അമൃതവാണി
മക്കളേ, ദിവസവും കുറച്ചുസമയം ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കണം. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതും ശരിയായ സത്സംഗം തന്നെയാണ്. ഗുരുവിന്റെ ഉപദേശങ്ങളോ, ഭഗവദ്ഗീത, രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളോ ഒരെണ്ണം നിത്യപാരായണത്തിന് ഉപയോഗപ്പെടുത്തണം. അതിലെ ഒരു ശ്ലോകമെങ്കിലും ഒരു ദിവസം മനഃപാഠമാക്കണം.
ഇതിനുപുറമെ മറ്റ് ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും സമയം കിട്ടുമ്പോള്‍ വായിക്കണം. മഹാത്മാക്കളുടെ ജീവിതചരിത്രവും ഉപദേശങ്ങളും വായിക്കുന്നത് വൈരാഗ്യം വളര്‍ത്താനും തത്ത്വങ്ങള്‍ വേഗം ഗ്രഹിക്കുന്നതിനും സഹായിക്കും. പുതുതായി വായിക്കുന്ന പുസ്തകങ്ങളിലേയും സത്സംഗങ്ങളിലെയും കുറിപ്പുകളെടുക്കുന്ന ശീലം നല്ലതാണ്. അത് ഭാവിയില്‍ തീര്‍ച്ചയായും പ്രയോജനപ്പെടും.
എല്ലാവരുടേയും നന്മയ്ക്കുവേണ്ടി ഭഗവാനോട് പ്രാര്‍ത്ഥിക്കണം. നമ്മളെ ദ്രോഹിക്കുന്നവര്‍ക്കും നല്ല മനസ്സ് കൊടുക്കാന്‍ വേണം പ്രാര്‍ത്ഥിക്കാന്‍. അയലത്തൊരു കള്ളനുണ്ടെങ്കില്‍, നമുക്ക് സൈ്വരമായി കിടന്നുറങ്ങാന്‍ കഴിയില്ല. അന്യരുകൂടി നന്നാകണേ എന്നുള്ള പ്രാര്‍ത്ഥന ഫലവത്താകുമ്പോള്‍, അതുമൂലം നമുക്കാണ് ശാന്തിയും, സമാധാനവും. മക്കള് ദിവസവും ഒരു നേരമെങ്കിലും ”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്ന മന്ത്രം ജപിക്കണം.
No comments:
Post a Comment