ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 3, 2017

നരജന്മം രാമായണത്തില്‍ - സനാതനധർമ്മം


രാമായണം കിഷ്‌കിന്ധാകാണ്ഡത്തിലെ സമ്പാതിവാക്യം എന്ന അദ്ധ്യാത്തില്‍ നിശാകരതാപസന്റെ ഉപദേശത്തില്‍ക്കൂടി മനുഷ്യന്‍ എപ്രകാരം ജന്മമെടുക്കുന്നുവെന്ന് വാല്മീകി വിശദീകരിക്കുന്നു. ആധുനിക ശാസ്ത്രവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രമാത്രം ശരിയല്ലെങ്കിലും രാമായണകാലത്തെ ഭാരതീയ ശാസ്ത്ര പരിജ്ഞാനത്തിന്റെ ഗരിമ ഇവിടെ കണ്ടെത്താവുന്നതാണ്. ഒരു മനുഷ്യജന്മത്തിനു പിന്നില്‍ ഒരു മനുഷ്യാത്മാവിന്റെ ഗതിയുടെ ചരിത്രവും അടങ്ങിയിരിക്കുന്നുവെന്ന് ഭാരതീയ ദര്‍ശനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.


ജനനവും മരണവും വിധിയുടെ കല്‍പനക്ക് വിധേയമായി സംഭവിക്കുന്നു. മരണാനന്തരമുള്ള ആത്മാവ് സ്വര്‍ഗനരകാദികളെല്ലാം അനുഭവിച്ചശേഷം പുനര്‍ജ്ജനനത്തിനു സമയമാകുമ്പോള്‍ ഭാഗ്യവശാല്‍ അത് ഏതെങ്കിലുമൊരു മനുഷ്യന്റെ ഉള്ളില്‍ക്കടന്നാല്‍ അത് അയാളുടെ ബീജകോശങ്ങളില്‍ പ്രവേശിക്കുന്നു. ഋതുമതിയായ സ്ത്രീയുമായി ആ പുരുഷന് ലൈംഗികബന്ധമുണ്ടാകുമ്പോള്‍ ബീജത്തില്‍ പ്രവേശിച്ചിരിക്കുന്ന ആ ആത്മാവ് സ്ത്രീയോനിയില്‍ പ്രവേശിച്ച് യോനീരക്തത്തോട് കൂടിച്ചേരുന്നു. അതിനെ ക്രമേണ ജരായു എന്ന ഗര്‍ഭചര്‍മ്മം പൊതിയുന്നു.


ഒരുദിവസം പ്രായമാകുന്ന അതിനെ കലലം എന്നു വിളിക്കുന്നു.
കലലം അഞ്ചു രാത്രികള്‍ കൊണ്ട് ചെറു കുമിളപോലെയാകുന്നു. പിന്നീട് അഞ്ചുദിവസംകൊണ്ട് അത് ഒരു സൂക്ഷ്മമാംസപേശിയായി മാറുന്നു. പതിനഞ്ചു ദിവസംകൊണ്ട് ആ പേശി രക്തസംക്രിതമായിത്തീരുന്നു. ഇരുപത്തഞ്ചു ദിവസമാകുമ്പോള്‍ മുളവന്ന പയര്‍മണിപോലെയാകുന്നു. മൂന്നു മാസമാകുമ്പോള്‍ ആ പേശിക്ക് അംഗങ്ങളും സന്ധികളുമുണ്ടാകുന്നു. നാലാം മാസം വിരലുകള്‍ ജനിക്കുന്നു. അഞ്ചുമാസമാകുമ്പോള്‍ പല്ലുകള്‍, നഖങ്ങള്‍, ഗുഹ്യം, മൂക്ക്, ചെവികള്‍, കണ്ണ് എന്നിവയുണ്ടാകുന്നു. ആറാം മാസത്തില്‍ ചെവികള്‍ക്ക് ദ്വാരം തെളിയുന്നു. ഏഴാം മാസം മലദ്വാരം, ലിംഗാവയവങ്ങള്‍ എന്നിവ വ്യക്തമായി വരുന്നു. എട്ടാം മാസം മുടി, രോമങ്ങള്‍ എന്നിവയുണ്ടാകുന്നു. അമ്മയുടെ വയറിനുള്ളില്‍ക്കിടന്ന് ഒമ്പതാം മാസം പുഷ്ടിപ്രാപിക്കുന്നു. ആ മാസം വളര്‍ച്ച ദിനംപ്രതിയാണ്. കരചരണാദികള്‍ ചലിപ്പിക്കുന്നു.



അഞ്ചാം മാസത്തില്‍ത്തന്നെ ചൈതന്യവത്തായിവരുന്ന ഗര്‍ഭാന്തരപിണ്ഡം അമ്മയില്‍നിന്ന് തന്റെ നാഭിയില്‍ ഉറപ്പിച്ചിരിക്കുന്ന ചെറു സൂത്രനാളിയില്‍ക്കൂടി സാപേക്ഷമായ അന്നരസങ്ങള്‍ സ്വീകരിച്ചു വളര്‍ന്നുവരവേ അമ്മയുടെ ഉദരാഗ്നിയില്‍ പീഡിതനായി ഭവിക്കുന്നു. ആ കിടപ്പില്‍ പൂര്‍വ്വജന്മങ്ങളെയും കര്‍മ്മങ്ങളെയും ഓര്‍മ്മിച്ച് ദുഃഖിതനായി കഴിഞ്ഞുകൂടുന്നു. പത്തുമാസം തികയുമ്പോള്‍ ആമ്മയുടെ ഉദരത്തിലുണ്ടാകുന്ന സൂതിവാതത്തിന്റെ (പ്രസവിക്കാന്‍ കാരണമായിത്തീരുന്ന വായുബലം) ബലത്താല്‍ തള്ളപ്പെട്ട് ഇടുങ്ങിയ യോനീദ്വാരത്തില്‍ക്കൂടി പീഡിതനായി പുറത്തേക്കുവന്ന് ഭൂമിയെ സ്പര്‍ശിക്കുന്നു. ഇപ്രകാരം ഒരു നരന്‍ ജനിക്കുന്നു.
മാതാവിന്റെ ഗര്‍ഭത്തിനുള്ളിലെ അവസ്ഥയുടെ അവസാനംവരെ മുജ്ജന്മത്തിലെ ഓര്‍മ്മകള്‍ ആ ശിശുവില്‍ നിറഞ്ഞുനില്‍ക്കുകയും പിറവിയോടെ അവ മറന്നുപോവുകയും ചെയ്യുന്നു എന്നാണ് ഋഷിമതം. പിറവിയോടെ ജന്മത്തിന് മുജ്ജന്മവുമായുള്ള സ്മൃതിപരമായ ബന്ധം അറ്റുപോകുന്നു. അത് നിഗൂഢമായ ഒരു രഹസ്യവും സത്യവുമാണ്.



No comments:

Post a Comment