ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 9, 2017

പരാദേവീ പ്രാദുര്‍ഭാവം - ശ്രീമദ്‌ ദേവീഭാഗവതം. 5. 22. - ദിവസം 114.



പരാജിതാ: സുരാ: സര്‍വ്വേ രാജ്യം ശുംഭ: ശശാസ ഹ
ഏവം വര്‍ഷസഹസ്രം തു ജഗാമ നൃപസത്തമ
ഭ്രഷ്ടരാജ്യസ്തതോ ദേവാശ്ചിന്താമാപു: സുദുസ്തരാം
ഗുരും ദുഖാതുരാസ്തേ തു പപ്രച്ഛുരിദമാദൃതാ:



വ്യാസന്‍ തുടര്‍ന്നു: ദേവന്മാര്‍ പരാജിതരായപ്പോള്‍ ശുംഭന്‍ ഒരായിരം കൊല്ലക്കാലം ഭരണം നടത്തി. എല്ലാമെല്ലാം നഷ്ടപ്പെട്ട ദേവന്മാര്‍ ദേവഗുരുവിനെക്കണ്ട് സങ്കടം പറഞ്ഞു. ‘ഗുരോ പമജ്ഞാനിയായ അങ്ങ് ഞങ്ങള്‍ക്ക് ദുഖനിവൃത്തിക്കുള്ള ഉപായം പറഞ്ഞു തരണം. ഇനി ഇത് താങ്ങാന്‍ ഞങ്ങള്‍ക്ക് ശേഷിയില്ല. അഭീഷ്ടങ്ങള്‍ സിദ്ധിക്കാന്‍ ഉതകുന്ന മന്ത്രങ്ങള്‍ ഉണ്ടെന്നു കേട്ടിരിക്കുന്നു. അതുപോലെ യാഗങ്ങളും ഉണ്ടല്ലോ. അങ്ങ് ഉചിതമായുള്ള യാഗങ്ങളും മന്ത്രജപവും നടത്തൂ. ശത്രുനാശം വരുത്താനുള്ള മാര്‍ഗ്ഗം കണ്ടെത്തണം. ആഭിചാരക്രിയകള്‍ ഉടനെ തുടങ്ങണം എന്നാണു ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്’.


ബൃഹസ്പതി പറഞ്ഞു: ‘മന്ത്രഫലം ദൈവാധീനമനുസരിച്ചുമാത്രമേ പ്രകടമാവുകയുള്ളു. നിങ്ങളും മന്ത്രദേവതകള്‍ തന്നെയാണല്ലോ. എന്നാലീ മന്ത്രങ്ങള്‍ ഒന്നും സ്വതന്ത്രമല്ല. ലോകം നിങ്ങളില്‍ നിന്നും എന്തെങ്കിലും ലഭിക്കാനായി യാചിക്കുന്നു. എന്നാല്‍ നിങ്ങളോ, ഈയൊരു ദുരവസ്ഥയിലുമാണ്. ഏതായാലും നമുക്കൊരു വഴി കണ്ടെത്തണം. ദൈവമാണ് പ്രബലമായുള്ളത് എന്ന തിരിച്ചറിവോടെ വേണം കാര്യങ്ങള്‍ ചെയ്യാന്‍.


വിധിയും പ്രയത്നവും, രണ്ടും സമ്യക്കായി പ്രവര്‍ത്തിക്കണം. സ്വബുദ്ധിയുപയോഗിച്ച് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. ഞാനാലോചിച്ചിട്ട് ഒരു മാര്‍ഗ്ഗമാണ് തെളിഞ്ഞു വരുന്നത്. പണ്ട് മഹിഷാസുരനെ നിഗ്രഹിച്ചു മടങ്ങിയ ഭഗവതി നിങ്ങള്‍ക്കൊരു വരം നല്‍കിയിരുന്നല്ലോ? ‘എന്നെയെപ്പോള്‍ സ്മരിച്ചാലും ഞാന്‍ നിങ്ങള്‍ക്ക് തുണയായി വന്ന് ആപത്തുകളില്‍ നിന്നും രക്ഷിച്ചുകൊള്ളാം’ എന്നല്ലേ അമ്മ പറഞ്ഞിട്ടുള്ളത്? പിന്നെ എന്തിനാണ് മടിക്കുന്നത്? ആ ഹിമാദ്രിയില്‍ ചെന്ന് ഭഗവതിയെ ഭജിക്കുക. പുരശ്ചരണത്തോടെ ബീജമന്ത്രം ജപിക്കുക. ജപത്തിന്റെ അംഗമായി ഹോമവും മുപ്പത്തിരണ്ട് ലക്ഷം മായാബീജമന്ത്രം ജപിക്കുകയും വേണം. അതോടെ നിങ്ങളുടെ കഷ്ടപ്പാടുകള്‍ തീരും എന്നെന്‍റെയുള്ളില്‍ തോന്നുന്നു. സ്തുതിച്ചു ഭജിച്ച് അഭയം തേടുന്നവരെ അമ്മ ഉപേക്ഷിക്കുകയില്ല.’


ദേവഗുരുവിന്റെ ഉപദേശം സ്വീകരിച്ച ദേവന്മാര്‍ ഹിമാലയത്തിലെത്തി. മായാ ബീജത്തോടെ വിധിപ്രകാരം ദേവിയെ ധ്യാനിച്ചു. ഭക്താഭയദായിനിയായ ദേവിയെ അവരിങ്ങിനെ സ്തുതിച്ചു.: ‘ഭക്തിയാല്‍ മാത്രം സമീപിക്കാന്‍ കഴിയുന്ന അമ്മേ, ദേവന്മാര്‍ക്ക് അഭയവും ആനന്ദവും നല്‍കി കാത്തരുളുന്ന ദേവീ, പ്രാണനാഥേ, ദാനവനാശിനി, സര്‍വ്വാര്‍ത്ഥപ്രദേ, നമസ്കാരം. നിനക്ക് എണ്ണമില്ലാത്ത നാമരൂപങ്ങളുണ്ട്. അവയുടെ സൃഷ്ടിസ്ഥിതി സംഹാര കാലങ്ങളിലെല്ലാം നീയാണ് പരം പൊരുളായി പരിലസിക്കുന്നത്. മഹാലക്ഷ്മിയും വിദ്യയും കീര്‍ത്തിയും ബുദ്ധിയും പുഷ്ടിയും തുഷ്ടിയും കാന്തിയും ജഗദ്‌ബീജവും ശാന്തിയും എല്ലാം നീയാകുന്നു. ദേവന്മാരെ രക്ഷിക്കാനായി നീ എത്രയെത്ര രൂപങ്ങളെ കൈക്കൊണ്ടു? ക്ഷമ, യോഗനിദ്ര, ദയ, വിവക്ഷ മുതലായ ഭാവരൂപങ്ങളായി സകലജീവികളിലും കുടികൊള്ളുന്നത് ദേവിയാണ്.


സുരന്മാര്‍ക്കായി നീ മഹിഷനെ കൊന്നു. നിനക്ക് സുരന്മാരോട്‌ സ്നേഹക്കൂടുതലുണ്ടെന്ന് പുരാണപ്രസിദ്ധമത്രേ. അതില്‍ അത്ഭുതമില്ല. കാരണം അമ്മമാര്‍ക്ക് സ്വപുത്രന്മാരോടു ദയാവായ്പ്പുണ്ടാവുക സഹജമല്ലേ? അവര്‍ക്ക് നീയാണ് അമ്മ, ഏകമായ ആശ്രയം. ഞങ്ങള്‍ ദേവന്മാര്‍ക്ക് അവിടുത്തെ നാമരൂപങ്ങളുടെ പ്രഭാവം എപ്രകാരമാണെന്ന് അറിയില്ല. എന്നാല്‍ ഞങ്ങളെ എന്നും നീ കാത്തരുളിയിട്ടുണ്ട്. ആയുധം തൊടാതെ വേണമെങ്കില്‍ ശത്രുവിനെ ഇല്ലാതാക്കാന്‍ നീ സമര്‍ത്ഥയാണ്. എന്നാല്‍ ലോകത്തിനു വേണ്ടി നീ വാളും വേലും അമ്പും എടുത്ത് പ്രയോഗങ്ങള്‍ നടത്തി രസിക്കുന്നു. ഈ ജഗത്തിനെ ശാശ്വതമെന്നു പറയാന്‍ മൂഢന്മാര്‍ പോലും അത്രയ്ക്ക് മൂഢരല്ല. കാര്യത്തിന് ഒരു കാരണം വേണം. നിര്‍ഗുണനിരാകാര ബ്രഹ്മത്തില്‍ നിന്നും സൃഷ്ടിയുണ്ടാവുക എന്നത് അസാദ്ധ്യം. അപ്പോള്‍പ്പിന്നെ ഈ ജഗത്ത് നിന്‍റെ മാത്രം മായാവേലയാണെന്നു ഞങ്ങള്‍ അനുമാനിക്കുന്നു. യുഗാദിയില്‍ ജനിച്ച ബ്രഹാവിഷ്ണുശിവന്‍മാര്‍ അവരവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ഈ മൂവര്‍ക്കും കാരണം അമ്മയാണ്. ത്രിമൂര്‍ത്തികളുടെ അമ്മയായ ദേവി ജഗത്തിന്റെ അമ്മ തന്നെയാണ്. ത്രിമൂര്‍ത്തികള്‍ക്ക് അവരവരുടെ കര്‍മ്മം ചെയ്യാനുള്ള ശക്തിയെ കൊടുത്തതിനാല്‍ സൃഷ്ടിസ്ഥിതിപാലനവും സംഹാരവും അണുവിട തെറ്റാതെ നടക്കുന്നു.


വിശ്വമാതാവും പരാവിദ്യയും സകലകാമങ്ങളെയും സാധിപ്പിക്കുന്നവളും മുക്തിപ്രദായിനിയും നീയാണെന്ന് ഞങ്ങള്‍ അറിയുന്നു. അങ്ങിനെയുള്ള അമ്മയെ ഭജിക്കാത്തവര്‍ മൂഢരാണെന്ന് നിശ്ചയം. ഞങ്ങള്‍ അമ്മയെ നമസ്കരിക്കുന്നു. വൈഷ്ണവര്‍, പാശുപതര്‍, സൂര്യോപാസകര്‍, മുതലായ സാധകര്‍ നിന്നെ ഭജിക്കാതെ ജന്മം വൃഥാവിലാക്കുന്നു. ശ്രീയും കീര്‍ത്തിയും, ബുദ്ധിയും തുഷിയും പുഷ്ടിയും മറ്റെവിടെ കിട്ടും? ഹരിഹരന്മാരും അസുരന്മാരും നിന്നെ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ നിന്നെ ആശ്രയിക്കാത്ത മനുഷ്യര്‍ എത്ര നിര്‍ഭാഗ്യവാന്മാര്‍!


ലക്ഷ്മീ ദേവിയുടെ പാദങ്ങള്‍ക്ക് ചുവപ്പുനിറം കിട്ടുന്നത് മഹാവിഷ്ണു മൈലാഞ്ചി പുരട്ടിക്കൊടുത്തിട്ടാണ്. പരമശിവന്‍ പാര്‍വ്വതിയുടെ പദരേണുക്കള്‍ ശിരസ്സിലണിഞ്ഞു സുഖിക്കുന്നു! നിന്റെ അംശങ്ങളായ ദയയെയും ക്ഷമയെയും വിരക്തന്മാര്‍ പോലും ഭജിക്കുന്നു. നിന്‍റെ കാല്‍ത്തളിരിണകളെ പൂജിക്കാന്‍ വിമുഖരായവര്‍ സംസാരകൂപത്തില്‍ പതിച്ച് രോഗ പീഡകള്‍ അനുഭവിച്ചു കഷ്ടപ്പെടുന്നു. കുഷ്ഠം, ഉദര രോഗങ്ങള്‍, ബുദ്ധിഭ്രമം എന്നിവയാലും ദാരിദ്ര്യത്താലും അവര്‍ നരകിക്കുന്നു. വിറകു ചുമന്നും പുല്ലുതിന്നും ഭാര്യാധനാദി സുഖങ്ങള്‍ അനുഭവിക്കാതെയും കഴിയുന്നവര്‍ ഒരിക്കലും ദേവിയെ ഭജിച്ചിട്ടില്ല എന്ന് ഞങ്ങള്‍ ഊഹിക്കുന്നു.”


ഇങ്ങിനെ ദേവിയെ സ്തുതിച്ചപ്പോള്‍ ജഗദംബിക പ്രസീദയായി. നവയൌവ്വനരൂപവതിയായി ദേവന്മാര്‍ക്ക് മുന്നില്‍ അമ്മ പ്രത്യക്ഷപ്പെട്ടു. ദിവ്യ പട്ടാംബരവും ആഭരണങ്ങളും വിശേഷമാലകളും അണിഞ്ഞു ചന്ദനം പൂശി വന്ന അമ്മ അതിതേജസ്വിനിയായി കാണപ്പെട്ടു. ഗംഗാസ്നാനത്തിനായി എന്ന മട്ടില്‍ ഹിമശൈലത്തില്‍ നിന്നും പുറപ്പെട്ട അമ്മ ജഗന്മോഹിനിയായി അവര്‍ക്ക് ദര്‍ശിതയായി.


ദേവീസ്തുതിയില്‍ ആമഗ്നരായ ദേവന്മാരോട് അമ്മ പ്രേമമധുരമായി ഇങ്ങിനെ പറഞ്ഞു: 'അല്ലയോ സുരന്മാരേ നിങ്ങളിത്ര ആകുലചിത്തരായി വാഴ്ത്തുന്നത് ആരെയാണ്? എന്താണ് നിങ്ങളെ അലട്ടുന്നത്?’


ദേവിയുടെ ദര്‍ശനം കിട്ടി മതിമറന്നുപോയ ദേവന്മാര്‍ സ്വബോധത്തിലേയ്ക്ക് മടങ്ങി വന്നു പറഞ്ഞു:’ അമ്മേ, നിന്നെത്തന്നെയാണ് ഞങ്ങള്‍ വാഴ്ത്തി കുമ്പിടുന്നത്. അസുരന്മാരോട് തോറ്റ് വലഞ്ഞ ഞങ്ങള്‍ക്ക് അഭയം നല്‍കണേ. പണ്ട് മഹിഷാസുരനെ വധിച്ചശേഷം അമ്മ ഞങ്ങള്‍ക്കൊരു വരം തന്നിരുന്നുവല്ലോ. അതിപ്പോള്‍ ഞങ്ങള്‍ക്ക് അത്യാവശ്യമായി വന്നിരിക്കുന്നു. ശുംഭന്‍ നിശുംഭന്‍ എന്ന് പേരായ രണ്ടു രാക്ഷന്മാര്‍ ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അവരാണെങ്കില്‍ പുരുഷന്മാരാല്‍ വധിക്കപ്പെടുകയില്ല എന്നൊരു വരം നേടി മദിച്ചു നടക്കുന്നു. രക്തബീജന്‍, ചണ്ഡന്‍, മുണ്ഡന്‍ മുതലായ മല്ലന്മാരും അവര്‍ക്ക് തുണയുണ്ട്. എല്ലാവരും ചേര്‍ന്ന് സുരന്മാരെ ദ്രോഹിച്ചുകൊണ്ടേയിരിക്കുന്നു. അവിടുന്നല്ലാതെ ഞങ്ങള്‍ക്കിനി മറ്റൊരാശ്രയവും ഇല്ല. ഞങ്ങളെ രക്ഷിച്ചാലും. താമരപ്പൂ തോല്‍ക്കുന്ന നിന്‍റെ പാദങ്ങള്‍ പണിഞ്ഞു നമസ്കരിക്കുന്ന ഞങ്ങളുടെ ദുഃഖം അകറ്റിയാലും. ഭവരോഗത്തിന്  അവിടുത്തെ അഭയമല്ലാതെ മറ്റേത് ഔഷധമാണ് ഈ ഭുവനത്തിലുള്ളത്? വിശ്വത്തെ യുഗാദിയില്‍ സൃഷ്ടിച്ചത് നീയാണെങ്കില്‍ അതിനെ രക്ഷിക്കാനും നിനക്ക് കഴിയും. അധികാരമദം പൂണ്ട ദാനവര്‍ ഗര്‍വ്വിഷ്ഠരായി ലോകത്തില്‍ പലേവിധങ്ങളായ ദുരിതങ്ങള്‍ വിതയ്ക്കുന്നു.’



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment