ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 9, 2017

ദുഃഖദുരിതങ്ങള്‍ മാറിക്കിട്ടാന്‍ വേണ്ടി ഭഗവാനെ ഭജിക്കുന്നു - ഗീതാദര്‍ശനം,

ഗീതാദര്‍ശനം, 


ആര്‍ത്തന്‍- രോഗം, ശത്രുഭയം, ദാരിദ്ര്യം മുതലായ ദുഃഖങ്ങള്‍ മൂലം എപ്പോഴും കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് തന്നെ ജീവിതം തള്ളിനീക്കുന്നവര്‍. ഇത്തരം ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. അവരാരും ശ്രീകൃഷ്ണനെ ഭജിക്കുന്നില്ല. കാരണം അവര്‍ പുണ്യം ചെയ്ത് പാപം നശിപ്പിച്ചിട്ടില്ല. പാപം നശിച്ചവര്‍ ദുരിതദുഃഖങ്ങള്‍ മാറിക്കിട്ടാന്‍ വേണ്ടി ഭഗവാനെ ഭജിക്കുന്നു. ഭക്തിയോഗത്തിന്റെ ഏറ്റവും താണനിലയിലാണവര്‍. അതുകൊണ്ട് ദുഃഖങ്ങള്‍ നീങ്ങിയാല്‍ അവര്‍ ഭഗവദ്ഭജനം നിര്‍ത്താനും ഇടവരും.

ജിജ്ഞാസു-ഭഗവത്തത്ത്വജ്ഞാനം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍. ഭഗവാനെ ഭജിക്കുന്നതിന് മുന്‍പായി ഭഗവാന്റെ സ്വരൂപം, അവതാര ലീകള്‍, പ്രപഞ്ചസൃഷ്ടി, പ്രകൃതി ശക്തി ഇവ അറിഞ്ഞുസേവിച്ചാല്‍ ഭക്തിക്ക് തീവ്രത കൂടുമല്ലോ എന്നുകരുതി, ഭഗവാനെ സേവിക്കുന്നു. ഭഗവാന്‍ നേരിട്ടോ, ഭക്തന്മാര്‍ വഴിയോ ആ ഭക്തന് ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു.

അര്‍ത്ഥാര്‍ത്ഥി-ഈ ലോകത്തിലെയും സ്വര്‍ഗ്ഗം തുടങ്ങിയ ദിവ്യലോകങ്ങളിലേയും സുഖം അനുഭവിക്കുവാന്‍ വേണ്ടി ധനം, വീട്, ഭക്ഷണം, ആയുസ്സ് മുതലായ ഉപകരണങ്ങള്‍ ലഭിക്കുവാന്‍ വേണ്ടി ഭഗവാനെ ഭജിക്കുന്നവര്‍. ശ്രീകൃഷ്ണനെ ഭജിച്ചാല്‍ ഐശ്വര്യവും സമ്പത്തും നശിച്ച് വിഷമിക്കും, ശിവനെയോ ദേവിയെയോ സേവിച്ചാല്‍ മാത്രമേ ഐശ്വര്യം കിട്ടുകയുള്ളൂവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ ഇക്കാലത്ത് നമ്മുടെ ഇടയില്‍ ഉണ്ട്. ഭഗവാനെ സന്തോഷിപ്പിച്ചാല്‍ നമ്മള്‍ ആവശ്യപ്പെടുന്നതേതും നമുക്ക് ലഭിക്കും. ദരിദ്രരോട് ഭഗവാന് വളരെ സ്‌നേഹമാണ്. ”അകിഞ്ചന ജനപ്രിയഃ” എന്ന് ഭഗവാനെ ഭാഗവതത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അ കിഞ്ചനന്മാരോട് -ഒന്നും ഇല്ലാത്ത ദരിദ്രരോട് സ്‌നേഹപൂര്‍വം പ്രവര്‍ത്തിക്കുന്നവനാണ് ശ്രീകൃഷ്ണഭഗവാന്‍.

ജ്ഞാനി-‘‘ബ്രഹ്മവിദ് ആപ്‌നോതി പരം” എന്ന് ശ്രുതിവാക്യമുണ്ട്. ബ്രഹ്മത്തെക്കുറിച്ചും ഭഗവാനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ജ്ഞാനം നേടിയവനാണ് ജ്ഞാനി; അവന്‍ പരമപദം പ്രാപിക്കും. പിന്നെ എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്? ”അഹം ബ്രഹ്മാസ്മി” എന്ന അവബോധം ഉറച്ചവന്‍ എന്തിന് ക്ഷേത്രദര്‍ശനം, പ്രദക്ഷിണം, നമസ്‌കാരം, നാമസങ്കീര്‍ത്തനം മുതലായവ അനുഷ്ഠിക്കണം?

ഒന്നാമത്, മായയുടെ സ്ഥലം, ദേശം, കാലം, ബഹുജനസമ്പര്‍ക്കം മുതലായ പീഡനംകൊണ്ട് നേടിയ ജ്ഞാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഭഗവാന്റെ സന്തോഷം നേടണം. അത് അത്യാവശ്യമാണ്.

രണ്ടാമത്, ഭഗവത്തത്ത്വ വിജ്ഞാനം, ബ്രഹ്മജ്ഞാനം, ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തിയുടെ ബുദ്ധിയിലോ ഏതാനും ഗ്രന്ഥങ്ങളിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. അപാരവും അഗാധവുമായ സമുദ്രത്തിലെ ഒരു സ്പൂണ്‍ വെള്ളം കുടിച്ചവന്‍, ഞാന്‍ സമുദ്രം കുടിച്ചു എന്നു പറഞ്ഞാല്‍ എത്രമാത്രം ശരിയാണ്.

”അനന്തമജ്ഞാതമവര്‍ണനീയം
ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തറിഞ്ഞു.”

അതുകൊണ്ട് ഭഗവാന്റെ ബലം, ഐശ്വര്യം, വീര്യം മുതലായ നിത്യസത്യമായ ഗുണങ്ങളും പ്രപഞ്ചരഹസ്യങ്ങളും അറിഞ്ഞുകൊണ്ടേയിരിക്കണമെങ്കില്‍ ഭഗവത്പ്രസാദം വേണം. അതിനുവേണ്ടി ജ്ഞാനി ഭഗവാനെ ഭക്തിപൂര്‍വം സ്‌നേഹിക്കണം; സേവിക്കണം.


ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി 9961157857

No comments:

Post a Comment