ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ 96-ാം ജയന്തിയാണ് ഇന്ന്. അദ്ദേഹം ഭൗതിക ദേഹം വെടിഞ്ഞിട്ട് ആറു വര്ഷം കഴിയുന്നു. പക്ഷേ, മള്ളിയൂരിന് മരണമില്ല. കാരണം ഭഗവദ് ഗീതയില് ഭഗവാന് കൃഷ്ണന് പറഞ്ഞിട്ടുണ്ട്, ‘ന മേ ഭക്ത പ്രണശ്യതി’, എന്റെ ഭക്തന്മാര് മരിക്കുന്നില്ല എന്ന്.
ജന്മവും ജീവിതവും പ്രാരാബ്ധങ്ങളിലും കഷ്ടപ്പാടുകളിലുമായിരുന്നു. കടുത്തദാരിദ്ര്യ ദുഃഖവും രോഗപീഡയും അനുഭവിക്കേണ്ടി വന്നിട്ടും അവയെല്ലാം ഭഗവാന് ഭക്തനുമേല് നടത്തുന്ന പരീക്ഷണങ്ങളായി അദ്ദേഹം വിശ്വസിച്ചു. പുഞ്ചിരിയോടെ പറയുമായിരുന്നു, ഭക്തന് നാശമില്ലെന്ന്, ആ ഗീതാ വചനമാണ് പ്രചോദനമെന്ന്.
ജീവിതത്തിന്റെ പരുക്കന് യാഥാര്ത്ഥ്യങ്ങളെ അതിജീവിക്കാന് കുറുക്കുവഴികള് തേടിപ്പോകുന്നവരുണ്ട്, ചില നിര്ണ്ണായക നിമിഷങ്ങളില്. എന്നാല്, അവരില്നിന്ന് ഏറെ വ്യത്യസ്തനായിരുന്നു മള്ളിയൂര്. ധര്മ്മത്തില് നിന്നും ഈശ്വര വിശ്വാസത്തില് നിന്നും അണുവിട വ്യതിചലിക്കാതെ ഏതു കഠിനമായ പരീക്ഷണങ്ങളെയും ശാന്തമായി, സമചിത്തതയോടെ നേരിടാന് കഴിയുമെന്ന് ജീവിച്ച് മാതൃക കാണിച്ചു തന്നു, ഭക്തോത്തമന് ഭാഗവതഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരി.
കെടുതികളില് നട്ടംതിരിയുന്ന ആധുനിക സമൂഹത്തിന് ശ്രീമദ് ഭാഗവത സന്ദേശം നല്കുകയെന്ന ദൗത്യമാണ് അദ്ദേഹം ജീവിതവ്രതമാക്കിയത്. കൂരിരുട്ടില് തപ്പിത്തടയുന്ന സാധാരണ ഭക്തരുടെ ഹൃദയങ്ങളില് ഭക്തിയുടെ പ്രകാശം ജ്വലിപ്പിച്ച് നേര്വഴി നയിക്കാന് ജ്വലിച്ച സൂര്യതേജസ്സായിരുന്നു മള്ളിയൂര്. കഠിനമായ തപശ്ചര്യയുടേയും, കര്ക്കശമായ നിഷ്ഠകളുടെയും, ഉന്നതമായ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയായിരുന്നു ഭാഗവതഹംസം.
സന്തോഷത്തിലും സങ്കടങ്ങളിലും കണ്ണീര് പൊഴിഞ്ഞിരുന്നു അദ്ദേഹത്തിനെന്നു പറയുന്നവരുണ്ട്. വാസ്തവത്തില് സന്തോഷവും സങ്കടവും ആ മനസ്സിനെ ബാധിച്ചിരുന്നേ ഇല്ല എന്നു വേണം പറയാന്. ഗീതയില് പറയുന്നതുപോലെ കരിക്കട്ടയും സ്വര്ണ്ണവും ഒരേപോലെ കാണുന്നൗ ചൂടും തണുപ്പും വേറിട്ടുകാണാത്ത, സുഖവും ദുഃഖവും രണ്ടാണെന്ന ഭേദഭാവമില്ലാത്ത സ്ഥിതപ്രജ്ഞനായിരുന്നു മള്ളിയൂര്. അദ്ദേഹത്തില്നിന്നു വഴിഞ്ഞത് ആനന്ദാശ്രുക്കളായിരുന്നു, അനുനിമിഷം അനുഭവിച്ചിരുന്ന ഭഗവദ് സാമീപ്യത്തിന്റെ ആനന്ദ ബിന്ദുക്കള്.
”മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷം നേടുകയെന്നതാണ്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ഉപകരണമാണ് നമ്മുടെ ജീവിതം. ഭൗതിക ജീവിതത്തിന്െ വിസ്മൃതിയില് അലഞ്ഞു തിരിയുമ്പോള് ഏകമായ അവലംബം ഈശ്വരന് മാത്രമാണ്. ജീവിതം ദുസ്സഹവും ദുഃഖപൂരിതവുമാകുമ്പോള് ആദ്ധ്യാത്മികാനുഷ്ഠാനം കൊണ്ട് ശാന്തിയും സമാധാനവും നേടാം, അതിനു നിഷ്കളങ്ക ഭക്തിവേണം,” ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിത സന്ദേശം.
ആധുനിക യുഗത്തില് ഭാഗവതധര്മ്മത്തിന് ഇടിവ് സംഭവിച്ചപ്പോള് ഭഗവാന് മള്ളിയൂരിലൂടെ അവതരിച്ചുവെന്നു കരുതുന്നവര് പോലുമുണ്ട്. ജീവിതകാലത്ത്, ഇത്രത്തോളം നിറഭക്തിയിലും സര്വാര്പ്പണത്തിലും മുഴുകി ജീവിച്ചവര് വേറേ ഏറെ ഇല്ലായിരുന്നു. കലിയുഗത്തില് ഭഗവത് കഥകളിലൂടെയും, പാരായണത്തിലൂടെയും അനേകലക്ഷം മനസുകളില് അചഞ്ചലമായ ഭക്തിയും വിശ്വാസവും ഉണ്ടാക്കാന് കഴിഞ്ഞുവെന്നതാണ് മള്ളിയൂരിന്റെ ജീവിതപുണ്യം.
ആ നറുകൈത്തിരിയില് ഉള്ക്കൊണ്ടിരുന്ന ജാജ്ജ്വല്യമാനമായ പ്രകാശം, അദ്ദേഹത്തിന്റെ ആത്മീയ ചൈതന്യ പ്രഭാവം, പാണ്ഡിത്യ പ്രഭാപൂരം ലോകം നേരിട്ടറിഞ്ഞത് ഏറെ വൈകിയായിരുന്നുവെന്നു മാത്രം. അവിടെയും ശ്രീകൃഷ്ണ ഉപദേശ മാര്ഗ്ഗത്തിലായിരുന്നു അദ്ദേഹം. ആരിലും ബുദ്ധിഭേദം ഉണ്ടാക്കാന് ശ്രമിക്കരുത്, എന്താണോ ശരി, അത് ചെയ്യുക, ശ്രേഷ്ഠന്മാര് ചെയ്യുന്നത് നാളെ ലോകം അനുസരിക്കുകതന്നെ ചെയ്യും എന്ന്. മള്ളിയൂര് അനുഷ്ഠിച്ചു, ആചരിച്ചു- അത് തിരിച്ചറിഞ്ഞ് മാലോകര് ഇന്നു അനുസരിക്കുന്നു. നാടെങ്ങും വ്യാപകമായ ഭാഗവത-ആത്മീയ സപ്താഹ യജ്ഞങ്ങളും സത്രങ്ങളും ആ അനുകരണ വഴിയില് രൂപംകൊണ്ടവയാണ്.
ഭാഗവതത്തെ പ്രാണവായുവാക്കി മനസ്സും ശരീരവും ഭഗവാന് പൂജാദ്രവ്യങ്ങളെന്നവണ്ണം സമര്പ്പിക്കുകയും ചെയ്തതുതന്നെയാണ് അദ്ദേഹത്തെ മരണമില്ലാത്ത മഹാനാക്കുന്നത്. ജന്മാന്തര സുകൃതം.
No comments:
Post a Comment