രാമായണത്തില്‍ ശ്രീരാമനും പരശുരാമനും കണ്ടുമുട്ടുന്ന സന്ദര്‍ഭം സംഘര്‍ഷനിര്‍ഭരമാണ്. വിവാഹം കഴിഞ്ഞ് മടങ്ങുന്ന ശ്രീരാമനു മുമ്പിലേക്ക് ഉഗ്രകോപത്തോടെയാണ് പരശുരാമന്‍ പ്രവേശിക്കുന്നത്. ക്ഷത്രിയന്മാരോട് അദ്ദേഹത്തിന് പണ്ടേ വൈരമുണ്ട്.
തന്റെ ഗുരുവായ പരമശിവന്റെ വില്ലു മുറിച്ചതിനാല്‍ ശ്രീരാമനോട് പരശുരാമന് കോപം ആളിക്കത്തി. ഇരുപത്തൊന്നുവട്ടം ക്ഷത്രിയകുലം മുടിച്ച്, ചോരകണ്ട് അറപ്പുമാറിയ പരശുരാമന് യുദ്ധം ഒരു ലഹരിയായി. തനിക്കു മുന്നില്‍നില്ക്കുന്ന ശ്രീരാമന്റെ പ്രായത്തെ പരിഗണിക്കാതെയാണ് പരശുരാമന്‍ വെല്ലുവിളി നടത്തുന്നത്. തന്റെ ഗുരുവായ പരമശിവന്റെ വില്ലു മുറിച്ച ശ്രീരാമനോട്, വൈഷ്ണവചാപം എടുത്ത് കുലയ്ക്കാന്‍ മുനി ആവശ്യപ്പെടുന്നു. വില്ലുകുലച്ചാല്‍ രാമനെ വെറുതെ വിടാമെന്നല്ല, രാമനോട് യുദ്ധം ചെയ്യാമെന്നാണ് പരശുരാമന്‍ ആക്രോശിക്കുന്നത്. പരശുരാമന്റെ കോപത്തിനു മുമ്പില്‍ പ്രകൃതിപോലും ഭയപ്പെട്ടു. ദിക്കുകള്‍ അന്ധകാരപൂര്‍ണ്ണമായി
ഈ അസ്വസ്ഥതകള്‍ക്കിടയിലും ചാഞ്ചല്യമില്ലാതെ സധൈര്യം നിലയുറപ്പിക്കുകയാണ് രാമന്‍. തന്റെ കര്‍ത്തവ്യത്തില്‍ കളങ്കമില്ലെന്ന വിശ്വാസമാണ് രാമന്റെ ബലം. ആ ബലത്തിലൂന്നിക്കൊണ്ട് പരശുരാമനോട് സംവദിക്കാനും ശ്രീരാമന്‍ മടിക്കുന്നില്ല. പരശുരാമന്റെ ഭാഷ കോപവും അഹങ്കാരവും നിറഞ്ഞതാണെങ്കില്‍ ശ്രീരാമന്റെ ഭാഷ സൗമ്യവും വിനയസമ്പന്നവുമാണ്. ഗുരുഭക്തികൊണ്ടും സ്വപ്രയത്‌നംകൊണ്ടും ഇച്ഛാശക്തികൊണ്ടും സത്‌പേരും ഔന്നത്യവും കൈവരിക്കുന്ന ചെറുപ്പക്കാരോട് ചില കാരണവന്മാര്‍ക്ക് തോന്നുന്ന മുറുമുറുപ്പ് ഇക്കാലത്തും കാണുന്നതാണ്. വിദ്യയും വിവേകവും തപസ്സും ഉണ്ടായിട്ടും ഇരുത്തംവരാത്ത ഗുരുത്വമാണ് പരശുരാമനില്‍ കാണുന്നത്. ആവശ്യം കഴിഞ്ഞാല്‍ ആയുധം താഴെവെയ്ക്കാന്‍ പരശുരാമന്‍ തയ്യാറാകുന്നില്ല. താപസനായ പരശുരാമന് കാടാണ് വാസസ്ഥാനം. അതിനുപറ്റിയ ആയുധമാണ് മഴു. ബ്രാഹ്മണനായ പരശുരാമന്‍ വില്ലേന്തി നടക്കേണ്ടവനല്ല. വിദ്യയാണ് പരശുരാമന്‍ സംരക്ഷിക്കേണ്ടത്, യുദ്ധമല്ല! നിരന്തരമായ യുദ്ധം പരശുരാമനെ യുദ്ധക്കൊതിയനാക്കി മാറ്റി. ഒരു ചെറുബാലനില്‍പ്പോലും ശുത്രുവിനെ കാണുംമട്ടില്‍ പരശുരാമ ഹൃദയം മാറിപ്പോയി! ഈയവസരത്തില്‍ പരശുരാമനെ തപോനിധിയെന്ന് സംബോധന ചെയ്തുകൊണ്ട്, ശ്രീരാമന്‍ സ്വന്തം ആശ്രമധര്‍മ്മവും കുലധര്‍മ്മവും വ്യക്തമാക്കുന്നു.
ക്ഷത്രിയകുലത്തില്‍ ജനിച്ചതുകൊണ്ട് വില്ലെടുക്കുകയെന്നത് രാമന്റെ വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ക്ക് നിരക്കുന്നതാണ്. രാമന്റെ പൂര്‍വ്വികര്‍ വില്ലുകൊണ്ടുമാത്രം സമ്പത്തുനേടുകയും നേടിയസമ്പത്ത് ദാനം ചെയ്യുകയും ചെയ്തവരാണ്. സ്വരക്ഷയ്ക്കുവേണ്ടി മാത്രമല്ല, പ്രകൃതിയുടെയും സര്‍വ്വചരാചരങ്ങളുടെയും സംരക്ഷണത്തിനുവേണ്ടിയാണ് സൂര്യവംശ രാജാക്കന്മാര്‍ വില്ലെടുത്തത്. യുദ്ധത്തിന് രാമനോ രാമന്റെ പൂര്‍വ്വികരോ കാരണമുണ്ടാക്കിയില്ല. തന്നില്‍ നിക്ഷിപ്തമായ ദൗത്യത്തില്‍നിന്ന് പിന്തിരിയുക ധീരനുചേര്‍ന്ന പ്രവൃത്തിയല്ല. അതുകൊണ്ടുമാത്രം ശ്രീരാമന്‍ പരശുരാമനില്‍നിന്ന് വില്ലുവാങ്ങി ലക്ഷ്യം നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. ഫലമോ? ആ മുനിശ്രേഷ്ഠന്റെ സര്‍വ്വാഹങ്കാരങ്ങളും ഒരു ചെറുബാലനുമുന്നില്‍ തകര്‍ന്നുപോയി. തന്റെ യുദ്ധക്കൊതിമുഴുവന്‍ ഉപേക്ഷിച്ച് മുടങ്ങിപ്പോയ ആശ്രമകുലധര്‍മ്മാചരണത്തിന് പരശുരാമന്‍ യാത്രയായി.
യുദ്ധകാലുഷ്യം തീര്‍ന്ന് പ്രശാന്തസുന്ദരമായ ഈ അന്തരീക്ഷം രാമായണത്തിലെ ഉജ്ജ്വല മുഹൂര്‍ത്തം തന്നെ! രാമന്റെ നയതന്ത്രത്തിന്റെ ഉത്തമ നിദര്‍ശനമാണത്. വിനയവും വിവേകവും സത്യവും ധര്‍മ്മവും ഏതു യുദ്ധക്കൊതിക്കു മുകളിലും വിജയക്കൊടി നാട്ടുമെന്ന് ഈ രാമായണസന്ദര്‍ഭം കാട്ടിത്തരുന്നു. ലോകരാഷ്ട്രങ്ങള്‍ക്കാകമാനം മാതൃകയായ നയതന്ത്രമാണ് രാമായണത്തില്‍ കാണുന്നത്.
No comments:
Post a Comment