അമൃതവാണി
മക്കളേ, കള്ളം പറയാതെ സത്യത്തില്‍ മാത്രം അടിയുറച്ച ജീവിതം നയിക്കാന്‍ നോക്കുക. കലിയുഗത്തില്‍ സത്യനിഷ്ഠയാണ് ഏറ്റവും വലിയ തപസ്സ്.
നിങ്ങളുടെ ഹൃദയമാണ് കോവില്‍. അവിടെയാണ് ഈശ്വരനെ പ്രതിഷ്ഠിക്കേണ്ടത്. നല്ല ചിന്തകളാണ് അവിടത്തേക്ക് അര്‍പ്പിക്കേണ്ട പുഷ്പങ്ങള്‍. നല്ല പ്രവൃത്തികളാണ് പൂജ; നല്ല വാക്കുകളാണ് കീര്‍ത്തനം, പ്രേമമാണ് നൈവേദ്യം.
ഈശ്വരന്റെ ലോകത്തില്‍ അകവും പുറവുമില്ല. എങ്കിലും, തുടക്കത്തില്‍ ഏകാഗ്രത കിട്ടുവാന്‍ വേണ്ടിയാണ് ഹൃദയത്തില്‍ ധ്യാനിക്കാന്‍ അമ്മ പറയുന്നത്.
കണ്ണടച്ചിരിക്കുന്നത് മാത്രമല്ല ധ്യാനം. എന്തുചെയ്യുന്നതും ഈശ്വരപൂജയായി കാണണം. എവിടെയും അവിടുത്തെ സാമീപ്യം അനുഭവിക്കാന്‍ കഴിയണം.
ടിവിയും റേഡിയോയും മറ്റും നമ്മളില്‍ സംസ്‌കാരവും അറിവും വളര്‍ത്താന്‍ സഹായിക്കുന്ന പരിപാടികള്‍ക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ടെലിവിഷന്‍ ‘ടെലിവിഷ’മാണ്. ശ്രദ്ധിച്ചില്ല എങ്കില്‍ അത് നമ്മുടെ സമയത്തെയും സംസ്‌കാരത്തെയും നഷ്ടമാക്കും; കണ്ണിനും കേടുവരുത്തും.
നമുക്ക് മനഃശാന്തിയാണാവശ്യം. മനഃസംയമനത്തിലൂടെയേ അത് നേടുവാന്‍ കഴിയൂ.
മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുകയും, മറക്കുകയും വേണം. ക്രോധം സാധകന്റെ ശത്രുവാണ്. ക്രോധത്തിലൂടെ ശരീരത്തിലെ ഓരോ രോമകൂപത്തില്‍ കൂടിയും ശക്തി നഷ്ടമാകും. ക്രോധം വരുന്ന സാഹചര്യത്തില്‍, സ്വയം നിയന്ത്രിച്ച് ദൃഢനിശ്ചയത്തോടെ ഇല്ല എന്ന് തീരുമാനിക്കക. ഏകാന്തമായി മാറിയിരുന്ന് മന്ത്രം ജപിക്കുക. മനസ്സ് താനെ അടങ്ങും.
അവിവാഹിതരായ മക്കള്‍ പൂര്‍ണ ബ്രഹ്മചര്യം പാലിച്ച്, വീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. അങ്ങനെ കിട്ടുന്ന ശക്തി ഓജസ്സായി മാറണമെങ്കില്‍ സാധന കൂടി വേണം. ഓജസ്സ് വര്‍ധിക്കുന്നതനുസരിച്ച് ബുദ്ധി, ശക്തി, ഓര്‍മശക്തി, സൗന്ദര്യം, ആരോഗ്യം തുടങ്ങിയവ വര്‍ധിക്കും; സ്ഥിരമായ മനഃപ്രസാദവും കൈവരും.
No comments:
Post a Comment