ഏകനാഥ് മഹാരാജ് എന്ന ഒരു യോഗിവര്യന്‍ മഹാരാഷ്ട്രയില്‍ ജീവിച്ചിരുന്നു. ആര്‍ക്കും ഒരുതരത്തിലും അദ്ദേഹത്തെ പ്രകോപിതനാക്കാന്‍ കഴിഞ്ഞിരുന്നില്ല.സന്യാസിമാരോട് പൊതുവെ അവജ്ഞയുള്ള ഒരു ധനികന്‍ ഏകനാഥിന്റെ പ്രശസ്തിയില്‍ അസൂയാലുവായി. എങ്ങനെയും അദ്ദേഹത്തെ കോപിഷ്ഠനാക്കണമെന്ന വിചാരം ധനികനില്‍ നിറഞ്ഞു.
ആയിടയ്ക്കാണ് ഒരു ബ്രാഹ്മണന്‍, തന്റെ മകളെ കല്യാണം കഴിപ്പിച്ചയക്കാന്‍ സഹായം ആവശ്യപ്പെട്ട് ധനികനെ സമീപിച്ചത്. ധനികന്‍ അയാളോട് പറഞ്ഞു:
”നിങ്ങള്‍ക്ക് ഞാന്‍ 200 രൂപ തന്നു സഹായിക്കാം. പക്ഷെ, ഒരു വ്യവസ്ഥ പാലിക്കണം. ഏകനാഥ് മഹാരാജിനെ ചെന്നുകണ്ട് എങ്ങനെയും കുപിതനാക്കണം.”
”ശരി. ഇഷ്ടമായില്ലെങ്കിലും ശ്രമിച്ചുനോക്കാം. മകളുടെ കല്യാണം നടക്കണമല്ലോ.” എന്നുപറഞ്ഞുകൊണ്ട് ബ്രാഹ്മണന്‍ പോയി.
ഏകനാഥിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹം ദൈവനാമങ്ങള്‍ ഉരുവിട്ടുകൊണ്ട് വരാന്തയിലിരിക്കുകയായിരുന്നു. പടികയറി ബ്രാഹ്മണന്‍ കോപത്തോടെ ശകാരം ചൊരിഞ്ഞുകൊണ്ടാണ് വരാന്തയിലേക്ക് ചെന്നത്.
ഏകനാഥ് വിനയത്തോടെ എഴുന്നേറ്റ് അതിഥിയെ ഇരിക്കാന്‍ ക്ഷണിച്ചു. പിന്നെ ഇരുന്നുകൊണ്ടായി ബ്രാഹ്മണന്റെ ശകാരവര്‍ഷം!
അതൊന്നും താന്‍ കേള്‍ക്കുന്നില്ല എന്ന മട്ടില്‍ ഏകനാഥ് ഭാര്യയെ വിളിച്ചു. ഭാര്യ വന്നു ബ്രാഹ്മണന്റെ കാല്‍ കഴുകി തുടച്ചു. അപ്പോള്‍ അവരുടെ നേര്‍ക്കായി ശകാരഘോഷം! പക്ഷെ, അവരും അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. ഭക്ഷണമുണ്ടാക്കാന്‍ നേരെ അടുക്കളയിലേക്ക് പോവുകയും ചെയ്തു.
”എന്താണ് അങ്ങയുടെ ആഗമനോദ്ദേശ്യം?” ബ്രാഹ്മണനോട് ഏകനാഥ് ചോദിച്ചു. മറുപടിയായി കിട്ടിയത് കുറേ ശകാരവാക്കുകള്‍! ഇടയ്ക്ക് ബ്രാഹ്മണന്‍ വെളിച്ചപ്പാടിനെപ്പോലെ തുള്ളിനടന്നു. അപ്പൊഴും ഏകനാഥ് ദൈവനാമങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ഉച്ചയായപ്പോള്‍ ഏകനാഥ് ബ്രാഹ്മണനെ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണത്തിനിടയിലും ബ്രാഹ്മണനില്‍നിന്ന്, ഉരുളയ്ക്ക് ഉപ്പേരിപോലെ, ശകാരശബ്ദങ്ങള്‍ തെറിച്ചു. വെള്ളം തട്ടിമറിച്ചു. ഭക്ഷണ ബാക്കി തറയിലാകെ വിതറുകയും ചെയ്തു.
നിലം വൃത്തിയാക്കാന്‍ കുനിഞ്ഞ ഏകനാഥിന്റെ ഭാര്യയുടെ പുറത്ത് കയറിയിരുന്ന് ബ്രാഹ്മണന്‍ ചിരിച്ചു. ഇത്തവണ ഏകനാഥ് കോപിക്കാതിരിക്കില്ല എന്ന വിചാരത്തിലായിരുന്നു അയാള്‍.
പക്ഷെ ഏകനാഥ് ഭാര്യയോടു ഉത്കണ്ഠയോടെ പറഞ്ഞു: ”അയ്യോ, എഴുന്നേല്‍ക്കല്ലേ! നമ്മുടെ അതിഥിക്ക് വീഴ്ച പറ്റാതെ നോക്കണേ.”
സാധ്വിയായ ഭാര്യ പറഞ്ഞു: ”ഇല്ല. ഞാന്‍ മുട്ടുകുത്തിയിരിക്കയാണ്. മകന്‍ ചെറുപ്പമായിരുന്നപ്പോള്‍ ഇങ്ങനെ എന്റെ പുറത്തുകയറി കളിക്കാറുള്ളതല്ലേ? അവന്നു അപകടം പറ്റാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ടല്ലോ. അതുപോലെ നോക്കാം.”
ഇത്രയും കേട്ടപ്പോള്‍ ബ്രാഹ്മണന്റെ ഭാവമൊക്കെ മാറി. എഴുന്നേറ്റ് കൈകഴുകി വന്നു. ഏകനാഥിന്റെ ഭാര്യയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു:
”അമ്മേ! എന്നോട് ക്ഷമിക്കണേ! ലൗകികമോഹങ്ങളില്‍ അകപ്പെട്ടു ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നതാണ്.”
പിന്നെ ഏകനാഥിന്റെ പാദങ്ങളിലും പ്രണമിച്ചു പറഞ്ഞു.
”സ്വാമീ, എന്നോട് ക്ഷമിച്ചാലും. ഇത്രയൊക്കെ ശകാരിച്ചിട്ടും അതിക്രമങ്ങള്‍ ചെയ്തിട്ടും അങ്ങയെ കോപിഷ്ഠനാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അങ്ങ് മഹാനായ യോഗിയാണ്. അനുഗ്രഹിച്ചാലും.”
ഏകനാഥ് ബ്രാഹ്മണനെ എഴുന്നേല്‍പ്പിച്ച് സവിനയം പറഞ്ഞു:
”ആട്ടെ, അങ്ങ് എന്തിനാണ് എന്നെ കാണാന്‍ വന്നത്? എന്താണ് ഞാന്‍ അങ്ങയ്ക്കുവേണ്ടി ചെയ്യേണ്ടതായിട്ടുള്ളതെന്ന് ഇനിയെങ്കിലും പറയൂ.”
”അങ്ങയെ ഒന്നു കോപിഷ്ഠനാക്കണം. എങ്കില്‍ എനിക്ക് 200 രൂപ തരാമെന്ന് ഒരു ധനികന്‍ ഏറ്റിരുന്നു. എന്റെ മകളുടെ കല്യാണം നടത്താന്‍ വേണ്ടിയായിരുന്നു ഈ മഹാപാപമെല്ലാം ഞാന്‍ ചെയ്തത്.” ബ്രാഹ്മണന്‍ കണ്ണീരോടെ പറഞ്ഞു.
”അയ്യോ! നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ പടി കയറിവരുമ്പെഴേ ഞാന്‍ കോപിച്ചു വടിയെടുത്ത് ഓടിച്ചേനേ!”
”സ്വാമിയുടെ മഹത്വം ഞാന്‍ അറിഞ്ഞില്ല. ധനികന്റെ സഹായത്തിന് പോകാതെ അങ്ങയുടെ അനുഗ്രഹം തേടിയാല്‍ മതിയായിരുന്നു. എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചാലും!””സാരമില്ല. അങ്ങ് സമാധാനമായി പോകൂ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.” എന്നു പറഞ്ഞ് ഏകനാഥ് ആ ബ്രാഹ്മണനെ യാത്രയാക്കി.
No comments:
Post a Comment