ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 13, 2017

അറിവാണ് ഭക്തി



എന്നില്‍ എന്ന പദത്തിന് പ്രകൃതി എന്ന അര്‍ത്ഥം കല്‍പിച്ചുനോക്കൂ. ദൈവത്തിലേക്കുള്ള വഴി അറിവാണെന്നും അതിനാല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്തോറും ദൈവത്തോടടുക്കുമെന്നുള്ള വിശ്വാസത്തിന് പിന്നിലെ മഹത്തായ സത്യം മനുഷ്യന്‍ ഉള്‍ക്കൊണ്ടിരുന്നു. കര്‍മത്തിലൂടെ ജ്ഞാനപഥം ശുദ്ധീകരിച്ച് ഒരുപാട് ധന്യാത്മാക്കള്‍ നമുക്ക് മുന്‍പേ കടന്നുപോയിട്ടുണ്ട്.
ഭക്തി പിറവിയെടുക്കുന്നത് ഭയത്തില്‍നിന്നാണെന്ന് പറയപ്പെടുന്നു. എങ്കില്‍ ഭക്തന്‍ ആരെയാണ് അല്ലെങ്കില്‍ എന്തിനെയാണ് ഭയപ്പെടുന്നത്? ശ്രീകോവിലിനെയോ? വിഗ്രഹത്തെയോ? പൂജാവസ്തുവിനെയോ? മന്ത്രത്തെയോ? പൂജാരിയെയോ? ഭക്തിയുടെ പശ്ചാത്തലത്തില്‍ മനുഷ്യനും പ്രകൃതിയും പരസ്പരം പ്രണയിച്ചപ്പോള്‍ സൂര്യഭഗവാനും, മലദേവവും വനദേവതയും ജലദേവതയും സന്നിധിക്കുള്ളില്‍ പൂജിക്കപ്പെട്ടു. ദൃഢബന്ധത്തിലൂടെ ജീവന്റെ നിലനില്‍പ്പിനുവേണ്ടി പ്രകൃതിയെ പൂര്‍ണമായും ആശ്രയിച്ചിരുന്ന മനുഷ്യന്റെ രൂപപ്പെടുത്തലാണ് ഭക്തി എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

ആഗ്രഹിക്കുന്നതൊക്കെ യഥേഷ്ടം നല്‍കുന്ന പ്രകൃതിയെ ആരാധിക്കേണ്ടത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ആവശ്യമായിരുന്നു. സംരക്ഷണത്തിലൂടെ ഉപയോഗം തുടരാമെന്നുള്ള തിരിച്ചറിവായിരിക്കണം മനുഷ്യന്റെ പ്രകൃതി സ്‌നേഹത്തിന് കാരണമായിത്തീര്‍ന്നത്. അമിതമായ ചൂഷണം പ്രകൃതിയുടെ താളം തെറ്റിച്ചാല്‍ ദുരന്തം നേര്‍ക്കുനേരെ കാണേണ്ടിവരുമെന്നുള്ള ഉറച്ചവിശ്വാസം 
ആദിമമനുഷ്യനോടൊപ്പമുണ്ടായിരുന്നു. ദൈവികമായൊരു സംരക്ഷണവലയം പ്രകൃതിക്കുവേണ്ടി രൂപപ്പെടുത്തിയത് അതുകൊണ്ടായിരിക്കണം. ദൈവം പ്രകൃതിയായതിനാല്‍ പ്രകൃതിയിലുള്ളതിനെയെല്ലാം ദേവപ്രസാദമായി കാണാന്‍ തുടങ്ങിയതോടെ മനുഷ്യമനസ്സില്‍ പ്രകൃതിവിരുദ്ധതയ്ക്ക് സ്ഥാനമില്ലാതെയായി.

ഭക്തിയുടെ അദൃശ്യശക്തിയാല്‍ മനുഷ്യനുണ്ടായ ഉണര്‍വ് ലോകം ദര്‍ശിച്ചത് അങ്ങനെയൊരു സാഹചര്യത്തിലായിരിക്കണം. ഭഗവത്ഗീതാവചനം ഇവിടെ ചേര്‍ത്തുവായിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. ”ജീവികള്‍ ഒന്നിനോടും ദ്വേഷമില്ലാതെ മൈത്രിയും കാരുണ്യവുമുള്ളവനായി ഞാനെന്നും എന്റേതെന്നുമുള്ള ഭാവമില്ലാതെ സുഖദുഃഖങ്ങള്‍ തുല്യമായി ഗണിച്ച് ക്ഷമയോടും സദാ സന്തോഷത്തോടും യോഗം ശീലിച്ച് മനോബുദ്ധികള്‍ നിയന്ത്രിച്ച് ദൃഢനിശ്ചയത്തോടെ മനസ്സും ബുദ്ധിയും എന്നിലര്‍പ്പിച്ച ഭക്തന്‍ ആരാണോ അവനാണ് യഥാര്‍ത്ഥ ഭക്തന്‍.”

എന്നില്‍ എന്ന പദത്തിന് പ്രകൃതി എന്ന അര്‍ത്ഥം കല്‍പിച്ചുനോക്കൂ. ദൈവത്തിലേക്കുള്ള വഴി അറിവാണെന്നും അതിനാല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്തോറും ദൈവത്തോടടുക്കുമെന്നുള്ള വിശ്വാസത്തിന് പിന്നിലെ മഹത്തായ സത്യം മനുഷ്യന്‍ ഉള്‍ക്കൊണ്ടിരുന്നു. കര്‍മത്തിലൂടെ ജ്ഞാനപഥം ശുദ്ധീകരിച്ച് ഒരുപാട് ധന്യാത്മാക്കള്‍ നമുക്ക് മുന്‍പേ കടന്നുപോയിട്ടുണ്ട്. അവരുടെ കാല്‍പ്പാടുകള്‍ അവസാനിക്കുന്നത് ആത്മീയതയുടെ തിരുമുറ്റത്താണ്.

ഭക്തിയെന്താണണെന്നറിയാത്ത ഭക്തന്മാര്‍ ഒന്നും കാണുന്നില്ലെന്നുമാത്രം. മനുഷ്യനെയും പ്രകൃതിയെയും ബന്ധിപ്പിച്ച ഭക്തി എന്ന ചരട് അല്‍പ്പാല്‍പ്പമായി മുറിച്ചു കളയുന്നതില്‍ ഇത്തരക്കാര്‍ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദുരന്തങ്ങള്‍ക്ക് ആടിത്തിമിര്‍ക്കാനുള്ള വേദിയായി പ്രകൃതി മാറിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.

പരിഷ്‌കാരത്തിന്റെ സൂത്രവാക്യത്തിനനുസരിച്ച് പ്രകൃതിഗണിതത്തെ മാറ്റിയെഴുതിക്കൊണ്ട് ലാഭത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി പൊട്ടിച്ചിരിക്കുന്ന ആധുനിക മനുഷ്യന്റെ മുഖം വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏറെ ഭയപ്പെടുന്നത് പ്രകൃതി തന്നെയായിരിക്കും. ആഗോളസ്വതന്ത്രവ്യാപാരത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നുകിടക്കെ അമിതമായ ചൂഷണത്തിലൂടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടേണ്ടതു നിര്‍ബന്ധമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഭക്തിക്കുപോലും പുതിയ ഭാവം നല്‍കി കമ്പോളത്തിലേക്ക് തള്ളിവിടുന്നു. ഭക്തിയുടെ മറവില്‍ ചെയ്തുകൊണ്ടിരിക്കുന്ന അകര്‍മങ്ങല്‍ സമൂഹത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അര്‍ത്ഥത്തിന്റെ യാഥാര്‍ത്ഥ്യത്തെ അറിയേണ്ടതുണ്ട്.

ശരീരത്തെ ക്ഷേത്രമായും മനസ്സിനെ വിഗ്രഹമായും സങ്കല്‍പിച്ചാല്‍ മനുഷ്യന്‍ ദൈവതുല്യനാകുമെന്നു പറയപ്പെടുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇങ്ങനെയൊരു തലത്തിലേക്ക് ഇന്നത്തെ മനുഷ്യന്‍ എത്തുന്നില്ല. എന്തൊക്കെയോ വാരിക്കൂട്ടാന്‍ വേണ്ടി മറ്റെന്തൊക്കെയോ നശിപ്പിച്ചുകൊണ്ട് കുതിരകണക്കെ മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ദുഃഖിച്ചിരിക്കുമ്പോള്‍ മടിയിലെടുത്തുവയ്ക്കാനും സന്തോഷിക്കുമ്പോള്‍ വലിച്ചെറിയാനുമുള്ള ഒരു വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. പരിഷ്‌കാരം കടന്നുവന്നു മനുഷ്യന് എന്തൊക്കെയോ സമ്മാനിച്ചെങ്കിലും മറ്റെന്തൊക്കെയോ തട്ടിയെടുത്തു കൊണ്ടുപോവുകയും ചെയ്യുന്നു. അറിവിനോടുള്ള ആത്മാര്‍ത്ഥതയില്ലായ്മയാണ് അതിലൊന്ന്.

അറിവിന്റെ മഹത്വം പാക്കനാരെ ബോധ്യപ്പെടുത്താന്‍ നാറാണത്തു ഭ്രാന്തന്‍ നടത്തിയ ഒരു പരീക്ഷണം ഇവിടെ പ്രസക്തമാണ്: ഒരു ചെടിക്കമ്പ് കയ്യിലെടുത്ത നാറാണത്ത് അതിനെ മൂന്ന് കഷണങ്ങളാക്കി അവ മൂന്നിനെയും ഉയര്‍ത്തിപ്പിടിച്ചു. പിന്നീട് അവ തറയിലേക്കിട്ട് അതിന്മേലൊന്നില്‍ കാര്‍ക്കിച്ച് തുപ്പി. അദ്ഭുതം! ആ മൂന്നു കഷണങ്ങളും ഒന്നായിച്ചേര്‍ന്നു. താന്‍ ചെയ്തതിന്റെ പൊരുളെന്താണെന്ന് പറയാന്‍ പാക്കനാരോട് നാറാണത്ത് ആവശ്യപ്പെട്ടു. പാക്കനാര്‍ ഒരു ചെറുപുഞ്ചിരി പൊഴിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി: ”സുഖവും ദുഃഖവും മാത്രമല്ല അറിവുകൂടി ജീവിതത്തില്‍ പ്രധാനമാണ്. താങ്കള്‍ പുറത്തേക്ക് തുപ്പിയത് അജ്ഞാനമാണ്. ജീവിതത്തില്‍ ഇവയെ ഒന്നിപ്പിക്കുന്നത് ജ്ഞാനമാണെന്നും ജ്ഞാനമുണ്ടെങ്കില്‍ മാത്രമേ ജീവിതം പൂര്‍ണമാകൂ എന്നുമല്ലേ താങ്കള്‍ ഈ കാണിച്ചതിനര്‍ത്ഥം?”

അറിയേണ്ടത് അറിയാതെ അറിവുള്ളതായി നടിക്കുന്നതാണ് ഇന്നത്തെ മനുഷ്യന്റെ ഏറ്റവും വലിയ പോരായ്മ. അമ്പലം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ അമ്പലത്തില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നവനെ ഭക്തന്‍ എന്നു വിളിക്കാന്‍പറ്റുമോ? വിഗ്രഹത്തിലൂടെ, ദീപനാളത്തിലൂടെ, അര്‍ച്ചനാപുഷ്പങ്ങളിലൂടെ, സുഗന്ധവസ്തുക്കളിലൂടെ നന്മയുടെ വലിയൊരു പാഠഭാഗം പഠിച്ചെടുക്കാന്‍ സാധിക്കാത്ത കാലത്തോളം ആര്‍ക്കും ദൈവത്തിലേക്കെത്താന്‍ പറ്റില്ല. എന്തിനോടൊക്കെയോ അല്ലെങ്കില്‍ ആരോടൊക്കെയോ ഉള്ള അറപ്പും വെറുപ്പും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടു ദൈവനാമത്തില്‍ കൈകൂപ്പുന്നതിന് എന്തര്‍ത്ഥം?

No comments:

Post a Comment