ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 1, 2017

വസന്തപഞ്ചമി (മാഘശുക്ലപഞ്ചമി) 1st ഫെബ്രുവരി 2017




2017 ഫെബ്രുവരി 1 നാണ് ഈ വര്‍ഷത്തെ വസന്തപഞ്ചമി. ബ്രഹ്മദേവന്റെ മുഖത്തുനിന്നും സരസ്വതീദേവി ആവിര്‍ഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നു(മാഘമാസത്തിലെ അഞ്ചാം ദിനം) എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ മാഘശുക്ലപഞ്ചമി ദേവിയുടെജന്മദിനമായി ആഘോഷിക്കപ്പെടുന്നു. കാളിദാസനുമുന്നില്‍ സരസ്വതീദേവി പ്രത്യക്ഷയായി വരം നല്‍കിയതു വസന്തപഞ്ചമിനാളിലാണ് എന്നും വിശ്വസിക്കപ്പെടുന്നു. മാഘശുക്ലപഞ്ചമി വസന്തപഞ്ചമി എന്ന പേരിലാണു കൂടുതലായി അറിയപ്പെടുന്നത്. ശ്രീപഞ്ചമി എന്നും ഈ ദിവസത്തെ വിളിക്കാറുണ്ട്. മാഘമാസം അതീവ വൈശിഷ്ട്യമാര്‍ന്ന പുണ്യമാസമാണ്. മാഘം(മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാര്‍ത്തികം (തുലാം-വൃശ്ചികം) എന്നിവയ്ക്ക് ഹൈന്ദവ പുരാണങ്ങള്‍ വളരെയധികം  പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വസന്തകാലം ആരംഭിക്കുന്നത് മാഘമാസത്തിലാണ്.


വസന്തപഞ്ചമി ദിനം വിജയദശമിപോലെതന്നെ പ്രധാനപ്പെട്ടതാണ്. ഉത്തരേന്ത്യയില്‍ ഈ ദിവസം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. കേരളീയര്‍ വിദ്യാരംഭം കുറിക്കുവാന്‍ വിജയദശമി തിരഞ്ഞെടുത്തപ്പോള്‍ ഉത്തരേന്ത്യയില്‍കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കുന്നത് ദേവിയുടെ ജന്മദിനമായ വസന്തപഞ്ചമിയിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നു ദേവിയെ പൂജിക്കാറുണ്ട്. പ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി(കാശി ഹിന്ദുവിശ്വവിദ്യാലയം) യ്ക്കു പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ശിലാസ്ഥാപനം നടത്തിയത് ഒരു വസന്തപഞ്ചമി നാളിലായിരുന്നു.


സത്വപ്രധാനയും ശുക്ലവര്‍ണ്ണയുമായ സരസ്വതീദേവിയെ വസന്തപഞ്ചമി നാളില്‍ പ്രഭാതത്തില്‍ ജലഗന്ധപുഷ്പദീപാദികളാല്‍ പൂജിക്കേണ്ടതാണ്. വസന്തപഞ്ചമി നാളില്‍ദേവിക്കു മഞ്ഞനിറമുള്ള പൂക്കളും വസ്ത്രങ്ങളും സമര്‍പ്പിക്കുകയാണു ഉത്തരേന്ത്യയില്‍ പതിവ്. ദേവിക്ക് അന്നേദിവസം നിവേദിക്കുന്ന മധുരപലഹാരങ്ങളും മഞ്ഞനിറമുള്ളതായിരിക്കും(മഞ്ഞ ലഡ്ഡു, കേസര്‍ഹല്‍വ, കേസരി). ആളുകളും മഞ്ഞവസ്ത്രങ്ങള്‍ ധരിക്കുന്നു. വസന്തത്തിന്റെ വര്‍ണ്ണമായി മഞ്ഞ കരുതപ്പെടുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊര്‍ജ്ജത്തിന്റേയും നിറമാണു മഞ്ഞ.


പുസ്തകവും, പേനയുമെല്ലാം ദേവിയുടെമുന്നില്‍ സമര്‍പ്പിച്ചു പൂജിക്കുന്നു. വസന്തപഞ്ചമി നാളില്‍ സരസ്വതീദേവിയെ പൂജിക്കുന്നവര്‍ക്ക ്ജ്ഞാനസിദ്ധിയും മോക്ഷവും ലഭിക്കുന്നതാണ്. മാഘശുക്ലപഞ്ചമിയില്‍ ഷോഡശോപചാരങ്ങളോടെ സരസ്വതിയെ പൂജിക്കുന്നവര്‍ മണിദ്വീപില്‍ ഒരു ബ്രഹ്മദിനം കഴിയുകയും പുനര്‍ജന്മത്തില്‍ മഹാപണ്ഡിതനായി ഭവിക്കുകയുംചെയ്യും.


മാഘസ്യശുക്ലപഞ്ചമ്യാം പൂജയേദ്യഃസരസ്വതീം
    സംയതോ ഭക്തിതോദത്വാചോപചാരാണിഷോഡശ
    മഹീയതേമണിദ്വീപേ യാവദ്ബ്രഹ്മദിവാനിശം
    സംപ്രാപ്യ ച പുനര്‍ജ• സഭവേത്കവി പണ്ഡിതഃ  

(ദേവീഭാഗവതം 9:30:1820)


അന്നേദിവസം സരസ്വതീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും സരസ്വതീസ്‌തോത്രങ്ങളും(വിശിഷ്യാ സഹസ്രനാമസ്‌തോത്രം) മന്ത്രങ്ങളും നിഷ്ഠയോടെ ജപിക്കുന്നതും ഫലദായകമാണ്. മഹാലക്ഷ്മിയെ പൂജിക്കുന്ന ദിനം കൂടിയാണു ശ്രീപഞ്ചമി. മാഘശുക്ലപഞ്ചമി പൂജയെക്കുറിച്ച് സംവത്‌സര പ്രദീപം പറയുന്നു


    പഞ്ചമ്യാം പൂജയേല്ലക്ഷ്മീം പുഷ്പധൂപാന്നവാരിഭിഃ
    മസ്യാധാരംലേഖിനീഞ്ച പൂജയേന്ന ലിഖേത്തതഃ
    മാഘേമാസിസിതേ പക്ഷേ പഞ്ചമീയാ ശ്രിയഃ പ്രിയാ
    തസ്യാഃ പൂര്‍വാഹ്നഏവേഹകാര്യഃസാരസ്വതോത്‌സവഃ


പഞ്ചമിയില്‍ മഹാലക്ഷ്മിയെ പുഷ്പം, ധൂപം, നിവേദ്യം, ജലം എന്നിത്യാദികളാല്‍ പൂജിക്കണം. ദേവിയുടെ ആധാരശക്തികളെയും എഴുത്തുപകരണങ്ങളെയും പൂജിച്ച ശേഷം എഴുതണം. ശ്രീക്ക് പ്രിയങ്കരമായ മാഘശുക്ലപഞ്ചമിയില്‍ പൂര്‍വാഹ്നത്തില്‍(പ്രഭാതത്തില്‍) സാരസ്വതോത്‌സവംആഘോഷിക്കണം. ‘ശ്രീ’ശബ്ദത്തിനു ലക്ഷ്മിയെന്നും സരസ്വതിയെന്നും അര്‍ത്ഥമുള്ളതിനാല്‍ ഇവിടെ സരസ്വതി എന്നു സ്വീകരിക്കുന്നതാണ് ഉചിതം എന്ന് ശബ്ദകല്‍പദ്രുമം.


                     സാധാരണയായി മകരമാസത്തിലെ ഉത്രട്ടാതിയോടുചേര്‍ന്നാണു വസന്തപഞ്ചമി വരുന്നത്. കൊടിയേറി ഉത്‌സവം നടക്കുന്ന കേരളത്തിലെ മുഖ്യ സരസ്വതീ ക്ഷേത്രമായ വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബികാ സരസ്വതീ ക്ഷേത്രത്തിലെ ആറാട്ട് മകരത്തിലെ ഉത്രട്ടാതി നാളിലാണ് എന്നതും ശ്രദ്ധേയമാണ്. വസന്തപഞ്ചമിയുടെ നാല്‍പതാം ദിനമാണുഹോളി(ഫാല്‍ഗുന പൂര്‍ണ്ണിമ). പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ ശ്രമിച്ച ഹോളികയുടെ (ഹിരണ്യകശിപുവിന്റെ സഹോദരിയുടെ) രൂപം വസന്തപഞ്ചമി നാളുമുതല്‍ ഒരുക്കിതുടങ്ങുകയും ഹോളിയുടെ അന്നു കത്തിച്ചുകളയുകയും ചെയ്യുന്നു.


ഉത്തരേന്ത്യയിലെ കടുകു പാടങ്ങളെല്ലാം മഞ്ഞനിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു മനോഹരമാകുന്ന കാലംകൂടിയാണിത്. പഞ്ചാബില്‍ സിഖ്‌സമൂഹം പട്ടങ്ങളുടെ ഉത്‌സവമായും മാഘശുക്ലപഞ്ചമി ആഘോഷിക്കുന്നു. കാമദേവനേയും, രതീദേവിയേയും, വസന്തദേവനേയും പൂജിക്കുന്ന ദിനം കൂടിയാണിത്. വസന്തപഞ്ചമിയുടെ തലേദിവസം ചതുര്‍ത്ഥിയാണ്. ഗണപതിയെ പൂജിക്കുവാന്‍ വിനായകചതുര്‍ത്ഥി പോലെതന്നെ പ്രാധാന്യമേറിയദിവസം. ചതുര്‍ത്ഥി നാളില്‍ മഹാഗണപതിയേയും വസന്ത പഞ്ചമി നാളില്‍ സരസ്വതിയേയും ആരാധിക്കുകവഴി മനുഷ്യര്‍ക്കു നിത്യജീവിതത്തില്‍ ആവശ്യമായ സകലതും സിദ്ധിക്കും.


കേരളത്തില്‍ വസന്തപഞ്ചമിക്ക് അധികം പ്രാധാന്യംകൊടുത്തുകാണുന്നില്ല. ശ്രീകൃഷ്ണജയന്തിയും, തിരുവാതിരയും, തിരുവോണവും, തൃക്കാര്‍ത്തികയുമാണു മലയാളികള്‍ ആഘോഷിക്കാറുള്ള നാലു പ്രധാന ജന്മദിനങ്ങള്‍ (യഥാക്രമം ഭഗവാന്‍ കൃഷ്ണന്റേയും, ഭഗവാന്‍ ശിവന്റേയും വാമന മൂര്‍ത്തിയുടെയും, ദേവിയുടേയും ജന്മദിനങ്ങള്‍). ഗണപതി ഭഗവാന്റെ ജന്മദിനമായ വിനായകചതുര്‍ ത്ഥി, ശ്രീരാമജന്മദിനമായ രാമനവമി, ഹനുമാന്റെജന്മദിനമായ ഹനുമദ്ജയന്തി, ബലരാമജന്മദിനമായ അക്ഷയതൃതീയ, വൈശാഖമാസത്തിലെ നരസിംഹജയന്തി എന്നിവയ്ക്ക് മുമ്പുണ്ടായിരുന്നതിലുമധികം ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും മലയാളികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുപോലെ വസന്തപഞ്ചമിയും സമുചിതമായി അനന്തരഭാവിയില്‍ കൊണ്ടാടപ്പെടുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment