ഗീതാദര്‍ശനം
ശ്രീകൃഷ്ണഭക്തന്മാരുടെ നിര്‍ദ്ദേശപ്രകാരം ഭഗവത് കഥാനാമശ്രവണകീര്‍ത്തനാദികള്‍ കൊണ്ട് ഭഗവാനെ പ്രസാദിപ്പിക്കണം. എന്നാല്‍ ഭഗവാന്‍ സ്വയം നമ്മുടെ ഹൃദയത്തില്‍ ജ്ഞാനമാകുന്ന ഭദ്രദീപം കൊളുത്തിതരും.
”മാം തു വേദന കശ്ചന”-
(മറ്റ് വേറെ ഒരുത്തനും എന്നെ അറിയാന്‍ കഴിയില്ല)
എന്ന് ഭഗവാന്‍ തന്നെ പറയുന്നു. അതുതന്നെയാണ് യഥാര്‍ത്ഥ ജ്ഞാനം. ഭഗവാന്‍ സച്ചദാനന്ദസ്വരൂപനാണ്; പരമമായ ഈശ്വരനാണ്, ഭൗതികലോകത്തിന്റെയും ആത്മീയദിവ്യലോകങ്ങളുടെയും ഉദ്ഭവസ്ഥാനമാണ്; വേദവേദാന്തപുരാണേതിഹാസങ്ങളിലൂടെ നമ്മെ ഭഗവാന്‍ പഠിപ്പിക്കുന്നത് ഈ ജ്ഞാനമാണ്.
‘വേദൈശ്ച സര്‍വൈ
അഹമേവ വേദ്യഃ
(വേദങ്ങളിലൂടെ അറിയേണ്ടത് എന്നെ ആണ്) എന്ന് ഭഗവാന്‍ പറയുന്നു.
ഭഗവാന്റെ അപരയും പരയുമായ
രണ്ടു ശക്തികള്‍ (7 ല്‍ 4)
ശ്രീകൃഷ്ണ ഭഗവാന് അപരയും പരയുമായ രണ്ടുതരം ശക്തികള്‍ ഉണ്ടെന്ന് ഈ ശ്ലോകങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ‘അപരാ’ എന്നാല്‍ താഴ്ന്ന നിലവാരത്തിലുള്ളത് എന്നര്‍ത്ഥം. ‘പരാ’ എന്നാല്‍
ഉന്നതനിലവാരത്തിലുള്ളത്. ആദ്യത്തെ താഴ്ന്നതരം ശക്തിയില്‍നിന്നാണ് ചേതനവും അചേതനവുമായ ഈ ഭൗതികപ്രപഞ്ചം ആവിര്‍ഭവിച്ചിട്ടുള്ളത്. ആ ശക്തിയുടെ പ്രവര്‍ത്തനം എട്ടു വിധത്തിലാണ്. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം- ഇങ്ങനെയാണ് ഈ പ്രപഞ്ചത്തിന്റെ എട്ട് ഘടകപദാര്‍ത്ഥങ്ങള്‍ എന്ന് ഭഗവാന്‍ ചുരുക്കി പറയുന്നു. സാംഖ്യശാസ്ത്രത്തില്‍ 24 തത്വങ്ങളായി ഋഷികള്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂമി മുതലുള്ള പദാര്‍ത്ഥങ്ങള്‍ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയുന്ന ഭൂമിയോ വെള്ളമോ തീയോ ആകാശമോ അല്ല. ഇവയുടെ സൂക്ഷ്മരൂപങ്ങളായ അഞ്ച് തന്മാത്രകള്‍ ആകുന്നു. അവയ്ക്ക്, ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം എന്ന് പേര്‍.
ബുദ്ധിയും മനസ്സും സര്‍വ ജീവജാലങ്ങളുടെയും ബുദ്ധിയും മനസ്സും തന്നെ. മനസ്സ് എന്നതില്‍ അവ്യക്തം എന്നതും ഉള്‍പ്പെടുന്നു. മനസ്സിന്റെ കാരണമാണ് ‘അഹംകാരം’ അഥവാ ‘ഞാന്‍ എന്ന ബോധം.’
ഇത്തരം ഭേദങ്ങള്‍ ഉള്‍ക്കൊണ്ട് നില്‍ക്കുന്ന ഈ അപര എന്ന പ്രകൃതി എന്റെ- ഈ കൃഷ്ണന്റെ- ശക്തി തന്നെയാണെന്ന് മനസ്സിലാക്കണം. ഭഗവാന്‍ നമ്മളെക്കൂടി ഉദ്ദേശിച്ചാണ് പറയുന്നത്.
No comments:
Post a Comment