ്ങളിലൂടെ ജീവന്‍ അഭിമാനിച്ച് കഴിയുന്നു. തുടര്‍ന്ന് ജനന മരണ പ്രവാഹത്തില്‍പ്പെട്ട് ഉഴലുന്നു. ഇതില്‍ നിന്നുമുള്ള മുക്തിയാണ് വിവേകിയായ മനുഷ്യന്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ശാസ്ത്രീയമായ വഴിയാണ് ഏവരും അറിയേണ്ടത്. അത് ധ്യാനമാണ്. ധ്യാനിക്കുന്ന ആള്‍ ജീവനാണ്. ജീവന്റെ അനുഭവങ്ങള്‍ ദുഃഖകരമായതിനാല്‍ അതില്‍ നിന്നുള്ള മോചനത്തിനാണ് ധ്യാനിക്കുന്നത്.
അനുഭവങ്ങള്‍ ഉണ്ടാകുന്നത് പ്രപഞ്ചഘടകങ്ങളുമായി കലരുമ്പോഴാണെന്ന് നാം മുമ്പ് പറഞ്ഞുകഴിഞ്ഞു. അപ്പോള്‍ ദുഃഖത്തില്‍ നിന്നുള്ള മോചനം എന്നാല്‍ പ്രപഞ്ചത്തില്‍ നിന്നുള്ള മോചനം എന്നുതന്നെയാണ് അര്‍ത്ഥം. ദൃശ്യത്തില്‍ നിന്നും ദൃക്‌ക് മുക്തമാകണം എന്ന് സാരം.
No comments:
Post a Comment