ഇതി നന്ദാദയോ ഗോപാഃ കൃഷ്ണരാമകഥാം മുദാ
കുര്‍വ്വന്തോ രമമാണാശ്ച നാവിന്ദന്‍ ഭവവേദനാം (10-11-58)
കുര്‍വ്വന്തോ രമമാണാശ്ച നാവിന്ദന്‍ ഭവവേദനാം (10-11-58)
ശുകമുനി തുടര്‍ന്നു:
മരങ്ങള്‍ കടപുഴകിവീണ ശബ്ദം കേട്ട് ഗ്രാമവാസികള്‍ ഓടിക്കൂടി. കൃഷ്ണന്റെ കൊച്ചു കൂട്ടുകാര്‍ എന്താണുണ്ടായതെന്നു പറഞ്ഞു. ചിലര്‍ വിശ്വസിച്ചു. ചിലര്‍ക്ക് അതത്ര വിശ്വാസ്യമായിരുന്നില്ല. എന്നാല്‍ എല്ലാവരും തന്നെ തുടര്‍ച്ചയായുണ്ടായ ദുഃസംഭവങ്ങളില്‍ ആശങ്കാകുലരായിരുന്നു. എന്നാല്‍ കൃഷ്ണന്‍ മനുഷ്യശിശുവിന്റെ എല്ലാ ചപലതകളും കാട്ടി വളര്‍ന്നു. കൂട്ടരുമൊത്തു കളിച്ചും വീട്ടില്‍ ചിലതെല്ലാം ചെയ്തും അവന്‍ നടന്നു. നന്ദന്‍ വ്യാകുലനായിരുന്നു. പ്രേതബാധയുളളതെന്നു തോന്നിയ ഗോകുലം വിട്ടുപോവാന്‍ അദ്ദേഹം തീര്‍ച്ചയാക്കി. പൂതനയില്‍ നിന്നും തൃണാവര്‍ത്തനില്‍ നിന്നും മറിഞ്ഞുവീണ കാളവണ്ടിയില്‍ നിന്നും കടപുഴകിയ മരങ്ങളില്‍ നിന്നും കൃഷ്ണന്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇനിയും ആപത്തുകള്‍ക്കവസരം കൊടുക്കാനവര്‍ തയ്യാറായില്ല. എല്ലാ ഗ്രാമവാസികളും നന്ദന്റെ തീരുമാനത്തെ അംഗീകരിച്ചു. അവര്‍ വൃന്ദാവനമെന്നറിയപ്പെടുന്ന ഒരു ചെറിയ വനപ്രദേശത്തേക്ക് താമസം മാറ്റി. വൃന്ദാവനവും ഗോവര്‍ദ്ധനപര്‍വ്വതവും പഞ്ചാരമണല്‍തിട്ടയുളള യമുനാ നദിയും കൃഷ്ണന് പ്രിയങ്കരങ്ങളായി.
കൃഷ്ണനും ജ്യേഷ്ഠന്‍ ബലരാമനും ബാലന്മാരായി വളര്‍ന്നു. അവര്‍ക്ക് പശുക്കളെ മേയ്ക്കാന്‍ ഇഷ്ടമായിരുന്നു. അവര്‍ പശുക്കളെ പുല്‍ത്തകിടികളിലേക്ക് നയിച്ച് ദിവസം മുഴുവനും അവരെ മേയാന്‍ വിട്ട് വൈകുന്നേരം ഗ്രാമത്തിലേക്ക് തിരിച്ചു വന്നു. ഒരു ദിവസം പശുക്കള്‍ പുല്ലുതിന്നുമ്പോള്‍ കൂട്ടത്തില്‍ ഒരു വിചിത്രനായ പശുക്കുട്ടിയെ കൃഷ്ണന്‍ കണ്ടു. വത്സാസുരന്‍ എന്ന രാക്ഷസനായിരുന്നു അത്. ശാന്തനായി അവന്റെ പിറകില്‍ചെന്ന് പിന്‍കാലുകള്‍ തൂക്കിയെടുത്ത് അടുത്തുളള മരത്തിലേക്ക് കൃഷ്ണന്‍ ആഞ്ഞടിച്ചു. രാക്ഷസന്റെ ജീവന്‍ പോയതോടെ അവന്റെ പശുവേഷവും പോയി. ഭീകരനായ രാക്ഷസരൂപത്തില്‍ അവന്‍ ചത്തു മലച്ചു വീണു. മറ്റു ഗോപാലന്മാര്‍ കൃഷ്ണന്റെ മിടുക്കിനെ കൈകൊട്ടി അഭിനന്ദിച്ചു.
മറ്റൊരവസരത്തില്‍ ഈ വിശ്വരക്ഷകര്‍, ബലരാമനും കൃഷ്ണനും, അവരുടെ ഗോപാലധര്‍മ്മത്തില്‍ മുഴുകിയിരുന്നു. പശുക്കളുടെ ദാഹം തീര്‍ക്കാന്‍ അവരെ നദീ തീരത്തു കൊണ്ടുപോയി. അപ്പോള്‍ അവിടെ കൃഷ്ണന്‍ സംശയാസ്പദമായ രൂപത്തില്‍ ഒരു കൊക്കിനെ കണ്ടു. അത് രാക്ഷസനായ ബകാസുരനാണെന്നു കൃഷ്ണന് മനസ്സിലായി. കംസന്റെ നിര്‍ദ്ദേശപ്രകാരം കൃഷ്ണനെ നിഗ്രഹിക്കാന്‍ അവനവിടെ എത്തിയതായിരുന്നു.
ബകാസുരന്‍ കുട്ടികളുടെ അടുത്തേക്ക് ചാടിവീണ് കൃഷ്ണനെ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. ഗോപാലന്മാര്‍ നിശ്ശബ്ദരായി വിറച്ചു നിന്നു. അല്പനിമിഷത്തിനുള്ളില്‍ കൃഷ്ണന്‍ അസുരന്റെ വായില്‍ നിന്നു് പുറത്തുവന്നു. കൊക്കിന്റെ കണ്ഠം കൃഷ്ണന്‍ എരിച്ചു കളഞ്ഞിരുന്നു. പിന്നീട് തന്റെ കൊക്കുകള്‍ കൊണ്ട് കൃഷ്ണനെ ആക്രമിക്കാനായി അസുരന്റെ ശ്രമം. കൃഷ്ണന്‍ അവന്റെ കൊക്ക് പിടിച്ച് രണ്ടായി പിളര്‍ന്ന് അവന്റെ കഴുത്തുവരെയെത്തിയപ്പോഴേക്കും അസുരന്‍ വേഷം മതിയാക്കി സ്വരൂപത്തിലായി. ബാലന്മാര്‍ക്ക് നല്ലൊരു വിനോദം കണ്ടതുപോലെയായി. ഗ്രാമത്തിലേക്ക് മടങ്ങി അവര്‍ കാട്ടിലെ രസകരമായ സംഭവങ്ങള്‍ പറയാന്‍ തുടങ്ങി. കൃഷ്ണന്‍ എങ്ങനെ വിജയിച്ചു എന്നെല്ലാം അവര്‍ പറഞ്ഞു പരത്തി. എത്ര തവണ ഈ ദിവ്യശിശു ആക്രമിക്കപ്പെട്ടുവെന്നും എല്ലാ തവണയും എങ്ങനെയവന്‍ രക്ഷപ്പെട്ടതെന്നും ശത്രുവിനെ ജയിച്ചതെന്നും ഗ്രാമീണര്‍ അത്ഭുതം കൂറി.
ഇങ്ങനെ കൃഷ്ണന്‍റേയും ബലരാമന്‍റേയും അതിഭൗതിക ചെയ്തികള്‍ ഓര്‍ത്തും പറഞ്ഞും നന്ദനും മറ്റു ഗ്രാമീണരും സംസാരജീവിതത്തിന്റെ എല്ലാ ദുഃഖങ്ങളും അവരെ ബാധിക്കാതെ കഴിഞ്ഞുപോന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment