ഏറ്റുമാനൂരപ്പന്റെ കീര്‍ത്തിചരിതം എഴുതാന്‍ ഒരു പൂന്താനം ഉണ്ടായിരുന്നില്ല. വാതരോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കാന്‍ മേല്‍പ്പുത്തൂരുണ്ടായിരുന്നില്ല. കുറൂരമ്മയെപ്പോലെ ഭഗവാനെ സ്‌നേഹിച്ച ഒരു ഭക്തയെപ്പറ്റിയും പുണ്യചരിതങ്ങളില്‍ കാണുന്നില്ല. നാവില്‍നിന്ന് കാതുകളിലേക്കായി, എന്നിട്ടും ഏറ്റുമാനൂരപ്പന്റെ മാഹാത്മ്യകഥകള്‍ പടര്‍ന്നു.
വൈകാരികവും ഭക്തിനിര്‍ഭരവുമായ പിതൃസങ്കല്‍പത്തില്‍ ഏറ്റുമാനൂരപ്പനെ കാണുന്ന എത്രയോ അമ്മമാര്‍ കേരളത്തിലുണ്ടാകും. ഏറ്റുമാനൂരപ്പന്‍, എല്ലാറ്റിനും പരിഹാരം നിര്‍ദ്ദേശിക്കും എന്ന് എപ്പോഴും പറയാറുള്ള എന്റെ അമ്മയുടെ ഭക്തി കാണുമ്പോള്‍ ഞാനാലോചിക്കും, വിശ്വാസത്തിന്റെ ദാര്‍ഢ്യവും ഭക്തിയുടെ സുതാര്യതയും സമന്വയിക്കുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാക്ഷേത്രം.
ഭക്തനായി, ജിജ്ഞാസുവായി, പരാതിക്കാരനായി എത്തുന്നവര്‍ക്കെല്ലാം അലൗകികമായ ഗാംഭീര്യംകൊണ്ട് സാന്ത്വനം നല്‍കുന്ന ജഗദീശ്വരനായി മലയാളികള്‍ ഏറ്റുമാനൂരപ്പനെ കാണുന്നത് എന്തുകൊണ്ടാവണം? ഏറ്റുമാനൂരപ്പന്റെ കീര്‍ത്തിചരിതം എഴുതാന്‍ ഒരു പൂന്താനം ഉണ്ടായിരുന്നില്ല. വാതരോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കാന്‍ മേല്‍പ്പുത്തൂരുണ്ടായിരുന്നില്ല. കുറൂരമ്മയെപ്പോലെ ഭഗവാനെ സ്‌നേഹിച്ച ഒരു ഭക്തയെപ്പറ്റിയും പുണ്യചരിതങ്ങളില്‍ കാണുന്നില്ല. നാവില്‍നിന്ന് കാതുകളിലേക്കായി, എന്നിട്ടും ഏറ്റുമാനൂരപ്പന്റെ മാഹാത്മ്യകഥകള്‍ പടര്‍ന്നു. ഏറ്റുമാനൂരപ്പന്റെ അടിയാനെന്നു പറയുന്നതില്‍ അഭിമാനിക്കുന്നവര്‍, വലിയ വിളക്കിലെ എണ്ണക്കരി പ്രസാദം ഒരു നിധിപോലെ സൂക്ഷിക്കുന്നവര്‍, ഏഴരപ്പൊന്നാനപ്പുറത്തിരിക്കുന്ന ഏറ്റുമാനൂരപ്പനെ എട്ടാമുത്സവത്തിന് തൊഴാന്‍ പോയി എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഈ കേരളത്തില്‍ നിരവധിയാണ്.
ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടം-അഞ്ചുവര്‍ഷം ഞാന്‍ പൂര്‍ത്തിയാക്കിയത് ഏറ്റുമാനൂര്‍ ആയിരുന്നു. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ചുവര്‍ച്ചിത്രപഠനകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു ഞാനന്ന്. അധ്യാപകനില്‍നിന്ന് മുഴുവന്‍ സമയ ഗവേഷകനിലേക്കുള്ള ചുവടുമാറ്റം ആദ്യമാദ്യം സങ്കടമുണ്ടാക്കിയിരുന്നു. സങ്കടങ്ങള്‍ പറയാനായി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പോകും.
ദേവനും ഭക്തനും തമ്മിലുള്ള ആത്മീയബന്ധത്തിന്റെ കാണാച്ചരടുകള്‍ തിരിച്ചറിഞ്ഞത് അന്നായിരുന്നു. സര്‍വവും സമര്‍പ്പിക്കുന്നതിന്റെ സാന്ദ്രാനന്ദത്തെപ്പറ്റി അറിഞ്ഞതും അന്നായിരുന്നു. പതിവായി ക്ഷേത്രത്തില്‍ വരുന്നവര്‍ പരസ്പരം ബന്ധുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്.
മഹാനടനായ എസ്.പി.പിള്ളയെ അടുത്തുപരിചയപ്പെട്ടത് ഏറ്റുമാനൂരെ മതിലകത്തുവച്ചാണ്. വാനപ്രസ്ഥത്തിന്റെ ശാന്തിഭൂമിയില്‍ ഉദ്വേഗരഹിതനായി തീര്‍ത്ഥാടനം നടത്തുകയായിരുന്നു ആശാന്‍ അന്ന്. സിനിമാരംഗത്തെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും മറ്റും നേരിട്ട് കേള്‍ക്കാന്‍ എത്തിയവരെ എസ്.പി. ആശാന്‍ നിരാശപ്പെടുത്തി. നാവില്‍ എപ്പോഴും പഞ്ചാക്ഷരീമന്ത്രം മാത്രം. നെറ്റിയില്‍ മായാത്ത വിഭൂതി. കഴുത്തില്‍ ഒരു രുദ്രാക്ഷമാല എപ്പോഴുമുണ്ടാകുമായിരുന്നു. തോളില്‍ അപൂര്‍വം ചിലപ്പോള്‍ അനാര്‍ഭാടമായൊരു തോര്‍ത്തു കണ്ടിരുന്നു. ഉത്സാഹത്തിനും ചടുല ഭാഷണത്തിനും മറ്റുള്ളവരെ അനുകരിച്ചുള്ള നടത്തത്തിനുമൊന്നും അപ്പോഴും മാറ്റമുണ്ടായിരുന്നില്ല.
അവസാനംരംഗം പൂര്‍ത്തിയാക്കാതെ കളി മതിയാക്കിയ എസ്.പി.പിള്ളയ്ക്ക് എന്തുപറ്റി എന്ന് ചോദിക്കുന്നവര്‍, അന്നുണ്ടായിരുന്നു. അരങ്ങിലെ കളി പെട്ടെന്ന് മതിയാക്കേണ്ടിവന്നപ്പോള്‍ മദ്യത്തിലേക്ക് വഴുതിവീഴുമെന്ന് തോന്നി. രക്ഷപ്പെട്ടത് നാമജപം കൊണ്ടായിരുന്നു. ഇടതുപക്ഷ സഹയാത്രികന്‍ ക്ഷേത്രവിശ്വാസിയായതിനെപ്പറ്റി അറിയാന്‍ വന്നവരോടും അദ്ദേഹത്തിന്റെ മറുപടി ഉദാസീനമായിരുന്നു. പ്രശസ്തിയും പണവും ക്ഷണികമല്ലേ? ‘പഠിപ്പില്ലാത്തവന്റെ ലൈബ്രറി’ എന്നൊരു ബോര്‍ഡോടുകൂടി ഒരു ഗ്രന്ഥപ്പുര അന്ന് എസ്.പി. പിള്ളയ്ക്കുണ്ടായിരുന്നു. മതവും തത്വചിന്തയും നോവലും കഥകളും ഉള്‍പ്പെടുന്ന ഗ്രന്ഥപ്പുര. ആര്‍ക്കും അവിടെ വന്നിരുന്നു വായിക്കാം. കൊടുത്തയക്കുകയില്ല. പുസ്തകം കൊണ്ടുപോകുന്നവര്‍ തിരികെ തരില്ലെന്നാണ് അനുഭവം. ആശാന്‍ ചിരിച്ചു.
ഈശ്വരാന്വേഷണത്തിന്റെ വ്യത്യസ്തമാര്‍ഗ്ഗം മറ്റൊരു തീര്‍ത്ഥാടകനില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ‘ആര്യാമൃതം’ എഴുതിയ മഠം പരമേശ്വരന്‍ നമ്പൂതിരി, ക്ഷേത്രാരാധന ഇഷ്ടപ്പെട്ടിരുന്ന ഒരു വേദാന്തിയായിരുന്നു. ബ്രഹ്മോപാസനയ്ക്ക് പ്രാധാന്യംകൊടുത്ത ജ്ഞാനി. ചരിത്രമാണ് മഠം പരമേശ്വരന്‍ നമ്പൂതിരിയുടെ ഇഷ്ടവിഷയം. സ്ഥലനാമപഠനത്തിലൂടെ ചരിത്രത്തിന്റെ അടരുകള്‍ വേര്‍തിരിക്കാനാവുമെന്ന് മഠം പരമേശ്വരന്‍ നമ്പൂതിരി വിശ്വസിച്ചു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് സ്ഥലനാമങ്ങള്‍ക്ക് പലപ്പോഴും നിദാനമെന്ന് അദ്ദേഹം പറയും. ഏറ്റ്=ഉയര്‍ന്ന, മാന്‍=പരന്ന അഥവാ നിരന്ന, ഊര്=ദിക്ക്. ഏറ്റുമാനൂരില്‍ പെയ്യുന്ന മഴവെള്ളം പുറത്തേക്ക് പോകുന്നതല്ലാതെ അങ്ങോട്ട് ഒരു നീര്‍ച്ചാലും ഒഴുകിച്ചെല്ലുന്നില്ലെന്നും വെള്ളത്തിന്റെ പോക്കുവരവാണ് ആദിമജനങ്ങള്‍ക്ക് സ്ഥലത്തിന്റെ പൊക്കത്താഴ്ച നിശ്ചയിക്കുന്നതിന് നിദാനമാകുന്നതെന്നും അദ്ദേഹം വാദിക്കും.
കേരളത്തിലെ 32 നമ്പൂതിരിഗ്രാമങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. നമ്പൂതിരിഗ്രാമമെന്നാല്‍ നമ്പൂതിരിമാര്‍ക്ക് പ്രാബല്യമുള്ള ഗ്രാമം എന്നുമാത്രമാണര്‍ത്ഥം. ഓരോ നമ്പൂതിരിഗ്രാമവും ഓരോ ബ്രാഹ്മണസങ്കേതം ആയിരുന്നു. ഗ്രാമങ്ങള്‍ എന്നറിഞ്ഞിരുന്ന ഈ സങ്കേതങ്ങളില്‍, നാടുവാഴികള്‍ക്ക് കാര്യമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കിടങ്ങൂരിനെയും കുമാരനല്ലൂരിനെയും പോലെ ഏറ്റുമാനൂരിനെയും ലാളിച്ചതും പരിപാലിച്ചതും മീനച്ചിലാറായിരുന്നു. മീനച്ചിലാര്‍ അന്ന് കവണയാര്‍ ആയിരുന്നു. കുമാരനല്ലൂരിനടുത്തുള്ള കവണാറ്റുംകര എന്ന സ്ഥലപ്പേരും മഠം പരമേശ്വരന്‍ നമ്പൂതിരി ഓര്‍ത്തു.
ഫലഭൂയിഷ്ഠമായ നദീതടങ്ങളില്‍, തെങ്ങിന്‍തോപ്പുകളും വാഴത്തോപ്പുകളും കമുകിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും ക്രമേണ ഉണ്ടായി. കാര്‍ഷികമായ ഈ സമൃദ്ധി ഗ്രാമങ്ങളെയും ഗ്രാമക്ഷേത്രങ്ങളെയും സമ്പന്നമാക്കി. കിടങ്ങൂരിനെയും കുമാരനല്ലൂരെയും ക്ഷേത്രങ്ങള്‍ക്കും ഏറ്റുമാനൂര്‍ ക്ഷേത്രത്തോളം പഴക്കം ഉണ്ടായിരുന്നു.
ഫലഭൂയിഷ്ഠമായ നദീതടങ്ങളില്‍, തെങ്ങിന്‍തോപ്പുകളും വാഴത്തോപ്പുകളും കമുകിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും ക്രമേണ ഉണ്ടായി. കാര്‍ഷികമായ ഈ സമൃദ്ധി ഗ്രാമങ്ങളെയും ഗ്രാമക്ഷേത്രങ്ങളെയും സമ്പന്നമാക്കി. കിടങ്ങൂരിനെയും കുമാരനല്ലൂരെയും ക്ഷേത്രങ്ങള്‍ക്കും ഏറ്റുമാനൂര്‍ ക്ഷേത്രത്തോളം പഴക്കം ഉണ്ടായിരുന്നു.
മഹോദയപുരത്ത് പെരുമാക്കന്മാര്‍ ഭരിക്കാന്‍ തുടങ്ങിയ കാലമെന്ന് ചിത്രകാരന്മാര്‍ കരുതുന്ന ഒന്‍പതാം നൂറ്റാണ്ടില്‍ത്തന്നെ ഈ മൂന്നു ക്ഷേത്രങ്ങളും രൂപം കൊണ്ടതായിക്കരുതാം. വെമ്പൊലിനാട് പന്ത്രണ്ടാം നൂറ്റാണ്ടോടെ രണ്ടായതോടെ ഏറ്റുമാനൂര്‍ ഗ്രാമത്തിന്റെ സ്വച്ഛതയും തെല്ല് ഭഞ്ജിക്കപ്പെട്ടു. തെക്കുംകൂറും വടക്കുംകൂറും തമ്മില്‍ കൂടെക്കൂടെ ഉണ്ടായിരുന്ന കലഹങ്ങള്‍ക്കിടയില്‍പ്പെട്ട് ശ്വാസംമുട്ടിയത് ഏറ്റുമാനൂരായിരുന്നു. ഏറ്റുമാനൂര്‍ പിന്നീട് തെക്കുംകൂറിന് സ്വന്തമായി. മധുരയില്‍നിന്ന് പൂഞ്ഞാറ്റില്‍ എത്തിയ ഒരു പാണ്ഡ്യശാഖ ഇക്കാലത്ത് തെക്കുംകൂറിനെ പ്രീതിപ്പെടുത്താന്‍ ഏറ്റുമാനൂര്‍ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പില്‍ക്കാലത്ത് പൂഞ്ഞാര്‍ രാജാക്കന്മാര്‍ എന്നറിഞ്ഞിരുന്നത് ഈ പാണ്ഡ്യശാഖയെ ആയിരുന്നു.
No comments:
Post a Comment