കൃത്യമായ അവസ്ഥ ഏതെന്ന് നിശ്ചയമില്ലാത്ത മാനസിക നിലപാടിനെ സൂചിപ്പിക്കുന്നതാണീ ശൈലി. അസുരശില്‍പിയായ മയനെ അര്‍ജുനന്‍ അഗ്നിഭഗവാന്‍റെ ആക്രമണത്തില്‍നിന്നും രക്ഷിച്ചുനിര്‍ത്തിയതിനു പ്രത്യുപകാരമായി മയന്‍ പാണ്ഡവര്‍ക്ക് പണിതുനല്‍കിയ സഭാമന്ദിരം ദുര്യോധനനും ശകുനിയും കൂടി സന്ദര്‍ശിക്കുന്നതിനിടയില്‍, സഭാമന്ദിരത്തിന്റെ തറയുടെ തിളക്കം കണ്ട് വെള്ളം കെട്ടിക്കിടക്കുകയാണെന്ന്‍ ധരിച്ച് വസ്ത്രം പൊക്കിപ്പിടിച്ചു നടന്നതും വെള്ളം കണ്ടപ്പോള്‍ കരയാണെന്നു ധരിച്ചു ചെന്നുചാടിയതുമാണ് സ്ഥലജലഭ്രമം എന്ന ശൈലിയില്‍ പ്രതിപാദിക്കുന്നത്.
പഞ്ചപാണ്ഡവന്മാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം. ഖാണ്ഡവവനം ദഹിപ്പിച്ച അഗ്നിഭഗവാനില്‍നിന്നും രക്ഷപ്പെട്ട അസുരശില്‍പി മയന്‍ അര്‍ജുനന്‍റെ മുന്നിലാണ് ശരണംപ്രാപിച്ചത്. അര്‍ജുനന്‍ ആ അസുരശില്‍പിയെ അഗ്നിഭഗവാന്‍റെ ആക്രമണത്തില്‍നിന്നും രക്ഷിച്ചുനിര്‍ത്തി. എന്തു പ്രത്യുപകാരമാണു വേണ്ടതെന്നു മയന്‍ അര്‍ജുനനോടു ചോദിച്ചു. മയന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു: ‘ഈ ലോകത്തു മറ്റാരും വിചാരിച്ചാലും പണിയാന്‍ കഴിയാത്ത വിധത്തിലുള്ള സുന്ദരമായ സഭാമന്ദിരം പണിതു പാണ്ഡവരെ സന്തോഷിപ്പിക്കുക.’
14 മാസംകൊണ്ടു പണി തീര്‍ത്തപ്പോള്‍ സഭാമന്ദിരം മയന്‍റെ ശില്‍പകലാവൈഭവത്തിന്‍റെ ഉത്തമോദാഹരണമായി. പഞ്ചപാണ്ഡവന്മാര്‍ സഭാപ്രവേശം നടത്തി. ബന്ധുമിത്രാദികളെയും ബ്രാഹ്മണരെയും ദേവന്മാരെയും വിളിച്ചു സദ്യ നടത്തി. നാരദന്‍റെ ഉപദേശപ്രകാരം പാണ്ഡവര്‍ രാജസൂയയാഗം നടത്തി. കൗരവരെയും ക്ഷണിച്ചു. ദുര്യോധനന്‍, ദുശാസനന്‍, സഞ്ജയന്‍, ഭീഷ്മര്‍, ദ്രോണര്‍, വിദുരര്‍ എന്നിവര്‍ക്കു യാഗത്തിന്‍റെ പ്രധാന ചുമതല നല്‍കി.
ദുര്യോധനനും ശകുനിയുംകൂടി കുറെ ദിവസംകൂടി അവിടെ തങ്ങി. ഒരു ദിവസം മയന്‍ നിര്‍മിച്ച സഭാമന്ദിരം കാണാനായി രണ്ടുപേരും കൂടി പോയി. അകത്തുകടന്ന അവര്‍ അന്തംവിട്ടു. ദുര്യോധനന്‍റെ മനസ്സില്‍ അസൂയ തോന്നി. കാഴ്ചകള്‍ കാണുന്നതിനിടയില്‍ ദുര്യോധനനും ശകുനിക്കും പല അമളികള്‍ പറ്റി.
ഒരിടത്തു ചെന്നപ്പോള്‍ വെള്ളം കെട്ടിക്കിടക്കുകയാണെന്നു കരുതി ദുര്യോധനന്‍ വസ്ത്രം പൊക്കിപ്പിടിച്ചു നടക്കാന്‍ തുടങ്ങി. അവിടെ വെള്ളം ഉണ്ടായിരുന്നില്ല. മറിച്ച് തറയുടെ തിളക്കമാണ് അങ്ങനെ തോന്നാന്‍ കാരണം. എന്നാല്‍ വസ്ത്രം നേരെയാക്കി നടക്കാന്‍ തുടങ്ങിയ ദുര്യോധനന്‍ കരയാണെന്നു ധരിച്ചു ചെന്നു ചാടിയത് വെള്ളത്തിലായിരുന്നു. കണ്ടുനിന്ന പാണ്ഡവന്മാര്‍ ഉറക്കെ ചിരിച്ചു.
സ്ഥലജലഭ്രമത്താല്‍ വിഡ്ഢികളായ ദുര്യോധനനും ശകുനിയും ലജ്ജയോടെയാണ് ഹസ്തിനപുരത്തുനിന്നു മടങ്ങിയത്.
ദുര്യോധനന്‍ സ്ഥലജല ഭ്രമത്താല്‍ കാല്‍തെറ്റിവീഴുന്നതുകണ്ട് പാഞ്ചാലിയുടെ ചിരിയിൽ നിന്നാണ്
കുരുക്ഷേത്രയുദ്ധത്തിന് വിത്തുപാകിയത്.
No comments:
Post a Comment