ഇതി ശ്രുത്വാ വചസ്തസ്യ ദേവീ പപ്രച്ഛ ദാനവം
കാ സാ മന്ദോദരീ നാരീ കോ fസൌ ത്യക്തോ നൃപസ്തയാ
ശഠ: കോ വാ നൃപ: പാശ്ചാത്തന്മേ ബ്രൂഹി കഥാനകം
വിസ്തരേണ യഥാപ്രാപ്തം ദുഃഖം വനിതയാ പുന:
മഹിഷന്‍ ‘മന്ദോദരിയുടെ കഥപോലെ’ എന്ന് പറഞ്ഞപ്പോള്‍ ദേവി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ‘ആരാണീ മന്ദോദരി? അവള്‍ക്ക് വിവാഹത്തിനായി ഏത് മൂര്‍ഖനെയാണ് ഒടുവില്‍ കിട്ടിയത്?’
മഹിഷന്‍ പറഞ്ഞു: ‘ഈ ഭൂമിയില്‍ സിംഹലം എന്ന പേരുള്ള അതിസമൃദ്ധമായ ഒരു നാടുണ്ട്. സമ്പത്തും ജൈവവൈവിദ്ധ്യവും നിറഞ്ഞ ഭൂമിയായ അതിനെ നല്ല രീതിയില്‍ ഭരിച്ചത് ചന്ദ്രസേനന്‍ എന്ന രാജാവായിരുന്നു. ധര്‍മ്മജ്ഞനും പ്രശാന്തനും രാജാവെന്ന നിലക്ക് പ്രജകള്‍ക്ക് രക്ഷയും ശിക്ഷയും നല്‍കാന്‍ കെല്‍പ്പുള്ളവനുമായിരുന്നു രാജാവ്. സര്‍വ്വധര്‍മ്മങ്ങളും ശാസ്ത്രങ്ങളും അദ്ദേഹത്തിനു വശമായിരുന്നു. രാജാവ് ധനുര്‍വേദത്തില്‍ അഗ്രഗണ്യനുമായിരുന്നു. അദ്ദേഹത്തിന്‍റെ സ്വഭാവത്തിനൊത്തവളും സുന്ദരിയും സുഭഗയുമായ രാജ്ഞിയുടെ പേര് ഗുണവതി എന്നായിരുന്നു. പേരിനു ചേര്‍ന്ന സദ്‌സ്വഭാവം, ഭര്‍ത്തൃഭക്തി, സൌന്ദര്യം കുലീനത എല്ലാം കൊണ്ട് രാജ്ഞി കൊട്ടാരത്തെ അലങ്കരിച്ചു. അവര്‍ക്ക് ആദ്യമായി ജനിച്ചത് അതിസുന്ദരിയായ ഒരു പുത്രിയാണ്. മന്ദോദരി എന്നവള്‍ക്ക് പേരിട്ടു.
തിങ്കള്‍ക്കലയുടെ തിളക്കമാര്‍ന്ന വളര്‍ച്ചപോലെ ആ ബാല പെട്ടെന്ന് വളര്‍ന്നു. അവള്‍ക്ക് പത്തു വയസ്സായപ്പോള്‍ മുതല്‍ രാജാവ് കുമാരിക്ക് ചേരുന്ന വരനെ അന്വേഷിക്കാന്‍ തുടങ്ങി. മദ്രദേശത്തെ രാജാവ് സുധന്വാവായിരുന്നു. അദ്ദേഹത്തിന്‍റെ പുത്രന്‍ കംബുഗ്രീവന്‍ കുമാരിക്ക് ചേര്‍ന്ന വരനാണെന്ന് ബ്രാഹ്മണര്‍ രാജാവിനോട് പറഞ്ഞു. രാജാവ് രാജ്ഞിയോടും രാജ്ഞി മകളോടും ഈ വിവാഹാലോചനയെപ്പറ്റി സംസാരിച്ചു. ‘നിന്‍റെ അച്ഛന്‍ നിന്നെ കംബുഗ്രീവന് വിവാഹം ചെയ്തു നല്‍കാന്‍ ആലോചിക്കുന്നു. നിനക്കും സമ്മതമാണല്ലോ?’
കുമാരി അമ്മയോട് ആദരവോടെ പറഞ്ഞു:’ അമ്മേ, എനിക്ക് ഭര്‍ത്താവ് വേണ്ട. വിവാഹ ജീവിതത്തില്‍ എനിക്ക് താല്‍പ്പര്യമില്ല. എനിക്ക് തപസ്സു ചെയ്യണം. ഒരാളുടെ കീഴില്‍ അസ്വതന്ത്രയായി കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുക്തിക്ക് കൊതിക്കുന്ന എനിക്ക് ഒരു ഭര്‍ത്താവുണ്ടായത് കൊണ്ട് എന്താണ് നേട്ടം? സ്വാതന്ത്ര്യം തന്നെയാണ് മോക്ഷം എന്ന് വേദശാസ്ത്രങ്ങളും പറയുന്നു. വിവാഹസംസ്കാരവേളയില്‍ ‘നിനക്ക് അധീനയായി ഞാനെന്നും വര്‍ത്തിക്കാം’ എന്ന് ശപഥം എടുക്കണം. ഭര്‍തൃഗൃഹത്തിലാണെങ്കില്‍ ആ വീട്ടുകാര്‍ പറയുന്നത് കേള്‍ക്കണം, ഭര്‍ത്താവിന്റെ ഹിതമനുസരിച്ച് ഓരോന്ന് ചെയ്തു കൊടുക്കണം. ചുരുക്കത്തില്‍ ഒരു ദാസിയെപ്പോലെ അവിടെ കഴിയണം. അതൊക്കെപ്പോരാഞ്ഞ് ഈ ഭര്‍ത്താവ് മറ്റൊരുത്തിയില്‍ ആകൃഷ്ടനായി അവളെയും വിവാഹം ചെയ്തു കൊണ്ട് വന്നു കഴിഞ്ഞാല്‍പ്പിന്നെ സ്വൈര്യക്കേടായി. സപത്നീദുഖത്തില്‍പ്പരം എന്തുണ്ട്? പൊതുവില്‍ നാരികള്‍ പരാധീനരാണ്. സ്വപ്നം പോലുള്ള ഈ സംസാരത്തില്‍ സ്ത്രീകള്‍ക്ക് ഭര്‍തൃമതിയായാല്‍ ദുഃഖം ഏറുകയേ ഉള്ളു. പണ്ട് ഉത്താനപാദന്‍റെ മകനും ധ്രുവന്‍റെ അനുജനുമായ ഉത്തമന്‍ നിരപരാധിയായ തന്‍റെ പത്നിയെ കാട്ടിലുപേക്ഷിച്ച കഥ ഞാന്‍ കേട്ടിട്ടുണ്ട്. ഇനി ഭര്‍ത്താവ് മരിച്ചാലോ അപ്പോഴും വലിയ ദുരിതമാണ് അവളെ കാത്തിരിക്കുന്നത്. കാന്തന്‍ ദേശയാത്രയ്ക്ക് പോയിരിക്കുമ്പോള്‍ ഒരുവള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വിരഹം എത്ര വലുതാണ്? അവനുമായി സുഖിച്ചു കഴിയേണ്ട ആ കാലമത്രയും അവള്‍ വിരഹത്തീയില്‍ നീറിക്കഴിയണം. എനിക്കിങ്ങിനെയൊരു ഭര്‍ത്താവിനെ വേണ്ട.’
മകള്‍ ഇത്രയും തീര്‍ത്ത് പറഞ്ഞപ്പോള്‍ ആ വിവരം രാജ്ഞി രാജാവിനെ അറിയിച്ചു. രാജാവ് അവളുടെ ഇംഗിതം പോലെയാവട്ടെ എന്ന് കരുതി വിവാഹത്തിന് അവളെ നിര്‍ബന്ധിച്ചില്ല. എന്നാല്‍ മാതാപിതാക്കളുടെ ഒപ്പം കൊട്ടാരത്തില്‍ സുഖിച്ചു കഴിയുന്ന അവളില്‍ കാലം കാമവികാരങ്ങള്‍ വളര്‍ത്തി. കൂടെയുള്ള തോഴിമാര്‍ ഒരു വേളികഴിക്കാന്‍ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നിട്ടും ആ സുന്ദരി താന്‍ മുന്‍പ് പറഞ്ഞുപോയ തത്വങ്ങള്‍ മുറുകെപ്പിടിച്ചു വാശിയോടെ നിന്നു. ഒരുദിവസം തോഴികളുമായി കുളിക്കാന്‍ പോവുമ്പോള്‍ പൂത്തുലഞ്ഞ വള്ളിച്ചെടികള്‍ കണ്ടു. അതില്‍ നിന്നും പൂക്കളിറുത്ത് അവള്‍ കളിച്ചു കൊണ്ടിരിക്കെ കോസലരാജ്യത്തെ രാജാവ് ആ വഴി വന്നു. വീര പരാക്രമിയായ വീരസേനന്‍ രഥമേറി മുന്‍പിലും സൈന്യം പിറകിലുമായി വരുന്നു. ‘കാമദേവനെപ്പോലെയൊരാള്‍ തേരിലേറി വരുന്നത് കണ്ടോ രാജകുമാരീ‘ എന്നൊരു തോഴി മന്ദോദരിയോട് ചോദിച്ചു. അപ്പോഴേക്കും രാജകുമാരന്‍ അവരുടെ മുന്നില്‍ വന്നു രഥം നിര്‍ത്തി. ‘ആരാണീ സുന്ദരി? ആരുടെ മകളാണിവള്‍?’ എന്നദ്ദേഹം തോഴിയോടു ചോദിച്ചു. തോഴി മിടുക്കിയായിരുന്നു. അവള്‍ ചോദിച്ചു: ‘ആദ്യം അങ്ങാരാണെന്നു പറയൂ. അത് കഴിഞ്ഞ് കുമാരിയുടെ കാര്യം പറയാം. അങ്ങിപ്പോള്‍ എന്തിനാണ് ഇവിടെ വന്നത്?’
‘അതി സുന്ദരവും പുകള്‍ പെറ്റതുമായ കോസലമെന്ന രാജ്യത്തെപ്പറ്റി കേട്ടിട്ടുണ്ടല്ലോ? അവിടത്തെ രാജാവാണ് ഞാന്‍. ഇപ്പോള്‍ രഥമോടിക്കവേ ഞാന്‍ വഴി തെറ്റി വന്നു എന്നേയുള്ളു.’ ‘രാജാവേ, ചന്ദ്രസേനരാജാവിന്‍റെ മകള്‍ മന്ദോദരിയാണ് ഈ കുമാരി. ഞങ്ങള്‍ തോഴിമാരൊത്ത് ഉല്ലസിക്കാന്‍ വന്നതാണ്.
അപ്പോള്‍ രാജാവ് തോഴിയോടു പറഞ്ഞു: ‘നീയൊരു മിടുക്കിയാണ്. നീയാ രാജകുമാരിയോടു പറയൂ ഞാന്‍ കാകുല്‍സ്ഥനായ രാജാവാണ്. എന്നെ ഗന്ധര്‍വവിധിപ്രകാരം വേളി കഴിക്കുക. ഞാന്‍ അവിവാഹിതനാണ്. ഗാന്ധര്‍വ്വം വയ്യെങ്കില്‍ യഥാവിധി വിവാഹവും എനിക്ക് സമ്മതം തന്നെ. എനിക്കൊരു കുലകന്യകയെ വേണം. ഞാന്‍ അവള്‍ക്ക് അനുരൂപനായിരിക്കും’
രാജാവ് പറഞ്ഞത് കേട്ട തോഴി ‘സൂര്യവംശജനായ ഒരു രാജാവ് നിന്നെ മോഹിച്ചു വന്നിരിക്കുന്നു. വയസ്സ്. കുലം, യോഗ്യതകള്‍, സൌന്ദര്യം എല്ലാംകൊണ്ടു നിനക്ക് ചേര്‍ന്ന ഒരുവന്‍. വിവാഹപ്രായമായിട്ടും നീയിങ്ങിനെ വിരക്തയായി ജീവിക്കുന്നത് നിന്റെ അച്ഛനെ വേദനിപ്പിക്കുന്നു. നിന്നെ വിവാഹ ജീവിതത്തിനായി പ്രേരിപ്പിക്കണം എന്ന് പറഞ്ഞാണ് അദ്ദേഹം ഞങ്ങളെ നിന്‍റെ തോഴിമാരായി കൂടെ അയച്ചിട്ടുള്ളത്. നീയിതുവരെ വാശിപിടിച്ചു നിന്നത് കൊണ്ട് ഞങ്ങള്‍ പറഞ്ഞില്ലെന്നെയുള്ളു. സദാ ശാസ്ത്രം പറയുന്ന നീ ഭര്‍തൃശുശ്രൂഷകൊണ്ട് സ്ത്രീയ്ക്ക് സ്വര്‍ഗ്ഗം നേടാം എന്ന് പറയുന്ന ശാസ്ത്രങ്ങളും ഉണ്ടെന്നറിയണം.‘ എന്നാല്‍ രാജകുമാരി തോഴിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു. ‘ആ നാണമില്ലാത്ത രാജാവിനോട് എന്നെ നോക്കി നില്‍ക്കാതെ ഇവിടെ നിന്ന് പോകാന്‍ പറയൂ. ഞാന്‍ കൂടുതല്‍ കഠിനമായ തപസ്സാണിനി അനുഷ്ഠിക്കാന്‍ പോവുന്നത്.’
‘കുമാരീ, കാമനെ ജയിക്കാനോ കാലത്തെ നേരിടാനോ നമുക്കാവില്ല. ഞാന്‍ പറയുന്നത് കേട്ടാലും. ഈയവസരം പാഴാക്കിയതില്‍ പിന്നീട് നീ ദുഖിക്കും ‘ എന്ന് തോഴി വീണ്ടും പറഞ്ഞു നോക്കി. ‘സാരമില്ല, ദൈവഹിതം പോലെ വരട്ടെ. ഏതായാലും ഞാന്‍ വിവാഹമേ കഴിക്കാന്‍ പോവുന്നില്ല’ എന്ന് മന്ദോദരി ഉറപ്പിച്ചു പറഞ്ഞു.
മഹിഷന്‍ തുടര്‍ന്നു: രാജാവിനോട് കുമാരിക്ക് വിവാഹത്തില്‍ താല്‍പ്പര്യമില്ലെന്നറിയിച്ചപ്പോള്‍ രാജാവ് മനസ്ഥാപത്തോടെ കൊസലരാജ്യത്തിലേയ്ക്ക് മടങ്ങി.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment