ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 9, 2017

അമ്മ പറഞ്ഞ കഥ

ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ‘ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ തിരിച്ചുപോകുക. ഇതുകേട്ട യുവാവിനു വളരെ വിഷമമായി. ഇതു കണ്ട ഗുരു ചോദിച്ചു: ‘നിനക്ക് എന്തെങ്കിലും ജോലി അറിയാമോ?’ അതിനുശേഷം ആശ്രമത്തിലെ വിവിധ ജോലികള്‍ ഗുരു പറഞ്ഞു. പൂജാദി കാര്യങ്ങളെയും ആശ്രമത്തിലെ ചിട്ടകളെയും കുറിച്ച് അയാള്‍ക്ക് അറിയാമായിരുന്നില്ല. ‘എങ്കില്‍ ഇവിടെ കുറെ കുതിരകള്‍ ഉണ്ട്. അവയെ നോക്കാന്‍ പറ്റുമോ?’ ‘തീര്‍ച്ചയായും ഗുരോ’ യുവാവു പറഞ്ഞു.


അന്നുമുതല്‍ യുവാവിനെ കുതിരകളുടെ ചുമതല ഏല്‍പിച്ചു. അയാള്‍ വളരെ ശ്രദ്ധയോടെ കുതിരകളെ പരിപാലിക്കാന്‍ തുടങ്ങി. അതുവരെ എല്ലും തോലുമായിരുന്ന കുതിരകള്‍ നന്നായി തടിച്ചുകൊഴുത്തു. ഈ ഗുരുവിന്റെ ആശ്രമത്തിലെ അഭ്യസനത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗുരു ശിഷ്യന്മാര്‍ക്ക് പ്രത്യേകം ഉപദേശങ്ങളൊന്നും നല്‍കാറില്ല. രാവിലെ എല്ലാവരെയും വിളിച്ച് ഓരോ ശ്ലോകം പറഞ്ഞുകൊടുക്കും. ശിഷ്യന്മാര്‍ എപ്പോഴും അതു മനനം ചെയ്തു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.


ഒരു ദിവസം രാവിലെ ഗുരു പതിവിലും നേരത്തെ ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കി. അതിനുശേഷം കുതിരയെ അഴിച്ച് യാത്ര പുറപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ആ യുവാവ് ഓടിയെത്തുന്നത്. തനിക്കു കിട്ടേണ്ട ഉപദേശം കിട്ടിയിട്ടില്ല. ‘ഗുരോ അടിയനുള്ള ഉപദേശം എന്താണ്?’ യുവാവ് ചോദിച്ചു. ‘നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?’ ഗൗരവത്തില്‍ ഇത്രയും പറഞ്ഞിട്ട് ഗുരു കുതിരയെ ഓടിച്ചുപോയി.


യുവാവ് നിരാശനായില്ല. ഗുരു പറഞ്ഞ വാക്കുകള്‍ മനനം ചെയ്യാന്‍ തുടങ്ങി. ‘നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?’ ഗുരു വൈകീട്ടു തിരിച്ചെത്തി. ഒരു ശിഷ്യനെ മാത്രം കാണുന്നില്ല. ഗുരു അവനെവിടെയെന്ന് അന്വേഷിച്ചു. മറ്റുള്ള ശിഷ്യന്മാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: ‘ഗുരോ ആ മണ്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്? എന്നും മറ്റും.’ ഇത്രയും പറഞ്ഞ് അവര്‍ ആ ശിഷ്യനെ കളിയാക്കി ചിരിച്ചു. അദ്ദേഹം വാത്സല്യത്തോടെ യുവാവിനെ വിളിച്ചുചോദിച്ചു: ‘നീ എന്തു ചെയ്യുകയാണ്.’ ‘അങ്ങു രാവിലെ പറഞ്ഞ വാക്കുകള്‍ ഞാന്‍ മനനം ചെയ്യുകയായിരുന്നു.’ ഇതു കേട്ടതോടെ ഗുരുവിന്റെ മനസ്സു നിറഞ്ഞു. ഇരുകരങ്ങളും അയാളുടെ ശിരസ്സില്‍വച്ച് അനുഗ്രഹിച്ചു.


ഇത് മറ്റു ശിഷ്യര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ പരിഭവം ഗുരുവിനെ അറിയിച്ചു. ‘അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?’ അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: ‘നിങ്ങള്‍ പോയി അല്‍പം മദ്യം കൊണ്ടുവരൂ.’ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി.


ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു. ശിഷ്യന്മാര്‍ അനുസരിച്ചു. ഗുരു ചോദിച്ചു: ‘നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?’ ‘അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു’ ശിഷ്യന്മാര്‍ ഒരുമിച്ചു പറഞ്ഞു. ‘ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന്‍ എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു.


ആ ഒരു നിഷ്‌ക്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്‍പിച്ചപ്പോള്‍ അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്‍കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു. എന്നാല്‍ അവന്‍ കുതിരകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ വന്ന മാറ്റം കണ്ടില്ലേ? അവന്‍ അവയക്ക് ആഹാരം നല്‍കുക മാത്രമായിരുന്നില്ല. അവയെ സ്‌നേഹിക്കുകകൂടി ചെയ്തു. അവന്‍, അവന്റെ ജോലി ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്തു. അവന്‍ കര്‍മത്തിനുവേണ്ടി കര്‍മം ചെയ്തു. മാത്രമല്ല, ഗുരുവിന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ടു.’


ഇതുപോലെയാവണം നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ‘മണ്ടന്‍’ എന്നുവിളിച്ചു മറ്റുള്ളവര്‍ കളിയാക്കിയ ശിഷ്യനെപ്പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മാതാപിതാക്കന്മാര്‍, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്‍, മഹാന്മാര്‍ എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ്പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ.



No comments:

Post a Comment