ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 5, 2017

സാത്വിക-രാജസ-താമസ ഭാവങ്ങള്‍ എന്നില്‍നിന്നുണ്ടാകുന്നു (7-12) - ഗീതാദര്‍ശനം,


ഈ പ്രപഞ്ചത്തിലെ സര്‍വവസ്തുക്കളുടെയും ഭാവങ്ങളും രൂപങ്ങളും പ്രകൃതി ശക്തിയുടെ ഉല്‍പ്പന്നങ്ങളായ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ മൂന്നുതരം ഗുണങ്ങളില്‍ നിന്ന് ആവിര്‍ഭവിച്ചവയാണ്. ആ പ്രകൃതി എന്റേത് ആയതുകൊണ്ട് ഞാനാണ് ത്രിഗുണോത്പന്നങ്ങളായ സര്‍വത്തിന്റെയും ആദികാരണം എന്ന് അര്‍ജ്ജുനാ നീ മനസ്സിലാക്കൂ.

”സര്‍വ്വം ഖല്വിദം ബ്രഹ്മ” എന്നിങ്ങനെ വേദത്തില്‍ ഭഗവാന്‍ മുന്‍പേ തന്നെ ഇക്കാര്യം പറഞ്ഞു വെച്ചിട്ടും ഉണ്ട്. അതുകൊണ്ട് ഒരു സാധാരണ മനുഷ്യന്‍ ത്രിഗുണങ്ങള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിക്കുന്നതും എന്നാണ്- തേ മയി- (അവ എന്നിലാണ്)- എന്ന വാക്യത്തിന്റെ അര്‍ത്ഥം. സത്വഗുണ പ്രധാനങ്ങളായ പദാര്‍ത്ഥങ്ങളാണ്-ദേവന്മാര്‍, ഋഷികള്‍, ബ്രാഹ്മണര്‍, ശര്‍ക്കര, പാല്‍, പഴവര്‍ഗ്ഗങ്ങള്‍ മുതലായവ. രജോഗുണ പ്രധാനങ്ങളായ പദാര്‍ത്ഥങ്ങളാണ് മാംസം, മദ്യം, ഉള്ളി, കായം മുതലായവ. ഈ പദാര്‍ത്ഥങ്ങളും ഇവ ഉള്‍ക്കൊള്ളുന്ന അനന്തകോടി ബ്രഹ്മാണ്ഡങ്ങളും എന്നില്‍നിന്നാണ്-ഈ കൃഷ്ണനില്‍നിന്നാണ്-ഉണ്ടാവുന്നത്. മത്ത ഏവ ഇതി താന്‍ വിദ്ധി” എന്ന് നീ അറിയണം. അവയുടെ പ്രവര്‍ത്തനത്തില്‍ ഞാന്‍ ഉള്‍പ്പെടുന്നില്ല. (നത്വഹാതേഷു) അവ എന്നില്‍ ഉള്‍പ്പെടുന്നുമുണ്ട്. (തേ മയി)
സൂര്യബിംബത്തില്‍ രശ്മികള്‍പോലെ
സൂര്യബിംബത്തില്‍ നിന്നാണ് രശ്മികള്‍ പ്രസരിക്കുന്നതും, നിലനില്‍ക്കുന്നതും ഒരു സംശയവുമില്ല. പക്ഷേ, രശ്മികളില്‍ സൂര്യന്‍ ഉള്‍ക്കൊള്ളുന്നില്ല; വേറെ നില്‍ക്കുന്നു. സൂര്യബിംബം എന്നു പറയുമ്പോള്‍ രശ്മികള്‍ ഉള്‍പ്പെടുന്നുമുണ്ട്.
എന്നെ പരതത്വമായി ആരും അറിയുന്നില്ല (7-13)

മായയുടെ സത്വഗുണ-രജോഗുണ-തമോഗുണങ്ങളില്‍നിന്നും ഉണ്ടായതാണ് ഈ പ്രപഞ്ചവും ഇതിലെ സര്‍വജീവജാലങ്ങളും വസ്തുക്കളും. മനുഷ്യരിലാണ് ഈ ഗുണങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനസ്സിനെ ഭഗവാനില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നവരെ സ്വത്വഗുണ പ്രധാനികളായ ബ്രാഹ്മണരെന്ന് പറയുന്നു. ഇവര്‍ ധര്‍മാനുസൃതമായി പ്രജകള്‍ക്ക് സുഖവും സൗകര്യങ്ങളും നല്‍കുന്നു. രജോഗുണ പ്രധാനികളായവരെ ക്ഷത്രിയരാക്കുന്നു. കൃഷി, കച്ചവടം, ഗോരക്ഷ മുതലായവ ചെയ്ത് ജനങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നവരെ രജോഗുണ-തമോഗുണ സമ്മിശ്രിതരായ വൈശ്യരെന്നും കൃഷിപ്പണിയിലും കച്ചവടത്തിലും രാജഭരണത്തിലും ജോലിക്കാരായി സേവനം ചെയ്യുന്നവരെ തമോഗുണ പ്രധാനികളായ ശൂദ്രരെന്നും ശാസ്ത്രങ്ങളില്‍ വിവരിക്കുന്നു. കൂടാതെ, പ്രത്യേകം പ്രത്യേകം രാജ്യവാസികളായും വര്‍ഗങ്ങളില്‍ പെട്ടവരായും വിഭിന്നങ്ങളായി വേര്‍തിരിഞ്ഞുനില്‍ക്കുന്ന ഇവരാരും എന്നെ, ശ്രീകൃഷ്ണനെ അറിയാന്‍ ശ്രമിക്കുന്നതുപോലുമില്ല.

ഏഭ്യഃ പരം അവ്യയം മാം
മായയും ത്രിഗുണങ്ങളും എല്ലാം എന്നില്‍നിന്നാണ് ഉണ്ടായത്. എങ്കിലും ഇവയ്‌ക്കൊന്നും എന്നെ സ്വാധീനിക്കാന്‍ കഴിയില്ല. എല്ലാത്തിനും, ഭൗതികപ്രപഞ്ചത്തിനു മുഴുവന്‍ അപ്പുറത്ത് ആത്മീയവും ദിവ്യവുമായ ലോകത്തില്‍ ഞാന്‍ സ്ഥിതിചെയ്യുന്നു. എനിക്ക് ഒരുകാലത്തും ഒരവസ്ഥയിലും ജ്ഞാനൈശ്വര്യാദികള്‍ക്ക് ലേശംപോലും കുറവ് വരില്ല. സദാപരിപൂര്‍ണനാണ്. ഇക്കാര്യം ശ്രീശങ്കരാചാര്യര്‍ പറയുന്നു.
”സ ച ഭഗവാന്‍ ജ്ഞാനൈശ്വര്യശക്തി ബലം
വീര്യതേജോഭിഃ സദാ സമ്പന്നഃ”
ഈ 13-ാം ശ്ലോകം ശ്രീശങ്കരാചാര്യര്‍ അവതരിപ്പിക്കുന്നതും നോക്കുക.
”സംസാരബീജദോഷ പ്രദാഹ കാരണം മാം
ന അഭിജാനാതി-അനുക്രോശം
ദര്‍ശയതിഭഗവാന്‍” (സംസാരത്തിന്റെ ദോഷകാരണമായ അജ്ഞാനത്തെ ദഹിപ്പിക്കാനുള്ള കാരണമായ എന്നെ ആരും അറിയുന്നില്ലല്ലോ എന്ന് ഭഗവാന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു)
ജഗത് മോഹിതം- എന്ന് പറഞ്ഞതുകൊണ്ട് ഒരു കാര്യം വ്യക്തമായി. വേദവേദാന്ത ജ്ഞാനികളും ‘അഹം ബ്രഹ്മാസ്മി’ എന്നുപറയുന്നവരുള്‍പ്പെടെയുള്ള ജനങ്ങളെല്ലാം ഭഗവന്മായയാല്‍ മോഹിതരാണ്.

No comments:

Post a Comment