ഏവം സമ്മോഹയന്‍ വിഷ്ണും വിമോഹം വിശ്വമോഹനം
സ്വയൈവ മായയാജോഽപി സ്വയമേവ വിമോഹിതഃ (10-13-44)
സ്വയൈവ മായയാജോഽപി സ്വയമേവ വിമോഹിതഃ (10-13-44)
തത്രോദ്വഹത് പശുപവംശശിശുത്വനാട്യം
ബ്രഹ്മാഽദ്വയം പരമനന്തമഗാധബോധം
വത്സാന്‍ സഖീനിവ പുരാ പരിതോ വിചിന്വ
ദേകം സപാണികബളം പരമേഷ്ഠ്യചഷ്ട (10-13-61)
ശുകമുനി തുടര്‍ന്നു:
ആ ദിവസം മുതല്‍ വൃന്ദാവനത്തിലെ ഗോപാലന്മാര്‍ക്കും ഗോപാലികമാര്‍ക്കും കൃഷ്ണനെ സ്വന്തം മകനായും മുറ്റത്തു നില്‍ക്കുന്ന പശുക്കളായും എല്ലാം കണക്കാക്കി ജീവിക്കാനുളള അതീവസൗഭാഗ്യം ലഭിച്ചു. ഗോപികമാര്‍ക്ക് തങ്ങളുടെ പുത്രന്മാര്‍ ഒരു രാത്രികൊണ്ട് അവരോട് എത്രയും സ്നേഹമുളളവരായി മാറിയതായി അനുഭവപ്പെട്ടു. പശുക്കളാകട്ടെ പൈക്കുട്ടികളെ നക്കിത്തുടയ്ക്കാനും പാലു കുടിപ്പിക്കാനും വലിയ താത്പര്യം കാണിക്കുകയും ചെയ്തു. എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും അമ്മമാര്‍ക്ക് ബാലന്‍മാരെ ശകാരിക്കാന്‍ തോന്നുന്നതേയില്ല. ഭഗവാന്റെ ജ്യേഷ്ഠനായ ബലരാമന്‍ ആദ്യം ചിന്താക്കുഴപ്പത്തിലായി. ഈ ഗ്രാമത്തില്‍ ഇത്ര മാത്രം സ്നേഹഭാവം വഴിഞ്ഞൊഴുകുന്നുതിന്റെ കാരണം എന്താവും? കുട്ടികളേയും പൈക്കുട്ടികളേയും എല്ലാവരും എത്രമാത്രം സ്നേഹിക്കുന്നു. എന്നാല്‍ അന്തഃനേത്രത്താല്‍ ബലരാമന് മനസ്സിലായി ഇവരൊന്നും മാമുനിമാരുടേയും ദേവന്മാരുടേയും അവതാരങ്ങളായി വൃന്ദാവനത്തില്‍ ജനിച്ചവരല്ല, മറിച്ച് ഭഗവാന്‍ സ്വയം ഇവരെല്ലാമായിരിക്കുന്നു. ബലരാമന്‍ ചോദിച്ചപ്പോള്‍ കൃഷ്ണന്‍ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു.
ഒരു മനുഷ്യവര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രഹ്മാവ് വൃന്ദാവനത്തിലെത്തി. അവിടെ കൃഷ്ണന്‍ കൂട്ടുകാരോടും പൈക്കുട്ടികളോടുമൊത്ത് കളിച്ചുകൊണ്ടിരിക്കുന്നു. പഴയപോലെ തന്നെ. ബ്രഹ്മാവ് കൃഷ്ണനെ മായാമോഹിതനാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതേ കൃഷ്ണന്റെ മായാവലയത്തിലാകൃഷ്ടനായി സ്വയം നില്‍ക്കുന്നു. ബ്രഹ്മാവ് ഒളിപ്പിച്ചുവച്ച കന്നുകുട്ടികളും ബാലന്മാരും മന്ത്രവലയത്തില്‍ത്തന്നെ ആയിരുന്നു. എങ്കിലും ഇവിടെ അവരേപ്പോലെ തന്നെയുളള ബാലന്മാരോടും പൈക്കുട്ടികളോടുമൊത്ത് കൃഷ്ണന്‍ ലീലയാടുന്നു. ബ്രഹ്മാവിന് അവരെ തിരിച്ചറിയാനായില്ല. താനൊളിപ്പിച്ചുവച്ചവരും ഇപ്പോള്‍ കൃഷ്ണന്റെ കൂടെയുളളവരും ഒരേ പോലിരിക്കുന്നു. ഭഗവാന്റെ മായ തന്റെ മായയെ അതിജീവിച്ചതറിഞ്ഞ് അമ്പരപ്പോടെ ബ്രഹ്മാവ് അങ്ങനെ നിന്നു. മൂടല്‍മഞ്ഞു കൊണ്ടുണ്ടാവുന്ന ഇരുട്ട് രാത്രിയുടെ ഇരുട്ടില്‍ ലയിച്ചുപോകുംപോലെ കൃഷ്ണന്റെ മായയില്‍ ബ്രഹ്മാവിന്റെ മായാശക്തി ഇല്ലാതായി. ഇക്കാണുന്ന ഗോപാലന്മാരും പൈക്കുട്ടികളുമെല്ലാം പലേകൃഷ്ണന്‍മാരാണെന്നു ബ്രഹ്മാവ് കണ്ടു. പിന്നീട് അതെല്ലാം ആ പരംപൊരുള്‍ തന്നെയെന്നു ബ്രഹ്മാവു മനസ്സിലാക്കി.
ഭഗവാന്റെ മായാശക്തിയില്‍ അത്ഭുതപാരവശ്യത്തോടെ ബ്രഹ്മാവ് നിലകൊളളുമ്പോള്‍ കൃഷ്ണന്‍ തന്റെ മായയെ പിന്‍വലിച്ചു. ബ്രഹ്മാവിനു പ്രജ്ഞ തിരിച്ചു കിട്ടി. സത്യം മനസ്സിലായി. പവിത്രമായ വൃന്ദാവനത്തില്‍ ഭഗവല്‍സാന്നിദ്ധ്യംകൊണ്ട് എല്ലാവരും സ്നേഹത്തോടെ, സമാധാനത്തോടെ, ഐക്യത്തോടെ കഴിയുന്നു. സാധാരണയുണ്ടാവുന്ന പകയോ വിദ്വേഷമോ പോലും അവരിലുണ്ടായിരുന്നില്ല. ആ വൃന്ദാവനത്തില്‍ പരംപൊരുള്‍ സ്വയം ഗോപാലബാലനായി പൈക്കുട്ടികളേയും പശുക്കളേയും തേടുന്നതും പകുതി കഴിച്ച ചോറ് ഇടതുകയ്യില്‍ പിടിച്ചു നില്‍ക്കുന്നുതും എല്ലാം പഴയപടി തന്നെ ബ്രഹ്മാവ് കണ്ടു. താന്‍ ഒളിപ്പിച്ചു വയ്ക്കുന്നുതിനു മുന്‍പുളള അതേപടിതന്നെ എല്ലാമിരിക്കുന്നു. സ്രഷ്ടാവായ ബ്രഹ്മദേവന്‍ ഭഗവാന്‍ കൃഷ്ണന്റെ കാല്‍ക്കല്‍ വീണു ക്ഷമയാചനയോടെ പ്രാര്‍ത്ഥിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment