ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 4, 2017

പൂര്‍ണ്ണത്രയീശന്‍


വൈകുണ്ഠത്തില്‍നിന്ന് സാക്ഷാല്‍ മഹാവിഷ്ണു അര്‍ജ്ജുനനു നല്‍കിയ വിഗ്രഹമാണ് സന്താനമൂര്‍ത്തീ സങ്കല്‍പ്പത്തിലുള്ള പൂര്‍ണ്ണത്രയീശന്‍. 2500ലേറെ വര്‍ഷത്തെ പഴക്കം പറയുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എ.ഡി.947ല്‍ നടത്തിയതായി ചേരസാമ്രാജ്യ ചക്രവര്‍ത്തി യായിരുന്ന കോതരവിയുടെ ശാസനത്തില്‍ പറയുന്നു. അന്യം നിന്നുപോയ കുറിയൂര്‍ സ്വരൂപത്തിന്‍റെ കൈവശമായിരുന്ന ഈ ക്ഷേത്രം പിന്നീട് കൊച്ചി രാജവംശത്തിന്‍റെ അധീനതയിലായി. കൊച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പു സ്വരൂപത്തിന്‍റെ കുലദൈവമാണ് പൂർണ്ണത്രയീശൻ.



അകാലത്തില്‍ ഒമ്പത് സന്താനമരണങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണദമ്പതികള്‍ ഉണ്ടായിരുന്നു. കടുത്ത നിരാശയില്‍ കഴിഞ്ഞുവരവേ, ബ്രാഹ്മണസ്ത്രീ പത്താമതും ഗര്‍ഭം ധരിച്ചു. തനിക്ക് ഈ കുഞ്ഞിനെയെങ്കിലും ജീവനോടെ നല്‍കണേ എന്നപേക്ഷിച്ചുകൊണ്ട് ആ സാധു ബ്രാഹ്മണന്‍ ഭഗവാന്‍ കൃഷ്ണന്‍റെ അടുത്തുചെന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്നു അര്‍ജ്ജുനന്‍ കുട്ടിയെ രക്ഷിക്കാമെന്നേറ്റു. പ്രസവസമയത്ത്‌ ശരകൂടം തീര്‍ത്ത് കാവല്‍ നില്ക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ കുട്ടിയെ ഒരുനോക്കു കാണാന്‍പോലും കഴിഞ്ഞില്ല. വാക്കുപാലിക്കാന്‍ കഴിയാത്തതില്‍ ദഃഖിതനായ അര്‍ജ്ജുനന്‍ അഗ്നിയില്‍ ചാടി മരിക്കാനൊരുങ്ങി. അതില്‍ നിന്നും അര്‍ജ്ജുനനെ കൃഷ്ണന്‍ പിന്തിരിപ്പിച്ചു. പിന്നീട്‌ രണ്ടുപേരും കൂടി കുട്ടിയെ അന്വേഷിച്ചിറങ്ങി. അങ്ങനെ ഒടുവില്‍ വൈകുണ്ഠത്തിലുമെത്തി. പത്തുകുട്ടികളും മഹാവിഷ്ണുവിന്‍റെ അടുക്കല്‍ കളിച്ചുനടക്കുന്നു. ശ്രീകൃഷ്ണനെയും അര്‍ജ്ജുനനേയും ഒരുമിച്ച്‌ കാണുന്നതിന്‌ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്തതെന്ന്‌ മഹാവിഷ്ണു പറഞ്ഞു.


ബ്രാഹ്മണന്‍റെ പത്തുമക്കളേയും അര്‍ജ്ജുനനെ ഏല്‍പ്പിച്ചു. കൂടാതെ പൂജിക്കാന്‍ ഒരു വിഗ്രഹവും കൊടുത്തു. കുട്ടികളെ ബ്രാഹ്മണന്‌ കൊടുക്കുകയും വിഗ്രഹം തൃപ്പൂണിത്തുറയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. സമീപത്തുനിന്നും പിഴുതെടുത്ത എള്ളു പിഴിഞ്ഞെടുത്ത എണ്ണകൊണ്ട്‌ വിളക്കു കത്തിക്കുകയും ചെയ്തു.

ഇവിടെ അഞ്ചുപൂജയുണ്ട്‌. ദിവസവും എഴുന്നെള്ളത്തിന്‌ ആനയുമുണ്ട്‌. പന്തിരുനാഴി വഴിപാട് പ്രധാനമാണ്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലന്‍ തന്‍റെ സതീര്‍ത്ഥ്യന്‌ അവല്‍ നല്‍കിയ ദിവസത്തെ അനുസ്മരിക്കുന്നതാണ്. കുംഭമാസത്തിലെ ഉത്രം നാളിലുള്ള അപ്പം വഴിപാട്‌ പ്രസിദ്ധം. ഉത്രം നാളിലെ ലക്ഷ്മി നാരായണവിളക്ക്‌ കണ്ട്‌ തൊഴുന്നതും ശ്രേയസ്കരമാണെന്ന്‌ വിശ്വാസം. അന്ന്‌ ഭഗവാന്‍റെ തിരുനാളാഘോഷമാണ്‌.
ഇവിടെ നാല് ഉത്സവങ്ങള്‍. ചിങ്ങത്തില്‍ എട്ടുദിവസത്തെ ഉത്സവം. തിരുവോണം ആറാട്ടോടെ സമാപിക്കും. ഇത്‌ മൂശാരി ഉത്സവം എന്നറിയപ്പെടുന്നു. പണ്ട്‌ പുതിയ പഞ്ചലോഹവിഗ്രഹം തീര്‍ക്കാന്‍ പണ്ടാരപ്പിള്ളി മൂശാരിയെ ഏല്‍പ്പിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയില്‍ വിഗ്രഹം രൂപം കൊള്ളുന്നില്ല. ഒടുവില്‍ എല്ലാവരും കാണ്‍കെ മൂശയെ കെട്ടിപ്പിടിച്ച്‌ അയാള്‍ ദൈവത്തെ വിളിച്ചുകരഞ്ഞു. പിന്നെ മൂശാരിയെ കണ്ടവര്‍ ആരും തന്നെ ഇല്ല. ഭക്തനായ മൂശാരി വിഗ്രഹത്തില്‍ ലയിച്ചുവെന്ന്‌ കരുതുന്നു. മൂശാരിക്ക്‌ ലഭിച്ച അനുഗ്രഹത്തിന്‍റെ സ്മരണയ്ക്കായി ആരംഭിച്ചതാണ്‌ ഈ ഉത്സവം.



അമ്പലം അഗ്നിക്കിരയാക്കിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ്‌ തുലാമാസത്തിലെ ഉത്സവം. വിഗ്രഹത്തിന്‌ കേട്‌ കൂടാതെ സൂക്ഷിക്കുകയും തീ അണഞ്ഞപ്പോള്‍ ശ്രീകോവില്‍ പുതുക്കിപ്പണിയുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഉത്സവത്തിന്‌ ക്ഷേത്രത്തിന്‌ ചുറ്റുമുള്ള വഴികളില്‍ കര്‍പ്പൂരക്കൂനകള്‍ കത്തിക്കുന്ന ചടങ്ങുമുണ്ട്‌.

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രസിദ്ധമാണ്‌. തൃക്കേട്ട പുറപ്പാടായി പതിനഞ്ച്‌ ആനകളേയും എഴുന്നെള്ളിച്ചുനിര്‍ത്തുന്ന വര്‍ണാഭമായ ചടങ്ങ്‌. വില്വമംഗലത്ത്‌ സ്വാമിയാര്‍ ഉത്സവത്തിന് എത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത്‌ ഓടിക്കളിക്കുന്ന രംഗം കണ്ടുവത്രേ. അന്നുമുതല്‍ക്കാണ്‌ തൃക്കേട്ട പുറപ്പാടിന്‌ പ്രാധാന്യം കൈവന്നത്‌.


കുംഭത്തില്‍ പറ ഉത്സവം. ഇത്‌ നങ്ങപ്പെണ്ണിന്‍റെ ഉത്സവമായി ആഘോഷിക്കുന്നു. 

നങ്ങ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയായിരുന്നു. ക്ഷേത്രത്തിനടുത്തായിരുന്നു അവളുടെ താമസം. ക്ഷേത്രത്തിലെത്തി കുളിച്ചുതൊഴല്‍ അവള്‍ പതിവാക്കിയിരുന്നു. ഒരു ദിവസം അവളുടെ വിവാഹനിശ്ചയം നടന്നു. വരന്‍റെ വീട്‌ അകലെയായിരുന്നു. നിശ്ചയശേഷം നങ്ങ ദുഃഖിതയായി. വിവാഹം കഴിഞ്ഞാല്‍ ക്ഷേത്രദര്‍ശനം മുടങ്ങുമല്ലോ എന്നതായിരുന്നു അവളുടെ ചിന്ത. പിന്നീട്‌ ദര്‍ശനത്തിനെത്തുമ്പോഴെല്ലാം അവള്‍ ഈ സങ്കടം ഭഗവാനെ അറിയിച്ചുകൊണ്ടിരുന്നു. വിവാഹദിവസമായി. പതിവുപോലെ നങ്ങ ക്ഷേത്രദര്‍ശനത്തിനെത്തി. ശ്രീകോവിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചുനിന്നു. അപ്പോള്‍ ശ്രീകോവിലിനുള്ളില്‍ നിന്നും രണ്ടുകൈകള്‍ നീണ്ടുവന്ന് അവളെ ശ്രീകോവിലിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ അവള്‍ ഭഗവാനില്‍ ലയിച്ചു. ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനാണ്‌ അവസാനത്തെ ഉത്സവം.

No comments:

Post a Comment