ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 4, 2017

മഹാഭാരതത്തിലെ മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ


പുരാണങ്ങളിലും ഇതിഹാസങ്ങളിലും വാഴ്ത്തപ്പെടുന്ന സ്ത്രീകള്‍ക്ക് രാജപാരമ്പര്യത്തിന്റെ യശസും സ്വഭാവനൈപുണ്യത്തിന്റെ നൈര്‍മല്യവും ആവോളമുണ്ട്. പക്ഷേ പദവികളെല്ലാം മാറ്റിവച്ച് നിസാരനും അല്‍പപ്രാണിയുമായ മനുഷ്യനെന്ന നിലയില്‍ ഉരകല്ലില്‍ മാറ്റുരയ്്ക്കുമ്പോള്‍പോലും  അവര്‍ നമ്മെ അതിശയിപ്പിച്ച് കളയുന്നു.
അധികാരത്തിന്റെ അന്ത:പ്പുരങ്ങളില്‍ സൈര്യവിഹാരം ചെയ്യുന്നവര്‍ക്ക് എന്തെല്ലാമാകും. വാക്കുകളിലും ചിന്തകളിലും അവര്‍ ആരെ പേടിക്കാന്‍.. പക്ഷേ ഇതിഹാസ പുരാണങ്ങളിലെ കേന്ദ്രകഥാപാത്രങ്ങളെല്ലാം സ്വന്തം പതിയെപ്പോലെ രാജ്യത്തെയും പ്രജകളേയും ചേര്‍ത്തുപിടിച്ചു. അതിനായി പലപ്പോഴും മാനുഷികമായ അഭിലാഷങ്ങളും ആകുലതകളും മറക്കാന്‍ പഠിച്ചു. 



കുന്തി

കാലാതീതമായ സന്ദേശം ലോകത്തിന് നല്‍കിയാണ് മഹാഭാരത്തിലെ കുന്തിയെന്ന കഥാപാത്രം ഇന്നും ജീവിക്കുന്നത്. കൗമാര ചാപല്യങ്ങളില്‍പ്പെട്ട നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയുടെ തെറ്റിന്റെ തീയ് നെഞ്ചില്‍ ഒളിപ്പിച്ചായിരുന്നു അവള്‍ ആയുസ് കഴിച്ചത്. ഉള്ളിലൊളിപ്പിച്ച ആ സങ്കടത്തിന്റെ ജ്വാലയാകും ഒന്നിന് പിന്നാലെ തന്നെ തേടിയെത്തിയ ദുരന്തങ്ങള്‍ മറികടന്ന് പിന്നെയും ജീവിക്കാന്‍ കുന്തിയെ പ്രേരിപ്പിച്ചതും. അസാധ്യമായ ത്യാഗത്തിന്റെ വഴികളിലായിരുന്നു കുന്തിയുടെ ജീവിതം.  ആദ്യം മോഹിച്ച  പുരുഷനെയും അവന്റെ കുഞ്ഞിനേയും ഉപേക്ഷിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിക്ക് എങ്ങനെ സന്തുഷ്ടയായിരിക്കാന്‍ കഴിയും. പക്ഷേ രാജകുടുംബത്തിനെ അപമാനക്കുരുക്കില്‍ തളച്ചിടുന്ന ഒരു വാക്കും കുന്തിയില്‍ നിന്നുണ്ടായില്ല. ജീവനെ കാര്‍ന്നുതിന്നുന്ന കുറ്റബോധവും വ്യഥയും അവള്‍ തന്റേതുമാത്രമാക്കി.

പാണ്ഡുവിന്റെ വിയോഗത്തില്‍ മക്കളെ മാദ്രിയെ ഏല്‍പ്പിച്ച് ജീവത്യാഗം ചെയ്യാന്‍ തയ്യാറായത് കുന്തിയായിരുന്നു. അഞ്ച് മക്കളേയും ഒരുപോലെ നോക്കുന്നതില്‍ തനിക്ക് വീഴച്ച വന്നേക്കുമെന്നും കുന്തിക്കേ അതിനാകൂ എന്നും ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ച് മാദ്രി ആ ദൗത്യം തിരിച്ചേല്‍ക്കുകയായിരുന്നു. കൗരവപക്ഷത്ത് നിന്നു നേരിടേണ്ടി വന്ന എല്ലാ അപമാനങ്ങളും  സഹിച്ച് അച്ഛനില്ലാത്ത അഞ്ച് കുഞ്ഞുങ്ങളേയും നീതിയുക്തരും ധര്‍മ്മാധിഷ്ടരായി വളര്‍ത്താന്‍ കുന്തിക്ക് കഴിഞ്ഞു. അമ്മമഹാറാണിയുടെ പ്രൗഡിയോടെ കൊട്ടാരസഭയില്‍ ഉപവിഷ്ടയാകേണ്ടവള്‍ ഭീക്ഷാംദേഹിയായി കാടുകളില്‍ മക്കള്‍ക്കൊപ്പം അലഞ്ഞു നടന്നു. അലോസരത്തിന്റെയും പ്രതികാരത്തിന്റെയും ഒരക്ഷരം പോലും കുന്തി എവിടെയും മിണ്ടിയതായി കേട്ടിട്ടില്ല. അനുരഞ്ജനങ്ങള്‍ക്കും യുദ്ധകാഹളങ്ങള്‍ക്കുമൊടുവില്‍ ചോരച്ചാലായ കുരുക്ഷേത്രം മക്കള്‍ക്ക് അധികാരത്തിന്റെ ചെങ്കോല്‍ സമ്മാനിച്ചപ്പോള്‍ നൂറു മക്കളുമില്ലാതായ്‌പ്പോയ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കുാെമൊപ്പം അന്ധദമ്പതികളായ അവര്‍ക്ക് തുണയാകാന്‍ കാട്ടിലേക്കായിരുന്നു കുന്തിയുടെ യാത്ര.



ഗാന്ധാരി

ഭീഷ്മപ്രതിജ്ഞയുടെ സ്ത്രീഭാവമാണ് ഗാന്ധാരി. കാഴ്ച്ചയില്ലാത്ത ധൃതരാഷ്ട്രര്‍ക്കൊപ്പം അദ്ദേഹത്തിന്റെ അന്ധതയേയും സ്വയം വരിച്ചവള്‍. കൗരവകുമാരന്‍മാരുടെ കൊട്ടാരക്കെട്ടുകള്‍ക്ക് താങ്ങാകുന്നത് അധര്‍മ്മത്തിന്റെ തൂണുകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു ഗാന്ധാരി. പുത്രവാത്സല്യത്തിന്റെ നൈര്‍മല്യതയില്‍ പക്ഷേ അന്ധത കലര്‍ത്താന്‍ ഗാന്ധാരി തയ്യാറായിരുന്നില്ല. കുലത്തിന് ഭീഷണിയായി വളരുന്ന മക്കളെക്കുറിച്ചുള്ള ആധിയിലും ധര്‍മ്മം ജയിക്കാന്‍ പ്രാര്‍ത്ഥിച്ച ഗാന്ധാരി പുത്രസ്‌നേഹം ദൗര്‍ബല്യമാകാന്‍ അനുവദിക്കാതെ സ്വയംകാത്തു. മക്കളെ  കാത്തിരിക്കുന്ന ആസന്നമായ അത്യാപത്തിന്റെ ചിത്രം അകകണ്ണില്‍ തെളിയുമ്പോഴും ഒട്ടും പതറാതെ 'യതോ ധര്‍മ്മസ്തതോ ജയ:' എന്നുതന്നെ ഉരുവിട്ടു. പുത്രവാത്സല്യത്താല്‍ അന്ധനായ പതിയെ തിരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഉഴറി നടക്കുമ്പോഴൊക്കെ കൗരവപക്ഷത്ത് ഒറ്റപ്പെട്ടുപോയ സ്ത്രീയായിരുന്നു ഗാന്ധാരി. 

ഉള്‍ക്കണ്ണിന്റെ തെളിച്ചത്തില്‍ ഒരു ചുവടുപോലും തെറ്റാത്ത ഗാന്ധാരി യുദ്ധഭൂമിയില്‍ ശിരസും ഉദരവും പിളര്‍ന്ന് ചിതറിക്കിടക്കുന്ന മക്കളെ കാണാനാണ് ആദ്യമായി കാഴ്ച്ച ചോദിച്ചുവാങ്ങിയത്. ആ കാഴ്ച്ചയില്‍ അമ്മ എന്ന വികാരത്തില്‍ തിളച്ചുമറിഞ്ഞുപോയി മനസ്. ഒറ്റശാപത്താല്‍ പാണ്ഡവപക്ഷത്തെ ചുട്ടെരിക്കാമെന്നിരിക്കെയും  ഒന്നും പറഞ്ഞില്ല. കൊന്നൊടുക്കുമ്പോള്‍ പിതൃകര്‍മ്മത്തിനായി ഒരാളെ മാറ്റിവയ്ക്കാമായിരുന്നില്ലേ എന്ന നിസ്സഹായതയോടെ വിലപിച്ചുനിന്നു. നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി സിംഹാസനത്തിലിരിക്കാന്‍ എത്തിയ പാണ്ഡവരുടെ മുഖത്തുനോക്കിയില്ല ഗാന്ധാരി..ആ ദൃഷ്ടി പതിഞ്ഞ ധര്‍മ്മപുത്രരുടെ ചേലത്തുമ്പ് കരിഞ്ഞുപോയത്രെ. ഒറ്റനോട്ടം കൊണ്ട് മുന്നില്‍ നില്‍ക്കുന്നവരെ ഭസ്മീകരിക്കുന്ന ശക്തിയായിരുന്നു ഗാന്ധാരി എന്ന സ്ത്രീ. തപസ് ചെയ്ത് നേടിയതായിരുന്നില്ല ആ ശക്തി, ജീവിതംതന്നെ തപസാക്കിയപ്പോള്‍ അങ്ങനെയായിപ്പോയതാണ്..



ദ്രൗപദി

ഒറ്റയ്ക്കായിരുന്നില്ല ദൗപദി, കരുത്തിന്റെ അഞ്ച് പ്രതിരൂപങ്ങളാല്‍ വലയം ചെയ്യപ്പെട്ടവള്‍. ദ്രൗപദി പഠിപ്പിക്കുന്ന പാഠം വേറെയാണ്. അപമാനിക്കപ്പെട്ട പെണ്ണിന്റെ മനസിന് ശാന്തമാകാനാകില്ല. ദ്രൗപദിയുടെ ആ അശാന്തിയായിരുന്നു അവളുടെ ഭര്‍ത്താക്കന്‍മാരുടേയും ഉറക്കം കെടുത്തിയത്. കുന്തിയെപ്പോലെയും ഗാന്ധാരിയേപ്പോലെയും നിശബദയായിരുന്നില്ല  ദ്രൗപദി. ആഗ്രഹിച്ചുവരിച്ച പുരുഷന്റെ അടുത്തൊന്നിരിക്കാന്‍ നേരം കിട്ടും മൂമ്പ് മറ്റ് നാലുപേര്‍ക്കുകൂടി പത്‌നിയായപ്പോള്‍ അവള്‍  പ്രതിഷേധിച്ചില്ല. പക്ഷേ അവളിലെ സ്ത്രീത്വം അതിനെ എങ്ങനെ കണ്ടു എന്ന് ആരും ചോദിച്ചിട്ടില്ല. പറയാത്ത സങ്കടങ്ങളാവും ദ്രൗപദിയുടെ സ്‌െ്രെതണതക്ക് മൂര്‍ച്ച നല്‍കിയത്. അപമാനങ്ങളില്‍ നിന്ന് അപമാനങ്ങളിലേക്ക് കടക്കുമ്പോള്‍ തിരിച്ചടി എന്ന പ്രതിരോധത്തിലേക്ക് കടക്കാന്‍ പാഞ്ചാലി നിര്‍ബന്ധിതയായിപ്പോയതാണ്.  അത്ര തീവ്രവും തീക്ഷ്ണവുമായിരുന്നു അവളിലെ അന്ത:സംഘര്‍ഷം. എന്നിട്ടും അഞ്ചുപേരുടെയും ഹിതമനുസരിച്ച പത്‌നീധര്‍മ്മം അനുഷ്ടിക്കുന്നതില്‍ ഒരു വീഴ്ച്ചയും പാഞ്ചാലിയില്‍  നിന്നുണ്ടായില്ല.

No comments:

Post a Comment