ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 10, 2017

ചിരിച്ചു പഠിക്കൂ - ദര്‍ശന കഥകള്‍ - 18


 
യാദൃച്ഛികമായാണ് അയാള്‍ തന്റെ മുറിയില്‍ രണ്ടുകണ്ണാടി വെച്ചത്. സുഹൃത്തില്‍ നിന്ന് സമ്മാനമായി ലഭിച്ച ചെറിയ കണ്ണാടി, നേരത്തെ മുറിയിലുണ്ടായിരുന്ന വലിയ കണ്ണാടിക്കടുത്ത് വെച്ചുവെന്നേയുള്ളൂ.

മാറിനിന്ന് നോക്കിയപ്പോള്‍ കൗതുകം തോന്നി. തന്റെ രണ്ട് പ്രതിബിംബങ്ങള്‍! അയാള്‍ ചിരിച്ചു; രണ്ട് പ്രതിബിംബങ്ങളും ചിരിച്ചു. വീണ്ടും ചിരിച്ചപ്പോള്‍ പ്രതിബിംബങ്ങളും ചിരിക്കുന്നു! അയാള്‍ക്ക് രസമായി.

അന്ന് നഗരത്തില്‍ പോയിവരുമ്പോള്‍ കുറെ കണ്ണാടികളും വാങ്ങിയാണ് അയാള്‍ വന്നത്. അവ ഭിത്തിയില്‍ പലേടത്തും തൂക്കി. മുറിനിറയെ കണ്ണാടികളായി. പല വലുപ്പത്തിലും ആകൃതിയിലുമുള്ള നൂറു നൂറു കണ്ണാടികള്‍.

അയാള്‍ ദിവസവും കണ്ണാടിയില്‍ നോക്കി രസിക്കുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും ഇടിക്കാന്‍ ഭാവിക്കുകയും ചെയ്യും. പ്രതിബിംബങ്ങളും അങ്ങനെ തന്റെ നേര്‍ക്ക് ചെയ്യുന്നത് കാണ്‍കെ ആഹ്ലാദിച്ച് ചിരിക്കും. ഒടുവില്‍ കൂപ്പുകൈകളോടെ ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്യും. മുന്നില്‍ നില്‍ക്കുന്നതും അടുത്തുനില്‍ക്കുന്നതും ചുറ്റിലും നില്‍ക്കുന്നതുമെല്ലാം ഞാന്‍ തന്നെയാണല്ലോ എന്നായി അയാളുടെ ചിന്ത. അതൊരു നല്ല ചിന്തയാണെന്നും തോന്നി.
എതിര്‍ത്താല്‍ എതിര്‍ക്കുന്നു; ഇടിച്ചാല്‍ ഇടിക്കുന്നു! അത് വേണ്ട. പരസ്പരം തൊഴുതു ബഹുമാനിച്ചും സന്തോഷിച്ചും പോകുന്നതാണ് ഉത്തമം എന്ന വിചാരത്തോടെയാണ് അയാള്‍ പുറത്തേക്ക് പോവുക.

പുറത്തുചെന്നാലോ? എല്ലാവരോടും പ്രസന്നതയോടെ വിനയത്തോടെ പെരുമാറി. വേദന അനുഭവിക്കുന്നവരെ കാണുമ്പോള്‍ അതും ഞാനാണ് എന്ന വേദനയോടെ ആവുന്നത്ര സഹായങ്ങള്‍ ചെയ്യാനൊരുങ്ങി.

ഒരു ദിവസം തന്റെ മുറി പൂട്ടാതെയാണ് അയാള്‍ പുറത്തുപോയത്. അന്ന് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഒരു പട്ടി ആ മുറിക്കകത്ത് കയറാന്‍ ഇടയായി.

പട്ടി കാണുന്നതെന്താണ്? തനിക്കെതിരെ മറ്റൊരു പട്ടിവരുന്നു! ഒന്നല്ല, നൂറു നൂറു പട്ടികള്‍. വെറുപ്പോടെ അതൊന്നുകുരച്ചു. അനേകം പട്ടികള്‍ അപ്പോള്‍ കുരക്കുന്നതാണ് പിന്നെ കാണുന്നത്!

പട്ടിക്ക് ദേഷ്യം കൂടി; ശൗര്യം കൂടി! കണ്ണാടിയിലുള്ള പട്ടിയെ കടിച്ചുകീറാനുള്ള ശ്രമവുമായി. അതിനിടയില്‍ കണ്ണാടികള്‍ പലതും ഇളകിവീണു തകര്‍ന്നു. പട്ടിയും അവയ്ക്ക് മുകളില്‍ ഇടക്കിടെ വീണു. അതിന്റെ ശരീരം മുറിഞ്ഞു ചോരച്ചാലുകള്‍ ഒഴുകി.

അവശത വന്നിട്ടും പട്ടി അക്രമം നിര്‍ത്തിയില്ല. ഉയരത്തില്‍ ഉറപ്പിച്ച കണ്ണാടിയിലെ പ്രതിബിംബത്തെ കടിക്കാന്‍ ചാടുന്നതിനിടയില്‍ അലമാര മറിഞ്ഞു വീണതു പട്ടിയുടെ മുകളിലായിരുന്നു.പാവം പട്ടി! അതിന്റെ കഥയും അവിടെ തീര്‍ന്നു! മനുഷ്യരില്‍ പലരും ഇങ്ങനെ അവസാനിക്കാറുണ്ട്. അത് ഒഴിവാക്കാന്‍ ഓരോരുത്തരും ആത്മശിക്ഷണം നടത്തിയേ പറ്റൂ. അപ്പോള്‍ വിവേകം ഉദിക്കും. വെറുപ്പും അക്രമവുമായിട്ടല്ല, സ്‌നേഹവും പ്രസന്നതയുമായി വേണം മുന്നോട്ടുപോകാന്‍. അപ്പോഴെ ജീവിതം ശാന്തവും സാര്‍ത്ഥകവുമാകൂ.

No comments:

Post a Comment