ഓം നമ ശിവായ
പരശുരാമഭൂമിയിലെ 108 ശിവക്ഷേത്രങ്ങളിലൊന്നായ എറണകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ ദർബാർ ഹാൾ മൈതാനത്തിന് സമീപം സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തിയായ ശിവൻ പാർവ്വതീസമേതനായി പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. പ്രധാനവിഗ്രഹം സ്വയംഭൂവാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
പണ്ട് ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. തമിഴില്‍ ശിവന് ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാണ് എറണാകുളം എന്ന പേരുണ്ടായതെന്നാണ് ഐതിഹ്യം.
ആദ്യം കിഴക്കോട്ട് ദര്‍ശനമായിരുന്ന എറണാകുളത്തപ്പന്‍. പഴയന്നൂര്‍ ഭഗവതിക്കു ദര്‍ശനമേകാന്‍ പടിഞ്ഞാറോട്ടായി എന്ന് പഴമ. എന്നാൽ ഉഗ്രമൂർത്തിയായ ശിവന്റെ കോപം കാരണം കിഴക്കുഭാഗത്തുള്ള നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയാകുകയും തുടർന്ന് വില്വമംഗലം സ്വാമിയാർ പടിഞ്ഞാറോട്ടായിമാറ്റി പ്രതിഷ്ഠ നടത്തി എന്ന് മറ്റൊരു കഥയും നിലവിൽ ഉണ്ട് .
ക്ഷേത്രത്തിന് കിഴക്കുള്ള 'കരിത്തറ' എന്ന സ്ഥലത്തിന് ആ പേരുവരാൻ തന്നെ കാരണം ശിവന്റെ കോപാഗ്നിയാണത്രേ.
കിഴക്കേനടയിൽ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. ഇതും വില്വമംഗലം സ്വാമിയാരുടെ നിർദേശ പ്രകാരമാണെന്ന് പറയപ്പെടുന്നു . ഇന്ന് അവിടെ പാർവ്വതിയുടെ ചെറിയൊരു കണ്ണാടിവിഗ്രഹമുണ്ട്. അവിടെ ദിവസവും വിളക്കുവപ്പുമുണ്ട്.
ക്ഷേത്രത്തിന് പടിഞ്ഞാറും കിഴക്കുമായി രണ്ട് ഗോപുരങ്ങളുണ്ട്. ക്ഷേത്രേശന്റെ ദർശനം പടിഞ്ഞാട്ടായതിനാൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് പ്രധാനം. രണ്ടുനിലകളുള്ള പടിഞ്ഞാറേ ഗോപുരത്തിന് ഇരുവശവും ത്രികോണാകൃതിയിൽ ചെരിഞ്ഞുനിൽക്കുന്ന മേൽക്കൂരയും ഒരുവശത്തേയ്ക്ക് തെന്നിമാറിനിൽക്കുന്ന ജനാലകളുമുണ്ട്. കിഴക്കേഗോപുരം ഈയിടെയാണ് നവീകരിച്ചത്. രണ്ടുഭാഗത്തും ആനക്കൊട്ടിലുകളുണ്ട്. ദർശനവശമായ പടിഞ്ഞാറുഭാഗത്ത് വളരെ ഉയരം കൂടിയ ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ശ്രീകോവിൽ വൃത്താകൃതിയിലാണ്. വടക്കുഭാഗത്ത് മറ്റൊരു ശിവപ്രതിഷ്ഠയുണ്ട്. കിരാതമൂർത്തിഭാവത്തിലുള്ള പ്രതിഷ്ഠയാണ്. പടിഞ്ഞാട്ടുതന്നെയാണ് ഇതിന്റെയും ദർശനം. അർജുനൻ പൂജിച്ചതാണ് ഈ ശിവലിംഗമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ ശിവലിംഗമാണ് ആദ്യത്തെ പ്രതിഷ്ഠ. അർജുനന് പാശുപതാസ്ത്രം നൽകാൻ ശിവനെടുത്ത രൂപമാണ് കിരാതമൂർത്തി എന്ന് മഹാഭാരതം പറയുന്നു.
തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്തായി അയ്യപ്പൻ, നാഗങ്ങൾ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
വടക്കുപടിഞ്ഞാറുഭാഗത്താണ് സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ് ശൈലിയിലാണ് സുബ്രഹ്മണ്യക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്.
വടക്കുകിഴക്കുഭാഗത്താണ് ഹനുമാൻക്ഷേത്രം സ്ഥിതിചെയ്യുന്നത്. കന്നഡിഗ ഉഡുപ്പി ശൈലിയിലാണ് ഹനുമാൻക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്.
ക്ഷേത്രത്തിനു വടക്കുകിഴക്കായാണ് ക്ഷേത്രക്കുളം. ഋഷിനാഗക്കുളം എന്നാണിതിന്റെ പേർ. നാഗർഷി ശിവപൂജയ്ക്കുമുമ്പ് കുളിച്ച കുളമായതിനാലാണ് ഋഷിനാഗക്കുളം എന്ന പേരുവന്നത്. ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. 200 വർഷം പഴക്കമുള്ള ഒരു അരയാൽ കുളക്കരയിലുണ്ട്.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനം. മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു മണിക്കൂറാണ് നിർമ്മാല്യദർശനം. നിർമ്മാല്യദർശനത്തിനുശേഷം അഭിഷേകം നടത്തുന്നു. നാലേകാലിന് ഭഗവാന് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും ആറുമണിയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. എതിരേറ്റുപൂജയ്ക്കിടയിൽത്തന്നെ ഗണപതിഹോമവും നടത്തുന്നു. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ഈ ആചാരം. ശീവേലി കഴിഞ്ഞാൽ ജലധാരയും നവകാഭിഷേകവും നടത്തുന്നു. എട്ടുമണിയ്ക്ക് പന്തീരടി പൂജ. പത്തരയോടെ ഉച്ചപൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു
.വൈകീട്ട് നാലുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് രാത്രി ഏഴരമണിയ്ക്ക് അത്താഴപൂജയും എട്ടരമണിയ്ക്ക് അത്താഴശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നട വീണ്ടും അടയ്ക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ആയിരത്തൊന്നുകുടം ജലധാരയാണ്. ഇത് ഇവിടെയില്ലാത്ത ദിവസങ്ങൾ കുറവാണ്. ശിവലിംഗത്തിൽ ധാര നടത്തുന്നതിനുപിന്നിൽ പറയപ്പെടുന്ന ഒരു കാര്യമുണ്ട്: ശിവലിംഗത്തിന്റെ മൂന്നിലൊരുഭാഗം മാത്രമേ നമുക്ക് കാണാൻ കഴിയൂ. അവയിൽ ഏറ്റവും മുകളിൽ ദർശനീയമായ ഭാഗം ശിവനെയും, അതിന് തൊട്ടുതാഴെയുള്ള ഭാഗം വിഷ്ണുവിനെയും, ഏറ്റവും താഴെയുള്ള ഭാഗം ബ്രഹ്മാവിനെയും പ്രതിനിധീകരിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നു.. തന്മൂലം ശിവലിംഗം ത്രിമൂർത്തിസ്വരൂപമായി കണക്കാക്കപ്പെടുന്നു. ഇവയിൽ ശിവന്റെ ഭാഗം അണ്ഡാകൃതിയിലും വിഷ്ണുവിന്റെ ഭാഗം അഷ്ടകോണാകൃതിയിലും ബ്രഹ്മാവിന്റെ ഭാഗം ചതുരാകൃതിയിലുമാണ്. അണ്ഡാകൃതിയുടെ പ്രത്യേകത ഏറ്റവുമധികം ഊർജസംഭരണശേഷിയുള്ള ആകൃതിയാണ് അതെന്നതാണ്. ശിവന്റെ മൂന്നാം കണ്ണ് തുറന്നുകഴിഞ്ഞാൽ സകലതും ഭസ്മമാകും എന്നാണ് പുരാണകഥകളിൽ പലതിലും പറയുന്നത്. തന്മൂലം ശിവന് സംഭവിയ്ക്കുന്ന ഭയങ്കരമായ താപം കുറയ്ക്കുന്നതിന് ഓരോ തുള്ളിയായി ശിവലിംഗത്തിൽ വെള്ളമൊഴിച്ചുകൊണ്ടിരിയ്ക്കുന്നു. ലോകമെമ്പാടുമുള്ള ആണവ റിയാക്ടറുകൾക്കെല്ലാം ശിവലിംഗത്തിന്റെ ആകൃതിയാണ്. ആണവ റിയാക്ടറുകളിൽ താപം കൂടി പൊട്ടിത്തെറിയുണ്ടാകുന്നത് ഒഴിവാക്കാൻ കഠിനജലം ഒഴുക്കിവിട്ട് റിയാക്ടർ ശുദ്ധീകരിയ്ക്കുന്നതിനുപിന്നിലുള്ള കാര്യവും ഇതുതന്നെയാണ്.
മറ്റൊരു പ്രധാന വഴിപാട് എള്ളുകൊണ്ട് തുലാഭാരം നടത്തുന്നതാണ്. കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലുമുള്ളതാണ് തുലാഭാരം വഴിപാട്. വഴിപാടുകാരന്റെ തൂക്കത്തിനനുസരിച്ച് സാധനങ്ങൾ തൂക്കുന്ന വഴിപാടാണ് തുലാഭാരം. ഓരോ ആവശ്യത്തിനും ഓരോ വസ്തുകൊണ്ടും തുലാഭാരം നടത്താറുണ്ട്. മൂത്രരോഗവിമുക്തിയാണ് എള്ളുകൊണ്ടുള്ള തുലാഭാരത്തിന്റെ ഫലം.
ക്ഷേത്രോൽപത്തിയെക്കുറിച്ചുള്ള ഐതീഹ്യ കഥ
ഹിമാലയത്തില്‍ കുലുമുനി എന്നൊരു താപസ്സന്‍ പാര്‍ത്തിരുന്നു. ആ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് ആവശ്യമായ പൂജാദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ ദേവലന്‍ എന്നൊരു മുനികുമാരനുണ്ടായിരുന്നു. ഒരിക്കല്‍ ദേവലനെ പാമ്പു കടിച്ചു. ആ പാമ്പിനെ മുനികുമാരന്‍ കയ്യോടെ കുരുക്കിട്ട് പിടിച്ചു. അതോടെ പാമ്പ് ചത്തു. ഇതു കണ്ട മുനി ദേവലനെ ശപിച്ചു.പാമ്പിനെ കൊന്ന നീ പാമ്പിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയായി മാറട്ടെ'. അങ്ങനെ ദേവലന്‍ നാഗര്‍ഷി എന്ന നാഗമായി തീര്‍ന്നു. നാഗര്‍ഷി മുനിയോട് മോക്ഷത്തിനായി കേണു. അപ്പോള്‍ മുനി പറഞ്ഞു കിഴക്കന്‍ ദിക്കിലെ ഒരു പര്‍വ്വതത്തില്‍ ശിവലിംഗവും കാത്തു കഴിയുന്ന ഒരു നാഗമുണ്ട്. ആ ശിവലിംഗം എടുത്ത് രാമേശ്വരത്ത് പൂജിച്ച് അവിടെനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോള്‍ എവിടെയെങ്കിലും ഒരിടത്ത് ശിവലിംഗം ഉറയ്ക്കും. അവിടെവച്ച് നിനക്ക് ശാപമോക്ഷം ലഭിക്കും. അങ്ങനെ നാഗര്‍ഷി എറണാകുളത്ത് എത്തി. കാട്ടിലെ കുളത്തില്‍ ഇറങ്ങി കുളിച്ചശേഷം നാഗര്‍ഷി വിഗ്രഹം പുജിക്കാന്‍ തുടങ്ങി. കുളത്തില്‍ നിന്ന അലക്കുകാരന്‍ ഇതു കണ്ടു. അവര്‍ ആളുകളെ കൂട്ടി തല്ലിയോടിക്കാന്‍ ശ്രമിച്ചു. ശിവലിംഗമെടുത്ത് നാഗര്‍ഷിയും ഓടാന്‍ തുടങ്ങി. എന്നാല്‍ ശിവലിംഗം എടുക്കാന്‍ കഴിഞ്ഞില്ല. അത് അവിടെ ഉറച്ചുപോയി. അന്ന് ശിവലിംഗം ഉറച്ച സ്ഥാനത്താണ് ഈ ക്ഷേത്രം. നാഗര്‍ഷിമോക്ഷം പ്രാപിച്ച് അപ്രതൃക്ഷനായി.
പരശുരാമന്‍ എത്തി ആ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു. പിന്നീട് വില്വമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം പണിയിച്ചു. പടിഞ്ഞാറോട്ട് ദര്‍ശനമായി പ്രതിഷ്ഠാ കര്‍മ്മം നടത്തി. കിഴക്കേനടയില്‍ ശ്രീ പാര്‍വ്വതിയുടെ ചൈതന്യമുണ്ടെന്നു കണ്ടതിനാല്‍ കിഴക്കേവാതില്‍ അടച്ചിടണമെന്നും സ്വാമിയാര്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെ അടച്ച കതക് ആണ്ടിലൊരിക്കല്‍ തുറക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തുറക്കാറേയില്ല.
എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിൽ തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു.
ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വിവിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിൽ തിരുവാതിര, എല്ലാ തിങ്കളാഴ്ചകളും, പ്രദോഷവ്രതം തുടങ്ങിയവയും ആചരിച്ചുവരുന്നു.
No comments:
Post a Comment