ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 2, 2017

മഹിഷാസുര വധം - ശ്രീമദ്‌ ദേവീഭാഗവതം. 5. 18 - ദിവസം 110.



തസ്യാസ്തു ഭഗിനീ കന്യാ നാമ്നാ ചേന്ദുമതീ ശുഭാ
വിവാഹയോഗ്യാ സംജാതാ സുരൂപാവരജാ തദാ
തസ്യാ: വിവാഹ: സംവൃത്ത സംജാതശ്ച സ്വയംവര:
രാജാനോ ബഹുദേശീയാ സംഗതാസ്തത്ര മണ്ഡപേ


മഹിഷന്‍ പറഞ്ഞു: 'അവളുടെ അനുജത്തി ഇന്ദുമതി അപ്പോഴേയ്ക്ക് യൌവനയുക്തയായി. ആ കന്യകയ്ക്ക് വേണ്ടി സ്വയംവരം ആര്‍ഭാടപൂര്‍വ്വം നടത്താന്‍ രാജാവ് തീരുമാനിച്ചു. നാനാ ദിക്കുകളില്‍ നിന്നും രാജാക്കന്മാര്‍ എത്തി. ലക്ഷണയുക്തനും വീരനുമായ ഒരു രാജാവിനെ അവള്‍ തിരഞ്ഞെടുത്തു. ആ വിവാഹസമയത്ത് വിടനും നയചാതുര്യമുള്ളവനുമായ ഒരു രാജാവിനെക്കണ്ട് മന്ദോദരി കാമപരവശയായിത്തീര്‍ന്നു. അവള്‍ ചെന്ന് അച്ഛനോട് തന്റെ ഇംഗിതം അറിയിച്ചു. തന്‍റെ വേളി കൂടി ഈ അവസരത്തില്‍ നടത്തണം എന്നവള്‍ അഭ്യര്‍ത്ഥിച്ചു. രാജാവിന് സന്തോഷമായി. അവളാഗ്രഹിച്ച മാദ്രാധീശനായ ചാരുദേഷ്ണനെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തി മകളെ വിവാഹം കഴിച്ചുകൊടുത്തു. ധാരാളം സ്ത്രീധനവും നല്‍കി അയാളെ ബഹുമാനിച്ചു.


കുലവധുവിനെ ലഭിച്ച യുവാവ് സന്തുഷ്ടനായി അവളുമൊത്ത് രമിച്ചു കഴിഞ്ഞു. എന്നാല്‍ ഒരു ദിവസം രാജകുമാരിയുടെ ദാസി നോക്കിയപ്പോള്‍ ആ വിടന്‍ ഒരു ഭൃത്യഭാര്യയുമായി രമിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞ കുമാരി അയാളെ കണക്കിന് ശകാരിച്ചുവെങ്കിലും  ആദ്യാനുഭവമായതുകൊണ്ട് അയാള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി. എന്നാല്‍ മറ്റൊരു ദിവസം ഒരു ദാസിപ്പെണ്ണുമായി രതിലീലയില്‍ ഏര്‍പ്പെട്ട രാജാവിനെയാണ്  മന്ദോദരി കണ്ടത്. 'ഇയാള്‍ ഇത്ര വിടനാണല്ലോ, ഞാന്‍ ചെയ്തത് എത്ര മൂഢത്വമാണ്. എന്‍റെ മോഹമാണ് ഇയാളുടെ വഞ്ചനയ്ക്ക് ഞാന്‍ പാത്രമാവാനുള്ള കാരണം’ എന്നവള്‍ ആകുലപ്പെട്ടു. ‘ഇനിയെങ്ങിനെ ഇയാളെ ഭര്‍ത്താവായി ഞാന്‍ സ്വീകരിക്കും! ഏതായാലും ഇനി ഈ സുഖം എനിക്ക് വേണ്ട. സംയോഗസുഖമൊക്കെ എനിക്ക് മതിയായി. ഇനി ദേഹത്യാഗം ചെയ്യണോ അതോ പിതാവിന്‍റെ കൊട്ടാരത്തിലേയ്ക്ക് മടങ്ങണോ? അവിടെച്ചെന്നാല്‍ തോഴിമാരുടെ കളിയാക്കലും നിന്ദയും എല്ലാം സഹിക്കണം. ഞാന്‍ കാമസുഖങ്ങള്‍ എല്ലാം ഉപേക്ഷിക്കുന്നു. ഇവിടെത്തന്നെ കാലം കഴിക്കാം’ എന്നവള്‍ തീരുമാനിച്ചു. ഇങ്ങിനെ സദാ ദു:ഖിയായി കഴിയാനാണ് അവള്‍ക്ക് വിധിയായത്.'



മഹിഷന്‍ തുടര്‍ന്നു: ‘അതുകൊണ്ട് സുന്ദരീ മഹാപ്രതാപിയായ എന്നെ വേണ്ടെന്നു വെച്ചാല്‍ പിന്നെയൊരിക്കല്‍ ഏതെങ്കിലും മൂന്നാം കിട രാജാവിനെ ആശ്രയിച്ച് കഴിയേണ്ടതായി വരും നാരിമാര്‍ക്ക് ഹിതമായ നല്ലൊരു കാര്യമാണ് നിന്നോടു ഞാന്‍ പറയുന്നത്. എന്നെ അനുസരിച്ച് സുഖിയായി കഴിയാം അല്ലെങ്കില്‍ നിന്‍റെ ഭാവി ഒരിക്കലും ശോഭനമാവുകയില്ല.”


ഉടന്‍ ദേവി പറഞ്ഞു: മൂഢാ, എന്തറിഞ്ഞിട്ടാണ് നീയീ വിടുവായത്തരം പറയുന്നത്? ജീവനില്‍ കൊതിയുണ്ടെങ്കില്‍ പാതാളത്തിലേയ്ക്ക് ഒാടിപ്പോവുക. അല്ലെങ്കില്‍ യുദ്ധത്തിനു തയാറാവുക. നിന്നെയും നിന്‍റെ കൂട്ടരെയും സമൂലം ഇല്ലാതാക്കിയിട്ടേ ഞാന്‍ മടങ്ങുന്നുള്ളു. സജ്ജനങ്ങള്‍ക്ക് ആപത്തുവരുമ്പോള്‍ ഞാനവിടെയെത്തി അവരെ പരിരക്ഷിക്കും. വാസ്തവത്തില്‍ എനിക്ക് നിയതമായ രൂപമോ ഭാവമോ ജന്മമോ ഇല്ല. എന്നാലും ആപത്ഘട്ടങ്ങളില്‍ സജ്ജനങ്ങളെ രക്ഷിക്കാന്‍ ഞാനോരോ രൂപങ്ങള്‍ എടുക്കാറുണ്ട്. ദേവന്മാര്‍ എന്റെയടുക്കല്‍ അഭയം തേടി വന്നതിനാല്‍ നിന്നെ വധിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവതരിച്ചിട്ടുള്ളത്. അവസാനമായി ഒരവസരം കൂടി ഞാന്‍ തരാം. പാതാളത്തില്‍പ്പോയി ജീവിച്ചാലും. അതിനു സമ്മതമല്ലെങ്കില്‍ കാലനൂര്‍ക്ക് പോവാന്‍ തയ്യാറായിക്കൊള്ളുക.’


ദേവിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ദാനവന്‍ ക്രുദ്ധനായി അമ്പും വില്ലുമെടുത്ത് യുദ്ധസന്നദ്ധനായി. അവന്‍ തൊടുത്തുവിട്ട ബാണങ്ങളെ ‘അയോമുഖം എന്ന് പേരായ ബാണമെടുത്ത് ദേവി നിഷ്പ്രയാസം തടുത്തു. അവര്‍ തമ്മിലുള്ള പോര് കണ്ടു ദേവന്മാര്‍ പേടിച്ചുപോയി. അസുരന്മാര്‍ വിരണ്ടുനിന്നു.


പെട്ടെന്ന് ദുര്‍ദ്ധരന്‍ മഹിഷന്‍റെ തുണയ്ക്കെത്തി. ദേവി അവനെ അപ്പോള്‍ത്തന്നെ ശരമാരികൊണ്ട് കൊന്നുകളഞ്ഞു. ദുര്‍ദ്ധരന്‍റെ അന്ത്യം കണ്ടപ്പോള്‍ അസ്ത്രവീരനായ ത്രിനേത്രന്‍ ഭഗവതിയുടെ നേര്‍ക്ക് എഴമ്പുകള്‍ ഒരുമിച്ചെയ്തു. അവ ലക്ഷ്യത്തില്‍ എത്തുന്നതിനു മുന്‍പേ ദേവി ഖണ്ഡിച്ചു. എന്നിട്ട് തന്‍റെ ശൂലമെടുത്ത് ആ അസുരനെ വകവരുത്തി.


അപ്പോളതാ അന്ധകന്‍ വരുന്നു. അവന്‍ തന്‍റെ ഗദകൊണ്ട് സിംഹത്തിന്‍റെ ശിരസ്സുനോക്കി ആഞ്ഞടിച്ചു. സിംഹത്തിന്‍റെ ക്രോധത്തിനിരയായ അസുരന് ദയനീയമായ അന്ത്യം ഉടനെയുണ്ടായി. കൂട്ടുകാര്‍ മരിച്ചു വീണപ്പോള്‍ വര്‍ദ്ധിതക്രോധത്തോടെ മഹിഷന്‍ ബാണജാലം പ്രയോഗിച്ചു. ജഗദംബയ്ക്ക് ആ ശരജാലം തടയാന്‍ പ്രയാസമേതും ഉണ്ടായില്ല. ദേവി ഉടനെതന്നെ അസുരന്റെ മാറില്‍ ഗദകൊണ്ട് പ്രഹരമേല്‍പ്പിച്ചു. അടികൊണ്ട അസുരന്‍ മോഹാലസ്യപ്പെട്ടുവെങ്കിലും ഉടനെ അതില്‍ നിന്നും ഉണര്‍ന്നു. അവന്‍ ദേവിയുടെ നേര്‍ക്ക്‌ കുതിച്ചു. എന്നിട്ട് ഗദയാല്‍ സിഹത്തെ അടിച്ചു. അടി കൊണ്ട സിംഹം അവനെ മാന്തിപ്പൊളിച്ചു.



മഹിഷന്‍ പെട്ടെന്ന് രൂപം മാറി മറ്റൊരു സിംഹമായി ദേവിയുടെ സിംഹത്തെ ആക്രമിച്ചു. ദേവിയും ക്രുദ്ധയായി അയോമുഖാസ്ത്രങ്ങളുടെ ഒരു പെരുമഴതന്നെ അവനുനേരെ പ്രയോഗിച്ചു. മഹിഷന്‍ വീണ്ടും രൂപം മാറി. ഇത്തവണ അവന്‍ ആനയുടെ രൂപമെടുത്തു. മദംപൊട്ടിയ ആന വലിയൊരു മലയിളക്കി കൊണ്ടുവന്നു ദേവിയെ നേര്‍ക്ക് എറിയാന്‍ നോക്കി. നേരെയൊരു പര്‍വ്വതശൃംഗം വന്നത് കാണ്‍കെ ദേവിയതിനെ ശരമാരികൊണ്ട് പൊടിയാക്കിക്കളഞ്ഞു.



പെട്ടെന്ന് ദേവിയുടെ സിംഹം ആ ആനയുടെ മസ്തകത്തില്‍ ചാടിക്കയറി നഖം കൊണ്ട് മാന്തിക്കീറാന്‍ തുടങ്ങി. അസുരന്‍ പെട്ടെന്ന് രൂപം മാറി. ഇത്തവണ അതിശക്തനായ ഒരെട്ടടിമാനിന്‍റെ ദേഹമാണവന്‍ സ്വീകരിച്ചത്. അവന്‍ സിംഹത്തെ നേരിട്ടു. അവനെ ദേവി വാള് കൊണ്ട് നേരിട്ടപ്പോള്‍ അവന്‍ കൊമ്പുകള്‍കൊണ്ട് ദേവിയെ ആക്രമിച്ചു.


പെട്ടെന്ന് മഹിഷന്‍ തന്‍റെ സ്വരൂപമായ പോത്തിന്റെ ദേഹത്തിലേയ്ക്ക് തിരിച്ചു വന്നു. കൂറ്റന്‍ വാലു ചുഴറ്റിയും കൊമ്പുകള്‍കൊണ്ട് വെട്ടിയും അവന്‍ ദേവിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ‘നില്ലവിടെ, യൌവ്വനത്തിന്‍റെ മദം കൊണ്ട് അഹങ്കരിക്കുന്ന നിന്നെ ഞാന്‍ ഇപ്പോള്‍ത്തന്നെ കൊന്നുകളയും’ എന്നവന്‍ വീമ്പു പറഞ്ഞു. ‘സ്വയം അതിശക്തയാണെന്നുള്ള അഹങ്കാരമാണ് നിന്നെ എനിക്കെതിരെ പൊരുതാന്‍ പ്രേരിപ്പിച്ചത്. നിന്നെ മാത്രമല്ല നിന്നെ എനിക്കെതിരായി ഇറക്കിവിട്ട കപടഭക്തന്മാരെയും ദേവന്മാരെയും ഞാന്‍ വകവരുത്തും. ആ ദുര്‍ബുദ്ധികള്‍ എന്നെ എതിര്‍ക്കാന്‍ ഒരു പെണ്ണിനെ വിട്ടിരിക്കുന്നു’ എന്നവന്‍ അരിശം പൂണ്ടു.


അപ്പോള്‍ ദേവിയും ക്രോധത്തോടെ പറഞ്ഞു: ‘മൂഢാ വെറുതെ വിടുവാ പറയേണ്ട. നീയവിടെത്തന്നെ നില്‍ക്ക്. ഞാനീ മുന്തിരിച്ചാറ് കുടിച്ചിട്ട് നിന്നെക്കൊന്നു ദേവന്മാരുടെ ദുഃഖം മാറ്റാം.’ എന്ന് പറഞ്ഞ് ദേവിയൊരു വലിയ ചഷകം നിറയെ മധു കുടിച്ചു. മദിര കുടിച്ചു കഴിഞ്ഞപ്പോള്‍ ദേവി തന്‍റെ ശൂലം കയ്യിലെടുത്തു. മഹിഷന്‍റെ നേര്‍ക്ക് ശൂലവുമായി പാഞ്ഞു വരുന്ന ദേവിയെക്കണ്ട് ദേവന്മാര്‍ സ്തുതി പാടി.


‘ദേവി ജയിക്കട്ടെ’ എന്നവര്‍ പെരുമ്പറ മുഴക്കി. ഋഷികള്‍, സിദ്ധചാരണഗന്ധര്‍വ്വന്മാര്‍ ആകാശത്ത് ഈ വിശിഷ്ടയുദ്ധം കാണാന്‍ അണിനിരന്നു. മഹിഷാസുരന്‍ പലവിധ രൂപങ്ങളെടുത്ത് ദേവിയെ കബളിപ്പിക്കാന്‍ നോക്കി. എന്നാല്‍ പെട്ടെന്ന് ദേവിയുടെ ശൂലം അവന്‍റെ ഹൃദയഭാഗത്ത് ചെന്ന് തറച്ചു. മോഹാലസ്യത്തില്‍ താഴെ വീണ അസുരന്‍ വീണ്ടും എഴുന്നേറ്റു വന്നു ദേവിയെ കാലുകൊണ്ട്‌ തൊഴിച്ചു. അവന്‍റെ അട്ടഹാസം ദിക്കുകള്‍ മുഴുവന്‍ മുഴങ്ങിക്കേട്ടു. അപ്പോള്‍ രണചണ്ഡികയായ ദേവി തന്‍റെ സുദര്‍ശന ചക്രം കയ്യിലെടുത്തു.


ആയിരം മുനകളുള്ള ചക്രം കയ്യില്‍പ്പിടിച്ചുകൊണ്ട് ദേവിയിങ്ങിനെ അലറി. ‘മദാന്ധ, നിന്നെ കൊല്ലാനുള്ള ചക്രമാണിത്. നിന്‍റെ കഴുത്തറുക്കും മുന്‍പ് നീയിതിനെ ശരിക്ക് കണ്ടുകൊള്ളൂ.’ ഇത്രയും പറഞ്ഞു ദേവിയാ ചക്രത്തെ കയ്യില്‍ നിന്നും ബലത്തില്‍ കറക്കി വിട്ടു. ക്ഷണത്തില്‍ അതുചെന്ന് അസുരന്‍റെ കഴുത്ത് മുറിച്ചു. മഹിഷന്‍റെ തല മണ്ണില്‍ വീണു. ചുറ്റുമുള്ള മണ്ണ് അസുരന്‍റെ രക്തം കലര്‍ന്ന് കാവി നിറമായി. അസുരന്‍റെ ഉടലും ചുറ്റിത്തിരിഞ്ഞു മണ്ണില്‍പ്പതിഞ്ഞു. യുദ്ധത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ നോക്കുന്ന അസുരന്മാരെ സിംഹം ഭക്ഷണമാക്കി. ബാക്കിയുള്ള ദൈത്യര്‍ പെട്ടെന്ന് പാതാളത്തിലേയ്ക്ക് പാലായനം ചെയ്തു.


വാനില്‍ നിന്നും ജയജയാരവം മുഴങ്ങി. ജഗദംബയായ ചണ്ഡിക പോര്‍ക്കളത്തില്‍ നിന്നും ശുഭമായ ഒരിടത്തേയ്ക്ക് മാറി നിന്നു. ദേവവൃന്ദം ഭഗവതിയെ സ്തുതിക്കാനായി അണിനിരന്നു. പുഷ്പവൃഷ്ടിക്കൊപ്പം പെരുമ്പറയും മുഴങ്ങി.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment