അമൃതവാണി
രാവിലെ കുളി കഴിഞ്ഞ് കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന്, അര്‍ച്ചന ചെയ്യണം. അതിന് സാധിക്കുന്നില്ലെങ്കില്‍ ഒറ്റയ്ക്കായാലും മതി. കുളിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ മാത്രം, കൈകാല്‍ കഴുകി ബാഹ്യശുദ്ധി വരുത്തണം. അര്‍ച്ചന മുടക്കരുത്.
സ്ത്രീകള്‍ ഋതുവാകുന്ന അവസരത്തില്‍ അവരുടെ മനസ്സില്‍ കൂടുതല്‍ ദുശ്ചിന്തകള്‍ ഉണ്ടാകും. ആസമയം മന്ത്രം ജപിക്കേണ്ടത് വളരെ ആവശ്യമാണ്. എന്നാല്‍ ഗൃഹസ്ഥ മക്കള്‍ കുറേയൊക്കെ ബാഹ്യാചാരത്തിലും ശ്രദ്ധവയ്ക്കണം. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തില്‍നിന്ന് മാറിയിരുന്ന്, ഇഷ്ടമന്ത്രം ചൊല്ലിയാല്‍ മതി. മനസ്സില്‍ ആശങ്ക തോന്നുന്നില്ലെങ്കില്‍ സഹസ്രനാമം തന്നെ ചൊല്ലാം. തെറ്റില്ല. ലളിതാസഹസ്രനാമം സ്ത്രീകള്‍ ചൊല്ലരുതെന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം. നമ്മുടെ ഹൃദയത്തിന്റെ ഭാഷയാണ് അമ്മ കേള്‍ക്കുന്നത്. അതുകൊണ്ട് അര്‍ച്ചന ചൊല്ലുന്നതില്‍ മക്കള്‍ തെറ്റുവിചാരിക്കേണ്ട കാര്യമില്ല.
വീട്ടില്‍ അര്‍ച്ചന നടത്തുന്ന സമയം, കഴിവതും ആരും തന്നെ കിടന്നുറങ്ങാതെ നോക്കണം. അര്‍ച്ചന ചെയ്യുമ്പോള്‍ ഉറക്കം വന്നാല്‍ എഴുന്നേറ്റ് നിന്നെങ്കിലും തുടരണം. അര്‍ച്ചന നടക്കുന്ന സ്ഥലത്ത്, ഇഷ്ടമൂര്‍ത്തിയുടെ സൂക്ഷ്മസാന്നിദ്ധ്യം ഉണ്ടെന്ന കാര്യം മക്കള്‍ മറക്കരുത്. അതിന്നിടയില്‍ എഴുന്നേറ്റു പോവുക, മറ്റുകാര്യങ്ങള്‍ സംസാരിക്കുക ഒന്നും പാടില്ല.
No comments:
Post a Comment