അയോധ്യയിലെ കുരങ്ങന്മാരെക്കുറിച്ച് എഴുതിയാല്‍ അവസാനമുണ്ടാകുകയില്ല. ‘കന്യാകുമാരി മുതല്‍ ഹിമാലയം വരെ’ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ അവിടത്തെ കുരങ്ങന്മാരെക്കുറിച്ച് വിസ്തരിച്ചിട്ടുണ്ട്. വളരെ പ്രത്യേകതകളുള്ള വാനരന്മാരാണ് അവിടെ സൈ്വരവിഹാരം നടത്തുന്നത്. കുറ്റം പറയുകയാണെന്ന് തോന്നരുത്. സ്വല്‍പം അഹന്തയും തന്റേടവും അയോധ്യയിലെ കുരങ്ങന്മാര്‍ക്കുണ്ട്. അവര്‍ ശ്രീരാമന്റെ ഭക്തന്മാരാണ് എന്നതും കാരണമാകാം.
അയോധ്യയില്‍ മാത്രമല്ല വാനരന്മാരുള്ളത്. എങ്കിലും ഏറ്റവുമധികം സമയം ഞാന്‍ വിനിയോഗിച്ചിട്ടുള്ളത് അയോധ്യയിലെ കുരങ്ങന്മാരുടെ കേളികള്‍ കാണാനാണ്. രാമായണകഥ വായിച്ചു പഠിച്ചവര്‍ക്ക് അയോധ്യ ഇഷ്ടമാകും. താമസിക്കാന്‍ പറ്റിയ ധാരാളം സത്രങ്ങള്‍ അവിടെയുണ്ട്. പകല്‍നേരങ്ങളില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കാണാം. സരയൂനദിയില്‍ വെള്ളം യഥേഷ്ടം ഒഴുകിക്കൊണ്ടിരിക്കുന്നു. രാമായണകഥയുമായി ബന്ധപ്പെട്ട എല്ലാ കാഴ്ചകളും അവിടെയുണ്ട്. കാലം മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും നിത്യനൂതനമായ പഴമകളുടെ പ്രകാശം അയോധ്യയെ പ്രകാശപൂരിതമാക്കുന്നു.
അയോധ്യയിലെ കുരങ്ങന്മാരെക്കുറിച്ച് മലയാളിയായ ഒരു സുഹൃത്ത് പറഞ്ഞ അനുഭവകഥ ഇപ്പോള്‍ ഓര്‍മിക്കുകയാണ്. പൗരബോധം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം അയോധ്യയിലെ ഒരു കുരങ്ങനെക്കുറിച്ച് പറഞ്ഞത്. ആ കുരങ്ങന്റെ ചെയ്തികള്‍ അദ്ദേഹത്തെ സ്വാധീനിച്ചു എന്നാണ് ആശയത്തിന്റെ രത്‌നച്ചുരുക്കും. ഒരു നല്ല പൗരന്‍ എങ്ങനെയിരിക്കണമെന്ന കാര്യത്തില്‍ ആ കുരങ്ങന്‍ മാതൃക കാണിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
പൗരബോധം എന്ന പ്രയോഗം തന്നെ പഴയതായിക്കൊണ്ടിരിക്കുന്നു. ആ വാക്ക് ഒരു നേരിയ പരിഹാസമാണ് ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ നാട്ടില്‍ ആര്‍ക്കാണ് പൗരബോധമുള്ളത്. സ്വന്തം അവകാശങ്ങളെക്കുറിച്ച് സകലരും ബോധവാന്മാരാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ പൊതുമുതല്‍ നശിപ്പിക്കാനും നാം മിടുക്കന്മാരാണ്. ഒരു പൗരന്റെ ശരാശരി ധര്‍മത്തെപ്പറ്റിപ്പോലും നാം എവിടെയും വായിക്കാറില്ല. പൗരധര്‍മ്മം എന്ന വിഷയം ഞാന്‍ എവിടെയും പഠിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയശേഷം വളര്‍ന്നുവന്ന ആദ്യത്തെ തലമുറയില്‍പ്പെട്ട വ്യക്തിയാണ് ഞാന്‍. സമൂഹത്തിനാസകലം അവകാശപ്പെട്ട പൊതുസ്വത്ത് നശിപ്പിക്കരുത് എന്ന് ഒരിടത്തും ഞാന്‍ പറയുന്നത് കേട്ടിട്ടില്ല. ഒരു പൗരന്റെ ധര്‍മ്മം എന്തെല്ലാം എന്ന വിഷയത്തെക്കുറിച്ച് ഒരു പാഠവും നമുക്ക് പഠിക്കാനുമില്ല.
റെയില്‍വേ സ്റ്റേഷനിലെ പൈപ്പ് ഒരു കുട്ടി കേട് വരുത്തുന്നുവെന്ന് കരുതുക. കുട്ടി സ്വയം രസിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുകയാണവന്‍. നോക്കിനില്‍ക്കുന്ന രക്ഷാകര്‍ത്താക്കള്‍ അവനെ തല്ലുന്നില്ല. പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പറയുന്നില്ല. ആരെങ്കിലും കാണും മോനേ എന്നുമാത്രമാണ് അവര്‍ പറയുന്നത്. ആരെങ്കിലും കാണും എന്നുപറഞ്ഞാല്‍ അത് പൗരബോധമുണ്ടാക്കാനുള്ള വിദ്യാഭ്യാസമായി മാറുന്നില്ല. വീട്ടിലെ പൈപ്പാണ് കേടുവരുത്തിയതെങ്കിലോ? സംശയം വേണ്ട, അടി തീര്‍ച്ചയാണ്. അയോധ്യയിലെ കുരങ്ങന്മാരുടെ ലീലകള്‍ നോക്കിക്കൊണ്ട് നില്‍ക്കവെ ഒരു കുരങ്ങന്‍ പൈപ്പിന്നരുകിലേക്ക് നടന്നുവന്നു. ദാഹജലത്തിനായി വരികയാണ്. ഹനുമാന്റെ പുത്തന്‍തലമുറക്കാരന്‍.
കേരളത്തില്‍നിന്നെത്തിയ തീര്‍ത്ഥയാത്രാസംഘം ആ കാഴ്ച കാണുന്നു. പൈപ്പു തുറന്ന് വാനരന്‍ വെള്ളം കുടിച്ചു. ആവശ്യത്തിനുള്ള വെള്ളം കിട്ടിയപ്പോള്‍ സന്തോഷത്തോടെ ആ പൈപ്പ് മൂടി. ജൂനിയര്‍ ഹനുമാന്‍ അവിടെനിന്നും നടന്നുപോയി. മിനിറ്റുകള്‍ക്കകം ഒന്ന് തിരിഞ്ഞുനോക്കിയശേഷം വാനരന്‍ പൈപ്പിന്റെ അരികിലേക്ക് വന്നു. ഈ വരവ് എന്തിനെന്ന് അറിയാന്‍ കാണികള്‍ ക്ഷമയോടെ ഉറ്റുനോക്കി.
പൈപ്പ് ചോരുന്നുണ്ടായിരുന്നു. ടാപ്പ് അടച്ചത് ശരിയായില്ലെന്ന് വാനരന് മനസ്സിലായി. ടാപ്പ് ഒരിക്കല്‍ക്കൂടി മുറുക്കിയടച്ച് തൃപ്തനായശേഷം വാനരന്‍ മടങ്ങിപ്പോയി. ഈ കാഴ്ച കണ്ട വ്യക്തികള്‍ അദ്ഭുതപ്പെട്ടു. ചില പഴമനസ്സുകല്‍ പറഞ്ഞു. പല്ലുതേയ്ക്കാന്‍പോലും മിനിറ്റുകളോളം ടാപ്പ് തുറന്നിടുന്ന നമ്മുടെ കുട്ടികള്‍ ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ആ വാനരന് വോട്ടില്ല. റേഷന്‍കാര്‍ഡില്‍ പേരുമില്ല. അക്കാദമിക് യോഗ്യതകളുടെ സമ്മതപത്രങ്ങളില്ല. എങ്കിലെന്ത്? പൗരബോധമുണ്ടല്ലോ. ആ വാനരശ്രേഷ്ഠന് ഒരാളും ഒരു പുരസ്‌കാരം നല്‍കുകയില്ല.
No comments:
Post a Comment