അമൃതവാണി
മക്കളേ, ദിവസവും രണ്ടു മണിക്കൂര്‍ മൗനം പാലിക്കുന്നത് വളരെ നല്ലതാണ്. കഴിയുമെങ്കില്‍ ആഴ്ചയില്‍ ഒരുദിവസം മൗനം ശീലിക്കുന്നത് സാധനയ്ക്ക് വളരെ പ്രയോജനം ചെയ്യും. ബാഹ്യമായി മൗനം ആചരിക്കുമ്പോള്‍ മനസ്സില്‍ ചിന്തകളില്ലേ എന്ന് ചോദിക്കാം. അണക്കെട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നു. അവിടെ ഓളവുമുണ്ട്. പക്ഷേ, വെള്ളം നഷ്ടമാകുന്നില്ലല്ലോ.
അതുപോലെ മൗനവ്രതം എടുക്കുമ്പോള്‍ മനസ്സില്‍ ചിന്തകള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ അത്രകണ്ട് ശക്തി നഷ്ടമാകുന്നില്ല. സംസാരത്തിലൂടെയാണ് ജീവശ്ശക്തി കൂടുതലും നഷ്ടമാകുന്നത്. എപ്പോഴും കുറുകിക്കൊണ്ടിരിക്കുന്ന പ്രാവിന്റെ ആയുസ്സ് കുറയുന്നു. മറിച്ച് നിശ്ശബ്ദമായി കഴിയുന്ന ആമ വളരെ വര്‍ഷങ്ങള്‍ ജീവിക്കുന്നു. ഈശ്വരനാമങ്ങള്‍ ചൊല്ലുന്നത് മൗനത്തിന് തടസ്സമല്ല. ലൗകിക കാര്യങ്ങള്‍ സംസാരിക്കാതെ, ചിന്തിക്കാതെ കഴിയുന്നതാണ് മൗനം.
സാധന ചെയ്യുന്ന ഒരുവന്, ലൗകികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ അനാവശ്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുവാനോ സമയമുണ്ടാകില്ല. ആരോടും പരുഷമായി സംസാരിക്കുവാനും മനസ്സു വരില്ല. അന്യരുടെ കുറ്റവും കുറവും കാണുകയും പറയുകയും ചെയ്യുന്നവര്‍ക്ക് സാധനയില്‍ ഒരിക്കലും പുരോഗതി കൈവരിക്കാന്‍ കഴിയില്ല. ആരേയും മനസാ, വാചാ, കര്‍മണാ ദ്രോഹിക്കരുത്. ജീവജാലങ്ങളോട് ദയ കാട്ടണം. അഹിംസയാണ് പരമമായ ധര്‍മം.
No comments:
Post a Comment