ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 4, 2017

ഗീതാദര്‍ശനം



അഹം വൈശ്വാനരോ ഭൂത്വാ
പയാമ്യന്നം ചതുര്‍വിധം (ഗീത-15-14) എന്നിങ്ങനെ ഭഗവാന്‍ വ്യക്തമാക്കുന്നുണ്ട്.
സര്‍വഭൂതേഷു ജീവനം അസ്മി
എല്ലാ ജീവജാലങ്ങളും ശരീരങ്ങളില്‍ നിലനിര്‍ത്തുന്നത്, അതാണ് ജീവനം അഥവാ ആയുസ്സ്. ശരീരത്തിന്റെ നിലനില്‍പ്പ് അന്നത്തിലാണ്. ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ്. ആ ഭക്ഷണത്തില്‍ ഞാന്‍ തന്നെയാണ് രസമായി വര്‍ത്തിക്കുന്നത്. അപ്പോള്‍ നാം ജീവിക്കുന്നത് ഭഗവാന്റെ കാരുണ്യംകൊണ്ടാണെന്ന് മനസ്സിലാക്കി, ഭഗവാനെ സേവിച്ച് ആയുസ്സ് വര്‍ധിപ്പിക്കാന്‍ നമുക്ക് ശ്രമിക്കാം.
തപസ്വിഷു തപഃച അസ്മി
തപസ്സ് എന്നാല്‍, കഴിഞ്ഞ ജന്മത്തിലെയും ഈ ജന്മത്തിലെയും പാപങ്ങള്‍ നശിക്കാന്‍ വേണ്ടി നാം സ്വയം, വിശപ്പ്, ദാനം, തണുപ്പ്, ചൂട് മുതലായ ദുഃഖങ്ങള്‍ അനുഭവിക്കുക എന്നതാണ്. ഇവ ശാസ്ത്രവിധികള്‍ അനുസരിച്ച് മാത്രമേ അനുഷ്ഠിക്കാന്‍ പാടുള്ളൂ. ഏകാദശി, ശിവരാത്രി ദിവസങ്ങളിലെ ഉപവാസങ്ങളും പഞ്ചാഗ്നി മധ്യത്തില്‍ നിന്നുകൊണ്ടു ചെയ്യുന്ന ഭഗവദ്ധ്യാനവും തപസ്സ് തന്നെ. ഇവ അനുഷ്ഠിക്കുന്നവരെ ‘തപസ്വികള്‍’ എന്നുപറയുന്നു. ഭഗവാന്‍ പറയുന്നത് ഇവരുടെ തപസ്സുകളില്‍ ഞാന്‍ ഉണ്ട് എന്നാണ്. ഭഗവാന്റെ സാന്നിദ്ധ്യം ഉള്ളതുകൊണ്ടാണ്, മേല്‍പ്പറഞ്ഞ തപസ്സുകള്‍ക്ക്, പാപങ്ങളെ നശിപ്പിക്കാനുള്ള കഴിവ് കിട്ടിയത് എന്ന് നാം മനസ്സിലാക്കണം.
സര്‍വ്വഭൂതാനാം ബീജംമാം വിദ്ധി (7-10)
ഈ ലോകത്തില്‍, ഉണ്ടായി, വളര്‍ന്ന്, നശിക്കുന്ന വസ്തുക്കള്‍ രണ്ടുവിധത്തിലാണുള്ളത്. ചരാ-ചരിക്കുന്നവ, അചരാ-ചരിക്കാത്തവ. രണ്ടുംകൂടി ചരാചരങ്ങള്‍ എന്നു പറയപ്പെടുന്നു. മനുഷ്യ-മൃഗ-പക്ഷികള്‍ ചരിക്കുന്നവയും വൃക്ഷ-ലതാ-സസ്യങ്ങള്‍ ചരിക്കാത്തവയുമാണ്. ഇവയെല്ലാം മുളക്കുന്നത് ഏതു കാരണത്തില്‍നിന്നാണ് എന്ന് സംശയിക്കേണ്ടതില്ല. ഹേപാര്‍ത്ഥ! (പൃഥയില്‍നിന്ന്- കുന്തിയില്‍നിന്ന്- ജനിച്ചവനേ!) ഞാനാകുന്ന-കൃഷ്ണനാകുന്ന വിത്തില്‍ നിന്നണ് ഈ ഭൗതികപ്രപഞ്ചവും ഇതിലെ ചരാചരങ്ങളായ സര്‍വവസ്തുക്കളും ഉണ്ടായിട്ടുള്ളത്. സാധാരണയായി വിത്തില്‍നിന്ന് മരം മുളച്ച് ഉയര്‍ന്നുകഴിഞ്ഞാല്‍ വിത്തു ഭൂമിക്കടിയില്‍ ബാക്കിയുണ്ടാവില്ല; നശിച്ചുപോകും. എല്ലാ ഭൂതങ്ങളുടെയും-ഭവിച്ചവയുടെയും ബീജം വിത്തം ആയ ഞാന്‍ ഇതാ ഇപ്പോഴും എപ്പോഴും നിലനില്‍ക്കുന്നു; ഒരു മാറ്റവും ഇല്ലാതെ (സനാതനം)
ബുദ്ധിമതാം ബുദ്ധി, അസ്മി
ബുദ്ധിമാന്മാരുടെ ബുദ്ധി ഞാനാണ്- ഈ കൃഷ്ണനാണ്. കാര്യങ്ങളെ വേര്‍തിരിച്ചു അറിയാനുള്ള കഴിവാണ് ബുദ്ധി. ഈ ബുദ്ധി ശക്തിയാണ് മനുഷ്യനെ, മറ്റു ജന്തുക്കളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. ഈ വസ്തുത ”ജ്ഞാനേന ഹീനാഃ പശുഭിഃ സമാനാഃ (സനല്‍ സുജാതീയം) എന്ന് ശാസ്ത്രങ്ങളില്‍ പറയുന്നു. ഈ ജ്ഞാന ശക്തി-ബുദ്ധി-ഭഗവാന്റെ ചൈതന്യ കണമാണ്, ഭഗവാന്‍ തന്നെയാണ്.
തേജസ്വിനാം തേജഃ അഹം
തേജസ്സ് എന്നാല്‍ പ്രാഗല്‍ഭ്യം എന്നര്‍ത്ഥം- മറ്റുള്ളവരെ വശീകരിച്ച് തനിക്ക് കീഴ്‌പ്പെടുത്താനും, മറ്റുള്ളവര്‍ക്ക് കീഴ്‌പ്പെടാതിരിക്കാനുമുള്ള കഴിവ് എന്നര്‍ത്ഥം. ആ കഴിവ് ഭഗവാന്റെ അനന്യ കണമാണ്, ഭഗവാന്‍ തന്നെയാണെന്ന് മനസ്സിലാക്കണം.
ബലവതാം ബലം അഹം (7-11)
ബലമുള്ള ആളുകളുടെ ബലം-ദേഹത്തിന്റെയും മനസ്സിന്റെയും ബലം-ഞാനാണ്. പക്ഷേ, ആ ബലം കാമവും രാഗവും തീരേ ഇല്ലാത്ത ബലത്തിലേ ഞാന്‍ സ്ഥിതിചെയ്യുന്നുള്ളൂ. കാമം-നമ്മുടെ അധീനതയില്‍ ഇല്ലാത്ത വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹം. രാഗം-സ്വാധീനതയിലുള്ള ഇഷ്ട വിഷയങ്ങള്‍ നഷ്ടപ്പെടാതെ ഇരിക്കാനുള്ള സ്‌നേഹം. രണ്ടും ബലത്തിന്റെ പ്രയോഗത്തില്‍ ദുഷിച്ച മനോഭാവം കലര്‍ത്തിവക്കും. അതിനാല്‍ അത്തരം ബലത്തില്‍ ഭഗവാന്റെ ചൈതന്യ കണമില്ല എന്ന് താല്‍പ്പര്യം.
ഭൂതേഷു കാമോസ്മി-വേദത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട വര്‍ണാശ്രമ നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത കാമത്തില്‍ ഞാന്‍ വര്‍ത്തിക്കുന്നു. അതായത് ധനം, ഭക്ഷണം മുതലായ വസ്തുക്കള്‍ ദേഹത്തിന്റെ നിലനില്‍പ്പിന് എത്രമാത്രം ആവശ്യമാണോ അത്രമാത്രം കാമിക്കുന്നത് ധര്‍മാനുസൃതമാണ്; ആ ആഗ്രഹത്തില്‍ ഞാനുണ്ട്.
കൈക്കൂലിയായും അഴിമതിയായും കള്ളപ്പണമായും ധനം മുതലായവ സമ്പാദിക്കുന്നതിനുള്ള ആഗ്രഹം-കാമ-ധര്‍മവിരുദ്ധമാണ്, കള്ളമാണ്. അതിനാല്‍ അത്തരം കാമത്തില്‍ ഞാനില്ല എന്ന് താല്‍പ്പര്യം.

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment