ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 14, 2017

കൌശികീ പ്രത്യക്ഷം - ശ്രീമദ്‌ ദേവീഭാഗവതം. 5. 23. - ദിവസം 115.



ഏവം സ്തുതാ തദാ ദേവി ദൈവതൈ: ശത്രുതാപിതൈ:
സ്വ ശരീരാത്പരം രൂപം പ്രാദുര്‍ ഭൂതം ചകാര ഹ
പാര്‍വത്യാസ്തു ശരീരാദ്വൈ നീ:സൃതാ ചാംബികാ തദാ
കൌശികീതി സമസ്തേഷു തതോ ലോകേഷു പഠ്യതേ  



വ്യാസന്‍ തുടര്‍ന്നു: ശത്രുക്കളാല്‍ പീഡിതരായി വലഞ്ഞ ദേവന്മാര്‍ ഇങ്ങിനെ സ്തുതിക്കുന്ന സമയം ദേവിയില്‍ നിന്നും വേറൊരു ദേവി പുറത്തുവന്നു. ദേവിയുടെ കോശത്തില്‍ നിന്നും ഉദ്ഭൂതയായി വന്നതിനാല്‍ അവള്‍ക്ക് കൌശികി എന്ന് പേരുണ്ടായി. പാര്‍വ്വതിക്ക് ശ്വേതവര്‍ണ്ണമാണല്ലോ. അതില്‍ നിന്നും ഭിന്നമായി അവള്‍ക്ക് ശ്യാമനിറമായതിനാല്‍ കാളിക എന്ന പേരിലും അവള്‍ അറിയപ്പെട്ടു. അസുരന്മാരുടെ ഉള്‍ത്തടത്തില്‍ ഭീതി വിതച്ച കാളരാത്രിയായും അവള്‍ പ്രസിദ്ധയായി. ദേവിയുടെ ആദിമരൂപം അതീവ ലാവണ്യം നിറഞ്ഞതായിരുന്നു. ലാവണ്യഭാവത്തിലുള്ള ജഗദംബിക പറഞ്ഞു: ‘പേടി വേണ്ട സുരന്മാരെ. ശത്രുനിഗ്രഹം ചെയ്യാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നിശുംഭാദികളെ കൊന്നു നിങ്ങള്‍ക്ക് സുഖമേകാന്‍ ഞാനെത്തിയിരിക്കുന്നു.’ എന്ന് പറഞ്ഞു ദേവി സിംഹത്തിന്‍റെ പുറത്ത് കൌശികിയോടു കൂടി ശത്രുനിഗ്രഹത്തിനായി പുറപ്പെട്ടു.


ശത്രുനഗരത്തിലെ ഒരു പൂന്തോപ്പില്‍ ചെന്ന് അമ്മ ഒരു മനോഹരഗാനം ആലപിക്കാന്‍ തുടങ്ങി. മനോമോഹനമായ ആ ഗാനത്തില്‍ മയങ്ങി പശുപക്ഷികള്‍ ആനന്ദമുഗ്ദ്ധരായി. ആകാശത്ത് ദേവന്മാരും സാനന്ദം ആ ഗാനമാധുരി നുകര്‍ന്ന് നിന്നു.  ആ സമയത്ത് ശുംഭന്‍റെ കിങ്കരന്മാരായ ചണ്ഡനും മുണ്ഡനും ആകസ്മികമായി അവിടെയെത്തി. ഗാനമാലപിക്കുന്ന ദേവിയെയും അടുത്തിരിക്കുന്ന കാളികയെയും കണ്ടു. അവര്‍ രാജാവിനെ ചെന്ന് കണ്ടു കാര്യം പറഞ്ഞു.



‘സാക്ഷാല്‍ കാമദേവന് പോലും കാമം ഉണ്ടാവാന്‍ പോന്നത്ര സൌന്ദര്യമുള്ള ഒരു സ്ത്രീരത്നം അതാ കാട്ടില്‍ വന്നിരുന്നു ഗാനമാലപിക്കുന്നു. സര്‍വ്വലക്ഷണ സമ്പന്നയും സിംഹത്തെ വാഹനമാക്കിയവളുമാണാ ദിവ്യവനിത. ലോകത്തില്‍ ഇത്ര ലാവണ്യവതിയായി മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല. മൃഗങ്ങള്‍ പോലും ആ ശബ്ദമധുരിമയില്‍ മയങ്ങി നില്‍ക്കുന്നു. ഇവള്‍ ആരാണെന്നൊക്കെ അറിഞ്ഞു നീയിങ്ങു കൂട്ടിക്കൊണ്ടു പോന്നാലും. നിനക്ക് നല്ല ചേര്‍ച്ചയായിരിക്കും ഈ കന്യക. ഇത്ര സുന്ദരിയായ തരുണിയെ മറ്റെവിടെയും കിട്ടുകില്ല. ദേവന്മാരുടെ സമ്പത്തെല്ലാം നിന്‍റെ കയ്യിലല്ലേ, അപ്പോള്‍പ്പിന്നെ ഈ സുന്ദരിയും നിനക്ക് തന്നെ യോജിച്ചവള്‍. ഇന്ദ്രന്റെ ഐരാവതം, സ്വര്‍ഗ്ഗത്തിലെ പാരിജാതം, ഏഴുമുഖമുള്ള കുതിര, ബ്രഹ്മാവിന്‍റെ അരയന്നമുഖമുള്ള വിമാനം, കുബേരന്‍റെ ദിവ്യപത്മം, വരുണന്‍റെ വെണ്‍കൊറ്റക്കുട, എന്നിവയെല്ലാം നിന്‍റെ കയ്യൂക്കിന്റെ ബലത്തില്‍ കൊട്ടാരത്തില്‍ത്തന്നെ ഉണ്ടല്ലോ! മാത്രമല്ല നിശുംഭന്‍ വരുണന്‍റെ പാശം കൈക്കലാക്കി വച്ചിട്ടുമുണ്ട്. പരാജിതനായ വരുണന്‍ തന്‍റെ വാടാമലര്‍ മാലയും അനേകം രത്നങ്ങളും നിങ്ങള്‍ക്ക് തന്നു. യമന്‍റെ ദണ്ഡും ശൂലവും നിങ്ങള്‍ക്ക് സ്വന്തമാണിപ്പോള്‍. പാല്‍ക്കടലില്‍ നിന്നും കിട്ടിയ കാമധേനുവിനെയും അപ്സരസ്സുകളേയും നിങ്ങള്‍ സ്വന്തമാക്കി. മൂന്നു ലോകത്തുമുള്ള വിലപിടിച്ച എല്ലാം നിങ്ങള്‍ക്ക് സ്വന്തമാകുമ്പോള്‍ ഈ സ്ത്രീ രത്നത്തെ സ്വന്തമാക്കാന്‍ എന്തിനു മടിക്കണം?’



ചണ്ഡമുണ്ഡന്മാര്‍ ഇങ്ങിനെ ഹിതം പറഞ്ഞപ്പോള്‍ രാജാവ് സന്തോഷത്തോടെ മന്ത്രിയായ സുഗ്രീവനോടു പറഞ്ഞു: ‘നീ പോയി വേണ്ടവിധത്തില്‍ കാര്യം പറഞ്ഞു മനസ്സിലാക്കി ആ വരാംഗിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരണം. സുന്ദരികളെ വശത്താക്കാന്‍ സാമവും ദാനവും മാത്രമേ പാടുള്ളൂ. ഭേദവും ദണ്ഡവും പ്രയോഗിച്ചാല്‍ രസഭംഗമുണ്ടാവും. സാമദാനങ്ങള്‍ ചേര്‍ത്ത് നര്‍മ്മവും നയവും കലര്‍ത്തി അവതരിപ്പിച്ചാല്‍ ഏതു പെണ്ണും കാമാര്‍ത്തയായി നമുക്ക് വശഗതയാവും.’


ശുംഭന്‍ പറഞ്ഞത് കേട്ട സുഗ്രീവന്‍ ഉടനെ ദൂതുമായി ദേവിയെ കാണാന്‍ പോയി. സിംഹത്തിന്‍റെ മുകളില്‍ ഇരുന്നരുളുന്ന ദേവിയെ കുമ്പിട്ടു തൊഴുത് അവന്‍ കാര്യമവതരിപ്പിച്ചു. ‘സുന്ദരീ, ദേവന്മാരെ നിഷ്പ്രയാസം തോല്‍പ്പിച്ച വീരനായ ശുംഭന്‍ മൂന്നു ലോകങ്ങളെയും കീഴടക്കി വാഴുന്നത് നീ അറിഞ്ഞിട്ടില്ലേ? ആ മഹാന്‍ എന്നെ അയച്ചത് നിന്നിലുള്ള പ്രേമോദാരതകൊണ്ടാണ്. അവന്‍റെ സന്ദേശം കേട്ടാലും. ‘യജ്ഞഭാഗങ്ങള്‍ ഇവിടിരുന്നു ഭുജിക്കുന്ന ഞാന്‍ സകല ദേവന്മാരെയും തോല്‍പ്പിച്ചു. ലോകത്തില്‍ വിലപിടിപ്പുള്ള സ്വത്തെല്ലാം എന്‍റെ വരുതിയിലാണ്. സകലവിധ രത്നങ്ങളും എന്‍റെ കയ്യിലാണിപ്പോള്‍. ദേവന്മാരും മനുഷ്യരും അസുരന്മാരും എനിക്കധീനര്‍. അങ്ങിനെയുള്ള ഞാനിപ്പോള്‍ നിന്‍റെ സൌന്ദര്യത്തെപ്പറ്റി കേട്ട് നിനക്കധീനനായിരിക്കുന്നു. നിന്‍റെ ദാസനാണ് ഞാന്‍. എന്നെ പീഡിപ്പിക്കുന്ന കാമബാണങ്ങളെ തടുക്കാന്‍ നിനക്കേ ആവൂ. എന്നെ നീ സ്വീകരിക്കുക. ഞാന്‍ പുരുഷന്മാരാല്‍ അവധ്യനാണെന്ന് നിനക്കറിയാമോ? മരണം വരെ നിന്റെ ആജ്ഞാനുവര്‍ത്തിയായി ഞാന്‍ കഴിയാം. എന്‍റെ ആഗ്രഹത്തിന് എതിരൊന്നും പറയാതെ വന്നാലും. നിനക്ക് ഇഷ്ടമുള്ളയിടത്ത് നമുക്ക് സുഖിച്ചു കഴിയാം. നന്നായി ആലോചിച്ചു ശുംഭന്‍റെ വാക്കുകള്‍ക്ക് നീ അനുകൂലമായ ഒരു മറുപടി പറയുക. ഞാനത് രാജാവിനെ അറിയിക്കാം’



സുഗ്രീവന്‍ ഇങ്ങിനെ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദേവി പുഞ്ചിരി തൂകിക്കൊണ്ട്‌ പറഞ്ഞു: ‘ശുംഭനെയും നിശുംഭനെയും എനിക്കറിയാം. സര്‍വ്വ സുരന്മാരെയും അവര്‍ ജയിച്ചിരിക്കുന്നു. സര്‍വ്വഗുണസമ്പന്നനും സര്‍വ്വസമ്പത്തുകള്‍ കൈവശം ഉള്ളവനും ദാനശീലനും ശൂരനും മന്മഥസമാനമായ സൌന്ദര്യത്തിനുടയവനുമായ ശുംഭന് എട്ടു ലക്ഷണങ്ങളും തികഞ്ഞിരിക്കുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. മനുഷ്യരാലും ദേവന്മാരാലും അവധ്യനുമാണല്ലോ അവന്‍? ഈ മഹാന്‍റെ കാര്യം കേട്ടറിഞ്ഞ് ആളെയോന്നു നേരില്‍ കാണാന്‍ വന്നതാണ് ഞാന്‍. രത്നവും കനകവും ചേരുമ്പോഴാണല്ലോ രണ്ടിനും ചാരുതയേറുന്നത്? എനിക്ക് ചേര്‍ന്ന ഒരാളെ പതിയായി കിട്ടാന്‍ ഞാന്‍ മനുഷ്യരിലും ദേവന്മാരിലും തിരഞ്ഞു നോക്കി. ഗന്ധര്‍വ്വന്മാരെയും രാക്ഷസന്മാരെയും നോക്കി. അവര്‍ക്ക് അഴകൊക്കെയുണ്ട്. എങ്കിലും അവര്‍ എല്ലാവരും ശുംഭനെ പേടിച്ചു കഴിയുന്നു. അവന്‍റെ ഗുണങ്ങള്‍ കേട്ട് തമ്മിലൊന്നു കാണാന്‍ ആകാംഷയോടെയാണ് ഞാന്‍ വന്നിട്ടുള്ളത്.



അവനോടു രഹസ്യമായി പറയൂ, ദാനശീലനും സര്‍വ്വഗുണസമ്പന്നനുമായ വീരനെ, ദേവന്മാരെ ജയിച്ച അജയ്യനായ ഒരുവനെ, പ്രബലനും സമ്പത്തിനുടമയും ആയ സുന്ദരപുരുഷനെയാണ് ഞാന്‍ വരിക്കാന്‍ ആഗ്രഹിക്കുന്നത്. നിന്‍റെ രാജാവിന് ചേരുന്നൊരു രാജ്ഞിയാണ് ഇവിടെ വന്നിട്ടുള്ളതെന്ന് പറയൂ. പിന്നെയൊരു കാര്യം, എന്‍റെ വിവാഹത്തിനു ചെറിയൊരു പന്തയമുണ്ട്. അത് ബാല്യത്തില്‍ ഞാന്‍ അറിയാതെയെടുത്തൊരു വ്രതമാണ്. എനിക്ക് തുല്യം ശക്തനും എന്നെ കായബലത്തില്‍ കീഴ്പ്പെടുത്തുന്നവനുമായ ഒരുവനെ മാത്രമേ ഞാന്‍ വരിക്കൂ എന്ന് ചെറുപ്പത്തിലേ ഞാന്‍ തോഴിമാരോടു വീമ്പു പറഞ്ഞുപോയി. അന്ന് ഞാന്‍ പറയുന്നത് കേട്ട് അവര്‍ കളിയാക്കി ചിരിച്ചു. അതുകൊണ്ട് എന്‍റെ ബലാബലം പരീക്ഷിച്ചറിഞ്ഞു കീഴ്പ്പെടുത്തി അങ്ങയുടെ ആഗ്രഹം സാധിക്കാം. ശുംഭനോ നിശുംഭനോ ആരെങ്കിലുമാവട്ടെ എന്നെ പരാജയപ്പെടുത്തിയാല്‍ അയാള്‍ക്ക് എന്നെ വിവാഹം കഴിക്കാം’




പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment