ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 7, 2017

അര്‍ഥത്യാഗം അര്‍ത്ഥപൂര്‍ണ ജീവിതത്തിന്



സര്‍വാസാം സരിതാം പതിര്‍യദി, യദി
വ്യാപ്തഃ സമസ്താ ദിശഃ
കല്‍പാന്തേഷ്വപി വാ ന ശുഷ്യതി യദി,
സൈ്വരം തദംഗീകൃതം;
അംഭഃ സ്വാദു പിപാസതഃ പഥി
പരിശ്രാന്തസ്യ പാന്ഥസ്യ കിം
തേന സ്യാത് ഫലമര്‍ണവോളയമിതി
ചേദിന്ദുഗ്രഹേ സ്‌നാസ്യതേ!!

വിഖ്യാതകവിയും വിദ്വാനുമായ നീലകണ്ഠദീക്ഷിതരുടെ ‘അന്യാപദേശശതക’ത്തിലുള്ള ശ്ലോകമാണിത്. എത്ര തന്നെ ഐശ്വര്യവാനാണെങ്കിലും ദാനം ചെയ്യാത്തവനായ വ്യക്തിയുടെ ജന്മം നിഷ്ഫലമാണെന്ന തത്വം മഹാകവി ഈ പദ്യത്തില്‍ വിശദീകരിക്കുന്നു.
സമുദ്രം എല്ലാ നദികളുടെയും നാഥനാണ്. അവയെല്ലാം അന്തിമമായി കടലില്‍ ചെന്ന് ചേരുകയാണല്ലോ ചെയ്യുന്നത്. സമുദ്രം എല്ലാ ദിക്കുകളെയും വ്യാപിച്ചു കിടക്കുന്നു. പ്രളയകാലത്തുപോലും അതിന് നാശമില്ല. ഒരിക്കലും അതു വറ്റിപ്പോകുന്നില്ല. അതിന്റെ വിസ്തീര്‍ണം കുറയുന്നുപോലുമില്ല. ഈ വസ്തുതകളെല്ലാം ലോകത്ത് സര്‍വജനങ്ങളും അംഗീകരിച്ചവ തന്നെ. അവ സൂചിപ്പിക്കുന്ന സമുദ്രത്തിന്റെ അതുല്യമായ മാഹാത്മ്യവും ആര്‍ക്കും ചോദ്യം ചെയ്യാവതല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ദാഹിച്ചുതളര്‍ന്ന് നടന്നുവരുന്ന ആര്‍ത്തനായ ഒരു വഴിയാത്രക്കാരന് കടലിനെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. അതിവിശാലമായ, അനന്തമായ ജലാശയമാണെങ്കില്‍ക്കൂടി, സമുദ്രത്തിന്റെ അക്ഷയമായ ജലസമ്പത്ത് ആരുടെയും ദാഹം തീര്‍ക്കാനുതകുന്നില്ല. വെള്ളത്തിന്റെഏറ്റവും പ്രധാനവും പ്രഥമവുമായ ഉപയോഗം ദാഹശമനത്തിനാണല്ലോ. അക്കാര്യത്തില്‍ സമുദ്രം തീര്‍ത്തും നിഷ്പ്രയോജനമാണ്. ഓ, തെറ്റിപ്പോയി, ഒരു മഹത്തായ ഉപകാരമുണ്ട്. അതു പറയാതെ വയ്യ. ചന്ദ്രഗ്രഹണം പോലുള്ള പുണ്യദിനങ്ങളില്‍ മുങ്ങിക്കുളിക്കാന്‍ സമുദ്രം കൊള്ളാം-കവി പരിഹാസരൂപേണ കൂട്ടിച്ചേര്‍ക്കുന്നു.

വമ്പിച്ച സമ്പത്തിനുടമകളാണെങ്കിലും സഹജീവികള്‍ക്ക് ആ ധനം വിനിയോഗിച്ച് യാതൊരുപകാരവും ചെയ്യാത്ത, നാടന്‍ ഭാഷയില്‍, അറുത്ത കൈയ്ക്ക് ഉപ്പിടാത്ത, കുബേരന്മാരെയാണ് കവി അന്യാപദേശരൂപേണ ഇവിടെ ഉപഹസിക്കുന്നത്. അവരുടെ അളവില്ലാത്ത ദ്രവ്യംകൊണ്ട്, പട്ടിണിയും യാതനയുമനുഭവിക്കുന്ന ഒരു നിസ്സഹായനു യാതൊരു പ്രയോജനവുമില്ല. ആ സ്ഥിതിക്ക് അവരുടെ കുബേരപദവി അര്‍ത്ഥശൂന്യമാണ്. ഒരുവന്‍ ധനികനാകുന്നത് സ്വന്തം ബുദ്ധി ശക്തിയും പരിശ്രമവുംകൊണ്ടാകാം, മറിച്ച് കേവലമായ ഭാഗ്യം കൊണ്ടാകാം. പക്ഷേ പരോപകാരത്തിനാകാത്തതെങ്കില്‍ ആ സമ്പത്ത് വ്യര്‍ത്ഥമാണ്. തന്റെ ധനം, തികഞ്ഞ ലുബ്‌ധോടെ കൂട്ടിവയ്ക്കുകയോ കേവലം സ്വാര്‍ത്ഥപൂരണത്തിനുവേണ്ടി ധൂര്‍ത്തടിക്കുകയോ എന്തുചെയ്താലും വേണ്ടില്ല, അപരന് പ്രയോജനപ്പെടുന്നില്ലെങ്കില്‍ അതിന്റെ ഉടമസ്ഥന്റേത് കടലിന്റേതുപോലെ വന്ധ്യമായ ഒരു ജീവിതം തന്നെ.

”പരോപകാരായ സതാം വിഭൂതയഃ” (നല്ലവരുടെ സമ്പത്ത് പരോപകാരത്തിനുള്ളതാകുന്നു) എന്നത് ഭാരതീയാദര്‍ശങ്ങളില്‍ പരമപ്രധാനമായ ഒന്നാണ്. ദാനത്തിന്റെ മാഹാത്മ്യം ഇത്രയേറെ വാഴ്ത്തിയിട്ടുള്ള മറ്റൊരു മാനവസംസ്‌കാരമില്ല. മരണം വരിച്ചുപോലും ദാനധര്‍മം അനുഷ്ഠിച്ചിട്ടുള്ള എത്രയെത്ര മഹത്തുക്കളുടെ കഥകളാണ് നാം പുരാണങ്ങളിലും ഇതിഹാസങ്ങളിലും കണ്ടെത്തുന്നത്. ”തേന തൃക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യസ്വിദ്ധനം?” എന്ന ഈശാവാസ്യോപനിഷത്തിലെ മന്ത്രം ഇവിടെ സ്മരണീയമാണ്. ത്യാഗംകൊണ്ടുവേണം സുഖമനുഭവിക്കേണ്ടത്, അത്യാഗ്രഹം പാടില്ല, എന്തെന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരുടേതാണ് ഇക്കാണായ സമ്പത്ത് എന്നാണ് ഈ സൂക്തത്തിന്റെ പൊരുള്‍. ഗാന്ധിജി ആദരിക്കുകയും അനുഷ്ഠിക്കുകയും ചെയ്ത ജോണ്‍ റസ്‌കിന്‍ എന്ന ദാര്‍ശനികന്റെ ”ട്രസ്റ്റീഷിപ്പ് സിദ്ധാന്ത”വും മറ്റൊന്നല്ല.

അപരനുവേണ്ടിയഹര്‍നിശം പ്രയ്തനം
കൃപണതു വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ് കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം
എന്ന ശ്രീനാരായണഗുരുദേവന്റെ വിഖ്യാതമായ സൂക്തിയിലും ഈ തത്ത്വംതന്നെയാണ് അന്തര്‍ഭവിച്ചിരിക്കുന്നത്.

സി.പി.നായര്‍

No comments:

Post a Comment